2021 ഡിസംബർ – കേരളരേഖകളുടെ ഡിജിറ്റൈസേഷൻ – പ്രധാന അറിയിപ്പ്

കേരള രേഖകളുടെ ഡിജിറ്റൈസേഷനും അത് എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യുക എന്നത് കുറഞ്ഞത് 2009 മുതലെങ്കിലും ഞാൻ നടത്തുന്ന സന്നദ്ധപ്രവർത്തനമാണ്.

കേരള രേഖകളുടെ ഡിജിറ്റൈസേഷൻ എന്ന വിഷയത്തോടുള്ള അദമ്യമായ താല്പര്യം നിമിത്തം, എൻ്റെ ഒഴിവു സമയത്ത്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനു മേലായി നടത്തി വന്നിരുന്ന കേരള രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പൊതുവായ പ്രദർശനവും എന്ന പദ്ധതി ഞാൻ തൽക്കാലം നിർത്തുന്നു. ഒരാൾ തന്നെ കായികാദ്ധ്വാനം നടത്തുന്നതിലെ അർത്ഥശൂന്യതയ്ക്കു പുറമെ, പദ്ധതി സ്കേൽ അപ്പ് ചെയ്യാൻ സാധിക്കാത്തതിലെ പ്രശ്നങ്ങളുമാണ് ഈ തീരുമാനത്തിലേക്ക് എത്താൻ പ്രധാനമായും എന്നെ പ്രേരിപ്പിച്ചത്. അതിനു പുറമേ വേറെ കാരണങ്ങളും ഉണ്ട്.

തീരുമാനത്തിലേക്ക് എത്താൻ എന്നെ പ്രേരിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ താഴെ പറയുന്നു:

 1. കായികാദ്ധ്വാനം നടത്തുന്നതിലെ അർത്ഥശൂന്യത
 2. പദ്ധതി സ്കേൽ അപ്പ് ചെയ്യാൻ സാധിക്കാത്തതിലെ നൈരാശ്യം
 3. രേഖകൾ ഉപയോഗിക്കുന്നവർ പോലും പദ്ധതിയെ സഹായിക്കാത്തത്
 4. സന്നദ്ധ പ്രവർത്തനത്തെ അംഗീകരിക്കാൻ കാണിക്കുന്ന മടിയിലുള്ള നിരാശ
 5. ക്ഷയിക്കുന്ന ആരോഗ്യം
 6. മാറുന്ന താല്പര്യം
 7. വ്യക്തി/കുടുംബപരമായ ഘടകങ്ങൾ
 8. സാമ്പത്തിക പ്രശ്നങ്ങൾ

ഇതിലെ ആദ്യത്തെ രണ്ട് പോയിൻ്റുകൾ മാത്രം പൊതുവായി എല്ലാവരും അറിയേണ്ടത് ആയതിനാൽ അത് മാത്രം ഇവിടെ വിശദീകരിക്കുന്നു. (ബാക്കിയുള്ള സംഗതികളുടെ വിശദീകരണം ഈ വിഷയത്തിൽ ഇതുവരെ എന്നോട്  വളരെ അടുത്ത് സഹകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.)

മെച്ചപ്പെട്ട സംവിധാനങ്ങൾ ഉണ്ടായിരിക്കെ കായികാദ്ധ്വാനം നടത്തുന്നതിലെ അർത്ഥശൂന്യത

കഴിഞ്ഞ കുറച്ചു മാസങ്ങളായി, കേരള രേഖകളുടെ ഡിജിറ്റൈസേഷനു എനിക്കു വേണ്ടി വരുന്ന സമയത്തിൻ്റെ കണക്ക് ഞാൻ എടുക്കുകയായിരുന്നു. രേഖകൾ എവിടെ നിന്നെങ്കിലും കണ്ടെടുത്ത് (ഇത് തന്നെ കുറച്ചധികവും സമയവും മറ്റും എടുക്കുന്ന പ്രക്രിയ ആണ്) എൻ്റെ പക്കൽ എത്തിയതിനു ശേഷം, ഒരു പേജ് ഡിജിറ്റൈസ് ചെയ്ത് പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ എനിക്ക് ശരാശരി 3-4 മിനിറ്റ് സമയം വേണ്ടി വരുന്നുണ്ട്. അതായത്, 100 പേജുള്ള ഒരു പുസ്തകം നിങ്ങളുടെ മുന്നിലെത്തിക്കാൻ ഏകദേശം 3-5 മണിക്കൂർ എനിക്ക്  പണിയെടുക്കേണ്ടി വരുന്നു. ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട മിക്ക മേഖലകളിലും ഇത്രയും വർഷത്തെ പ്രവർത്തി പരിചയം കൊണ്ട് വളരെ മികച്ച കഴിവ് എനിക്കുണ്ടായതിനു ശേഷവും ഇതാണ് സ്ഥിതി എന്നത് ആലോചിക്കണം.

കായികമായ അദ്ധ്വാനം ലഘൂകരിക്കാൻ മെച്ചപ്പെട്ട സംവിധാനങ്ങൾ ഉണ്ടായിരിക്കെ ഈ വിധത്തിലുള്ള അദ്ധ്വാനത്തിനു ഇനി മുൻപോട്ട് നിലനിൽപ്പ് ഇല്ല എന്ന് ഞാൻ മനസ്സിലാകുന്നു. കാരണം ഈ വിധത്തിൽ പോയാൽ ജീവിതകാലം മൊത്തം ഞാൻ ഇങ്ങനെ തന്നെ ചെയ്യേണ്ടി വരും.  അത് അർത്ഥരഹിതമാണ്.  

പദ്ധതി സ്കേൽ അപ്പ് ചെയ്യാൻ സാധിക്കാത്തതിലെ നൈരാശ്യം

മുകളിൽ സൂചിപ്പിച്ച പ്രശ്നം ഒരു പരിധി വരെ പരിഹരിക്കുന്നത്, പദ്ധതി സ്കേൽ അപ്പ് ചെയ്യുമ്പോഴാണ്. എന്നാൽ അത് സന്നദ്ധപ്രവർത്തകർ വന്ന് ചെയ്യുമെന്ന് കരുതുന്നത് അർത്ഥശൂന്യമാണ്. കാരണം ഈ പദ്ധിക്ക് ആവശ്യമായ പാഷൻ അങ്ങനെ പൊതുവായി സാമാന്യജനത്തിനു ഉണ്ടാവുന്നതല്ല. അതിനാൽ തന്നെ സ്കേൽ അപ്പ് ചെയ്യാനുള്ള എൻ്റെ ശ്രമങ്ങൾ പരാജയപ്പെട്ടു.

ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജിറ്റൈസേഷൻ പ്രോസസ് ഒപ്റ്റിമസ് ചെയ്ത്, ഞാൻ മുകളിൽ സൂചിപ്പിച്ച 3-4 മിനിറ്റ് അര മിനിറ്റിൽ താഴെ കൊണ്ട് വന്ന് ഒരു ദിവസം തന്നെ 1000 പേജുകൾ എങ്കിലും ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് മാറ്റുന്ന തരത്തിൽ ഈ പദ്ധതി മാറണം. ഈ മേഖലയിൽ ലോകത്ത് ഉണ്ടായിരിക്കുന്ന പുതിയ ടെക്നോളജി ഉപയോഗിക്കണം. ആ സൗകര്യങ്ങൾ ഉണ്ടായിരിക്കേ ഒച്ചിഴയുന്ന വേഗതയിൽ പോകുന്ന എൻ്റെ സന്നദ്ധ പ്രവർത്തനം അർത്ഥശൂന്യമാണ്. ഒട്ടും തന്നെ ബുദ്ധിപൂർവ്വമല്ല എന്നും പറയാം.

ഇങ്ങനെ സ്കേൽ അപ്പ് ചെയ്താൽ മാത്രമേ ഈ പദ്ധതി അതിൻ്റെ ലക്ഷ്യം നേടൂ. അല്ലാതെ ഞാൻ നടത്തുന്ന ഒറ്റപ്പെട്ട ശ്രമം കൊണ്ട് ഇത് എത്തിചേരേണ്ട ലക്ഷ്യത്തിൽ ഒരിക്കലും എത്തില്ല. മാത്രമല്ല ഈ രീതിയിൽ പോയാൽ രേഖകൾ മിക്കതും അപ്രത്യക്ഷമാകും. എനിക്ക് ആക്സെസ് ഉള്ളയിടത്തെ രേഖകൾ പോലും ഡിജിറ്റൈസ് ചെയ്ത് തീർക്കാൻ എനിക്കു പറ്റുന്നില്ല. ഞാൻ ഡിജിറ്റൈസേഷൻ പ്രവർത്തനം തൽക്കാലം നിർത്തിവെക്കുന്ന ഈ ഘട്ടത്തിൽ പോലും പഴയകാല പാഠപുസ്തകങ്ങളും, മാസികളും അടക്കം 500നടുത്ത് രേഖകൾ ഡിജിറ്റൽ മോക്ഷപ്രാപ്തി കാംക്ഷിച്ച് എൻ്റെ വീട്ടിൽ ഇരിക്കയാണ്.  അതൊക്കെ ഇനി ഉടമസ്ഥരെ തിരിച്ചേൽപ്പണം. എനിക്ക് ഇപ്പോൾ ആക്സെസ് ഇല്ലാത്ത സ്ഥലങ്ങളിലെ രേഖകളുടെ പെരുപ്പം കൂടെ കണക്കിലെടുത്താൽ, പദ്ധതി കൂടുതൽ സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ സ്കേൽ അപ്പ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം എല്ലാവർക്കും മനസ്സിലാകും.

മുകളിൽ പറഞ്ഞ രണ്ടു കാരണങ്ങൾ കൊണ്ട് തന്നെ കേരള രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പൊതുവായ പ്രദർശനവും എന്ന പദ്ധതി സർക്കാരോ വിഷയത്തിൽ താല്പര്യമുള്ളവരോ ഏറ്റെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ മുൻപോട്ട് കൊണ്ട് പോകണം എന്നാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്. ലോകോത്തര ഗുണനിലവാരത്തിൽ ഡിജിറ്റൈസ് ചെയ്യുക, ഡിജിറ്റൈസ് ചെയ്ത രേഖ എല്ലാവർക്കും എപ്പോഴും ആക്സെസ് ചെയ്യാവുന്ന വിധത്തിൽ ലഭ്യമാക്കുക എന്നീ സംഗതികൾ പദ്ധതിയുടെ അടിസ്ഥാനനിയമങ്ങൾ ആയി സ്വീകരിച്ചാൽ ഇത് സമൂഹത്തിനു ഗുണമുള്ളതായി തീരും. 

ഈ വിഷയത്തിൽ പറയാനുള്ള  മിക്കവാറും കാര്യങ്ങളൊക്കെ 2015ൽ ഞാനും എൻ്റെ സുഹൃത്ത് സുനിലും കൂടെ ഡോക്കുമെൻ്റ് ചെയ്തിടുണ്ട്. അത് ഇവിടെ (മലയാളപൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ – നിലവിലെ സ്ഥിതിയും സാദ്ധ്യതകളും) കാണാം. 

ആദ്യകാല മലയാള അച്ചടി രേഖകളെ കുറിച്ചുള്ള സാമാന്യവിവരം മനസ്സിലാക്കുന്നതിലും, അതുസംബന്ധിച്ച വിവരങ്ങൾ ഡോക്കുമെൻ്റ് ചെയ്യുന്നതിലും, വലിയ രേഖാ ശേഖരങ്ങൾ തപ്പിയെടുക്കുന്നതിലും, രേഖകൾ സംരംക്ഷിക്കുന്നതിലും ഒക്കെ അത്യാവശ്യം ജ്ഞാനം ഞാൻ കഴിഞ്ഞ 10-12 കൊല്ലത്തെ പ്രവർത്തി പരിചയം കൊണ്ട് നേടിയിട്ടുണ്ട്. അതിനെ എല്ലാവർക്കും ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കാൻ എന്നെ കൊണ്ട് ആവുന്ന വിധത്തിൽ ഞാൻ ഇത്ര നാളും  ശ്രദ്ധിച്ചു. എന്നാൽ അത് ഇന്നത്തെ നിലയിൽ തുടർന്ന് കൊണ്ട് പോകാൻ എനിക്കാവില്ല എന്നതിൽ ഖേദിക്കുന്നു.

ഇതുവരെ ഞാൻ ഡിജിറ്റൈസ് ചെയ്ത രേഖകൾക്ക്, എൻ്റെ ഈ തീരുമാനം മൂലം ഒരു മാറ്റവും വരുന്നില്ല എന്ന് ഓർക്കുക. അത് അപ്‌ലൊഡ് ചെയ്ത ഇടങ്ങളിൽ തന്നെ ഉണ്ടാകും. ഈ ബ്ലോഗും അതിലെ പൊതു വിവരങ്ങളും അങ്ങനെ തന്നെ നിലനിൽക്കും.

 

ഡിജിറ്റൈസ് ചെയ്ത ചില പ്രധാനശെഖരങ്ങൾ

ഈ സൈറ്റിലെ പോസ്റ്റുകളിൽ നിന്ന് ഡിജിറ്റൈസ് ചെയ്ത ഓരോ രേഖയും തപ്പിയെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. പദ്ധതി കോർഡിനേറ്റ് ചെയ്ത ഞാൻ പോലും ചിലപ്പോൾ രേഖകൾ തപ്പി കണ്ടെത്താൻ ബുദ്ധിമുട്ടാറുണ്ട്. അതിനാൽ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ ചില നിർദ്ദേശങ്ങൾ തരാം.

 • ഏറ്റവും വിഷമം പിടിച്ച വഴി. സൈറ്റിലെ (https://shijualex.in/) ആയിരത്തിൽ പരം പോസ്റ്റുകൾ ഓരോന്നായി എടുത്തു നോക്കുക.
 • ഗൂഗിൾ സേർച്ച് ഉപയോഗിക്കുക. നിങ്ങൾ തിരയുന്ന രേഖയുടെ കീ വേർഡുകൾ ഉപയോഗിച്ച് മലയാളത്തിൽ/ഇംഗ്ലീഷിൽ ഗൂഗിൾ സേർച്ച് നടത്തുക. ഉദാഹരണം മൃഗചരിതം എന്ന് തിരഞ്ഞാൽ ആദ്യത്തെ 2-3 റിസൽട്ടിൽ അത് റിലീസ് ചെയ്തപ്പോൾ എഴുതിയ ഈ പോസ്റ്റിൻ്റെ ലിങ്ക് വരും
 • ബ്ലോഗിലെ സേർച്ച് ഉപയോഗിക്കുക. ഉദാഹരണം കണക്കതികാരം എന്ന് ബ്ലോഗിലെ സേർച്ചിൽ തിരഞ്ഞാൽ അത് റിലീസ് ചെയ്തപ്പോൾ എഴുതിയ ഈ പോസ്റ്റിൻ്റെ ലിങ്ക് വരും
 • ഈ സൈറ്റിലെ List of Kerala public domain books എന്ന ലിസ്റ്റ് സന്ദർശിക്കുക. 2020 നവബർ വരെ ഞാൻ ഡിജിറ്റൈസ് ചെയ്ത രേഖകളുടെ വിവരം ഈ പേജിലെ സ്പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷമുള്ളവ അപ്‌ഡേറ്റ് ചെയ്യാൻ എനിക്കു പറ്റിയിട്ടില്ല. ഈ സ്പ്രെഡ് ഷീറ്റിലെ ഡാറ്റ പല വിധത്തിൽ ഫിൽറ്റർ ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള രേഖയെ കണ്ടെത്താവുന്നതാണ്.
 • ഇത് വരെ ഡിജിറ്റൈസ് ചെയ്ത രെഖകളിലെ 80% എങ്കിലും https://archive.org/details/kerala-archives എന്ന ഈ ഒറ്റ ലിങ്ക് വഴി ലഭിക്കും. അതിലുള്ള ഫിൽറ്ററുകൾ പല വിധത്തിൽ ഉപയോഗിച്ച്  നിങ്ങൾക്ക് ആവശ്യമുള്ള രേഖയെ കണ്ടെത്തുക.
 • ഡിജിറ്റൈസ് ചെയ്ത പാഠപുസ്തക്ങ്ങൾ എല്ലാം കൂടെ ഈ ലിങ്ക് വഴി ആക്സെസ് ചെയ്യാം https://archive.org/details/kerala-text-books
 • ഡിജിറ്റൈസ് ചെയ്ത ആനുകാലികങ്ങൾ എല്ലാം കൂടെ ഈ ലിങ്ക് വഴി ആക്സെസ് ചെയ്യാം https://archive.org/details/kerala-periodicals
 • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ എല്ലാം കൂടെ ഈ ലിങ്ക് വഴി ആക്സെസ് ചെയ്യാം https://archive.org/details/kssp-archives
 • കോന്നിയൂർ നരേന്ദ്രനാഥിൻ്റെ രചനങ്ങൾ എല്ലാം കൂടെ ഈ ലിങ്ക് വഴി ആക്സെസ് ചെയ്യാം https://archive.org/details/konniyoor-narendranath 
 • ഗുണ്ടർട്ട് ലെഗസി പദ്ധതിയിലൂടെ ഡിജിറ്റൈസ് ചെയ്ത രേഖകളുടെ വിശദാംശങ്ങൾ ഈ പോസ്റ്റിൽ കാണാം https://shijualex.in/gundert-legacy-malayalam-list/ 

ഉപസംഹാരം

കേരളത്തിൻ്റെ ഒരു പൊതു സൗജന്യഡിജിറ്റൽ ലൈബ്രറി എന്ന  “വേറിട്ട സങ്കല്പത്തിനു” (എല്ലാവർക്കും എളുപ്പത്തിൽ ആക്സെസ് ചെയ്യാവുന്ന തരത്തിൽ)  എന്നെ കൊണ്ട് ആവുന്ന വിധത്തിൽ ചെറിയ ഒരു അടിസ്ഥാനമിട്ടു എന്ന് ഞാൻ കരുതുന്നു. എൻ്റെ ഈ സന്നദ്ധപ്രവർത്തനത്തിലൂടെ  ആദ്യകാല അച്ചടിരേഖകളിൽ പ്രമുഖമായവ മിക്കതും ഡിജിറ്റൈസ് ചെയ്ത് പൊതുവായി എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പങ്കുവെക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ എനിക്കു അഭിമാനമുണ്ട്. എന്നാൽ എൻ്റെ ഈ എളിയ ശ്രമം അതിൻ്റെ അടുത്ത ഘട്ടത്തിലേക്ക് പോകേണ്ടതുണ്ട്. അതിനായുള്ള ശ്രമങ്ങൾ ഉണ്ടാകും എന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്.

ഈ വിഷയത്തിൽ നേരിട്ട് എന്നോട് സഹകരിച്ച എൻ്റെ അടുത്ത സുഹൃത്തളോടുള്ള കടപ്പാട് രേഖപ്പെടുത്തി കൊണ്ട് ഞാൻ തൽക്കാലികമായെങ്കിലും വിടവാങ്ങുന്നു. 

2021 – പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

നമ്മുടെ പഴയകാല ആനുകാലികങ്ങൾ, അവയുടെ പ്രാധാന്യം

ഓരോ കാലഘട്ടത്തിലും ദൈംദിനജീവിതസന്ദർഭങ്ങൾ പലവിധത്തിൽ രേഖപ്പെടുത്തുന്ന സവിശേഷമായ പ്രസിദ്ധീകരണങ്ങൾ ആണല്ലോ നമ്മുടെ ദിനപത്രങ്ങളും, ആഴ്ചപതിപ്പുകളും, ദ്വൈവാരികകളും, മാസികകളും, വാർഷിക പതിപ്പുകളും അടക്കമുള്ള നമ്മുടെ ആനുകാലികങ്ങൾ. നിത്യജീവിത സന്ദർഭങ്ങൾ, സംഭവങ്ങൾ, കല, സാംസ്കാരികം, രാഷ്ടീയം, വിദ്യാഭ്യാസം, വൈജ്ഞാനികം, ബാലസാഹിത്യം,  മതം തുടങ്ങി  മിക്കവാറും എല്ലാ വിഷയങ്ങളിലും നമുക്ക് ആനുകാലികങ്ങൾ ഉണ്ട്. മലയാളത്തിൽ പ്രസിദ്ധീകരണങ്ങൾ വന്നു തുടങ്ങിയ ആദ്യകാലം മുതൽ തന്നെ പൊതു പ്രസിദ്ധീകരണങ്ങളും വിഷയപ്രധാനമായ നിരവധി സവിശേഷ പ്രസിദ്ധീകരണങ്ങളും ഉണ്ടായിട്ടുണ്ട്. സ്ത്രീകൾക്കു മാത്രമായുള്ള പ്രസിദ്ധീകരണങ്ങൾ, ആരോഗ്യ പ്രസിദ്ധീകരണങ്ങൾ, ആയുർവേദ ആനുകാലികങ്ങൾ, കാർഷിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയൊക്കെ വളരെ മുമ്പേ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ വനിതകൾ ആനുകാലിക പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ വലിയ സംഭാവനകൾ ചെയ്തിട്ടുമുണ്ട്.

ആനുകാലികങ്ങൾ ഒരു സമൂഹത്തിൻ്റെ സംസ്‌കാര സ്പന്ദനമാണ്. കാലത്തിൻ്റെ താളവും ചരിത്രത്തിൻ്റെ ഗതിയും മനസ്സിലാക്കാനാവുന്ന മിടിപ്പുകൾ. ഗുണ്ടർട്ടിന്റെ രാജ്യസമാചാരം മുതൽ ഇങ്ങോട്ട് ആയിരക്കണക്കിന് ആനുകാലിക പ്രസിദ്ധീകരണങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, അവയിൽ ബഹുഭൂരിപക്ഷവും എന്നേക്കുമായി മറഞ്ഞു പോയി എന്നത് യാഥാർത്ഥ്യമാണ്. ആനുകാലികങ്ങളുടെ പ്രത്യേക ചരിത്രരേഖകളിലോ പത്രപ്രവർത്തന ചരിത്രത്തിലോ പോലും ഇടംപിടിച്ചിട്ടില്ലാത്ത നിരവധി പ്രസിദ്ധീകരണങ്ങളുണ്ട്.

 

പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു
പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

 

നമ്മുടെ പഴയകാല ആനുകാലികങ്ങളുടെ ഡിജിറ്റൈസേഷൻ്റെ പ്രാധാന്യം

പ്രമുഖമായ ചില ആനുകാലികങ്ങൾ കേരള സാഹിത്യ അക്കാദമിയുടെ അപ്പൻ തമ്പുരാൻ സ്മാരക ലൈബ്രറിയിലും, കേരള മീഡിയ അക്കാദമി ലൈബ്രറിയിലും, വിവിധ ഗ്രാമീണ ലൈബ്രറികളിലും ഒക്കെയായി സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ അതിലേക്കുള്ള ആക്സസ് ഒക്കെ പരിമിതമാണ്. ഇത്തരം പഴയ രേഖകൾ എല്ലാവർക്കും എപ്പോഴും ഫിസിക്കലായി പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നതിലും പലവിധ പ്രശ്നങ്ങൾ ഉണ്ട്. പലപ്പോഴും അത് പ്രസിദ്ധീകരണങ്ങളുടെ നാശത്തിലേക്ക് ആണ് പൊതുവെ നയീക്കാറ്. സ്ഥാപനങ്ങൾ പൊതുവെ പ്രശസ്തമായ ആനുകാലികങ്ങളേ സംരക്ഷിക്കാൻ ശ്രമിക്കാറുള്ളൂ. അതിനാൽ തന്നെ സമാന്തര ആനുകാലികളും ചെറു ആനുകാലികങ്ങളും മിക്കവാറും ഒക്കെ ഇതിനകം നഷ്ടപ്പെട്ടു

ചുരുക്കത്തിൽ പഴയകാല ആനുകാലികൾക്ക് പ്രാധാന്യം ഉണ്ടെങ്കിലും അതിൻ്റെ ലഭ്യത, അതിൻ്റെ സംരക്ഷണം തുടങ്ങിയവ ഒക്കെ പ്രശ്നമാണ്. ഇതിനൊക്കെയുള്ള എളുപ്പ പരിഹാരം മുകളിൽ പറഞ്ഞ ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്ത് പൊതുവായി ലഭ്യമാക്കുക എന്നതാണ്. കേരളത്തിൽ സർക്കാർ ഡിജീറ്റൈസേഷൻ പദ്ധതികളും, പ്രൈവറ്റ് ലൈബ്രറികളുടെ ഡിജീറ്റൈസേഷൻ പദ്ധതികളും,  മാതൃഭൂമി മനോരമ പോലുള്ള സ്വകാര്യ മാദ്ധ്യമസ്ഥാപനങ്ങളുടെ ഡിജീറ്റൈസേഷൻ പദ്ധതികളും ഒക്കെ ഉണ്ടെങ്കിലും പൊതുജനങ്ങൾക്ക് അവയിലേക്ക് പ്രവേശനമില്ല.

രേഖകളുടെ പ്രാധാന്യം കൊണ്ട്, കേരള സമൂഹത്തിന്റെ വളർച്ചയെ പലവിധത്തിൽ മുന്നോട്ടു നയിച്ച ഈ ആനുകാലിക പ്രസിദ്ധീകരണങ്ങൾ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഒരു ഉപ പദ്ധതിക്ക് പ്രത്യേകമായി ഞാൻ ഇന്ന് തുടക്കം കുറിക്കുകയാണ്. പൊതുവായ ഡിജിറ്റൈസേഷൻ പരിപാടികളുടെ ഭാഗമായി ഇതിനകം തന്നെ കുറച്ചധികം ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് പക്ഷെ യാദൃശ്ചികമായി സംഭവിച്ചു പോയതാണ്. അതിനാൽ, ആനുകാലികങ്ങളുടെ ഡിജിറ്റൈസേഷനെ പ്രത്യേകമായി കണ്ട് അതിനു പ്രാധാന്യം കൊടുത്ത് ഒരു പദ്ധതിയായിത്തന്നെ ചെയ്യേണ്ടതുണ്ട് എന്ന് മനസ്സിലാക്കിയതിൽ നിന്നാണ് ഈ പദ്ധതിക്കു തുടക്കം ഇടുന്നത്. ഈ വിധത്തിൽ സവിശെഷ ശ്രദ്ധ കൊടുത്ത് ഉപപദ്ധതി ആയി ചെയ്യുന്നത് കൂടുതൽ രേഖകൾ സംരക്ഷിക്കപ്പെടാൻ ഇടയാക്കും എന്ന് ഇതിനകം തുടങ്ങിയ പാഠപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകളുടെ ഡിജിറ്റൈസേഷൻ, കോന്നിയൂർ നരേന്ദ്രനാഥിൻ്റെ കൃതികളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയ മറ്റു ഉപപദ്ധതികൾ തെളിയിക്കുന്നു.

മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ  ആനുകാലികങ്ങളുടെ ഡിജിറ്റൈസേഷനു സവിശേഷ പ്രാധാന്യം കൊടുക്കാൻ താഴെ പറയുന്ന കാരണങ്ങൾ കൂടെയുണ്ട്

 • ആനുകാലികങ്ങൾ അച്ചടിക്കുന്ന പേപ്പറിൻ്റെ ഗുണനിലവാരം പൊതുവെ കുറവാണ്. ഒരു ദിവസത്തെയോ ആഴ്ചത്തെയോ ഒരു മാസത്തെയോ വിപണിസാദ്ധ്യത മാത്രം കണ്ട് പുറത്തിറക്കുന്ന ആനുകാലികളുടെ അച്ചടിക്കു ഉപയോഗിക്കുന്ന പേപ്പറിനു വലുതായി പണമിറക്കാൻ പ്രസാധകർ തയ്യാറാവില്ല. ഈ ഗുണനിലവാര പ്രശ്നം മൂലം ആനുകാലികളുടെ ആയുസ്സ് കുറവാണ്. അതിനാൽ ഇതിൻ്റെ ഡിജിറ്റൈസേഷൻ യുദ്ധകാല അടിസ്ഥാനത്തിൽ തന്നെ ചെയ്യേണ്ടതുണ്ട്.
 • ആനുകാലികങ്ങൾ എല്ലാം തന്നെ ഒറ്റപ്രാവശ്യം മാത്രമേ അച്ചടിക്കുന്നുള്ളൂ. പുസ്തകങ്ങളിൽ നിന്നു ആനുകാലികളെ വ്യത്യസ്തമാക്കുന്ന ഒരു സംഗതി ആണിത്. അതിനാൽ തന്നെ ലഭ്യമായ കോപ്പികൾ വളരെ കുറവാണ്.
 • ആനുകാലികങ്ങൾ വായിച്ചു കഴിഞ്ഞാൽ മിക്കവാറും അത് കത്തിച്ച് കളയുകയോ ആക്രിക്കടക്കാർക്കു കൊടുക്കയോ ഒക്കെയാണ് നമ്മൾ ചെയ്യാറ്. അതിനാൽ തന്നെ അതിൻ്റെ ലഭ്യത വളരെ കുറവാണ്.

ഈ വിധ കാരണങ്ങൾ കൊണ്ട് പഴയകാല ആനുകാലികങ്ങളുടെ വീണ്ടെടുപ്പിനുള്ള ഈ പ്രത്യേക പദ്ധതി അല്പം യുദ്ധകാല അടിസ്ഥാനത്തിൽ തന്നെ ചെയ്യാനാണ് തീരുമാനം.

എന്നാൽ ഇതിനു എനിക്കു നിങ്ങളുടെ സഹകരണം വേണം. കാരണം ആനുകാലികങ്ങൾ എൻ്റെ കൈയിൽ ഇല്ല. നിങ്ങളിൽ പലരുടെ കൈയിലും ഇത്തരം പഴയകാല ആനുകാലികങ്ങൾ ഉണ്ടാവും.അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കണം. ഡിജിറ്റൈസേഷൻ കഴിഞ്ഞാൽ പ്രസ്തുതആനുകാലികങ്ങൾ നിങ്ങൾക്കു തന്നെ തിരികെ തരും (ഇക്കാര്യത്തിനു ഇതിനകം ഡിജിറ്റൈസേഷനായി പുസ്തകം ലഭ്യമാക്കിയ നിരവധി പേർ സാക്ഷിയാണ്).

ഇക്കാര്യത്തിൽ തൽക്കാലം കോപ്പിറൈറ്റ് പരിധി മറികടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.(പൊതുസമൂഹത്തിൽ നിന്നും സർക്കാരിൽ നിന്നും ഒക്കെ കൂടുതൽ പിന്തുണ കിട്ടുന്ന സമയത്തേ അതിനു പറ്റൂ) അതിനാൽ താഴെ പറയുന്ന നിബന്ധനങ്ങൾ പാലിക്കണം.

ആനുകാലികങ്ങൾ ഡിജിറ്റൈസേഷനായി ലഭ്യമാക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ദയവായി ശ്രദ്ധിക്കണം:

 • 1961നു മുൻപ് പ്രസിദ്ധീകരിച്ച ആനുകാലികങ്ങൾ മതി.
 • എല്ലാ താളുകളും (കവർ പേജ്, ടൈറ്റിൽ പേജ്, ബാക്ക് കവർ പേജുകൾ അടക്കം എല്ലാം) ഉള്ള ആനുകാലികങ്ങൾ മാത്രമേ ഡിജിറ്റൈസ് ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. ചില പ്രത്യേക അവസരങ്ങളിൽ ഫ്രണ്ട് കവർ ഇല്ലാത്ത (എന്നാൽ ടൈറ്റിൽ പേജ് എങ്കിലും വേണം) ആനുകാലികങ്ങളും പരിഗണിക്കും.
 • കഴിയുന്നതും ഒരു വർഷത്തെ ലക്കങ്ങൾ ഒരുമിച്ചു ഡിജിറ്റൈസേഷനായി ലഭ്യമാക്കാൻ ശ്രമിക്കുക.
 • ഏത് ഭാഷയിൽ ഉള്ള ആനുകാലികങ്ങളും പരിഗണിക്കും. പക്ഷെ ഡിജിറ്റൈസേഷനായി വരുന്ന ആനുകാലികങ്ങൾക്ക് എന്തെങ്കിലും കേരള ബന്ധം ഉണ്ടായിരിക്കണം.

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

സഹകരിക്കാൻ പറ്റുന്നവർ എനിക്കു shijualexonlineATgmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.

ഇതിനകം ഡിജിറ്റൈസ് ചെയ്ത ആനുകാലികങ്ങൾ എല്ലാം കൂടെ ഇവിടെ കാണാം.

 

 

 

 

 

 

2021 – പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

നമ്മുടെ പൗരാണിക രേഖകൾ

ഏകദേശം ഒരു ദശകത്തിനു മേലായി നടത്തുന്ന കേരളവുമായി ബന്ധപ്പെട്ടെ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ എന്ന എന്റെ ഒഴിവു സമയ സന്നദ്ധപ്രവർത്തനത്തിലൂടെ, കേരളവുമായി ബന്ധപ്പെട്ടെ നിരവധി പൗരാണിക രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വന്നു കഴിഞ്ഞു. ഇതിൽ 1772ൽ മലയാളലിപിയിൽ അച്ചടിച്ച ആദ്യ പുസ്തമായ സംക്ഷെപവെദാർത്ഥം തുടങ്ങി ആദ്യകാല മലയാളഅച്ചടി പുസ്തകമായ റമ്പാൻ ബൈബിൾ, ചെറു പൈതങ്ങൾ, പവിത്രചരിത്രം, നിരവധി നിഘണ്ടുക്കൾ, വ്യാകരണപുസ്തകങ്ങൾ തുടങ്ങിയവ ഒക്കെ ഉൾപ്പെടുന്നു. അതിനു പുറമെ എടുത്തു പറയാനുള്ള ഒരു നേട്ടം ട്യൂബിങ്ങനിൻ സർവ്വകലാശാലാ ലൈബ്രറിയിലെ ഉള്ള ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം, ഗുണ്ടർട്ട് ലെഗസി എന്ന പേരിൽ ഉള്ള ഒരു സവിശേഷ പദ്ധതിയിലൂടെ പുറത്ത് കൊണ്ടുവരാനുഉള്ള ശ്രമത്തിലെ പ്രധാന പങ്കാളി ആയതാണ്. അങ്ങനെ കഴിഞ്ഞ പത്തു-പന്ത്രണ്ടു വർഷങ്ങൾ കൊണ്ട് നിരവധി കേരള/മലയാള രേഖകൾ ഈ സന്നദ്ധപ്രവർത്തനത്തിലൂടെ പൊതുഇടത്തിലേക്ക് കൊണ്ടു വന്നു കഴിഞ്ഞു.

ഒരു പ്രത്യേക വിഷയത്തിലുള്ള കുറേ അധികം രേഖകളെ ഒരുമിച്ചു ഡിജിറ്റൈസ് ചെയ്ത് പുറത്ത് എത്തിക്കാനുള്ള ഉപപദ്ധതികൾ വളരെ സഹായകരം ആണെന്ന് ഇതിനകം തെളിഞ്ഞതാണ്. നമ്മുടെ പഴയകാല പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി, കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ രചനകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി, കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി തുടങ്ങി കുറച്ചധികം ഉപപദ്ധതികൾ വളരെ പ്രയോജനപ്രദം ആണെന്ന് അതിലൂടെ ഡിജിറ്റൈസ് ചെയ്ത് വന്ന രേഖകൾ പരിശോധിച്ചാൽ മതിയാകും. അതിനാൽ കൂടുതൽ ഉപപദ്ധതികൾ ഇതിനു സഹായകരമാണ്.

രേഖകളുടെ പ്രാധാന്യം മൂലം,  പൂർണ്ണമായും പൊതുസഞ്ചയത്തിൽ അല്ലെങ്കിലും പുതിയ ഒരു സവിശേഷ സംഗതി കൂടെ ഈ ഒഴിവു സമയ സന്നദ്ധപ്രവർത്ത പദ്ധതിയിൽ ചേർക്കുകയാണ്. അത് നമ്മുടെ പഴയകാല സ്മരണികകളുടെ(സുവനീറുകളുടെ) ഡിജിറ്റൈസേഷൻ ആണ്.

 

കേരള സ്മരണികകൾ – ചിത്രത്തിൽ കാണുന്നത് രെപ്രസെന്റെഷൻ ഇമേജ് മാത്രം

 

സ്മരണിക/സുവനീറുകളുടെ ഡിജിറ്റൈസേഷൻ

ഇന്ത്യയിലും ലോകത്തെ വിവിധ ലൈബ്രറികളും ഉള്ള മലയാള ശേഖരം എനിക്ക് നേരിട്ടോ കൂട്ടുകാർ വഴിയോ പരിശോധിക്കാൻ ഇട വന്നിട്ടുണ്ട്. ഒരിടത്തും ഞാൻ സ്മരണികകൾ  കണ്ടിട്ടില്ല. കുറച്ചെങ്കിലും കണ്ടിട്ടുള്ളത് സ്വകാര്യ ശേഖരങ്ങളിൽ ആണ്. മണ്ണാർക്കാട് സഹൃദയ ലൈബ്രറിയിൽ കെ.ജെ. തോമസിൻ്റെ ശേഖരത്തിൽ ഇത്തരം സ്മരണികൾ കുറച്ചെണ്ണം ഞാൻ കണ്ടു.  ഇങ്ങനെ ചില അപവാദങ്ങൾ ഒഴിച്ചാൽ നമ്മുടെ പൊതുജീവിത സംഭവങ്ങളുടെ സ്മാരകമായ സ്മരണികൾ/സുവനീറുകൾ ശേഖരിച്ചു വെക്കാൻ നമ്മൾ പൊതുവെ ശ്രദ്ധിച്ചിട്ടില്ല. നമ്മുടെ വീടുകളിലെ സ്വകാര്യ ലൈബ്രറികളിലും, ഗ്രാമീണ ലൈബ്രറികളിലും, മറ്റു ലൈബ്രറികളിലും ഒക്കെ എത്ര സ്മരണികൾ/സുവനീറുകൾ ശേഖരിച്ച് വെച്ചിട്ടുണ്ട് എന്നതിനെ പറ്റി ഒരു ആത്മപരിശോധന നടത്തിയാൽ ഞാൻ ഈ പറയുന്നതിന്റെ പ്രാധാന്യം നിങ്ങൾക്കു മനസ്സിലാകും.

ഏറ്റവും വലിയ പ്രശ്നം സ്മരണികകൾ/സുവനീറുകൾ ഒറ്റ പ്രാവശ്യം മാത്രമേ അച്ചടിക്കൂ എന്നതാണ്. അതിൻ്റെ എണ്ണവും പരിമിതമായിരിക്കും. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് സ്മരണികകൾ/സുവനീറുകൾക്ക് ആയുസ്സ് വളരെ കുറവാണ്.

ആരും ശ്രദ്ധിക്കാത്ത സംഗതികൾ ശ്രദ്ധിച്ച്, ശേഖരിച്ച്, ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുക എന്നത് എന്റെ പ്രത്യേക താല്പര്യം ആയതിനാൽ നമ്മുടെ സ്മരണികകൾ/സുവനീറുകളുടെ ഡിജിറ്റൈസേഷൻ എന്ന സവിശേഷ പദ്ധതിക്ക് ഞാൻ തുടക്കം ഇടുകയാണ്. പക്ഷെ ഇതിനു എനിക്കു നിങ്ങളുടെ സഹകരണം വേണം. കാരണം എന്റെ കൈയിൽ അതിനും മാത്രം സ്മരണികകൾ ഇല്ല. എന്നാൽ നിങ്ങളിൽ പലരുടെ കൈയിലും ഇത്തരം പഴയകാല സ്മരണികകൾ ഉണ്ടാവും.അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കണം. ഡിജിറ്റൈസേഷൻ കഴിഞ്ഞാൽ പ്രസ്തുതസ്മരണികകൾ നിങ്ങൾക്കു തന്നെ തിരികെ തരും (ഇക്കാര്യത്തിനു ഇതിനകം ഡിജിറ്റൈസേഷനായി പുസ്തകം ലഭ്യമാക്കിയ നിരവധി പേർ സാക്ഷിയാണ്).

ഇത്തരം സ്മരണികളുടെ ഉദ്ദേശം ആർക്കൈവിങ് ആയതിനാൽ  ലൈസൻസിന്റെ സംഗതിയിൽ ഞാൻ പുലർത്തിയിരുന്ന കാർക്കശ്യം അല്പം കുറയ്ക്കാൻ തീരുമാനിച്ചു. 1994നു മുൻപുള്ള (പൊതുവെ ഡിറ്റിപി യുഗം തുടങ്ങുന്നതിനു മുൻപുള്ളത്) സ്മരണികകൾ എന്തും ഡിജിറ്റൈസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഇത്തരം സ്മരണികകൾ  അതത് കാലഘട്ടത്തെ നമ്മുടെ ചരിത്രം രേഖപ്പെടുത്തിയവയും ഭാവി ഗവേഷണങ്ങൾക്ക് വലിയ മുതൽക്കൂട്ടും ആണ്.

സ്മരണികകൾ/സുവനീറുകൾ ഡിജിറ്റൈസേഷനായി ലഭ്യമാക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ദയവായി ശ്രദ്ധിക്കണം:

 • എല്ലാ താളുകളും (കവർ പേജ്, ടൈറ്റിൽ പേജ്, ബാക്ക് കവർ പേജുകൾ അടക്കം എല്ലാം) ഉള്ള സ്മരണികകൾ/സുവനീറുകൾ മാത്രമേ ഡിജിറ്റൈസ് ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. ചില പ്രത്യേക അവസരങ്ങളിൽ ഫ്രണ്ട് കവർ ഇല്ലാത്ത (എന്നാൽ ടൈറ്റിൽ പേജ് എങ്കിലും വേണം) പുസ്തകങ്ങളും പരിഗണിക്കും.
 • 1994 വരെയുള്ള സ്മരണികകൾ/സുവനീറുകൾ മതി.
 • ഏത് ഭാഷയിൽ ഉള്ള സ്മരണികകൾ/സുവനീറുകളും പരിഗണിക്കും. പക്ഷെ ഡിജിറ്റൈസേഷനായി വരുന്ന സ്മരണികകൾ/സുവനീറുകൾക്ക് എന്തെങ്കിലും കേരള ബന്ധം ഉണ്ടായിരിക്കണം.

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

സഹകരിക്കാൻ പറ്റുന്നവർ എനിക്കു shijualexonlineATgmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.

(ചിത്രത്തിൽ കാണുന്നത് രെപ്രസെന്റെഷൻ ഇമേജസ് മാത്രം)

 

ഇതിനകം ഡിജിറ്റൈസ് ചെയ്ത സ്മരണികകൾ എല്ലാം കൂടെ ഇവിടെ കാണാം.