യുയോമയ സ്ഥാപകനായ വിദ്വാൻകുട്ടിയച്ചൻ എന്ന മറുപേരിൽ അറിയപ്പെടുന്ന യുസ്തൂസ് യോസഫിന്റെ മൂന്നു കൈയെഴുത്തു പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
യുയോമയ സഭയുമായി ബന്ധപ്പെട്ട കുറച്ചധികം പുസ്തകങ്ങൾ ഞാൻ ഇതിനകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെച്ചിട്ടൂണ്ട്. എന്റെ ഓർമ്മയിൽ പെട്ടെന്ന് ഓർമ്മ വരുന്നത് നിത്യാക്ഷരങ്ങൾ, അയുയൊമയൊ ഈരിഞ്ഛിക്ക്വാനൊവ തുടങ്ങിയ പുസ്തകങ്ങൾ ആണ്. ഈ സൂചിപ്പിച്ച രണ്ടു പുസ്തകങ്ങൾ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിൽ അക്കാലത്ത് എനിക്കു ലഭ്യമായ വിവരങ്ങൾ ഒക്കെ കൂട്ടി ചേർത്തിരുന്നു. ആ പോസ്റ്റുകൾ വായിച്ചാൽ യുയോമയ സഭ, വിദ്വാൻ കുട്ടിയച്ചൻ തുടങ്ങിയ വിഷയങ്ങളെ കുറിച്ചൊരു അടിസ്ഥാന ധാരണ കിട്ടും.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്ന ഈ 3 കൈയെഴുത്ത് പ്രതികളും എന്റെ കൈയിൽ ഏകദേശം 2017ൽ കിട്ടിയതാണ്. യുയോമയ സഭാംഗമായ മാത്യു ബോധകർ ആണ് ഈ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാനായി കൈമാറിയത്. 2017ൽ ഈ പുസ്തകങ്ങൾ പുസ്തകം കൈയിൽ എത്തിയെങ്കിലും ഇപ്പൊഴാണ് അത് ഡിജിറ്റൈസ് ചെയ്യാനുള്ള സാവകാശം ലഭിച്ചത്..
മുകളിൽ സൂചിപ്പിച്ച നിത്യാക്ഷരങ്ങൾ തുടങ്ങിയ പുസ്തകങ്ങളിൽ കാണുന്ന കത്തുകളുടേയും മറ്റും ഒറിജിനൽ ഈ പുസ്തകങ്ങളിൽ നിന്ന് എടുത്തതാവണം. മൂന്നു പുസ്തകങ്ങളുടേയും പ്രധാന ഉള്ളടക്കം അത്തരം കത്തുകളും മറ്റുമാണ്. യുയോമയ ഭാഷയെ പറ്റിയുള്ള പ്രാഥമിക കുറിപ്പുകളും ചർച്ചകളും ഒക്കെ കാണാം. പിൽക്കാലത്ത് അച്ചടിയിലേക്ക് സന്നിവേശിപ്പിക്കാൻ പറ്റാഞ്ഞ പലതും ഈ കൈയെഴുത്തു പ്രതികളിൽ ഉണ്ടാവണം എന്നതാണ് എന്റെ ഒരു അനുമാനം. പ്രത്യേകിച്ച്, യുയോമയ ഭാഷയുമായി ബന്ധപ്പെട്ട ചില ചിഹ്നങ്ങളും മറ്റും ഈ എഴുത്തു പുസ്തകത്തിൽ അതിന്റെ യഥാർത്ഥ രൂപത്തിൽ കാണാം.
മൂന്നു പുസ്തകങ്ങളും പൂർണ്ണമായി വിദ്വാൻ കുട്ടിയച്ചൻ തന്നെയാണ് എഴുതിയതെന്ന് പറയാൻ ആവില്ല. അദ്ദേഹത്തിന്റെ പിൻമുറക്കാരുടെ രചനകളും ഇതിൽ ഉണ്ടാവണം. പുസ്തകത്തിന്റെ എഴുത്തു കാലഘട്ടം ഏകദേശം 1870 തൊട്ട് എന്ന് സാമാന്യമായി പറയാം. വിദ്വാൻകുട്ടിയച്ചൻ 1887 ൽ മരിച്ചു. പക്ഷെ പിന്നീട് എഴുതിയവർ ഏത് കൊല്ലം വരെയൊക്കെ എഴുതി എന്നത് കണ്ടെത്തുന്നതൊക്കെ ഗവേഷണ വിഷയങ്ങളാണ്.
പഴക്കം മൂലംമുള്ള ചില പ്രശ്നങ്ങൾ 3 പുസ്തകങ്ങളുടേയും ആദ്യത്തെ കുറച്ചു താളുകൾക്ക് ഉണ്ട്. ചില താളുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടൂണ്ട്. എങ്കിലും ഈ കൈയെഴുത്തു പ്രതി ഇനിയും കൂടുതൽ നശിച്ചു പോകുന്നതിനു മുൻപ് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാൻ ആയി എന്നതിൽ എനിക്കു സന്തോഷമൂണ്ട്.
ഇതിൽ കൂടുതൽ ഈ വിഷയത്തെ പറ്റി എഴുതാൻ എനിക്ക് അറിവില്ല. കൂടുതൽ വിശകലനത്തിനും വായനയ്ക്കുമായി മൂന്നു പുസ്തകങ്ങളുടേയും ഡിജിറ്റൽ സ്കാനുകൾ വെവ്വേറെ പങ്കു വെക്കുന്നു.
കടപ്പാട്
പുസ്തകങ്ങൾ ഡിജിറ്റൈസേഷനായി കൈമാറിയ യുയോമയ സഭാംഗമായ മാത്യുബോധകരോടു എനിക്കു കടപ്പാടൂണ്ട്. അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ മുന്നു പുസ്തകങ്ങളുടേയും ഡിജിറ്റൽ കോപ്പിയിലേക്കുള്ള ലിങ്ക് വെവ്വേറെ കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക. ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനായും വായിക്കാവുന്നതാണ്.
പുസ്തകം 1
- പേര്: വിദ്വാൻ കുട്ടിയച്ചന്റെ എഴുത്തു പുസ്തകങ്ങൾ – പുസ്തകം 1
- താളുകളുടെ എണ്ണം: 124
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
പുസ്തകം 2
- പേര്: വിദ്വാൻ കുട്ടിയച്ചന്റെ എഴുത്തു പുസ്തകങ്ങൾ – പുസ്തകം 2
- താളുകളുടെ എണ്ണം: 132
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി
പുസ്തകം 3
- പേര്: വിദ്വാൻ കുട്ടിയച്ചന്റെ എഴുത്തു പുസ്തകങ്ങൾ – പുസ്തകം 3
- താളുകളുടെ എണ്ണം: 288
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി