1948ൽ ഒന്നാം ക്ലാസ്സിൽ പഠിച്ചവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ നവീനഗണിതസാരം – ഒന്നാം പുസ്തകം ഒന്നാം ക്ലാസ്സിലേക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൻ്റെ രചയിതാവായ ടി. പി. വർഗ്ഗീസ്സ് തൃശ്ശൂരെ ഗവണ്മെൻ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പാൾ ആയിരുന്നുവെന്ന് കാണുന്നു. അതിനാൽ ഇത് കൊച്ചി പ്രദേശത്തെ സ്കൂളുകളിൽ ഉപയോഗിക്കാനായി തയ്യാറാക്കിയ ഗണിതപാഠപുസ്തകം ആയിരിക്കാം.
എണ്ണൽ സംഖ്യകൾ അവതരിപ്പിച്ചു കൊണ്ടാണ് പുസ്തകം തുടങ്ങുന്നതെങ്കിലും പിന്നീട് സങ്കലനം (addition), വ്യവകലനം (substraction) ഗുണനം (multiplication) തുടങ്ങിയവ ഒക്കെ ഈ പാഠപുസ്തകത്തിൽ കൈകാര്യം ചെയ്യുന്നതിൽ ഇത് ഒന്നാം ക്ലാസ്സ് പാഠപുസ്തകം തന്നെയാണോ എന്ന കാര്യത്തിൽ എനിക്കു സംശയം ഉണ്ട്. (ഒരു പക്ഷെ അക്കാലത്തെ പാഠ്യപദ്ധതി കഠിനം ആയിരിക്കാനുള്ള സാദ്ധ്യതയും തള്ളികളയാനാവില്ല). കണക്കിൻ്റെ കൺസെപ്റ്റ് കുട്ടികൾക്ക് മനസ്സിലാക്കാനായി കുറച്ചധികം വരച്ചിത്രങ്ങൾ ഈ പാഠപുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
ഗ്രന്ഥകർത്താവായ ടി. പി. വർഗ്ഗീസിൻ്റെ വിശുദ്ധ ഗീതങ്ങൾ എന്ന പുസ്തകം നമുക്ക് മുൻപ് ലഭിച്ചതാണ്. അത് ഇവിടെ കാണാം.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
കടപ്പാട്
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: നവീനഗണിതസാരം – ഒന്നാം പുസ്തകം ഒന്നാം ക്ലാസ്സിലേക്കു്
- രചന: ടി. പി. വർഗ്ഗീസ്സ്
- പ്രസിദ്ധീകരണ വർഷം: 1948
- താളുകളുടെ എണ്ണം: 116
- അച്ചടി: വിദ്യാവിനോദിനി പ്രസ്സ്, തൃശൂർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി