ആമുഖം
ഇന്ന് പരിചയപ്പെടുത്തുന്ന പുസ്തകവും ദീർഘനാൾ മുൻപ് കിട്ടിയതാണ്. പക്ഷെ പലവിധ കാരണങ്ങളാൽ ഇതിന്റെ സ്കാൻ അന്ന് പരിചയെപ്പെടുത്താൻ കഴിഞ്ഞില്ല. ആ കുറവ് ഇപ്പോൾ തീർക്കുന്നു.
അർണ്ണോസ് പാതിരിയുടെ വൊക്കാബുലാറിയോ മലവാറിക്കോ എന്ന പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതിയുടെ സ്കാൻ ആണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.
വൊക്കാബുലാറിയോ മലവാറിക്കോ എന്ന പുസ്തകത്തിന്റെ താളുകളുടെ ചിത്രം ലഭ്യമാണ് എന്ന് വിക്കിമെയിലിങ് ലിസ്റ്റിൽ Ginu Joseph അറിയിച്ചപ്പോഴാണ് ഇത് കണ്ണിൽ പെടുന്നത്. അന്ന് തന്നെ വൈശാഖ് കല്ലൂരിന്റെ സഹായത്തോടെ ആ താളുകൾ എല്ലാം പുറത്തെടുത്തു. അന്ന് അങ്ങനെ ചെയ്തത് നന്നായി. കാരണം അന്നത്തെ സ്രോതസ്സിൽ നിന്ന് ആ താളുകൾ ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അന്ന് ആ താളുകൾ എടുത്ത് സൂക്ഷിക്കാൻ സഹായിച്ച ജിനുവിനും വൈശാഖിനും പ്രത്യേക നന്ദി.
വൊക്കാബുലാറിയോ മലവാറിക്കോ
ഈയടുത്ത് പരിചയപ്പെട്ട മറ്റു പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതൊരു അച്ചടി പുസ്തകമല്ല. ഇത് കൈയെഴുത്ത് പ്രതിയാണ്. ഇതിന്റെ രചന മലയാളികൾക്ക് സുപരിചിതനായ അർണ്ണോസ് പാതിരിയും. ഇന്നേക്ക് 285 വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട ഈ കൃതി പല വിധ കാരണങ്ങളാൽ ചരിത്രപ്രാധാന്യം ഉള്ളതാണ്.
അർണ്ണോസ് പാതിരിയുടെ മറ്റൊരു പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി ഇതിനു് മുൻപ് നമ്മൾ പരിചയപ്പെട്ടതാണ്. Grammatica Grandonica എന്ന ആ പുസ്തകം 2010ൽ റോമിലെ ഒരു പുരാതന മഠത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ട സമയത്ത് ഗവെഷകരുടെ ഇടയിൽ വളരെ ശ്രദ്ധ ആകർഷിച്ചതും ആയിരുന്നു. (കൂടുതൽ വിവരത്തിന് അതിനെ പറ്റി ഉള്ള ഈ ബ്ലോഗ് പൊസ്റ്റ് വായിക്കുക)
പുസ്തത്തിന്റെ വിവരം
- പേര്: വൊക്കാബുലാറിയോ മലവാറിക്കോ/Vocalbulario Malavarico
- രചന: അർണ്ണോസ് പാതിരി/Johann Ernst Hanxleden
- രചിച്ച വർഷം: ഏകദേശം 1730
- പ്രത്യേകത: കൈയെഴുത്ത് പ്രതി
പേരിൽ നിന്ന് തന്നെ ഇതൊരു വിദേശഭാഷയിലുള്ള പുസ്തകമാണെന്ന് ഊഹിക്കാം. ഇത് പോർട്ടുഗീസ്-മലയാളം നിഘണ്ടു ആണ്. പോർട്ടുസീസ് ഭാഷയിൽ വാക്കുകൾ അക്ഷരമാലാ ക്രമത്തിൽ അടുക്കി ഓരോ വാക്കിനും തത്തുല്യമായ മലയാളം അർത്ഥം കൊടുത്തിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
അക്കാലത്തെ മലയാളമെഴുത്ത് രീതി ഈ കൈയെഴുത്ത് പ്രതിയിലൂടെ വെളിവാകുന്നു. കേവലവ്യഞ്ജനത്തിനോ സംവൃതോകാരത്തിനോ അക്കാലത്ത് ചിഹ്നങ്ങൾ ഇല്ലായിരുന്നു എന്ന് വെളിവാകുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും അകാരത്തിൽ അവസാനിക്കുന്ന വാക്കുകൾ ദീർഘമിട്ട് എഴുതിയിരിക്കുന്നു. അല്ലാത്തവ അതിന്റെ കേവലവ്യഞ്ജനമായി വായിക്കണം (ഇന്ന് നമ്മൾ ഹിന്ദി വാക്കുകൾ വായിക്കുന്ന പോലെ) എന്നാണെന്ന് തൊന്നുന്നു ഇതിന്റെ അർത്ഥം
മലയാള അക്ഷരങ്ങൾക്ക് പണ്ട് ചതുവവടിവായിരുന്നു എന്ന വാദത്തെ ഈ കൈയെഴുത്ത് പ്രതി ഖണ്ഡിക്കുന്നു. ഉരുളിമ പണ്ട് തൊട്ടേ മലയാളം അക്ഷരങ്ങൾക്ക് ഉണ്ടായിരുന്നു എന്നാണ് തെളിഞ്ഞ് വരുന്നത്. എന്നാൽ ചില അക്ഷരങ്ങൾക്ക് അത്ര ഉരുളിമ ഇല്ല എന്നത് ശരി തന്നെ. പിൽക്കാലത്ത് ബെഞ്ചമിൻ ബെയിലി ആണല്ലൊ അച്ചടിയിലൂടെ എല്ലാ അക്ഷരങ്ങളേയും ഒരേ പോലെ ഉരുട്ടിയത്.
ഇന്ന് ഉപയൊഗത്തിലില്ലാത്ത ഴ ചില്ല് വളരെ സമൃദ്ധമായി ഈ പുസ്തകത്തിൽ കാണാം.
ന്റ യുടെ പ്രത്യേക രൂപവും ശ്രദ്ധിക്കുമല്ലോ. ഇത് നമ്മൾ അക്കാലത്തിന് ശെഷം വന്ന വേറെ ചില പുസ്തകങ്ങളിലും കണ്ടതാണ് ഉദാ: റമ്പാൻ ബൈബിൾ
പുസ്തകത്തിൽ തുടക്കവും അവസാനവും വേറെ ചില കുറിപ്പുകൾ കാണുന്നുണ്ട്. എന്നാൽ ഭാഷ പൊർട്ടുഗീസ് ആയതിനാൽ ഡീക്കൊഡ് ചെയ്യാൻ പറ്റുന്നില്ല.
കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി സ്കാൻ നിങ്ങൾക്ക് പങ്ക് വെക്കുന്നു
ഡൗൺലോഡ് വിവരം
ഈ പുസ്തകം വളരെയധികം സമയമെടുത്ത് പ്രോസസ് ചെയ്ത് വായിക്കാവുന്ന സ്ഥിതിയിൽ ആക്കിയിട്ടുണ്ട്. മാത്രമല്ല പല തരത്തിലുള്ള ഔട്ട്പുട്ടും ലഭ്യമാക്കിയിട്ടൂണ്ട്.
- ഡൗൺലോഡ് കണ്ണി: വൊക്കാബുലാറിയോ മലവാറിക്കോ High Resolution Gray scale PDF (93 MB)
- ഡൗൺലോഡ് കണ്ണി: വൊക്കാബുലാറിയോ മലവാറിക്കോ – വേറൊരു തരത്തിൽ തയ്യാറാക്കിയ ഹൈ റെസലൂഷൻ Gray scale PDF (25 MB)
- ഡൗൺലോഡ് കണ്ണി: വൊക്കാബുലാറിയോ മലവാറിക്കോ Black and white PDF (12 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനയ്ക്കുള്ള കണ്ണി
2 comments on “വൊക്കാബുലാറിയോ മലവാറിക്കോ – അർണ്ണോസ് പാതിരി – 1730”
വിലപ്പെട്ട സമ്പാദനം തന്നെ.
Comments are closed.