നമ്മുടെ പഴയകാല ആനുകാലികങ്ങൾ, അവയുടെ പ്രാധാന്യം
ഓരോ കാലഘട്ടത്തിലും ദൈംദിനജീവിതസന്ദർഭങ്ങൾ പലവിധത്തിൽ രേഖപ്പെടുത്തുന്ന സവിശേഷമായ പ്രസിദ്ധീകരണങ്ങൾ ആണല്ലോ നമ്മുടെ ദിനപത്രങ്ങളും, ആഴ്ചപതിപ്പുകളും, ദ്വൈവാരികകളും, മാസികകളും, വാർഷിക പതിപ്പുകളും അടക്കമുള്ള നമ്മുടെ ആനുകാലികങ്ങൾ. നിത്യജീവിത സന്ദർഭങ്ങൾ, സംഭവങ്ങൾ, കല, സാംസ്കാരികം, രാഷ്ടീയം, വിദ്യാഭ്യാസം, വൈജ്ഞാനികം, ബാലസാഹിത്യം, മതം തുടങ്ങി മിക്കവാറും എല്ലാ വിഷയങ്ങളിലും നമുക്ക് ആനുകാലികങ്ങൾ ഉണ്ട്. മലയാളത്തിൽ പ്രസിദ്ധീകരണങ്ങൾ വന്നു തുടങ്ങിയ ആദ്യകാലം മുതൽ തന്നെ പൊതു പ്രസിദ്ധീകരണങ്ങളും വിഷയപ്രധാനമായ നിരവധി സവിശേഷ പ്രസിദ്ധീകരണങ്ങളും ഉണ്ടായിട്ടുണ്ട്. സ്ത്രീകൾക്കു മാത്രമായുള്ള പ്രസിദ്ധീകരണങ്ങൾ, ആരോഗ്യ പ്രസിദ്ധീകരണങ്ങൾ, ആയുർവേദ ആനുകാലികങ്ങൾ, കാർഷിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയൊക്കെ വളരെ മുമ്പേ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ വനിതകൾ ആനുകാലിക പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ വലിയ സംഭാവനകൾ ചെയ്തിട്ടുമുണ്ട്.
ആനുകാലികങ്ങൾ ഒരു സമൂഹത്തിൻ്റെ സംസ്‌കാര സ്പന്ദനമാണ്. കാലത്തിൻ്റെ താളവും ചരിത്രത്തിൻ്റെ ഗതിയും മനസ്സിലാക്കാനാവുന്ന മിടിപ്പുകൾ. ഗുണ്ടർട്ടിന്റെ രാജ്യസമാചാരം മുതൽ ഇങ്ങോട്ട് ആയിരക്കണക്കിന് ആനുകാലിക പ്രസിദ്ധീകരണങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, അവയിൽ ബഹുഭൂരിപക്ഷവും എന്നേക്കുമായി മറഞ്ഞു പോയി എന്നത് യാഥാർത്ഥ്യമാണ്. ആനുകാലികങ്ങളുടെ പ്രത്യേക ചരിത്രരേഖകളിലോ പത്രപ്രവർത്തന ചരിത്രത്തിലോ പോലും ഇടംപിടിച്ചിട്ടില്ലാത്ത നിരവധി പ്രസിദ്ധീകരണങ്ങളുണ്ട്.
നമ്മുടെ പഴയകാല ആനുകാലികങ്ങളുടെ ഡിജിറ്റൈസേഷൻ്റെ പ്രാധാന്യം
പ്രമുഖമായ ചില ആനുകാലികങ്ങൾ കേരള സാഹിത്യ അക്കാദമിയുടെ അപ്പൻ തമ്പുരാൻ സ്മാരക ലൈബ്രറിയിലും, കേരള മീഡിയ അക്കാദമി ലൈബ്രറിയിലും, വിവിധ ഗ്രാമീണ ലൈബ്രറികളിലും ഒക്കെയായി സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ അതിലേക്കുള്ള ആക്സസ് ഒക്കെ പരിമിതമാണ്. ഇത്തരം പഴയ രേഖകൾ എല്ലാവർക്കും എപ്പോഴും ഫിസിക്കലായി പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നതിലും പലവിധ പ്രശ്നങ്ങൾ ഉണ്ട്. പലപ്പോഴും അത് പ്രസിദ്ധീകരണങ്ങളുടെ നാശത്തിലേക്ക് ആണ് പൊതുവെ നയീക്കാറ്. സ്ഥാപനങ്ങൾ പൊതുവെ പ്രശസ്തമായ ആനുകാലികങ്ങളേ സംരക്ഷിക്കാൻ ശ്രമിക്കാറുള്ളൂ. അതിനാൽ തന്നെ സമാന്തര ആനുകാലികളും ചെറു ആനുകാലികങ്ങളും മിക്കവാറും ഒക്കെ ഇതിനകം നഷ്ടപ്പെട്ടു
ചുരുക്കത്തിൽ പഴയകാല ആനുകാലികൾക്ക് പ്രാധാന്യം ഉണ്ടെങ്കിലും അതിൻ്റെ ലഭ്യത, അതിൻ്റെ സംരക്ഷണം തുടങ്ങിയവ ഒക്കെ പ്രശ്നമാണ്. ഇതിനൊക്കെയുള്ള എളുപ്പ പരിഹാരം മുകളിൽ പറഞ്ഞ ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്ത് പൊതുവായി ലഭ്യമാക്കുക എന്നതാണ്. കേരളത്തിൽ സർക്കാർ ഡിജീറ്റൈസേഷൻ പദ്ധതികളും, പ്രൈവറ്റ് ലൈബ്രറികളുടെ ഡിജീറ്റൈസേഷൻ പദ്ധതികളും, മാതൃഭൂമി മനോരമ പോലുള്ള സ്വകാര്യ മാദ്ധ്യമസ്ഥാപനങ്ങളുടെ ഡിജീറ്റൈസേഷൻ പദ്ധതികളും ഒക്കെ ഉണ്ടെങ്കിലും പൊതുജനങ്ങൾക്ക് അവയിലേക്ക് പ്രവേശനമില്ല.
രേഖകളുടെ പ്രാധാന്യം കൊണ്ട്, കേരള സമൂഹത്തിന്റെ വളർച്ചയെ പലവിധത്തിൽ മുന്നോട്ടു നയിച്ച ഈ ആനുകാലിക പ്രസിദ്ധീകരണങ്ങൾ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഒരു ഉപ പദ്ധതിക്ക് പ്രത്യേകമായി ഞാൻ ഇന്ന് തുടക്കം കുറിക്കുകയാണ്. പൊതുവായ ഡിജിറ്റൈസേഷൻ പരിപാടികളുടെ ഭാഗമായി ഇതിനകം തന്നെ കുറച്ചധികം ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് പക്ഷെ യാദൃശ്ചികമായി സംഭവിച്ചു പോയതാണ്. അതിനാൽ, ആനുകാലികങ്ങളുടെ ഡിജിറ്റൈസേഷനെ പ്രത്യേകമായി കണ്ട് അതിനു പ്രാധാന്യം കൊടുത്ത് ഒരു പദ്ധതിയായിത്തന്നെ ചെയ്യേണ്ടതുണ്ട് എന്ന് മനസ്സിലാക്കിയതിൽ നിന്നാണ് ഈ പദ്ധതിക്കു തുടക്കം ഇടുന്നത്. ഈ വിധത്തിൽ സവിശെഷ ശ്രദ്ധ കൊടുത്ത് ഉപപദ്ധതി ആയി ചെയ്യുന്നത് കൂടുതൽ രേഖകൾ സംരക്ഷിക്കപ്പെടാൻ ഇടയാക്കും എന്ന് ഇതിനകം തുടങ്ങിയ പാഠപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകളുടെ ഡിജിറ്റൈസേഷൻ, കോന്നിയൂർ നരേന്ദ്രനാഥിൻ്റെ കൃതികളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയ മറ്റു ഉപപദ്ധതികൾ തെളിയിക്കുന്നു.
മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ ആനുകാലികങ്ങളുടെ ഡിജിറ്റൈസേഷനു സവിശേഷ പ്രാധാന്യം കൊടുക്കാൻ താഴെ പറയുന്ന കാരണങ്ങൾ കൂടെയുണ്ട്
- ആനുകാലികങ്ങൾ അച്ചടിക്കുന്ന പേപ്പറിൻ്റെ ഗുണനിലവാരം പൊതുവെ കുറവാണ്. ഒരു ദിവസത്തെയോ ആഴ്ചത്തെയോ ഒരു മാസത്തെയോ വിപണിസാദ്ധ്യത മാത്രം കണ്ട് പുറത്തിറക്കുന്ന ആനുകാലികളുടെ അച്ചടിക്കു ഉപയോഗിക്കുന്ന പേപ്പറിനു വലുതായി പണമിറക്കാൻ പ്രസാധകർ തയ്യാറാവില്ല. ഈ ഗുണനിലവാര പ്രശ്നം മൂലം ആനുകാലികളുടെ ആയുസ്സ് കുറവാണ്. അതിനാൽ ഇതിൻ്റെ ഡിജിറ്റൈസേഷൻ യുദ്ധകാല അടിസ്ഥാനത്തിൽ തന്നെ ചെയ്യേണ്ടതുണ്ട്.
- ആനുകാലികങ്ങൾ എല്ലാം തന്നെ ഒറ്റപ്രാവശ്യം മാത്രമേ അച്ചടിക്കുന്നുള്ളൂ. പുസ്തകങ്ങളിൽ നിന്നു ആനുകാലികളെ വ്യത്യസ്തമാക്കുന്ന ഒരു സംഗതി ആണിത്. അതിനാൽ തന്നെ ലഭ്യമായ കോപ്പികൾ വളരെ കുറവാണ്.
- ആനുകാലികങ്ങൾ വായിച്ചു കഴിഞ്ഞാൽ മിക്കവാറും അത് കത്തിച്ച് കളയുകയോ ആക്രിക്കടക്കാർക്കു കൊടുക്കയോ ഒക്കെയാണ് നമ്മൾ ചെയ്യാറ്. അതിനാൽ തന്നെ അതിൻ്റെ ലഭ്യത വളരെ കുറവാണ്.
ഈ വിധ കാരണങ്ങൾ കൊണ്ട് പഴയകാല ആനുകാലികങ്ങളുടെ വീണ്ടെടുപ്പിനുള്ള ഈ പ്രത്യേക പദ്ധതി അല്പം യുദ്ധകാല അടിസ്ഥാനത്തിൽ തന്നെ ചെയ്യാനാണ് തീരുമാനം.
എന്നാൽ ഇതിനു എനിക്കു നിങ്ങളുടെ സഹകരണം വേണം. കാരണം ആനുകാലികങ്ങൾ എൻ്റെ കൈയിൽ ഇല്ല. നിങ്ങളിൽ പലരുടെ കൈയിലും ഇത്തരം പഴയകാല ആനുകാലികങ്ങൾ ഉണ്ടാവും.അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കണം. ഡിജിറ്റൈസേഷൻ കഴിഞ്ഞാൽ പ്രസ്തുതആനുകാലികങ്ങൾ നിങ്ങൾക്കു തന്നെ തിരികെ തരും (ഇക്കാര്യത്തിനു ഇതിനകം ഡിജിറ്റൈസേഷനായി പുസ്തകം ലഭ്യമാക്കിയ നിരവധി പേർ സാക്ഷിയാണ്).
ഇക്കാര്യത്തിൽ തൽക്കാലം കോപ്പിറൈറ്റ് പരിധി മറികടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.(പൊതുസമൂഹത്തിൽ നിന്നും സർക്കാരിൽ നിന്നും ഒക്കെ കൂടുതൽ പിന്തുണ കിട്ടുന്ന സമയത്തേ അതിനു പറ്റൂ) അതിനാൽ താഴെ പറയുന്ന നിബന്ധനങ്ങൾ പാലിക്കണം.
ആനുകാലികങ്ങൾ ഡിജിറ്റൈസേഷനായി ലഭ്യമാക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ദയവായി ശ്രദ്ധിക്കണം:
- 1961നു മുൻപ് പ്രസിദ്ധീകരിച്ച ആനുകാലികങ്ങൾ മതി.
- എല്ലാ താളുകളും (കവർ പേജ്, ടൈറ്റിൽ പേജ്, ബാക്ക് കവർ പേജുകൾ അടക്കം എല്ലാം) ഉള്ള ആനുകാലികങ്ങൾ മാത്രമേ ഡിജിറ്റൈസ് ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. ചില പ്രത്യേക അവസരങ്ങളിൽ ഫ്രണ്ട് കവർ ഇല്ലാത്ത (എന്നാൽ ടൈറ്റിൽ പേജ് എങ്കിലും വേണം) ആനുകാലികങ്ങളും പരിഗണിക്കും.
- കഴിയുന്നതും ഒരു വർഷത്തെ ലക്കങ്ങൾ ഒരുമിച്ചു ഡിജിറ്റൈസേഷനായി ലഭ്യമാക്കാൻ ശ്രമിക്കുക.
- ഏത് ഭാഷയിൽ ഉള്ള ആനുകാലികങ്ങളും പരിഗണിക്കും. പക്ഷെ ഡിജിറ്റൈസേഷനായി വരുന്ന ആനുകാലികങ്ങൾക്ക് എന്തെങ്കിലും കേരള ബന്ധം ഉണ്ടായിരിക്കണം.
എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
സഹകരിക്കാൻ പറ്റുന്നവർ എനിക്കു shijualexonlineATgmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.
ഇതിനകം ഡിജിറ്റൈസ് ചെയ്ത ആനുകാലികങ്ങൾ എല്ലാം കൂടെ ഇവിടെ കാണാം.