നമ്മുടെ പൗരാണിക രേഖകൾ
ഏകദേശം ഒരു ദശകത്തിനു മേലായി നടത്തുന്ന കേരളവുമായി ബന്ധപ്പെട്ടെ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ എന്ന എന്റെ ഒഴിവു സമയ സന്നദ്ധപ്രവർത്തനത്തിലൂടെ, കേരളവുമായി ബന്ധപ്പെട്ടെ നിരവധി പൗരാണിക രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വന്നു കഴിഞ്ഞു. ഇതിൽ 1772ൽ മലയാളലിപിയിൽ അച്ചടിച്ച ആദ്യ പുസ്തമായ സംക്ഷെപവെദാർത്ഥം തുടങ്ങി ആദ്യകാല മലയാളഅച്ചടി പുസ്തകമായ റമ്പാൻ ബൈബിൾ, ചെറു പൈതങ്ങൾ, പവിത്രചരിത്രം, നിരവധി നിഘണ്ടുക്കൾ, വ്യാകരണപുസ്തകങ്ങൾ തുടങ്ങിയവ ഒക്കെ ഉൾപ്പെടുന്നു. അതിനു പുറമെ എടുത്തു പറയാനുള്ള ഒരു നേട്ടം ട്യൂബിങ്ങനിൻ സർവ്വകലാശാലാ ലൈബ്രറിയിലെ ഉള്ള ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം, ഗുണ്ടർട്ട് ലെഗസി എന്ന പേരിൽ ഉള്ള ഒരു സവിശേഷ പദ്ധതിയിലൂടെ പുറത്ത് കൊണ്ടുവരാനുഉള്ള ശ്രമത്തിലെ പ്രധാന പങ്കാളി ആയതാണ്. അങ്ങനെ കഴിഞ്ഞ പത്തു-പന്ത്രണ്ടു വർഷങ്ങൾ കൊണ്ട് നിരവധി കേരള/മലയാള രേഖകൾ ഈ സന്നദ്ധപ്രവർത്തനത്തിലൂടെ പൊതുഇടത്തിലേക്ക് കൊണ്ടു വന്നു കഴിഞ്ഞു.
ഒരു പ്രത്യേക വിഷയത്തിലുള്ള കുറേ അധികം രേഖകളെ ഒരുമിച്ചു ഡിജിറ്റൈസ് ചെയ്ത് പുറത്ത് എത്തിക്കാനുള്ള ഉപപദ്ധതികൾ വളരെ സഹായകരം ആണെന്ന് ഇതിനകം തെളിഞ്ഞതാണ്. നമ്മുടെ പഴയകാല പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി, കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ രചനകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി, കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി തുടങ്ങി കുറച്ചധികം ഉപപദ്ധതികൾ വളരെ പ്രയോജനപ്രദം ആണെന്ന് അതിലൂടെ ഡിജിറ്റൈസ് ചെയ്ത് വന്ന രേഖകൾ പരിശോധിച്ചാൽ മതിയാകും. അതിനാൽ കൂടുതൽ ഉപപദ്ധതികൾ ഇതിനു സഹായകരമാണ്.
രേഖകളുടെ പ്രാധാന്യം മൂലം, പൂർണ്ണമായും പൊതുസഞ്ചയത്തിൽ അല്ലെങ്കിലും പുതിയ ഒരു സവിശേഷ സംഗതി കൂടെ ഈ ഒഴിവു സമയ സന്നദ്ധപ്രവർത്ത പദ്ധതിയിൽ ചേർക്കുകയാണ്. അത് നമ്മുടെ പഴയകാല സ്മരണികകളുടെ(സുവനീറുകളുടെ) ഡിജിറ്റൈസേഷൻ ആണ്.
സ്മരണിക/സുവനീറുകളുടെ ഡിജിറ്റൈസേഷൻ
ഇന്ത്യയിലും ലോകത്തെ വിവിധ ലൈബ്രറികളും ഉള്ള മലയാള ശേഖരം എനിക്ക് നേരിട്ടോ കൂട്ടുകാർ വഴിയോ പരിശോധിക്കാൻ ഇട വന്നിട്ടുണ്ട്. ഒരിടത്തും ഞാൻ സ്മരണികകൾ കണ്ടിട്ടില്ല. കുറച്ചെങ്കിലും കണ്ടിട്ടുള്ളത് സ്വകാര്യ ശേഖരങ്ങളിൽ ആണ്. മണ്ണാർക്കാട് സഹൃദയ ലൈബ്രറിയിൽ കെ.ജെ. തോമസിൻ്റെ ശേഖരത്തിൽ ഇത്തരം സ്മരണികൾ കുറച്ചെണ്ണം ഞാൻ കണ്ടു. ഇങ്ങനെ ചില അപവാദങ്ങൾ ഒഴിച്ചാൽ നമ്മുടെ പൊതുജീവിത സംഭവങ്ങളുടെ സ്മാരകമായ സ്മരണികൾ/സുവനീറുകൾ ശേഖരിച്ചു വെക്കാൻ നമ്മൾ പൊതുവെ ശ്രദ്ധിച്ചിട്ടില്ല. നമ്മുടെ വീടുകളിലെ സ്വകാര്യ ലൈബ്രറികളിലും, ഗ്രാമീണ ലൈബ്രറികളിലും, മറ്റു ലൈബ്രറികളിലും ഒക്കെ എത്ര സ്മരണികൾ/സുവനീറുകൾ ശേഖരിച്ച് വെച്ചിട്ടുണ്ട് എന്നതിനെ പറ്റി ഒരു ആത്മപരിശോധന നടത്തിയാൽ ഞാൻ ഈ പറയുന്നതിന്റെ പ്രാധാന്യം നിങ്ങൾക്കു മനസ്സിലാകും.
ഏറ്റവും വലിയ പ്രശ്നം സ്മരണികകൾ/സുവനീറുകൾ ഒറ്റ പ്രാവശ്യം മാത്രമേ അച്ചടിക്കൂ എന്നതാണ്. അതിൻ്റെ എണ്ണവും പരിമിതമായിരിക്കും. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് സ്മരണികകൾ/സുവനീറുകൾക്ക് ആയുസ്സ് വളരെ കുറവാണ്.
ആരും ശ്രദ്ധിക്കാത്ത സംഗതികൾ ശ്രദ്ധിച്ച്, ശേഖരിച്ച്, ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുക എന്നത് എന്റെ പ്രത്യേക താല്പര്യം ആയതിനാൽ നമ്മുടെ സ്മരണികകൾ/സുവനീറുകളുടെ ഡിജിറ്റൈസേഷൻ എന്ന സവിശേഷ പദ്ധതിക്ക് ഞാൻ തുടക്കം ഇടുകയാണ്. പക്ഷെ ഇതിനു എനിക്കു നിങ്ങളുടെ സഹകരണം വേണം. കാരണം എന്റെ കൈയിൽ അതിനും മാത്രം സ്മരണികകൾ ഇല്ല. എന്നാൽ നിങ്ങളിൽ പലരുടെ കൈയിലും ഇത്തരം പഴയകാല സ്മരണികകൾ ഉണ്ടാവും.അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കണം. ഡിജിറ്റൈസേഷൻ കഴിഞ്ഞാൽ പ്രസ്തുതസ്മരണികകൾ നിങ്ങൾക്കു തന്നെ തിരികെ തരും (ഇക്കാര്യത്തിനു ഇതിനകം ഡിജിറ്റൈസേഷനായി പുസ്തകം ലഭ്യമാക്കിയ നിരവധി പേർ സാക്ഷിയാണ്).
ഇത്തരം സ്മരണികളുടെ ഉദ്ദേശം ആർക്കൈവിങ് ആയതിനാൽ ലൈസൻസിന്റെ സംഗതിയിൽ ഞാൻ പുലർത്തിയിരുന്ന കാർക്കശ്യം അല്പം കുറയ്ക്കാൻ തീരുമാനിച്ചു. 1994നു മുൻപുള്ള (പൊതുവെ ഡിറ്റിപി യുഗം തുടങ്ങുന്നതിനു മുൻപുള്ളത്) സ്മരണികകൾ എന്തും ഡിജിറ്റൈസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഇത്തരം സ്മരണികകൾ അതത് കാലഘട്ടത്തെ നമ്മുടെ ചരിത്രം രേഖപ്പെടുത്തിയവയും ഭാവി ഗവേഷണങ്ങൾക്ക് വലിയ മുതൽക്കൂട്ടും ആണ്.
സ്മരണികകൾ/സുവനീറുകൾ ഡിജിറ്റൈസേഷനായി ലഭ്യമാക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ദയവായി ശ്രദ്ധിക്കണം:
- എല്ലാ താളുകളും (കവർ പേജ്, ടൈറ്റിൽ പേജ്, ബാക്ക് കവർ പേജുകൾ അടക്കം എല്ലാം) ഉള്ള സ്മരണികകൾ/സുവനീറുകൾ മാത്രമേ ഡിജിറ്റൈസ് ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. ചില പ്രത്യേക അവസരങ്ങളിൽ ഫ്രണ്ട് കവർ ഇല്ലാത്ത (എന്നാൽ ടൈറ്റിൽ പേജ് എങ്കിലും വേണം) പുസ്തകങ്ങളും പരിഗണിക്കും.
- 1994 വരെയുള്ള സ്മരണികകൾ/സുവനീറുകൾ മതി.
- ഏത് ഭാഷയിൽ ഉള്ള സ്മരണികകൾ/സുവനീറുകളും പരിഗണിക്കും. പക്ഷെ ഡിജിറ്റൈസേഷനായി വരുന്ന സ്മരണികകൾ/സുവനീറുകൾക്ക് എന്തെങ്കിലും കേരള ബന്ധം ഉണ്ടായിരിക്കണം.
എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
സഹകരിക്കാൻ പറ്റുന്നവർ എനിക്കു shijualexonlineATgmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.
(ചിത്രത്തിൽ കാണുന്നത് രെപ്രസെന്റെഷൻ ഇമേജസ് മാത്രം)
ഇതിനകം ഡിജിറ്റൈസ് ചെയ്ത സ്മരണികകൾ എല്ലാം കൂടെ ഇവിടെ കാണാം.
You must be logged in to post a comment.