ഇതിനകം നമ്മൾ പരിചയപ്പെട്ട പഴയ കൃതികളുടെ സ്കാനുകളിൽ നിന്ന് 1867-നു മുൻപ് മീത്തലിനായി അച്ചടിയിൽ പ്രത്യേക ലിപി ഉപയോഗിച്ചിരുന്നില്ല എന്ന് മനസ്സിലാക്കിയല്ലോ.
മീത്തലിനായി 1867നു മുൻപ് ഒരു ചിഹ്നവും ഉപയൊഗിച്ചിരുന്നില്ല എന്ന അഭിപ്രായം ഞാൻ ഭാഗികമായി തിരുത്തുന്നു. അതിനെ കുറിച്ചാണ് ഈ ലേഖനം. ഈ ലേഖനം തയ്യാറാക്കുന്നതിന് എനിക്ക് സഹായകരമായി തീർന്നത് കോട്ടയം സി.എം.എസ്. കൊളേജ് പ്രൊഫസർ ശ്രീ. ബാബു ചെറിയാന്റെ പുസ്തകങ്ങളും അദ്ദേഹവുമായി നേരിട്ട് നടത്തിയ ഫോൺസംഭാഷണങ്ങളും ആണ്. അതിനാൽ അദ്ദേഹത്തിന് എല്ലാ നന്ദിയും അറിയിക്കട്ടെ. അദ്ദേഹത്തിന്റെ അഭിപ്രായത്തോടൊപ്പം ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സിബു, സുനിൽ, നവീൻ എന്നിവരുടെ അഭിപ്രായങ്ങൾ കൂടെ ഈ ലേഖനത്തിൽ ചേർത്തിട്ടുണ്ട്.
മീത്തലും ബെയിലിയുമായുള്ള ബന്ധം കാണുന്നത് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ ചെറുപൈതങ്ങളിൽ… തന്നെയാണ്. ഇതിന്റെ സ്കാൻ നമുക്ക് കിട്ടാത്തത് കൊണ്ട് അതിനെ കുറിച്ച് പ്രൊഫസർ ബാബു ചെറിയാൻ ലഭ്യമാക്കിയ ചെറുപൈതങ്ങളുടെ ഒന്നോ രണ്ടോ താളുകളുടെ ഫൊട്ടോ കോപ്പി മാത്രമേ നമുക്ക് ഉള്ളൂ. സ്കാൻ നമുക്ക് കിട്ടുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ബെയിലിയും മീത്തലും ചെറുപൈതങ്ങളുമായുള്ള ബന്ധം പറയുന്നതിനു മുൻപ് ചെറുപൈതങ്ങൾ അച്ചടിക്കുന്നത് വരെയുള്ള മലയാളം ഫോണ്ടുകളെ കുറച്ച് കാര്യങ്ങൾ പറയട്ടെ.
- ആദ്യത്തെ മലയാളം അച്ചടി പുസ്തകം സംക്ഷേപവേദാർത്ഥം ആണല്ലോ. ഈ പുസ്തകം അച്ചടിക്കുന്നതിനു ഉപയൊഗിച്ച ഫോണ്ട് തന്നെയാണ് ആൽഫബെത്തും പഴഞ്ചൊൽ ശേഖരം പൗളിനോസ് പാതിരിയുടെ വിവിധ കൃതികൾ തുടങ്ങി റോമിൽ നിന്ന് ഇറങ്ങിയ മലയാള ലിപി അച്ചടിച്ചിരിക്കുന്ന എല്ലാ പുസ്തകങ്ങളും ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോണ്ടിനെ നമുക്ക് സൗകര്യത്തിനു വേണ്ടി സംക്ഷേപ ഫോണ്ട് എന്ന് പറയാം.
- ഇതിനു ശേഷം മറ്റൊരിടത്ത് മലയാളലിപി അച്ചടിക്കുന്നത് ബോംബെയിൽ നിന്ന് 1799-ൽ ഇറങ്ങിയ Robert Drummondന്റെ കൃതിയാണ്. ഇതേ ഫോണ്ട് തന്നെയാണ് 1811-ൽ റമ്പാൻ ബൈബിളും അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ ബോംബെ കുറിയർ ഫോണ്ട് എന്ന് നമുക്ക് വിളിക്കാം.
- ഇതിനു ശേഷം ഏകദേശം 1818ൽ ആണ് ബെഞ്ചമിൻ ബെയിലി കേരളത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യത്തിൽ 1821ഒക്ടോബറിൽ അച്ചടി യന്ത്രം ഇംഗ്ലണ്ടിൽ നിന്ന് കോട്ടയത്ത് എത്തിച്ചേർന്നു. പക്ഷെ അച്ചടി യന്ത്രം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ, മലയാളലിപി അച്ചടിക്കാൻ മലയാളം ഫോണ്ട് കൂടെ വേണമല്ലോ. അതിനായി ബെഞ്ചമിൻ ബെയിലി മദ്രാസിലുള്ള തന്റെ മാതൃസംഘടനാ ഓഫീസിലേക്ക് എഴുതി. ബെയിലിയുടെ ആവശ്യപ്രകാരം മദ്രാസിൽ മലയാളം അച്ചുകൾ നിർമ്മിക്കാൻ തുടങ്ങി. വളരെ വൈകി ഏതാണ് 2 വർഷത്തോളമെടുത്ത് 1823 ജൂണിൽ ആണ് മദ്രാസിൽ നിന്നുള്ള മലയാളം ഫോണ്ടുകൾ ബെയിലിക്ക് കോട്ടയത്ത് കിട്ടുന്നത്. ഇതിനെ നമുക്ക് മദ്രാസ് ഫോണ്ടെന്ന് വിളിക്കാം.
മദ്രാസ് ഫോണ്ടിന്റെ കാര്യത്തിൽ പല വിധ കാരണങ്ങൾ കൊണ്ട് ബെയിലി അതൃപ്തൻ ആയിരുന്നു. അങ്ങനെയാണ് അദ്ദേഹം സ്വയം ഫോണ്ടുണ്ടാക്കാൻ മുൻപിട്ട് ഇറങ്ങുന്നത്. അതിന്റെ കൂടുതൽ വിവരങ്ങൾ മറ്റൊരു അവസരത്തിൽ പറയാം.
പക്ഷെ മറ്റൊരു ഫോണ്ട് നിർമ്മിച്ച് വരുന്നത് വരെ വെറുതെ ഇരിക്കുക എന്നത് ശരിയല്ലല്ലോ. അതിനാൽ തന്നെ മദ്രാസ് ഫോണ്ടിന്റെ കാര്യത്തിൽ ഒട്ടും തൃപ്തൻ അല്ലെങ്കിലും ആ ഫോണ്ട് ഉപയോഗിച്ച് ബെയിലി മലയാളം അച്ചടി തുടങ്ങി. അങ്ങനെ മദ്രാസ് ഫോണ്ടിൽ അച്ചടിച്ച ആദ്യത്തെ പുസ്തകമാണ് ചെറുപൈതങ്ങൾ…
മുകളിൽ സൂചിപ്പിച്ച പോലെ ഇനി ബെയിലിയും മീത്തലും ചെറുപൈതങ്ങളുമായുള്ള ബന്ധം പറയട്ടെ. മദ്രാസ് ഫോണ്ടിൽ രേഫം സൂചിപ്പിക്കാൻ ഒരു ചെറു വര ആണ് ഉപയൊഗിച്ചിരിക്കുന്നത്. സംക്ഷേപ, കുറിയർ ഫോണ്ട് എന്നിവയിലും ചെറു വര തന്നെയാണ്. (അർണ്ണൊസ് പാതിരിയുടെ കൈയ്യെഴുത്ത് പ്രതികളിലും നമ്മൾ രേഫത്തിന് ഉപയോഗിച്ചിരിക്കുന്ന ചെറു വരെ കണ്ടതാണ്)
ഇനി നമ്മൾ ഈ പോസ്റ്റിൽ കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറിച്ച് ഡോ: ബാബു ചെറിയാൻ പറയുന്നത് നോക്കൂ
മദാസ് ഫോണ്ടിൽ
…കൂട്ടക്ഷരങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത് പല വിധത്തിലാണ്. ഏ, ഓ എന്നീ സ്വരങ്ങളുടെ ഉപലിപി ഇല്ലാത്തതുപോലെ സംവൃതോകാരവും പ്രയോഗത്തിലില്ല. എന്നാല്‍ ഇംഗ്ലീഷ് പദങ്ങളുടെ ട്രാന്‍സ്‌ലിറ്ററേഷനില്‍ വര്‍ണങ്ങളുടെ ഉച്ചാരണത്തെ കുറിക്കാന്‍ അക്ഷരത്തിന് മുകളില്‍ (രേഫ ചിഹ്നം പോലെ) ഒരു ചെറുവര (|) ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലീഷ് പദങ്ങളില്‍ ഈ ചിഹ്നം സംവൃതോകാരത്തിന്റെ ഉച്ചാരണമൂല്യമാണു സൃഷ്‌ടിക്കുന്നത്
ചെറു പൈതങ്ങളിൽ ഈ വിധത്തിൽ സംവൃതോകാരത്തിന്റെ ഉച്ചാരണമൂല്യം സൂചിപ്പിക്കാൻ ഈ ചിഹ്നം ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകൾ ചിത്രമായി താഴെ കൊടുക്കുന്നു.
ഇതിൽ യെശുക്രിസ്തൊസ് എന്ന വാക്ക് ഉൾക്കൊള്ളുന്ന ചെറുപൈതങ്ങളിലെ താളിന്റെ ചിത്രം നമുക്ക് ലഭിച്ചിട്ടുണ്ട്. അത് താഴെ കാണാം.
ഇംഗ്ലീഷ് പദങ്ങൾക്ക് സംവൃതോകാരത്തിന്റെ ഉച്ചാരണമൂല്യം സൂചിപ്പിക്കാൻ | ചിഹ്നം ഉപയോഗിച്ചിട്ടുണ്ടെങ്കിലും മലയാളപദങ്ങൾക്ക് ഇങ്ങനെ ഉപയോഗിച്ചിട്ടേയില്ല. ഈ വര സംവൃതോകാരത്തെക്കുറിക്കാന്‍ മലയാളത്തില്‍ ഉപയോഗിക്കാമായിരുന്നു എന്നൊരു നിരീക്ഷണവും ബാബു ചെറിയാൻ നടത്തുന്നുണ്ട്.
എന്നാൽ ഈ ചിഹ്നം ബെയിലി ഉപയോഗിച്ചിരിക്കുന്നത് വ്യജ്ഞനാക്ഷരങ്ങളിലെ സ്വരം മായിച്ചു കളയാനാണെന്നാണ് സിബു, സുനിൽ, നവീൻ ശങ്കർ എന്നിവർ നിരീക്ഷിക്കുന്നത് (ഈ പോസ്റ്റിലെ കമെന്റുകൾ കാണുക). ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു. ഇന്ന് നമ്മൾ ചന്ദ്രക്കല ഉപയോഗിക്കുന്നത് ഈ ആവശ്യത്തിനും കൂടിയാണ് എന്നത് ആലോചിക്കുമ്പോൾ സ്വരം മായിച്ചു കളയുന്ന പരിപാടിക്ക് ഈ ചിഹ്നം ഉപയോഗിച്ച്, ചന്ദ്രക്കല പൂർണ്ണമായും സംവൃതോകാരത്തിനായി ഉപയൊഗിക്കാമായിരുന്നു എന്ന സുനിലിന്റെ അഭിപ്രായം യോജിക്കത്തക്കതാണ്.
പിന്നീട് സംവൃതോകാരചിഹ്നത്തെ സൂചിപ്പിക്കാൻ വന്ന ു ചിഹ്നം, പിന്നെ വന്ന ് എന്ന ചിഹ്നം, പിന്നെ അത് രണ്ടും കൂടെ ചേർന്ന് വന്ന ു് എന്ന രൂപവും ഒക്കെ നമ്മൾ കണ്ടതാണ്. സംവൃതോകാരത്തെ സൂചിപ്പിക്കാൻ ബാസൽ മിഷൻകാർ കൊണ്ടു വന്ന ് ചിഹ്നം പിന്നീട് സ്വരത്തെ കളഞ്ഞ് കൂട്ടക്ഷരം പിരിക്കാനും തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തത് നമ്മൾ കണ്ടതാണല്ലോ.
ബെഞ്ചമിൻ ബെയിലി ചെറുപൈതങ്ങളിൽ മലയാളപദങ്ങൾക്ക് ഈ ചിഹ്നം ഉപയോഗിക്കാതിരിക്കാൻ കാരണം മലയാളത്തിൽ അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല എന്നത് ആണെന്നാണ് എന്റെ അനുമാനം. എഴുത്തിൽ ഉണ്ടായിരുന്ന രീതിയെ ഒറ്റയടിക്ക് മാറ്റി മറിക്കാൻ ബെയിലി ശ്രമിച്ചിട്ടില്ല എന്ന് ബെഞ്ചമിൻ ബെയിലിയെ കൂടുതൽ പഠിക്കുമ്പോൾ മനസ്സിലാകുന്നു. ആദ്യം എഴുത്തിൽ ഉള്ളത് അതേ പോലെ പുനർനിർമ്മിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ബാക്കിയുള്ള വിപ്ലവങ്ങൾ വളരെ സമയമെടുത്താണ് അദ്ദേഹം ചെയ്യുന്നത്. പ്രത്യേകിച്ച് ഏ, ഓ കാരങ്ങളുടെ ഒക്കെ കാര്യത്തിൽ. ഏ കാരം ഓകാരം അതിന്റെ ചിഹ്നങ്ങൾ, കുത്ത് കോമ തുടങ്ങിയ punctuation ചിഹ്നങ്ങൾ, പ്ലേസ് വാല്യു സിസ്റ്റം ഉപയോഗിച്ചുള്ള മലയാളം അക്കങ്ങളുടെ എഴുത്ത് തുടങ്ങി എല്ലാം വളരെ പതുക്കെ പതുക്കെയാണ് ബെയിലി മലയാളത്തിൽ കൊണ്ടു വന്നത്. എന്നാൽ സംവൃതോകാരത്തിന്റെ/സ്വരം കളയുന്ന ചിഹ്നനത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒന്നും ചെയ്തില്ല താനും.
ചെറുപൈതങ്ങളുടെ സ്കാൻ നമുക്ക് കിട്ടിയാൽ ഈ വിഷയം ഉയർത്തുന്ന കുറേ ചോദ്യങ്ങൾക്ക് പരിഹാരമാകും എന്ന് കരുതുന്നു.
2 comments on “ബെഞ്ചമിൻ ബെയിലിയും സ്വരം മായ്ക്കാനുള്ള ചിഹ്നവും”
സിബുവിന്റെ അഭിപ്രായത്തോട് ഞാനും ചേരുന്നു.
Comments are closed.