1910ൽ പുറത്തിറങ്ങിയ പതിപ്പും അതിനാൽ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്തതുമായ പതിപ്പിന്റെ സ്കാനാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. സത്യവേദപുസ്തകം ഇപ്പൊഴും പ്രതിവർഷം ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിയുന്ന ഗ്രന്ഥമാണ്. ഏറ്റവും പുതിയ പതിപ്പ് എല്ലാവർക്കും എല്ലായിടത്തും ലഭ്യമാണ്. പക്ഷെ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത ഒരു സ്കാൻ എവിടെയും ലഭ്യമായിരുന്നല്ല. ആ കുറവാണ് ഇപ്പോൾ തീരുന്നത്.
സത്യവേദപുസ്തകത്തിന്റെ ചരിത്രം
സത്യവേദപുസ്തകത്തിന്റെ ചരിത്രം ബൈബിളിന്റെ മലയാളപരിഭാഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല അത് അതിനു മുൻപ് പുറത്തിറങ്ങിയ മറ്റ് പല പരിഭാഷശ്രമങ്ങളുടേയും തുടർച്ചയും ആണ്. അത് കായംകുളം ഫിലിപ്പോസ് റമ്പാൻ, ബെഞ്ചമിൻ ബെയ്‌ലി, മോശെ ഈശാർഫനി, ചാത്തു മേനോൻ, വൈദ്യനാഥയ്യർ, ഹെർമൻ ഗുണ്ടർട്ട് പിന്നെ പേർ പ്രത്യേകം രേഖപ്പെടുത്തിയിട്ടാത്ത മറ്റ് അനേകം പരിഭാഷകരുടെ പാരമ്പര്യം പേറുന്ന ഒരു പുസ്തകവുമാണ്.
1806-ൽ ക്ലോഡിയസ് ബുക്കാനൻ കേരളം സന്ദർശിക്കുന്നതോടെയാണ് സത്യവേദപുസ്തകത്തിന്റെ ചരിത്രം തുടങ്ങുന്നതെന്ന് സാമാന്യമായി പറയാം. ബുക്കാനന്റെ പ്രോത്സാഹനത്തിൽ കായംകുളം ഫിലിപ്പോസ് റമ്പാൻ പരിഭാഷ നിർവ്വഹിച്ച ആദ്യത്തെ നാലു സുവിശേഷങ്ങൾ അടങ്ങിയ പുസ്തകം 1811-ൽ പുറത്തിറങ്ങി. ഈ പുസ്തകം ഇന്ന് റമ്പാൻ ബൈബിൾ എന്ന പേരിൽ പ്രശസ്തമാണ്. ഇതിന്റെ സ്കാൻ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണ്. അതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഈ പോസ്റ്റ് കാണുക. https://shijualex.in/ramban_bible_1811/ സുറിയാനി പദങ്ങളുടെ ബാഹുല്യമാണ് റമ്പാൻ ബൈബിളിന്റെ എടുത്തുപറയാനുള്ള ഒരു കുറവ്.
ഇതിനു ശെഷം വരുന്ന പ്രധാന പരിഭാഷ ബെഞ്ചമിൻ ബെയ്‌ലിയുടേതണ്. 1823-ൽ കോട്ടയത്ത് പ്രസ്സ് സ്ഥാപിച്ചത് തൊട്ട് ബൈബിളിലെ ഓരോ പുസ്തകവും പരിഭാഷ തീരുന്നതിനു അനുസരിച്ച് ഖണ്ഡശ പ്രസിദ്ധീകരിച്ചു. ഇങ്ങനെ പുതിയ നിയമം പൂർണ്ണമായി 1829-ൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ആ പതിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ കാണാം https://shijualex.in/malayalam_new_testament_benjamin_bailey/
അതിനു ശെഷം 1841ഓടെ ബെഞ്ചമിൻബെയ്‌ലി പഴയനിയമവും മൊത്തമായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അതിനാൽ മലയാളവുമായി ബന്ധപ്പെട്ട മറ്റ് അനേകം പദവികൾക്കൊപ്പം ആദ്യമായി ബൈബിൾ മൊത്തമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പദവി ബെഞ്ചമിൻ ബെയ്‌ലി അലങ്കരിക്കുന്നു.(Update: ബെഞ്ചമിൻ ബെയിലിയുടെ പഴയനിയമത്തിന്റെ സ്കാൻ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്ന് പിൽക്കാലത്ത് ലഭിച്ചു. അത് ഇവിടെ കാണാം https://shijualex.in/1839-1841-benjamin-bailey-old-testament/)
ബെയ്‌ലിയുടെ ബൈബിൾ പരിഭാഷയുടെ ഒരു പ്രധാനകുറവായി പറയുന്നത് അത് തെക്കൻ കേരളത്തിലുള്ളവരുടെ ഭാഷ ആധാരമാക്കി പരിഭാഷ ചെയ്തതാണ് എന്നതായിരുന്നു. (മാദ്ധ്യമങ്ങളുടെ സ്വാധീനം മൂലം വളരെയധികം മാനകീകരിക്കപ്പെട്ട ഇക്കാലത്തെ കേരളത്തിലെ മലയാളം ആയിരുന്നില്ല 150 വർഷം മുൻപത്തെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ മലയാളം. തെക്കൻ കേരളത്തിൽ ഉള്ളവർ ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും വടക്കൻ കേരളത്തിൽ ഉള്ളവർക്ക് മനസ്സിലാകാത്ത സ്ഥിതി പോലും ഉണ്ടായിരുന്നു). ബെയ്‌ലി ബൈബിളിലെ മറ്റ് പ്രശ്നങ്ങളും പരിഹരിച്ചും, വടക്കൻ കേരളത്തിലുള്ളവർക്ക് കൂടെ ഉപയോഗപ്പെടുന്ന ഒരു പരിഭാഷ വേണം എന്ന ചിന്തയിൽ നിന്നാണ് ഹെർമൻ ഗുണ്ടർട്ട് ബൈബിൾ പരിഭാഷ തുടങ്ങുന്നത്. ഹെർമ്മൻ ഗുണ്ടർട്ടിന്റെ പുതിയ നിയമ പരിഭാഷ ഇവിടെ കാണാം https://shijualex.in/malayalam_new_testament_complete_gundert_1868/ ഹെർമ്മൻ ഗുണ്ടർട്ട് ബൈബിൾ പഴയ നിയമം മൊത്തമായി പരിഭാഷ ചെയ്തതായോ അച്ചടിച്ചു പ്രസിദ്ധീകരിച്ചതായോ നിലവിലുള്ള തെളിവുകൾ വെച്ച് പറയാൻ പറ്റില്ല.
ഇതിനു ശെഷമാണ് വടക്കൻ കേരളത്തിലുള്ളവർക്കും-തെക്കൻ കേരളത്തിലുള്ളവർക്കുമായി വ്യത്യസ്ത പരിഭാഷകൾ വെച്ച് മെയ്‌ന്റൈയ്ൻ ചെയ്യുന്നതിന്റെ പ്രശ്നങ്ങളെ കുറിച്ച് ബൈബിൾ സൊസൈറ്റി ചിന്തിച്ച് തുടങ്ങിയത്.
തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന,അരമായ മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്.
ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജർമ്മൻ ഭാഷയിലുള്ള വിവർത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെടേയും ഗുണ്ടർട്ടിന്റേയും മലയാള തർജ്ജുമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളും ഒക്കെ സസൂക്ഷ്മം പരിശോധിച്ചു. 1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം പഴയ നിയമവും പൂർത്തിയാക്കി. അവസാനം മലയാളം സംസാരിക്കുന്ന എല്ലാവരുടേയും ഉപയോഗത്തിനായി സത്യവേദപുസ്തകം എന്ന പേരിൽ 1910-ൽ സമ്പൂർണ്ണ മലയാളപരിഭാഷ പുറത്തിറങ്ങി.
1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്തിൽ പരിഭാഷ ചെയ്യപ്പെട്ട് 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നത്. (ബൈബിൾ എന്ന വാക്കിന്റെ സ്വതന്ത്ര മലയാളവിവർത്തവുമായും ഇപ്പോൾ സത്യവേദപുസ്തകം എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്) മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജുമയ്ക്കു കഴിഞ്ഞു. അതിനാൽ തന്നെ അത് പെട്ടെന്ന് ജനകീയമായി.
കത്തോലിക്ക സഭ ഒഴിച്ചുള്ള മിക്ക ക്രൈസ്തവ സഭകളും ഇപ്പോൾ ഈ പുസ്തകമാണ് ഔദ്യൊഗികമായി ഉപയൊഗിക്കുന്നത്.
സത്യവേദപുസ്തകത്തിന്റെ പകർപ്പവകാശകാലാവധി 1970-ൽ കഴിഞ്ഞു. അതിനു ശേഷം 1990കളോടെ നിരവധി പേർ ഇതിന്റെ വിവിധ പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പുറത്തിറക്കുന്ന പതിപ്പ് തന്നെയാണ് ഇപ്പോഴും ഔദ്യോഗികമായി കരുതുപ്പെടുന്നത്.
കുറഞ്ഞത് 2000 വരെയെങ്കിലും പഴയ ലിപിയിൽ മാത്രമായിരുന്നു ആയിരുന്നു (ഹെഡറിൽ മലയാളം അക്കങ്ങൾ അടക്കം) ബൈബിൾ സൊസൈറ്റിയുടെ സത്യവേദപുസ്തകം (സമ്പൂർണ്ണം) ലഭ്യമായിരുന്നുന്നത്. ഇപ്പോൾ പുതിയ ലിപിയിലും സത്യവേദപുസ്തകം ലഭ്യമാണ്.
സത്യവേദപുസ്തകം – വിക്കിഗ്രന്ഥശാല
വർഷങ്ങൾക്ക് മുൻപ് 2007-ൽ, നിഷാദ് കൈപ്പള്ളീയുടെ സൈറ്റിൽ (http://www.malayalambible.in/) നിന്ന് സത്യവേദപുസ്തകത്തിന്റെ യൂണിക്കോഡ് പതിപ്പ് വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റാനുള്ള പ്രയത്നം ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ: http://shijualex.blogspot.com/2007/09/blog-post_8312.html
അക്കാലത്ത് സത്യവേദപുസ്തകം വിക്കിഗ്രന്ഥശാലയിൽ ചേർത്തപ്പോൾ അത് ഗ്രന്ഥശാലയിൽ എത്തുന്ന ആദ്യത്തെ സമ്പൂർണ്ണപുസ്തകങ്ങളിൽ ഒന്നായിരുന്നു. അതിനു ശേഷം നൂറുകണക്കിന് പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ എത്തിയെങ്കിലും ഗ്രന്ഥശാലയിലെ പതിപ്പിനെ സംബന്ധിച്ച് വലിയ ഒരു കുറവ് അവശേഷിക്കുന്നുണ്ടായിരുന്നു. വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന എല്ലാ പുസ്തകങ്ങൾക്കും ആ പുസ്തകം ആധാരമാക്കിയിരിക്കുന്ന അച്ചടി പതിപ്പിന്റെ സ്കാൻ ചേർക്കേണ്ടതുണ്ട്. എന്നിട്ട് അതിനെ ആധാരമാക്കി വേണം ഗ്രന്ഥശാലയിൽ ഉള്ളടക്കം യൂണിക്കോഡിലാക്കാൻ. നിർഭാഗ്യവശാൽ സത്യവേദപുസ്തകത്തിന്റെ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത സ്കാൻ ലഭ്യമല്ലാത്തതിനാൽ ഇതിന് കഴിഞ്ഞിരുന്നില്ല. സത്യവേദപുസ്തകത്തിന്റെ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത സ്കാൻ ലഭ്യകാകുന്നതോടെ മറ്റ് സവിശേഷതകൾക്ക് പുറമേ ഗ്രന്ഥശാലയിലെ ഈ ഒരു പ്രധാനപ്രശ്നത്തിനു കൂടെയാണ് പരിഹാരമാകുന്നത്.
നമുക്ക് കിട്ടിയ സ്കാനിന്റെ പ്രത്യേകതകൾ
- ഏറ്റവും വലിയ പ്രത്യേക 1910ൽ പുറത്തിറങ്ങിയ ആദ്യത്തെ പതിപ്പിന്റെ സ്കാൻ തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്നതാണ്.
- ഏതാണ്ട് 1900ത്തോളം താളുകളാണ് ഈ സ്കാനിൽ ഉള്ളത്
- ന്യൂയോർക്കിലെ Cornell University (http://www.cornell.edu/) യുടെ ഡിജിറ്റൽ ശേഖരത്തിൽ നിന്നാണ് ഈ പതിപ്പ് നമുക്ക് കിട്ടിയത്.
- മറ്റ് പല മലയാള പുസ്തകങ്ങളേയും പോലെ ഗൂഗിളാണ് ഇതിന്റെ ഡിജിറ്റൈസേഷനു നേതൃത്വം കൊടുത്തിരിക്കുന്നത്.
- പുസ്തകത്തിനു ഏതാണ്ട് 1900 പേജുകൾ ഉള്ളതിനാൽ ഇതിന്റെ സൈസും വളരെ വലുതാണ്. ഏതാണ്ട് 140 MB ആണ് ഫയൽ സൈസ്.
- ബൈബിൾ സൊസൈറ്റിയുടെ സത്യവേദപുസ്തകത്തിൽ ഇപ്പോഴിറങ്ങുന്ന പതിപ്പിൽ കാലാനുസൃതമായ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഇറങ്ങുന്ന സത്യവേദപുസ്തക പതിപ്പുമായി ഈ സ്കാനിലെ ഉള്ളടക്കത്തിനു ചെറിയ വ്യത്യാസം ഉണ്ടായേക്കാം.
നന്ദി
സ്കാൻ വിശദാംശങ്ങൾ
- പുസ്തകം ഓൺലൈനായി വായിക്കാൻ (ആർക്കൈവ്.ഓർഗ്) – https://archive.org/details/Sathyavedapusthakam_1910
- പുസ്തകം ഡൗൺ ലോഡ് ചെയ്യാൻ (ആർക്കൈവ്.ഓർഗ്) – https://archive.org/download/Sathyavedapusthakam_1910/Sathyavedapusthakam_1910.pdf
You must be logged in to post a comment.