1883 – പ്രകൃതിശാസ്ത്രം- എൽ. ജെ. ഫ്രോണ്മെയർ

ആമുഖം

ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്ന് പല പൊതുസഞ്ചയരേഖകൾ കിട്ടുമ്പോഴും ഇത് മലയാളത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള രേഖകൾ ആണെന്ന് ഞാൻ സൂചിപ്പിക്കാറുണ്ട്. അങ്ങനെയുള്ള പ്രധാനരേഖകളിൽ വിശിഷ്ഠമായ ഒരു രേഖയാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന പ്രകൃതിശാസ്ത്രം എന്ന പുസ്തകം. മലയാളികളെ ആധുനികശാസ്ത്രവിഷയങ്ങളിലേക്ക് ആനയിച്ച ഒരു പുസ്തകമാണിത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 59-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: ഒന്നാം പ്രകൃതിശാസ്ത്രം – A Malayalam Catechism of Physics
 • താളുകളുടെ എണ്ണം: ഏകദേശം 457
 • പ്രസിദ്ധീകരണ വർഷം:1883
 • രചന: റവ: എൽ. ജെ. ഫ്രോണ്മെയർ
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1883 - പ്രകൃതിശാസ്ത്രം- എൽ. ജെ. ഫ്രോണ്മെയർ
1883 – പ്രകൃതിശാസ്ത്രം- എൽ. ജെ. ഫ്രോണ്മെയർ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മുകളിൽ സൂചിപ്പിച്ച പോലെ ഇതുവരെ ലഭ്യമായ തെളിവു വെച്ച് മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ഭൗതികശാസ്ത്രസംബന്ധിയായ പുസ്തകാണിത്. ബാസൽ മിഷൻ മിഷണറിയും പുരോഹിതനും വൈയാകരണനും (A Progressive Grammer Of Malayalam Language For Europeans എന്ന പ്രശസ്തപുസ്തകത്തിന്റെ രചിയിതാവും) ബാസൽ മിഷന്റെ മലയാള ദേശത്തെ പല പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചതും ഒക്കെയായ റവ: എൽ. ജെ. ഫ്രോണ്മെയർ ആണ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.  പുസ്തക ഉള്ളടക്കം ചോദ്യോത്തരശൈലിയിൽ ആണ് വികസിക്കുന്നത്. (കഴിഞ്ഞ 1-2 തലമുറകളിലെ മലയാളികൾക്ക്, റഷ്യൻ പുസ്തമായ യാക്കോബ് പെരെൽമാന്റെ ഭൗതികകൗതുകം എന്ന പുസ്തകത്തിൽ ഈ ശൈലിയുടെ മികച്ച ഉദാഹരണം ഏറെ പരിചയമുണ്ടല്ലോ)

ബാസൽ മിഷന്റെ പ്രവർത്തനം വടക്കൻ കേരളം ആയിരുന്നെങ്കിലും ഈ പുസ്തകം എല്ലാ മലയാളികളേയും ഉദ്ദേശിച്ചിട്ടുള്ളതാണ്. അതിനാൽ ആയിരിക്കണം ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് തിരുവിതാം‌കൂർ മഹാരാജാവിനാണ്. അതു വഴി ലഭിക്കുന്ന ധനത്തിലൂടെ പ്രസിദ്ധീകരണചിലവ് വലിയ അളവിൽ കവർ ചെയ്യാൻ ബാസൽ മിഷന്നു കഴിഞ്ഞു കാണണം.

പുസ്തകത്തിന്റെ തുടക്കത്തിലുള്ള തിരിവിതാംകൂർ മഹാരാജാവിനുള്ള സമർപ്പണ‌ഉപന്യാസത്തിലും (ഇംഗ്ലീഷിൽ) തുടർന്ന് മലയാളത്തിലുള്ള മുഖവരയിലും നവീനവിഷയങ്ങൾ മാതൃഭാഷയിൽ പഠിക്കേണ്ട ആവശ്യകത  ഫ്രോണ്മെയർ എടുത്തു പറഞ്ഞിട്ടുണ്ട്.

മലയാളത്തിലുള്ള മുഖവുരയിലെ ഭാഷവളരെ കാവ്യാത്മകമാണ്.

എന്നാൽ പുസ്തകം നമ്മുടെ മുമ്പാകേ ഉള്ളതുകൊണ്ടു പോരാ, വായിപ്പാനുള്ള പ്രാപ്തിയും വേണം. പ്രകൃതിയാകുന്ന പുസ്തകം എല്ലാവൎക്കും വായിപ്പാൻ തക്ക സ്ഥിതിയിൽ ഇരിക്കുന്നെങ്കിലും അതിലേ ഭാഷ കുറേ അവ്യക്തമാകുന്നതുകൊണ്ടു ചിലൎക്കു ഈ പുസ്തകത്താൽ യാതൊരു ഉപകാരവും വരുന്നില്ല. ഈ പുസ്തകത്തിന്റെ പൊരുൾ അറിയേണ്ടതിന്നു നമ്മുടെ ഉള്ളിൽ ഒരു അറിവു വേണം. വ്യാകരണത്തിൽ സ്വരം വ്യഞ്ജനം എന്നീ രണ്ടു വിധം അക്ഷരങ്ങൾ ഉണ്ടല്ലോ. പ്രകൃതിപുസ്തകം ഒരു വിധത്തിൽ വ്യഞ്ജനങ്ങളെക്കൊണ്ടു എഴുതപ്പെട്ടിരിക്കുന്നു എന്നു പറയാം. ഇതു വായിച്ചു വാക്കുകൾ, വാക്യങ്ങൾ, അനുമാനങ്ങൾ എന്നിവ ഉണ്ടാക്കുവാൻ തക്ക ഉയിരുകൾ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കേണ്ടതാണ്.

അദ്ദേഹം തന്റെ മുഖവുര ആരംഭിക്കുന്നത് ഇങ്ങനെ ആണ്.

ഫ്രോണ്മെയറുടെ ക്രൈസ്തവ മിഷനറി എന്ന നിലയിലുള്ള പ്രസ്താവനകൾ പുസ്തകത്തിൽ പലയിടത്തും കാണാം.

ഈ പുസ്തകത്തിന്റെ വലിയ ഒരു പ്രത്യേകത പലനവീനശാസ്ത്രങ്ങൾക്കും മലയാളം പേരുകൾ കണ്ടെത്താൻ ഫ്രോണ്മെയർ ശ്രമിക്കുന്നതാണ്. ഈ വിധത്തിൽ അദ്ദേഹം താഴെപറയുന്ന വാക്കുകൾ ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നു.

 • പ്രകൃതിവൎണ്ണന (Natural History)
 • പ്രകൃതിശാസ്ത്രം (Physics)
 • പ്രകൃതിവിദ്യ (Natural Philosophy)
 • സസ്യവാദശാസ്ത്രം (Botany)
 • മൃഗശാസ്ത്രം (Zoology)
 • കീമശാസ്ത്രം (Chemistry)
 • ധാതുവാദശാസ്ത്രം (ഖനിജശാസ്ത്രം) (Mineralogy)
 • കരണനിരൂപണശാസ്ത്രം (Physiology)

പുസ്തകത്തിനകത്ത് ഫിസിക്സുമായി ബന്ധപ്പെട്ട ധാരാളം വാക്കുകൾക്ക് ഫ്രോണ്മെയർ ഇത്തരത്തിൽ മലയാളം വാക്കുകൾ നിർമ്മിക്കുന്നത് നമുക്ക് കാണാം. വിസ്താരഭയത്താൽ അതൊന്നും ഇവിടെ എടുത്ത് എഴുതുന്നില്ല.

ഈ പുസ്തകത്തിലെ ചിലഭാഗങ്ങൾ എങ്കിലും കേരളോപകാരി മാസികയിൽ ലേഖനങ്ങളായി വന്നതാണ്. പിന്നീട് അതൊക്കെ ക്രോഡീകരിച്ച് വികസിപ്പിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ് ഈ പുസ്തകത്തിലൂടെ  ഫ്രോണ്മെയർ ചെയ്തിരിക്കുന്നത്.

പുസ്തകത്തിൽ എഴുത്തിനൊപ്പം തന്നെ ധാരാളം ചിത്രങ്ങൾ കാണാം. അതിന്റെ അർത്ഥം ഏതാണ്ട് 1880കളിൽ ലെറ്റർ പ്രസ്സിൽ എഴുത്തും ചിത്രവും ഒരുമിച്ച് അടിക്കാനുള്ള സാങ്കേതിക മലയാളത്തിന്നു ലഭ്യമായി എന്നതാണ്.

മൊത്തം 450 ഓളം താളുകളുള്ള പുസ്തകത്തിൽ ആദ്യത്തെ ഏതാണ്ട് 300 താളുകളിൽ ആണ് മലയാളം ഉള്ളടക്കം. അവസാനത്തെ ഏകദേശം 150 താളുകളിൽ ഇംഗ്ലീഷ് ഉള്ളടക്കം. (പക്ഷെ ഇംഗ്ലീഷ് ഉള്ളടക്കത്തിന്റെ ഭാഷ അത്ര നന്നായി എനിക്കു തോന്നിയില്ല. എന്റെ വിലയിരുത്തലിന്റെ കുഴപ്പമാകാം. അല്ലെങ്കിൽ അന്നത്തെ ഇംഗ്ലീഷ് ശാസ്ത്രലേഖനങ്ങൾ ഇങ്ങനെ ആയിരിക്കാം). എന്തായാലും മലയാളത്തിലുള്ള ഉള്ളടക്കം ഇന്നു 140 വർഷങ്ങൾക്കു ശെഷം ഇത് വായിക്കുമ്പോൾ പോലും മികച്ചതായി തോന്നുന്നു.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകം പലവിധത്തിലുള്ള വിശകലനത്തിന്നു വിധേയമാവേണ്ട ഒന്നാണെന്നാണ് എന്റെ അഭിപ്രായം.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments