1842 – ഗീതങ്ങൾ

ആമുഖം

മലയാളത്തിലെ ആദ്യത്തെ കല്ലച്ചടി പുസ്തകം (ലിത്തോഗ്രഫി) എന്ന് കരുതപ്പെടുന്നതും,  മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പുറത്ത് ഇറങ്ങിയ ആദ്യമലയാളപുസ്തകം എന്നു കരുതപ്പെടുന്നതുമായ ഗീതങ്ങൾ എന്ന പുസ്തകത്തിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 216-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഗീതങ്ങൾ
  • പ്രസിദ്ധീകരണ വർഷം:  1842
  • താളുകളുടെ എണ്ണം:  ഏകദേശം 121
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1842 - ഗീതങ്ങൾ
1842 – ഗീതങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

കെ. എം. ഗോവിയുടെ മലയാള അച്ചടിയുടെ ഡോക്കുമെന്റേഷൻ അനുസരിച്ച് 1842ൽ മംഗലാപുരത്ത് ലിത്തോഗ്രഫി സ്ഥാപിച്ചതോടെ ആണ് ബാസൽ മിഷന്റെ അച്ചടി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ആ പ്രസ്സിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം ഗീതങ്ങൾ ആണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.  അതിനാൽ ഇതാണ് ആദ്യത്തെ മലയാള കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകം. (ഈ സമയത്ത് തലശ്ശേരിയിൽ ബാസൽ മിഷൻ പ്രസ്സ് സ്ഥാപിച്ചിട്ടില്ല.)

മലയാളത്തിലുള്ള 100 ക്രൈസ്തവഗീതങ്ങൾ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഗുണ്ടർട്ട് അടക്കമുള്ള ബാസൽ മിഷൻ മിഷനറിമാർ സ്വയം രചിച്ചതോ ഇംഗ്ലീഷിൽ നിന്നും ജർമ്മനിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷ ചെയ്തതോ ആയ 100 ഗീതങ്ങൾ ആണ് ഇതിലുള്ളത്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments