മലയാളമച്ചടിയിൽ ഏ,ഓ ലിപികളുടെയും ഉപലികളുടെയും ഉൽപ്പത്തി

കേരളത്തിലെ മലയാള അച്ചടിയുടെ ഇരുന്നൂറാം വാർഷികത്തോടനുബന്ധിച്ച് ബെഞ്ചമിൻ ബെയിലി ഫൗണ്ടേഷനും SPCS ഉം ചേർന്ന് പുറത്തിറക്കിയ “വാക്കിലെ ലോകങ്ങൾ“ എന്ന പുസ്തകത്തിൻ്റെ ഓതർ കോപ്പി നന്ദിപൂർവ്വം കൈപ്പറ്റി.

വാക്കിലെ ലോകങ്ങൾ കവർ
വാക്കിലെ ലോകങ്ങൾ കവർ

ഈ പുസ്തകത്തിൽ ഞങ്ങൾ മുന്നു പേർ ചേർന്ന് (സിബു സി. ജെ (Cibu Johny) സുനിൽ വി.എസ്. ഷിജു അലക്സ്) എഴുതിയ ഒരു ഗവേഷണലേഖനവും ഉണ്ട്. ലേഖനത്തിൻ്റെ പേര് “മലയാളമച്ചടിയിൽ ഏ,ഓ ലിപികളുടെയും ഉപലികളുടെയും ഉൽപ്പത്തി“ ഇതിൽ ഏ,ഓ ലിപികളും ഉപലിപികളും മലയാളമച്ചടിയിലും എഴുത്തിലും എങ്ങനെ എത്തി എന്നത് ഞങ്ങൾ പരിശോധിക്കുന്നു.

വട്ടെഴുത്തും കോലെഴുത്തും അടക്കമുള്ള കേരളത്തിലെ പ്രാചീനലിപികളെ കുറിച്ച് ധാരാളം പഠനം നടന്നിടുണ്ട് എങ്കിലും, ആധുനിക മലയാളലിപിയുടെ പരിണാമത്തെ കുറിച്ച് ആവശ്യത്തിനു പഠനങ്ങൾ നടന്നിട്ടില്ല എന്നത് ഖേദകരമാണ്. കുറച്ചെങ്കിലും ആ വഴിക്ക് ശ്രമിച്ചത് എൽ ആർ രവിവർമ്മയും, എസ്. ജെ. മംഗലവും https://www.facebook.com/shijualexonline/posts/10154503717467255 മാത്രമാണ്. ആവശ്യത്തിനു പഠനങ്ങൾ നടക്കാത്തത് മൂലം ഞങ്ങൾക്ക് ഈ ലേഖനത്തിനു ആവശ്യമായ തെളിവ് ശേഖരവും അതുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുന്നതും അതീവദുഷകരമായിരുന്നു. അത് കൊണ്ട് തന്നെ 2014ൽ ആരംഭിച്ച ഈ അന്വേഷണം 2021ൽ ആണ് ഞങ്ങൾക്ക് ലോജിക്കലായി അവസാനിപ്പിക്കാൻ പറ്റിയത്. ഞങ്ങളുടെ ഈ ലേഖനം പീർ റിവ്യൂ ചെയ്ത് ആവശ്യമായ തിരുത്തലുകളും മെച്ചപ്പെടുത്തലുകളും നിർദ്ദേശിച്ചത് രവിശങ്കർ സാറാണ് Ravisankar Nair. അദ്ദേഹത്തിനോട് ഞങ്ങൾക്ക് വലിയ കടപ്പാടുണ്ട്.

മലയാളമച്ചടിയിൽ ഏ,ഓ ലിപികളുടെയും ഉപലികളുടെയും ഉൽപ്പത്തി
മലയാളമച്ചടിയിൽ ഏ,ഓ ലിപികളുടെയും ഉപലികളുടെയും ഉൽപ്പത്തി

ഈ ലേഖനത്തിൻ്റെ സംഗ്രഹം പറഞ്ഞാൽ, തമിഴിൽ നിന്ന് മലയാളം കൈക്കൊണ്ടതാണ് ഏ/ഓ ഉപലിപികൾ. എന്നാൽ ഏ/ഓ ലിപികൾ മുൻപ് തന്നെ ഉണ്ടായിരുന്നു. തമിഴിൽ ഏ/ഓ ഉപലിപികൾ അവതരിപ്പിച്ചത് വീരമാമുനിവർ (Constanzo Beschi – https://en.wikipedia.org/wiki/Constanzo_Beschi) ആണ്. അത് മലയാള അച്ചടിയിലേക്ക് പകർത്തിയത് റവ. ജോസഫ് പീറ്റും ആണ്. പിൽക്കാലത്ത് പാഠ്യപദ്ധതിയിലേക്ക് ഇത് എത്തിച്ചതിൽ ഗാർത്തുവേറ്റ് സായിപ്പിനും പങ്കുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട ധാരാളം തെളിവുകൾ ഞങ്ങൾ ഈ ലേഖനത്തിൽ അവതരിപ്പിക്കുന്നുണ്ട്. താല്പര്യമുള്ളവർ വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

മുകളിൽ സൂചിപ്പിച്ച പോലെ, ഈ വിഷയം ഞങ്ങൾ പഠനത്തിനായി തിരഞ്ഞെടുക്കുന്നത് 2014 ൽ ആണ്. അക്കാലം മുതിൽ ബാബു ചെറിയാൻ സർ പല വിധത്തിൽ ഞങ്ങളുടെ അന്വേഷണത്തെ സഹായിച്ചിടുണ്ട്. പിന്നീട് ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ (https://shijualex.in/my-experience-with-the-gundert…/) സമയത്ത് ധാരാളം തെളിവുകൾ ലഭിച്ചു എങ്കിലും ലോജിക്കലായി ഈ വിഷയം കൈകാര്യം ചെയ്യാൻ ആവശ്യമായ പല കണ്ണികളും അറ്റു കിടക്കുക ആയിരുന്നു. 2020ൽ അച്ചടിമലയാളത്തിൻ്റെ ഇരുനൂറാം വാർഷികത്തോട് അനുബന്ധിച്ച് ഒരു പുസ്തകം ഇറങ്ങുമ്പോൾ അച്ചടിയിലൂടെ സംഭവിച്ച മലയാള ലിപിപരിണാമത്തെ പറ്റി ഒരു ലേഖനം അത്യാവശ്യമാണ് എന്ന് ബാബു ചെറിയാൻ സാറിൻ്റെ നിർബന്ധമാണ് ഈ വിഷയത്തിലേക്ക് കൂടുതൽ ആഴ്ന്ന് ഇറങ്ങാൻ ഞങ്ങൾക്ക് പ്രേരണയായത്.

“വാക്കിലെ ലോകങ്ങൾ“ എന്ന ഈ പുസ്തകം ടൈപ്പ് സെറ്റ് ചെയ്തിരിക്കുന്നത് ലാട്ടെക്കിൽ ആണ്. മുജീബ് (Mujeeb Cpy) ആണ് ഇത് ചെയ്തത്. അതിൻ്റെ എല്ലാ പ്രൊഫഷണലിസവും ഈ പുസ്തകത്തിൽ കാണാം. ലാട്ടെക്കിൽ അല്ലായിരുന്നു എങ്കിൽ ഞങ്ങൾ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന സങ്കീർണ്ണ ചിഹ്നങ്ങൾ ഞങ്ങൾക്ക് ആവശ്യമുള്ളത് പോലെ വരുത്തുക സാദ്ധ്യമായിരുന്നില്ല. (പല ലിപിശാസ്ത്ര ഗ്രന്ഥങ്ങളിലും ലേഖകൻ ഉദ്ദേശിക്കുന്ന സംഗതി ഔട്ട് പുട്ടിൽ വരാത്ത പ്രശ്നം ഞാൻ മുൻപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട് https://www.facebook.com/shijualexonline/posts/10156197074272255.)

ഞങ്ങളുടെ ലേഖനത്തിനു പുറമെ, മലയാള ലിപിയുമായി ബന്ധപ്പെട്ട ഒരു വിഭാഗം പി. കെ. രാജശേഖരൻ എഴുതിയ മാതൃഭൂമിയുടെ ചരിത്രത്തിലും കാണാം. ഈ വിഭാഗത്തിൽ പുതിയ ലിപി അവതരിപ്പിച്ചതിൽ മാതൃഭൂമിയുടെ പങ്ക് വ്യക്തമായ തെളിവുകളുടെ പിൻ ബലത്തിൽ പി കെ രാജശേഖരൻ അവതരിപ്പിക്കുന്നു, മലയാളലിപിയുമായി ബന്ധപ്പെട്ട ചില സംഗതികൾ തോമസ് ജേക്കബ്ബ് എഴുതിയ മനോരമയെ കുറിച്ചുള്ള ലേഖനത്തിലും കാണാം. ഈ രണ്ടു ലേഖനങ്ങളിലും ലിപിപരമായ സംഗതികൾ കൃത്യമായി വരുത്താൻ എനിക്കു മുജീബുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം കിട്ടി. അതിൽ എനിക്കു സന്തോഷമുണ്ട്.

പി കെ രാജശേഖരൻ എന്നെ അത്ഭുതപ്പെടുത്തുന്നത് അച്ചടി, ലിപിപരമായ സംഗതികളിൽ അദ്ദേഹം ഏറ്റവും എപ്പൊഴും അപ്ഡേറ്റഡ് ആണ് എന്നതിലാണ്. ഈ വിഷയങ്ങളിൽ സമീപകാലത്തുണ്ടായ പുതിയ കണ്ടെത്തലുകൾ ഒക്കെ അദ്ദേഹത്തിനു കൃത്യമായി അറിയാം.

Manoj Ebenezer എഴുതിയ ലണ്ടൻ മിഷൻ്റെ കൊല്ലത്തെ മലയാളം പ്രസ്സിനെ പറ്റിയുള്ള ലേഖനം ശ്രദ്ധേയമാണ്. മലയാള അച്ചടി ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒരു പ്രസ്സ് ആണിത്. ഈ വിഷയത്തിൽ LMS മിഷനറിയായിരുന്ന റവ. ജെ,സി. തോംസൻ്റെ സംഭാവനകൾ അദ്ദേഹം ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നു. കുറച്ചധികം തുടർ ഗവേഷണ സാദ്ധ്യത ഉള്ളതാണ് കൊല്ലത്തെ എൽ എം എസ് അച്ചുകൂടം എന്ന ഈ വിഷയം

മിഷനറി ലഘുലേഖകളെ കുറിച്ച്  Vinil Paul എഴുതിയ ലേഖനം ഞാൻ വായിച്ച മറ്റൊരു ശ്രദ്ധേയ ലേഖനം. ഈ ലഘുലേഖകൾ ഒക്കെ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാൻ നമുക്ക് കഴിയണം.

നിലവിൽ ലിപിപരിണാമം, അച്ചടി, പുസ്തക ചരിത്രം എന്ന് വിഷയങ്ങളിൽ ഉള്ള ലേഖനങങ്ള് മാത്രമേ ഞാൻ വായിച്ചുള്ളൂ. സ്കറിയ സക്കറിയ, ഡിസി കിഴക്കേമുറി, ബാബു ചെറിയാൻ, ആനന്ദ്, സുനിൽ പി ഇളയിടം, കെ എം ഗോവി, ഇവി രാമകൃഷ്ണൻ, മീന ടി പിള്ള, കവിതാ ബാലകൃഷ്ണൻ, Abhijith Guptha, Venkatachalapaahy, ഷാജി ജേക്കബ്, സന്തോഷ് തോട്ടിങ്ങൽ തുടങ്ങി അക്കാദമിക്ക്- നോൺ അക്കാദമിക്ക് സർക്കിളിൽ നിന്നുള്ള 40ഓളം പ്രമുഖർ ഈ പുസ്തതത്തിൽ ലേഖനം എഴുതിയിട്ടുണ്ട്.

ഈ പുസ്തകത്തിൻ്റെ പിന്നിൽ ജനറൽ എഡിറ്ററായ ബാബു ചെറിയാനു പുറമെ എഡിറ്ററുമാർ ആയ ഷാജി ജേക്കബ്ബ്, ആര്യ കെ, ശ്രീകുമാർ ഏ ജെ എന്നിവർ നടത്തിയ ഭഗീരഥ പ്രവർത്തനം എനിക്ക് നേരിട്ട് അറിയാം. അവർക്ക് എൻ്റെ എല്ലാ ആദരവും സ്നേഹവും.

(കൊറോണ ഉണ്ടാക്കിയ തടസ്സങ്ങൾക്ക് ഇടയിൽ ഇത്രയും വലിയ ഒരു പുസ്തകം ഇറക്കുമ്പോൾ സംഭവിക്കാവുന്ന മാനുഷികമായ ചെറു തെറ്റുകുറ്റങ്ങൾ ഇതിൽ സംഭവിച്ചിരിക്കാം. അതൊക്കെ ഇനിയൊരു പതിപ്പ് ഉണ്ടാകുമ്പോൾ പരിഹരിക്കാം എന്ന് കരുതുന്നു)

കേരളത്തിലെ മലയാളമച്ചടിയുടെ ഇരുനൂറാം വാർഷികത്തോട് അനുബന്ധിച്ച് ഇറങ്ങിയ ഈ പുസ്തകത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വ:ളരെ സന്തോഷമുണ്ട്.

പുസ്തകം വളരെ വലുതാണ്. ബൈബിളിൻ്റെ അത്ര കട്ടിയുണ്ടെന്ന് പറയാം. എന്നാൽ നീളവും വീതിയും അതിനേക്കാൾ ഉണ്ട്. 1000 ത്തിൽ പരം പേജുകൾ ഉള്ള ഈ റെഫറൻസ് ഗ്രന്ഥത്തിനു 1600 രൂപയാണ് വിലയിട്ടിരിക്കുന്നത്. SPCS സൈറ്റിൽ പക്ഷെ 1282 രൂപയ്ക്ക് ലഭ്യമാണ്. ഈ ലിങ്ക് വഴി ബുക്ക് ചെയ്യാം. https://www.spcsindia.com/book/vakkile-lokangal-cover

Comments

comments