ആമുഖം
യാക്കോബിന്റെ തക്സ (ആരാധനക്രമം)/ St. James Liturgy എന്ന് അറിയപ്പെടുന്ന ക്രൈസ്തവ ആരാധനക്രമത്തിന്റെ 18വ്യത്യസ്തക്രമങ്ങൾ അടങ്ങുന്ന സുറിയാനിയിലുള്ള കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഫാ: സി.എം. യുയാക്കിം, ചാലക്കുഴി എന്ന ക്രൈസ്തവപുരോഹിതന്റെ നേതൃത്വത്തിലാണ് ഇത് രേഖപ്പെടുത്തിയത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: യാക്കോബിന്റെ തക്സ (ആരാധനക്രമം)/ St. James Liturgy
- രേഖപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ ആൾ: ഫാ. സി.എം. യൂയാക്കിം, ചാലക്കുഴി, തിരുവല്ല (നിലവിൽ ഫാ. ഉമ്മൻ ഏബ്രഹാം ഇത് സൂക്ഷിക്കുന്നു )
- രേഖപ്പെടുത്തിയ വർഷം: ഏകദേശം 1925 (ഫാ. സി.എം. യൂയാക്കിമിന്റെ ചെറുപ്പത്തിൽ)
- താളുകളുടെ എണ്ണം: 564
പുസ്തക ഉള്ളടക്കം, കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
കേരളത്തിലെ ക്രിസ്ത്യാനികൾ പരമ്പരാഗതമായി ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നത് സുറിയാനിയിലുള്ള ആരാധനക്രമം (തക്സ/ലിറ്റർജി) ആയിരുന്നു. LMS/CMS മിഷനറിമാർ വന്നതിനു ശേഷമാണ് സുറിയാനിയിലുള്ള ആരാധനക്രമം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങിയത്. പുരോഹിതൻ കുർബാന അർപ്പിക്കാൻ ഉപയോഗിക്കുന്ന ക്രമം എന്ന് ആരാധനക്രമത്തെ/തക്സയെ/ലിറ്റർജിയെ വളരെ ചുരുക്കി നിർവചിക്കാം.
പൗരസ്ത്യ സുറിയാനിയിലും പാശ്ചാത്യ സുറിയാനിയിലുമുള്ള ആരാധനക്രമത്തിന്റെ കൈയെഴുത്തു പ്രതികൾ കേരളത്തിലെ സുറിയാനി പാരമ്പര്യമുള്ള പല ക്രൈസ്തവസഭകളുടേയും പക്കൽ ഇപ്പോഴും ഉണ്ട്. പക്ഷെ ഈ കൈയെഴുത്തു പ്രതികൾ സംരക്ഷിക്കാനോ, ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാനോ, ഡിജിറ്റൈസ് ചെയ്തവ പങ്കു വെക്കാനോ ഒന്നും ഇത് കൈവശം ഉള്ളവർ ശ്രദ്ധിക്കാറില്ല. അതിനാൽ ഇതിനകം തന്നെ നിരവധി ആരാധനക്രമങ്ങൾ പഴക്കം മൂലം സ്വാഭാവികമായി നശിച്ചു കഴിഞ്ഞു. അശ്രദ്ധ മൂലവും ഇത്തരം പുസ്തകങ്ങളുടെ മൂല്യം അറിയാത്തത് മൂലവും നശിപ്പിക്കപ്പെട്ട രേഖകൾ വളരെയധികം ആണ്.
മലയാളത്തിലേക്ക് പരിഭാഷ ചെയ്ത ശേഷം അച്ചടിച്ച ആരാധനക്രമങ്ങൾ കേരളത്തിൽ ബെഞ്ചമിൻ ബെയിലി കോട്ടയത്ത് സി.എം.എസ്. പ്രസ്സ് സ്ഥാപിച്ചതിനു ശേഷവും, സുറിയാനിയിലുള്ള അച്ചടി 1860കൾക്ക് ശേഷവും (ആദ്യ ഘട്ടത്തിൽ ലിത്തോഗ്രഫി (കല്ലച്ചടി) സങ്കേതം ഉപയോഗിച്ചാണ് സുറിയാനി അച്ചടിച്ചത്) ലഭ്യമായി തുടങ്ങിയെങ്കിലും പലരും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയെങ്കിലും സുറിയാനിയിലുള്ള കൈയെഴുത്തു പുസ്തകങ്ങളായിരുന്നു ആരാധനക്രമമായി ഉപയോഗിച്ചിരുന്നത്.
ഈ പോസ്റ്റിൽ പങ്കു വെക്കുന്ന ആരാധനക്രമം, ഏകദേശം 1920കളിൽ പാശ്ചാത്യ സുറിയാനി ഭാഷയിൽ വിരചിതമായ ഒരു ആരാധനക്രമമാണ് (തക്സായാണ്). ക്രിസ്തുശിഷ്യനായ യാക്കോബിന്റെ തക്സാ ആണ് ഇതിന്റെ അടിസ്ഥാനം. പക്ഷെ അതിനു ചില വ്യത്യാസങ്ങളോടെ പല കാലഘട്ടങ്ങളിൽ വിവിധ ക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. യാക്കോബിന്റെ ആരാധനക്രമത്തെ പറ്റി ചെറിയ ഒരു വിവരണത്തിനു ഈ വിക്കിപീഡിയ ലേഖനം കാണുക (https://en.wikipedia.org/wiki/Liturgy_of_Saint_James).
തിരുവല്ല ചാലക്കുഴി ഫാ. സി.എം. യൂയാക്കിം എന്ന പുരോഹിതൻ ഉപയോഗിച്ചിരുന്ന 18 ക്രമങ്ങളുള്ള സുറിയാനി കൈയെഴുത്തു ഗ്രന്ഥമാണിത്. ഇന്നേവരെ മലയാളത്തിൽ ലഭ്യമല്ലാത്ത യാക്കോബ് മ്ഫസ്ക്കോനോയുടെത് ഉൾപ്പെടെയുള്ള ചില ക്രമങ്ങൾ ഇതിൽ കാണാം. ഇത്രയധികം ക്രമങ്ങൾ ഒരുമിച്ച് ലഭ്യമാകുന്ന ഒരു അമൂല്യകൈയെഴുത്ത് പ്രതി ആണിത്.
സുറിയാനി കൈയെഴുത്തിന്റെ (കാലിഗ്രഫി) സൗന്ദര്യം മുറ്റി നിൽക്കുന്ന ഗ്രന്ഥമാണ് ഈ കൈയെഴുത്ത് പ്രതി. ഇത് ഫാ. യുയാക്കീം തന്നെ എഴുതിയതാണോ സുറിയാനി കൈയെഴുത്ത് വശമുള്ള മറ്റാരുടേയെങ്കിലും സേവനം ഉപയോഗപ്പെടുത്തിയതാണോ എന്ന് എനിക്കു വ്യക്തമല്ല. ഈ രേഖ പരിശോധിച്ച സുറിയാനി അറിയാവുന്ന ചിലർ മറ്റൊരാളെ ഉപയോഗിച്ച് ഫാ. സി.എം. യൂയാക്കിം ഇത് എഴുതിക്കുകയായിരുന്നു എന്നാണ് എന്നോടു പറഞ്ഞത്. പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം ഈ രേഖപ്പെടുത്തലിനു നേതൃത്വം കൊടുത്ത് ആൾ ആരായിരുന്നു എന്നതാണ് പ്രധാനം. അത് ഫാ. സി.എം. യൂയാക്കിം തന്നെയാണ്.
ഫാ. യുയാക്കീം അദ്ദേഹത്തിന്റെ വാർദ്ധക്യത്തിൽ ഈ കൈയെഴുത്ത് ഗ്രന്ഥം തന്റെ അയൽവാസിയായ കിഴക്കേടത്ത് ഫാ. ഉമ്മൻ ഏബ്രഹാമിനു നൽകിയിരുന്നു. അദ്ദേഹത്തിന്റെ മകൻ അബ്രഹാം ഉമ്മന്റെ പ്രത്യേക പരിശ്രമത്തിൽ ആണ് ഇപ്പോൾ ഈ അപൂർവഗ്രന്ഥം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. ഈ ഗ്രന്ഥം ഡിജിറ്റൈസേഷനായി എനിക്കു തരാനായി ഫാ. ഉമ്മൻ ഏബ്രഹാം കേരളത്തിൽ നിന്നു ബാംഗ്ലൂരിൽ എന്റെ വീടു വരെ വന്നു എന്നത് കണക്കിലെടുക്കുമ്പോൾ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യവും അത് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കേണ്ടതിന്റേയും പ്രാധാന്യം അദ്ദേഹത്തിന്നും അദ്ദേഹത്തിന്റെ മകനും ഒക്കെ മനസ്സിലായി എന്ന് വ്യക്തമാണ്. അക്കാര്യത്തിൽ അവരെ പ്രത്യേകം അഭിനന്ദിക്കുന്നു.
പ്രത്യേക തരം പേപ്പർ ആണ് ഈ പുസ്തകം നിർമ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഓരോ താളിനും ബോർഡർ ഉണ്ട്, അതിൽ മുകളിലെ ബോർഡറിന്റെ നടുക്ക് Rev: C.M. Euachim എന്ന് ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രിന്റ് ചെയ്തതാണോ റബ്ബർ സ്റ്റാമ്പ് പോലെ ഉള്ള സങ്കേതം ഉപയോഗിച്ച് ചേർത്തതാണോ എന്ന് എനിക്കു അറിയില്ല.
A4 സൈസിനേക്കാൾ വലിപ്പമുള്ള ലീഗൽ സൈസിനോട് ഒക്കുന്ന വലിപ്പമുള്ള പേപ്പർ ആണ് കൈയെഴുത്ത് ഗ്രന്ഥമുണ്ടാക്കാൻ ഉപയൊഗിച്ചിരിക്കുന്നത്. പഴക്കം മൂലം അകത്തെ ചില പേജുകൾ പൊടിഞ്ഞു തുടങ്ങിയിരുന്നു. (കേരളത്തിലെ കാലാവസ്ഥയിൽ പ്രത്യേക സംരക്ഷണ ഇല്ലാതെ വെച്ചിരിക്കുന്ന രേഖകൾക്ക് എല്ലാം ഈ പ്രശ്നം വരും). പേപ്പർ പൊടിയുന്ന പ്രശ്നം മൂലം വളരെയധികം സമയമെടുത്താണ് ഇതിന്റെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയത്. കുറച്ചു താളുകളുടെ ഇടയ്ക്ക് പൊടിഞ്ഞു പോയ ഭാഗം വേറിട്ടു കാണാം. അങ്ങനത്തെ അല്ലറ ചില്ലറ പ്രശ്നം ഒഴിച്ചു നിർത്തിയാൽ ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് ഈ കൈയെഴുത്ത് പ്രതി ഡിജിറ്റൈസ് ചെയ്തത്.
ആദ്യത്തെയും അവസാനത്തെയും ഏതാണ്ട് 18 ഓളം പേജുകൾ ശൂന്യമാണ്. ഒറിജിനൽ കൈയെഴുത്ത് പ്രതിയുടെ തനിമ സൂക്ഷിക്കാനായി ആ ബ്ലാങ്ക് പേജുകൾ അടക്കമാണ് ഡിജിറ്റൈസ് ചെയ്തത്. ഇത് മൂലം ഏകദേശം 20മത്തെ പേജ് തൊട്ടാണ് ഉള്ളടക്കം തുടങ്ങുന്നത്.
സുറിയാനി ലിപിയുടെ പ്രത്യേകത അത് വലത്ത് നിന്ന് ഇടത്തേക്ക് എഴുത്തുന്ന ലിപി ആണ് എന്നതാണല്ലോ. അറബി, ഹീബ്രു തുടങ്ങി പല പ്രമുഖലിപികളും ഇത്തരത്തിൽ ആണ് എഴുത്ത്. ഇത്തരം ലിപി ഉപയോഗിക്കുന്ന പുസ്തകങ്ങളുടെ ശൈലി അനുസരിച്ച് ഇടത്ത് നിന്ന് ലത്തോട്ടാണ് പേജുകൾ മറിക്കുക. അതായായത് നമ്മൾ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്നതിനു നേരെ എതിരായി പുറകിൽ നിന്ന് മുന്നോട്ടാണ് താളുകളുടെ പ്രൊഗ്രഷൻ (ഇത് നമ്മുടെ ഉപയോഗശീലം മൂലം തോന്നുന്നതാണ്. നമ്മൾ പിറകിൽ നിന്ന് മുന്നോട്ടാണ് ചെയ്യുന്നതെന്ന് മേൽ പറഞ്ഞ ലിപികൾ ഉപയൊഗിക്കുന്നവർക്കും ആരൊപിക്കാവുന്നതാണ് 🙂 ).
ഇടത്ത് നിന്ന് വലത്തോട്ട് പേജുകൾ മറിക്കുന്നത് മൂലം ഈ പുസ്തകത്തിന്റെ പോസ്റ്റ് പ്രോസസിങ്ങ് അല്പം പണിയായിരുന്നു. ആ ടെക്നിക്കൽ പ്രശ്നം അല്പം ബുദ്ധിമുട്ടിയാണ് പരിഹരിച്ചത്. ആർക്കൈവ്.ഓർഗിൽ ഓൺലൈൻ റീഡിങ് ചെയ്യുമ്പോൾ Flip Left ഉപയോഗിക്കുമ്പൊഴാണ് ഈ പുസ്തകത്തിന്റെ ലോജിക്കലായ പേജ് പ്രോഗ്രഷൻ നടക്കുക.
ഏതാണ്ട് 20 മത്തെ പേജിൽ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആരാധനക്രമങ്ങളുടെ പട്ടിക കൊടുത്തിട്ടൂണ്ട്. പേജ് നമ്പർ Hindu– Arabic numeral സിസ്റ്റത്തിൽ രേഖപ്പെടുത്തിയിട്ടൂണ്ട്. 564 താളുകൾ ഉള്ള ബൃഹ്ദ് ഗ്രന്ഥമാണിത്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
One comment on “യാക്കോബിന്റെ തക്സ – 18 ക്രമങ്ങൾ – ഫാ: സി.എം. യുയാക്കിം – സുറിയാനിയിലുള്ള കൈയെഴുത്തുപ്രതി”
Great effort to preserve an invaluable document. Congratulations!
Comments are closed.