1853 – വജ്രസൂചി – രണ്ടാം പതിപ്പ്

ആമുഖം

വജ്രസൂചീ എന്ന പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 66മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വജ്രസൂചീ
  • താളുകളുടെ എണ്ണം: ഏകദേശം 30
  • പ്രസിദ്ധീകരണ വർഷം: 1853
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1853 – വജ്രസൂചി – രണ്ടാം പതിപ്പ്
1853 – വജ്രസൂചി – രണ്ടാം പതിപ്പ്

വജ്രസൂചീ എന്ന കൃതിയെപറ്റി

ജഗൽ ഗുരും മഞ്ജു ഘൊഷം നത്വാവാക്കായ ചെതസാ
അശ്വഘൊഷൊവജ്രാസൂചീം സൂത്രയാമി യഥാമതം (മൂല കൃതി)

ജഗല്ഗുരുവാകുന്ന മഞ്ജുഘൊഷനെ വാക്കായ ചെതസ്സുകളെ കൊണ്ടു നമസ്കരിച്ചിട്ടു അശ്വഘൊഷനായ ഞാൻ ശാസ്ത്രമതത്തെ അനുസരിച്ചു വജ്രസൂചിയെ സൂത്രിക്കുന്നെൻ (ഗുണ്ടർട്ടിന്റെ പരിഭാഷ)

സംസ്കൃതഭാഷയിലുള്ള ഒരു ബുദ്ധമതരചനയാണ് വജ്രസൂചീ. ബ്രാഹ്മണികഹൈന്ദവതയിലെ ജാതിവ്യവസ്ഥയുടെ നിശിതവിമർശനമാണ് ഈ കൃതി.

ജാതിവാദത്തെ അത്, വേദങ്ങളിലും മഹാഭാരതത്തിലും മനുസ്മൃതിയിലും നിന്നുള്ള ആശയങ്ങളേയും ഉദ്ധരണികളേയും ആശ്രയിച്ചുള്ള ന്യായവാദം കൊണ്ട് തിരസ്കരിച്ച്, മനുഷ്യജാതി ഒന്നാണെന്നു ഈ രചനയിൽ സ്ഥാപിക്കുന്നു.

AD രണ്ടാം നൂറ്റാണ്ടിൽ വിഖ്യാതബുദ്ധചിന്തകനും സംസ്കൃതകവിയുമായ അശ്വഘോഷന്റെ പേരിലാണ് വജ്രസൂചി ഏറെയും അറിയപ്പെടുന്നതെങ്കിലും അദ്ദേഹമാണ് രചയിതാവെന്ന കാര്യത്തിൽ ഉറപ്പില്ല.

വജ്രസൂചിയെ പറ്റിയുള്ള കുറച്ച് വിവരങ്ങൾ മലയാളം വിക്കിപീഡിയയിലെ ഈ ലേഖനത്തിൽകാണാം.

പത്തൊൻപതാം നൂറ്റാണ്ടിൽ, ഹെർമ്മൻ ഗുണ്ടർട്ട് വജ്രസൂചി സംസ്കൃതമൂലത്തോടൊപ്പം മലയാള പരിഭാഷയും, ഒപ്പം ക്രൈസ്തവവീക്ഷണത്തിലുള്ള ഒരനുബന്ധവും കൂട്ടി ചേർത്ത് പ്രസിദ്ധീകരിച്ചു. 1851-ലും 1853-ലും ആയി രണ്ട് പതിപ്പുകൾ ഹെർമ്മൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചതായാണ് ഡോ. സ്കറിയ സക്കറിയയും കെ.എം. ഗോവി ഒക്കെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ നമുക്ക് ലഭ്യമാകുന്ന സ്കാൻ 1853ലെ രണ്ടാമത്തെ പതിപ്പാണ്. 1851ലെ ഒന്നാം പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.

ഏതാണ്ട് 33 താളുകൾ മാത്രമുള്ള ഈ പുസ്തകം തലശ്ശേരിയിൽ ഉണ്ടായിരുന്ന ബാസൽ മിഷന്റെ കല്ലച്ചിൽ ആണ് അച്ചടിച്ചിരിക്കുന്നത്. ഏതാണ്ട് 20 ഓളം പേജുകളിൽ ഇടതു വശത്ത് സംസ്കൃത മൂലവും, വലതു വശത്ത് മലയാള പരിഭാഷയുമായാണ് ഉള്ളടക്കം വികസിക്കുന്നത്. ഏറ്റവും അവസാനത്തെ 3-4 താളുകളിൽ ഗുണ്ടർട്ടിന്റെ വക ക്രൈസ്തവവീക്ഷണത്തിലുള്ള മലയാളത്തിലുള്ള അനുബന്ധവും കാണാം.

ഒന്നും രണ്ടും പതിപ്പുകൾ തമ്മിൽ ഒറ്റനോട്ടത്തിൽ വലിയ വ്യത്യാസം ഒന്നും കണ്ടില്ല. കവർ പെജിലുള്ള അല്ലറ ചില്ലറ വ്യത്യാസങ്ങളേ ഞാൻ കണ്ടുള്ളൂ.

 

ഇതിൽ കൂടുതൽ  ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

Comments

comments