ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിൻ്റെ (SNDP) ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് 1953ൽ ഇറക്കിയ ശ്രീനാരായണ ധർമ്മപരിപാലന യോഗം കനക ജൂബിലി സ്മാരക ഗ്രന്ഥം എന്ന സുവനീറിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ലേഖനങ്ങൾക്ക് പുറമെ അക്കാലത്തെ പ്രമുഖരായ സമുദായ നേതാക്കളെ പറ്റിയുള്ള ലേഖനങ്ങളും പൊതുവിഷയത്തിലുള്ള ധാരാളം മറ്റു ലേഖനങ്ങളും നിരവധി ഫോട്ടോകളും ഉൾപ്പെടുത്തിയിരിക്കുന്ന ഈ സുവനീർ ഒരു അമൂല്യ ചരിത്രരേഖ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല, ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന നൂറുകണക്കിനു ചിത്രങ്ങൾ പലവിധ കാരണങ്ങൾ കൊണ്ട് പ്രാധാന്യം ഉള്ളവയാണ്. ശ്രീനാരായണ ഗുരുവിനു പുറമെ അക്കാലത്തെ പ്രമുഖ ഭരണകർത്താക്കളുടേയും SNDPയോഗത്തിൻ്റെ പ്രസിഡൻ്റിൻ്റെയും സെക്രട്ടറിയുടേയും വലിയ ഫോട്ടോകൾ സുവനീറിൻ്റെ ഫ്രണ്ട് മാറ്ററിൽ കൊടുത്തിട്ടുണ്ട്. അകത്ത് തിരു-കൊച്ചി മന്ത്രി സഭാംഗങ്ങളുടെ ചിത്രങ്ങൾ, SNDPയോഗവുമായി ബന്ധപ്പെട്ട വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഒക്കെ നിരവധി ചിത്രങ്ങളും കാണാം.
അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്ന പേപ്പറിൻ്റെ കട്ടി കുറവായതിനാൽ (പുസ്തകത്തിൻ്റെ കനം കുറയ്ക്കാൻ ചെയ്തതാവണം) ചില പേജുകളിൽ എങ്കിലും മറു പേജിൻ്റെ ഉള്ളടക്കം പ്രതിബിംബം ആയി കാണുന്നു എന്നത് ഒരു കുറവാണ്. പക്ഷെ ഒറിജിനൽ പേജുകളിൽ തന്നെ ഇത്തരത്തിൽ നോയിസ് ഉള്ളതിനാൽ ഇക്കാാര്യത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ല.
ഏതാണ്ട് A3 സൈസ് വലിപ്പമുള്ള വലിയ പേജിലാണ് ഈ സുവനീർ അച്ചടിച്ചിരിക്കുന്നത്. അതിനു പുറമെ സുവനീറിനു മൊത്തം 290 പേജുകളും ഉണ്ട്. ഇക്കാര്യങ്ങൾ കൊണ്ട് തന്നെ ഇതിൻ്റെ ഡിജിറ്റൈസേഷൻ അതീവ ദുഷ്കരം ആയിരുന്നു. ഞാനും മകനും കൂടെ ഏതാണ്ട് 3 ദിവസം കൊണ്ടാണ് ഇതിൻ്റെ ഡിജിറ്റൈസെഷൻ പൂർത്തിയാക്കിയത്.
സുവനീറിൻ്റെ പേജുകൾക്ക് ഇത്ര വലിപ്പം ഉള്ളതു കൊണ്ടും, സുവനീറിനു ഏതാണ്ട് 290 പേജുകൾ ഉള്ളത് കൊണ്ടും ഈ ഡിജിറ്റൽ പതിപ്പിൻ്റെ സൈസ് വളരെ കൂടുതൽ ആണ്. 214 MB സൈസ് ഉണ്ട് ഇതിൻ്റെ പിഡീഫ് ഫയലിനു. ഇക്കാരണം കൊണ്ട് ഈ സുവനീർ ആർക്കൈവ്.ഓർഗിൻ്റെ ഓൺലൈൻ വായനാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഓൺലൈനായി വായിക്കുന്നതാവും അഭികാമ്യം.
നമ്മുടെ പഴയകാല സ്മരണികകൾ (സുവനീറുകൾ) ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
അതിനു പുറമേ മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: ശ്രീനാരായണ ധർമ്മപരിപാലനയോഗം കനകജൂബിലി സ്മാരക ഗ്രന്ഥം
- പ്രസിദ്ധീകരണ വർഷം: 1953 (മലയാള വർഷം 1128)
- താളുകളുടെ എണ്ണം: 290
- അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലം (കവർ അച്ചടി: The Associated Printers Ltd, Madras and Bangalore)
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
One comment on “1953 – ശ്രീനാരായണ ധർമ്മപരിപാലനയോഗം – കനകജൂബിലി സ്മാരക ഗ്രന്ഥം”
Very good and commendable attempt.