ജ്ഞാനകീർത്തനങ്ങൾ-1879

മലയാള ക്രൈസ്തവ ഗാനങ്ങൾ

കേരളക്രൈസ്തവർ സുദീർഘവർഷത്തെ പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും അത്ര പഴക്കം അവകാശപ്പെടാവുന്ന ക്രൈസ്തവകീർത്തനങ്ങൾ കണ്ടുകിട്ടിയിട്ടില്ല. അതിന്റെ ഒരു കാരണം കാലത്തെ അതിജീവിക്കുന്ന ഡോക്കുമെന്റേഷനുകളുടെ വരവുകളുടെ സമയത്ത് കേരളക്രൈസ്തവർ വിവിധ പ്രതിസന്ധികളിലൂടെ (ഉദാ: ഉദയം‌പേരൂർ സുനഹദൊസ്) കടന്നു പൊയി വിവിധ സഭകളായി ശിഥിലമായി പൊയി ആരാധനയുടെ ഭാഷയുടെ കാര്യത്തിൽ (സുറിയാനി, ലത്തീൻ, ഇംഗ്ലീഷ്, മലയാളം) ഏകരൂപം ഇല്ലാതായി പൊയതൊക്കെ ആവാം. അർണ്ണൊസ് പാതിരിയുടെ കാവ്യങ്ങളും ചവിട്ടുനാടകങ്ങളിലും മറ്റു ഉപയോഗിക്കുന്ന പാട്ടുകളും ഒക്കെ കാലത്തെ അതിജീവിച്ച് കടന്ന് വന്നിട്ടുണ്ടെങ്കിലും സാധാരണജനങ്ങൾ അവരുടെ ഭാഷയിൽ ആരാധകളിൽ ഉപയോഗിക്കുന്ന പാട്ടുകൾ അങ്ങനെ ഒന്നും കാണുന്നില്ല. ഇതിനു് മാറ്റമുണ്ടായത് സി.എം.എസ് മിഷനറിമാരുടെ വരവൊടെ ആണ്. അവർ ഇംഗ്ലീഷ് പാട്ടുകൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങി. ഇതിന്റെ ചുവട്പിടിച്ച് പിന്നീട് തനതായ മലയാള ഗാനങ്ങളും പിറന്ന് തുടങ്ങി. എന്നാൽ ഇതൊന്നും സഭാവ്യത്യാസമെന്യേ ജനങ്ങൾ ഉപയോഗിച്ചിരുന്നില്ല. അതിനു് വ്യത്യാസമമുണ്ടായത് വിദ്വാൻകുട്ടിയച്ചന്റെ (യുസ്തൂസ് യോസഫ്‌) പാട്ടുകളുടെ വരവൊടെ ആണ്. ക്രിസ്തീയകീർത്തനങ്ങൾ എന്ന പുസ്കത്തിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് പോലെ “മലയാളദേശത്ത് മലയാള ക്രൈസ്തവ ഗാനങ്ങൾക്ക് നിലയും വിലയും ഉണ്ടായത് വിദ്വാൻ കുട്ടിയച്ചന്റെ ഉണർവ്വുകാല ക്രൈസ്തവഗാനങ്ങൾ പ്രസിദ്ധി ആർജ്ജിച്ചതോടെ ആണ്”. അതിനു ശെഷം നാഗൽ സായിപ്പ്, മോശവത്സലം, മഹാകവി കെവി സൈമൺ, സാധു കൊച്ചു കുഞ്ഞു ഉപദേശി എന്നിവരുടെ ഒക്കെ പാട്ടുകൾ വന്നതോടെ മലയാളക്രൈസ്തവ ഗാനശാഖ വികസിച്ചു.

ജ്ഞാനകീർത്തനങ്ങൾ-1879

മലയാള ക്രൈസ്തവ ഗാനങ്ങളുടെ ലഘുചരിത്രം ആമുഖമായി പറയാൻ ഉള്ള കാരണം ഈ ചരിത്രവുമായി ബന്ധമുള്ള ഒരു പുസ്തകം നമുക്ക് ലഭിച്ചിരിക്കുന്നു എന്നതിലാണ്.

ജ്ഞാനകീർത്തനങ്ങൾ-1879
ജ്ഞാനകീർത്തനങ്ങൾ-1879

പുസ്തകത്തിന്റെ വിവരം:

  • പുസ്തകത്തിന്റെ പേര്: ജ്ഞാനകീർത്തനങ്ങൾ
  • പ്രസിദ്ധീകരണവർഷം: 1879
  • ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത്: എം. മാത്തൻ കത്തനാർ
  • പ്രസ്: സിറിയൻ കോളേജ് പ്രസ്സ്, കോട്ടയം

സ്കാൻ ചെയ്യാനായി സഹായിച്ചത്: ബൈജു രാമകൃഷ്ണൻ

പുസ്കത്തിന്റെ ഉള്ളടക്കം

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ക്രൈസ്തവ ആരാധനയുടെ ഭാഗമായി ഉപയോഗിക്കുന്ന ഗാനങ്ങൾ ആണ് പുസ്കത്തിന്റെ ഉള്ളടക്കം. കാലം 1879 ആയതിനാൽ മലയാളം തനത് ഗാനങ്ങൾ പിറവിയെടുക്കാൻ തുടങ്ങിയതിനാൽ അത്തരം പാട്ടുകളാണ് ഭൂരിപക്ഷവും. അതിൽ തന്നെ വിദ്വാൻ കുട്ടിയച്ചന്റെ പാട്ടുകൾ ആണ് കൂടുതലും. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത (അതിനാൽ തന്നെ ആദ്യമായി കാണുന്നു) കുറച്ചധികം പാട്ടുകൾ ഇതിൽ കണ്ടു.

ലിപി പരമായ പ്രത്യേകതകൾ.

കാലം 1879 ആയതിനാൽ മലയാള അക്കങ്ങളുടെ ഉപയോഗം സമൃദ്ധം. അതെ പോലെ ചന്ദ്രക്കല സി.എം.എസ് പുസ്തകങ്ങൾ വന്നിട്ടില്ല. ചന്ദ്രക്കലയുമായി ബന്ധപ്പെട്ട ചരിത്രത്തിനു ചന്ദ്രക്കലയുടെ ചരിത്രം തെരഞ്ഞു പോയ കഥ എന്ന പൊസ്റ്റ് കാണുക.

സ്കാൻ ചെയ്യാൻ കിട്ടിയ പുസ്തകത്തിന്റെ പ്രത്യേകത

പുസ്കത്തിന്റെ മൂന്നാം താളിൽ ഒരു പ്രത്യേക കുറിപ്പുണ്ട്. അത് ഇങ്ങനെ പോകുന്നു:

മാത്തൻ കത്തനാർ - ബിഷപ്പ് ജോൺ സ്പീച്ചിലി
മാത്തൻ കത്തനാർ – ബിഷപ്പ് ജോൺ സ്പീച്ചിലി

കൊച്ചി തിരുവിതാംകൂർ സംസ്ഥാനങ്ങളുടെ എ.ബ: ലോർഡ് ബിഷോപ്പു സായ്‌വർകളുടെ സന്നിധിയിങ്കൽ ഈ ഗ്രന്ഥകർത്താവിനാൽ കാഴ്ച വൈയ്ക്കപ്പെട്ടതു

Revd. M. Mathen Cathanar
Edathoova

1880 ജൂലായ് 21ന്

എ.ബ: ലോർഡ് ബിഷോപ്പു സായ്‌വർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബിഷപ്പ് ജോൺ സ്പീച്ചിലിയെ ആണ്. ഇദ്ദേഹമാണ് ആംഗ്ലിക്കൻ സഭയുടെ കൊച്ചി-തിരുവിതാംകൂർ ഡയോസിസിന്റെ ആദ്യത്തെ ബിഷപ്പ്. ഗ്രന്ഥകർത്താവ് (മാത്തൻ കത്തനാർ) ഈ ബിഷപ്പിന് കൊടുത്ത സ്വകാര്യ കോപ്പിയാണ് നമുക്ക് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയത്. അതിനാൽ ആ വിധത്തിൽ കൂടെ ഈ സ്കാനിനു ചരിത്രപരമായ പ്രത്യെകത ഉണ്ട്. മാത്രമല്ല ഗ്രന്ഥകർത്താവ് എം. മാത്തൻ കത്തനാർ എടത്വ കാരൻ ആണെന്ന് സൂചനകൂടെ ഈ കുറിപ്പിൽ നിന്ന് കിട്ടുന്നു.

കൂടുതൽ വിശകലനത്തിനായി പുസ്തകം നിങ്ങൾക്ക് വിട്ടു തരുന്നു. മലയാള ക്രൈസ്തവഗാനങ്ങളുടെ ചരിത്രം പഠിക്കുന്നവർക്ക് ഈ പുസ്തകം ഒരു മുതൽകൂട്ടാകും എന്ന് ഉറപ്പുണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

Comments

comments

Comments are closed.