തിരുവല്ലയിൽ നിന്ന് 1930കളുടെ അവസാനത്തിലും 1940കളുടെ തുടക്കത്തിലുമായി പ്രസിദ്ധീകരിച്ചിരുന്ന ഭാഷാപോഷിണി ചിത്രമാസികയുടെ പുസ്തകം 44 ലക്കം 2 എന്ന ആനുകാലികത്തിൻ്റെ (മാസികയുടെ) ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
ഇതിന്റെ പേരിൽ ഭാഷാപോഷിണി എന്നുണ്ടെങ്കിലും ഇത് മനോരമയുടെ പ്രസിദ്ധീകരണം അല്ല. മനോരമ പ്രസിദ്ധീകരണം ആയ ഭാഷാപോഷിണി മാസികയുടെ 6 ഓളം ആദ്യകാല ലക്കങ്ങൾ നമ്മൾ ഇതിനകം ഡിജിറ്റൈസ് ചെയ്തതാണ്. അത് ഇവിടെ കാണാം അതേ പോലെ ഇതിന്റെ പേരിൽ ചിത്രമാസിക എന്നുണ്ടെങ്കിലും അതിനും മാത്രം ചിത്രങ്ങളും മറ്റും ഇതിൽ ഇല്ല.
ജി. പ്രിയദർശൻ എഴുതിയ മലയാളത്തിലെ ആദ്യകാല മാസികകൾ എന്ന പുസ്തകത്തിൽ ഭാഷാപോഷിണി ചിത്രമാസികയെ പറ്റിയുള്ള കുറച്ചു വിവരങ്ങൾ കാണാം. അവിടെ നിന്നെടുത്ത് വിവരങ്ങൾ താഴെ കൊടുക്കുന്നു,
1938 സെപ്റ്റംബറിൽ സി.പി. രാമസ്വാമി അയ്യർ മലയാള മനോരമ അടച്ചു മുദ്രവച്ചതോടെ മലയാള മനോരമ പത്രത്തിന്റെയും ഭാഷാപൊഷിണി മാസികയുടേയും പ്രസിദ്ധീകരണം നിലച്ചു. മനോരമ പൂട്ടുമ്പോൾ മലയാള മനോരമയുടെ പ്രിന്ററും പബ്ലിഷറും ആയിരുന്ന കെ.സി. ഇട്ടി തുടങ്ങിയ പ്രസിദ്ധീകരണം ആണ് ഭാഷാപോഷിണി ചിത്രമാസിക.അതിൻ്റെ പ്രിന്ററും പബ്ലിഷറും അദ്ദേഹമായിരുന്നു. തിരുവല്ല പുളിക്കീഴ് ഭാഗ്യോദയം പ്രസ്സിൽ നിന്നായിരുന്നു ഭാഷാപോഷിണി ചിത്രമാസികയുടെ പ്രസിദ്ധീകണം.
എന്നാൽ ഭാഷാപോഷിണി ചിത്രമാസിക എന്നു തൊട്ട് എന്നു വരെ പ്രസിദ്ധീകരിച്ചു തുടങ്ങിയ വിശദാംശങ്ങൾ ജി. പ്രിയദർശൻ രേഖപ്പെടുത്തിയിട്ടില്ല,
നമുക്കു കിട്ടിയ ഈ ലക്കം കൊല്ലവർഷം 1939 (കൊല്ലവർഷം 1115 കന്നി) പ്രസിദ്ധീകരിച്ചതാണ്. ഇതിൽ പുസ്തകം 44 ലക്കം 2 എന്നു രേഖപ്പെടുത്തിയിക്കുന്നതിനാൽ മനോരമ ഭാഷാപോഷിണിയുടെ ലെഗസി അത് അവകാശപ്പെട്ടിരുന്നു എന്ന് വ്യക്തമാണ്. നമുക്ക് ഇപ്പോൾ കിട്ടിയ ഈ ലക്കത്തിൽ ലോകപ്രശസ്തചിത്രകാരനായ റോറിക്കിനെ പറ്റിയുള്ള ഒരു ലേഖനവും വരാൻ പോകുന്ന റേഡിയോ യുഗത്തെ പറ്റിയും ഒക്കെ ലേഖനങ്ങൾ കാണാം
കാലപഴക്കം മൂലം പേജുകൾ മങ്ങി എന്ന പ്രശ്നം ഇതിനുണ്ട്. അതിനാൽ ഉള്ളടക്കം കഷ്ടിച്ചു വായിച്ചെടുക്കാം എന്നേ ഉള്ളൂ. ഇക്കാലത്തെ മാസികളുമായി താരതമ്യം ചെയ്യുംപ്പോൾ ഭാഷാപോഷിണി ചിത്രമാസികയുടെ വലിപ്പം വളരെ വലുതാണ്. ഏതാണ്ട് A3 സൈസിൽ നിന്നു നാലു വശവും ഏകദേശം 30 mm വീതം ക്രോപ്പ് ചെയ്ത് മാറ്റിയാൽ ഈ മാസികയുടെ വലിപ്പത്തിനോട് ഒക്കും.
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
അതിനു പുറമേ മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 44 ലക്കം 2
- പ്രസിദ്ധീകരണ വർഷം: 1939 (കൊല്ലവർഷം 1115 കന്നി)
- താളുകളുടെ എണ്ണം: 26
- പ്രസാധകർ: K.C. Itty
- അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി