1946 – കേരളഭൂഷണം – യുദ്ധവിജയസ്മാരക വിശേഷാൽ പ്രതി

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനു ശെഷം 1946ൽ യുദ്ധവിജയസ്മാരക വിശേഷാൽ പ്രതി എന്ന പേരിൽ കേരളഭൂഷണം പുറത്തിറക്കിയ സുവനീറിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശ്രീ. കെ.കെ. കുരുവിള ആണ് ഈ സുവനീറിന്റെ എഡിറ്റർ. (കേരളഭൂഷണത്തെ പറ്റിയുള്ള കുറച്ചു പ്രാഥമികവിവരങ്ങൾക്ക് ഈ ലിങ്കിലെ കേരളഭൂഷണം ദിനപത്രം ചരിത്രം- വര്‍ത്തമാനം എന്ന വിഭാഗം സന്ദർശിക്കുക.) വള്ളത്തോൾ, ഉള്ളൂർ, തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ കുറിപ്പുകളും അക്കാലത്തെ മലയാളി സമൂഹത്തിലെ പ്രശസ്തരായ നിരവധി വ്യക്തികൾ എഴുതിയ നിരവധി ലേഖനങ്ങളും ഒക്കെ ഈ സുവനീറിന്റെ ഭാഗമാണ്. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടതാണ് മിക്ക ലേഖനങ്ങളും. ചില ലേഖനങ്ങളിൽ കേരളചരിത്രവും കൈകാര്യം ചെയ്യുന്നു.

ഞാൻ ഡിജിറ്റൈസ് ചെയ്ത് archive.org ലേക്ക് അപ്‌ലോഡ് ചെയ്യുന്ന ആയിരാമത്തെ (1000) പൊതുസഞ്ചയ രേഖയാണിത്. (മറ്റു അക്കൗണ്ടുകളിൽ നിന്ന് അപ്‌ലോഡ് ചെയ്ത ട്യൂബിങ്ങൻ രേഖകളും മലങ്കര സഭാ മാസിക, ചർച്ച് വീക്കിലി എന്നീ അപ്‌ലോഡുകൾ ഒന്നും ഉൾപ്പെടുത്താതെ ഉള്ള കണക്കാണിത്. ) ഒരു കണക്ക് പറയാനാണെങ്കിൽ പോലും 1000 പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വരാൻ കഴിഞ്ഞു എന്നതിൽ സന്തോഷം ഉണ്ട്. അതിനു എന്നെ പല വിധത്തിൽ സഹായിച്ചവർ ഉണ്ട്. അവരോടു എല്ലാവരോടും ഉള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

ഈ സുവനീറിൽ അക്കാലത്തെ എല്ലാ ഭരണാധികാരികളൂടേയും ഫോട്ടോകളും രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ഫോട്ടോകളും ഒക്കെ കാണാം. അതിന്റെ ഒപ്പം ധാരാളം പരസ്യങ്ങളും കാണാം. മലയാള മാദ്ധ്യമങ്ങളിലെ പരസ്യങ്ങളുടെ പരിണാമവും മറ്റും പഠിക്കുന്നവർക്ക് ഇത്തരം സുവനീറുകൾ വലിയ പ്രാഥമിക സ്രോതസ്സുകൾ ആയിരിക്കും.

ഏകദേശം A4 സൈസിൽ 180 വലിയ പേജുകൾ ഉള്ള പുസ്തകം ആണിത്. അതിനാൽ തന്നെ ഡൗൺലോഡ് സൈസും കൂടുതൽ (125 MB) ആണ്. (ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിച്ചാൽ ഡൗൺലോഡ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.) പഴക്കവും മറ്റു പ്രശ്നനങ്ങൾ മൂലവും ആദ്യത്തെ കുറച്ചു താളുകളിൽ പ്രശ്നമുണ്ട്. എങ്കിലും അതിൽ നിന്നൊക്കെ രക്ഷിച്ചെടുത്ത് നല്ല വിധത്തിൽ പുസ്തകം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.

ഈ രേഖകൾ ഒക്കെ ഭാവി തലമുറയ്ക്ക് ഉപകാരപ്പെടുന്ന വിധം സൂക്ഷിച്ചു വെച്ച കരിപ്പാപ്പറമ്പിൽ കെ.ജെ. തോമസിനെ നന്ദിയോടെ സ്മരിക്കുന്നു.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

കേരളഭൂഷണം - യുദ്ധവിജയസ്മാരക വിശേഷാൽ പ്രതി
കേരളഭൂഷണം – യുദ്ധവിജയസ്മാരക വിശേഷാൽ പ്രതി

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കേരളഭൂഷണം – യുദ്ധവിജയസ്മാരക വിശേഷാൽ പ്രതി
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 180
  • അച്ചടി: Geo Printing Works, Kottayam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

Comments

comments