1880 – ജ്ഞാനൊദയം – വെങ്കിടഗിരി ശാസ്ത്രി

ആമുഖം

മലയാളത്തിലെ ആദ്യകാല മതഖണ്ഡന/മതദൂഷണസാഹിത്യ പുസ്തകങ്ങളിൽ ഒന്നായ ജ്ഞാനൊദയം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. .

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 93 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ജ്ഞാനൊദയം
  • താളുകളുടെ എണ്ണം: ഏകദേശം 85
  • പ്രസിദ്ധീകരണ വർഷം:1880
  • രചന: വെങ്കിടഗിരി ശാസ്ത്രി
  • പ്രസ്സ്: വിദ്യാവിലാസം, കോഴിക്കോട്
1880 - ജ്ഞാനൊദയം
1880 – ജ്ഞാനൊദയം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഹൈന്ദവ മതസംഹിതകൾ ആധാരമാക്കി ക്രൈസ്തവ മതസംഹിതയെ വിമർശിക്കുന്ന പുസ്തകമാണ് ഇത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രേരകമായത് ഇതിനു മുൻപ് സമാനമായ മതഖണ്ഡനം ക്രൈസ്തവർ നടത്തിയത് കൊണ്ടാണെന്ന് തുടക്കത്തിൽ തന്നെ ഗ്രന്ഥകർത്താവായ വെങ്കിടഗിരി പ്രസ്താവിക്കുന്നു.

മതഖണ്ഡനം/മതദൂഷണസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിൽ ആണ് ഇത്തരം പുസ്തകങ്ങൾ സാധാരണ ഉൾപ്പെടുത്താറ്. മതഖണ്ഡന പുസ്തകത്തിന്റെ വേറൊരു ഉദാഹരണം കുറച്ചു നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത ദെവവിചാരണ എന്ന പുസ്തകം. അത് ഗുണ്ടർട്ടിന്റെ രചനയാണ്.

ഒരു ഹൈന്ദവ ശാസ്ത്രിയും ഒരു ക്രൈസ്തവ പാതിരിയും തമ്മിലുള്ള സംഭാഷണരൂപത്തിലാണ് ജ്ഞാനൊദയം എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള പതിനെട്ട് അദ്ധ്യായങ്ങൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. എല്ലാ അദ്ധ്യായങ്ങളുടെയും ഉള്ളടക്കം ചൊദ്യോത്തരരൂപത്തിലാണ്. ഏറ്റവും അവസാനം സൂചനം എന്ന അദ്ധ്യായത്തിൽ പൊതുവായുള്ള ചില പ്രസ്താവനകളും കാണാം.

ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് പാലക്കാട് നല്ലെപ്പിള്ളി ചൊണ്ടത്ത വലിയ മന്നാടിയാരുടെ ധനസഹായത്താൽ ആണെന്ന് ശീർഷക പേജിൽ നിന്നു മനസ്സിലാക്കാം.

വിവിധ മതങ്ങൾ, പ്രത്യേകിച്ച് ഹൈന്ദവ, ക്രൈസ്തവ മതങ്ങൾ തമ്മിൽ ധാരാളം സംഭാവങ്ങൾ നടന്നിരുന്ന സമയത്താണ് ഈ പുസ്തകം പുറത്തിറങ്ങുന്നത്. അതിനാൽ ഈ പുസ്തകങ്ങൾ ഒക്കെ പ്രാധാന്യമുള്ളവയാണ്.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments