ആമുഖം
ഇന്ന് നമ്മൾ ഒരു വിശേഷപ്പെട്ട പുസ്തകത്തിന്റെ സ്കാൻ ആണ് പരിചയപ്പെടാൻ പോകുന്നത്. മലയാളത്തിലെ ആദ്യത്തെ നോവൽ ഏത് എന്നതിനെ പറ്റി നിരവധി ലേഖനങ്ങളും കാണാം. മലയാള നോവൽ ചരിത്രത്തിൽ ഇടംപിടിച്ച ചില ആദ്യകാല നോവലുകൾ പ്രസിദ്ധീകരണ വർഷം അനുസരിച്ച് താഴെ പറയുന്നവ ആണ്.
- ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ (1858) (ഒരു ബംഗാളി നോവലിന്റെ മലയാളം പരിഭാഷ) – ജോസഫ് പീറ്റ് മലയാളത്തിലേക്ക് പരിഭാഷ ചെയ്തു
- ഘാതകവധം (1877) കൊളിൻസ് മദാമ്മയുടെ (The Slayer Slain എന്ന ഇംഗ്ലീഷ് നോവൽ റിച്ചാർഡ് കോളിൻസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി)
- പുല്ലേലിക്കുഞ്ചു (1882) ആർച്ച് ഡീക്കൻ കോശി
- കുന്ദലത (1887) അപ്പു നെടുങ്ങാടിയുടെ
- ഇന്ദുലേഖ (1889) ചന്തുമേനോൻ
ഇത് കൂടാതെ ഈ കാലഘട്ടത്തിൽ തന്നെ ഇറങ്ങിയ വേറെ ചില മലയാളനോവലുകളും ഉണ്ട്. ഉദാഹരണമായി 1858ൽ ജോസഫ് പീറ്റ് പരിഭാഷപ്പെടുത്തിയ ബംഗാളി നോവൽ ഫുൽമോനിയും കോരുണയും, 1883ല്‍ മുഹ്‌യിദ്ദീന്‍ബ്‌നു മാഹിന്റെ ചാര്‍ദര്‍വേശ്, 1887ല്‍ പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതിവിജയം തുടങ്ങിയ നോവലുകൾ. ഇതൊന്നും നോവൽ ചരിത്ര ചർച്ചയിൽ എന്ത് കൊണ്ട് ഇടം പിടിക്കുന്നില്ല എന്നത് പരിശോധിക്കേണ്ടതാണ്. തൽക്കാലം ആ വിഷയം വിട്ട് നമുക്ക് കിട്ടിയ നോവലിന്റെ സ്കാൻ വിശകലനം ചെയ്യാം.
ഘാതകവധം
മുകളീലെ ലിസ്റ്റിൽ പ്രസിദ്ധീകരണവർഷം അനുസരിച്ച് ആദ്യ കാല മലയാളം നോവലുകളിൽ ഒന്ന് ഘാതകവധം ആണെന്ന് മുകളിൽ നിന്ന് മനസ്സിലാകുമല്ലോ. ഈ നോവലിന്റെ സ്കാൻ ആണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.
പുസ്തകത്തിന്റെ വിവരം
- പേര്: ഘാതകവധം
- രചയിതാവ്: കോളിൻസ് മദാമ്മ/റിച്ചാർഡ് കോളിൻസ്
- പ്രസിദ്ധീകരണ വർഷം: 1877
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
മലയാളം വിക്കിപീഡിയയിലെ ഘാതകവധത്തെ പറ്റിയുള്ള ലേഖനം ഇങ്ങനെ പറയുന്നു.
മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് 1877-ൽ പുറത്തിറങ്ങിയ ഘാതകവധം. സി.എം.എസ്. മിഷണറി പ്രവർത്തകയായിരുന്ന കോളിൻസ് മദാമ്മ ഇംഗ്ലീഷിൽ രചിച്ച Slayer Slain എന്ന നോവൽ അവരുടെ ഭർത്താവും കോട്ടയം സി.എം.എസ്. കോളേജിന്റെ പ്രിൻസിപ്പലുമായിരുന്ന റിച്ചാർഡ് കോളിൻസാണ് ഘാതകവധം എന്ന പേരിൽ മലയാളത്തിലേക്ക് മാറ്റിയത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.
സ്ലെയർ സ്ലൈൻ (ഇംഗ്ലീഷ്: Slayer Slain) എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിലാണ് 1859-ൽ കോളിൻസ് മദാമ്മ ഇത് എഴുതിത്തുടങ്ങിയത്. അവരുടെ മരണശേഷം ഭർത്താവായ റിച്ചാർഡ് കോളിൻസ് ഇത് എഴുതിപ്പൂർത്തിയാക്കുകയും 1864-ൽ കോട്ടയം സെമിനാരിയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു 1877-ൽ ഘാതകവധം എന്ന പേരിൽ മലയാളപരിഭാഷയും റിച്ചാർഡ് കോളിൻസ് പുറത്തിറക്കി.
ഇതിൽ നിന്ന് ഘാതകവധത്തെ പറ്റിയുള്ള വൈജ്ഞാനിക വിവരങ്ങൾ ഒക്കെ കിട്ടുമല്ലോ.
പുസ്തകത്തിന്റെ പ്രത്യേകത
സ്കാൻ ചെയ്യാൻ കിട്ടിയ പുസ്തകം മൊശം സ്ഥിതിയിൽ ആയിരുന്നു. കവർ പേജ്, ടൈറ്റീൽ പേജ് തുടങ്ങി ഫ്രന്റ് മാറ്റർ ഒന്നും തന്നെ പുസ്തകത്തിനു് ഇല്ലായിരുന്നു. ഉള്ളടക്കത്തിന്റെ തുടക്കം തൊട്ടുള്ള താളുകളേ ഞങ്ങൾക്ക് കിട്ടിയ പുസ്തകത്തിൽ ഉണ്ടായിരുന്നുള്ളൂ.
പുസ്കത്തിൽ പേജുകളുടെ നമ്പറിങ് അത്ര ക്രമമല്ല. അതിന്റെ പ്രധാന കാരണം പുസ്തകത്തിന്റെ ഇടയ്ക്കുള്ള ചിത്രങ്ങൾ ആണ്. ചിത്രങ്ങൾ മിക്കവാറും ഒക്കെ ഒറ്റ താളായാണ് കൊടുത്തിരിക്കുന്നത്. ചില സ്ഥലത്ത് ഇത് പേജ് നമ്പറിങിൽ കൂട്ടിയിട്ടൂണ്ട്. ചിലയിടത്ത് അത് ഇല്ല. അതിനാൽ പേജ് നമ്പറിങ് ക്രമമല്ല എന്ന് മനസ്സിലാകും. പുസ്തകത്തിന് ഏകദേശം 100 താളുകൾ ആണുള്ളത്.
കോട്ടയം സി.എം.എസ് പ്രസ്സിൽ അച്ചടിച്ച ഈ പുസ്തകത്തിൽ സംവൃതോകാരം സൂചിപ്പിക്കാൻ ഉകാരം ഉപയൊഗിച്ചതാണ് അച്ചടിയുടെ പ്രത്യേക ആയി കണ്ടത്. ചന്ദ്രക്കല 1877ലും സി.എം.എസ് പ്രസ്സിൽ എത്തിയിട്ടില്ല എന്ന് ഒരിക്കൽ കൂടെ വ്യക്തമാകുന്നു.
പുസ്തകത്തിലെ ചിത്രങ്ങൾ വിശെഷപ്പെട്ടതായി തോന്നി. അതിനാൽ ചിത്രങ്ങൾക്ക് അതിന്റെ പ്രാധാന്യം നിലനിർത്താൻ ഗ്രേസ്കെയിലിൽ ആണ് പ്രോസസ് ചെയ്തത്. അക്കാലത്തെ കേരളക്രൈസ്തവ സമൂഹത്തിന്റെ നേർ കാഴ്ച ചിത്രങ്ങളിലൂടെ (നോവലിലൂടെ മാത്രമല്ല) വെളിവാകുന്നുണ്ട്.
പുസ്തകം സ്കാൻ ചെയ്യാനായി പതിവ് പോലെ ബൈജു രാമകൃഷ്ണൻ സഹായിച്ചു. അദ്ദേഹത്തിന് പ്രത്യേക നന്ദി.
കൂടുതൽ പഠനത്തിനും വിശകലനത്തിനുമായി പുസ്കത്തിന്റെ സ്കാൻ വിട്ടു തരുന്നു.
ഡൗൺലോഡ് വിവരം
- ഡൗൺലോഡ് കണ്ണി: ഘാതകവധം PDF (7 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനയ്ക്കുള്ള കണ്ണി