ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി താമസിയാതെ തുടങ്ങും എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. ആ ശേഖരത്തിലുള്ള “ഒരആയിരം പഴഞ്ചൊൽ” “പഴഞ്ചൊൽ മാല” എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ ഹൈക്കെ മോസർ പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിന്റെ ഭാഗമായി നമുക്ക് കൈമാറി (മാതൃഭൂമി വാർത്ത). ആ പുസ്തകങ്ങളിലെ “ഒരആയിരം പഴഞ്ചൊൽ” കഴിഞ്ഞ പോസ്റ്റിൽ പരിചയപ്പെടുത്തി. ട്യൂബിങ്ങൻ ശെഖരത്തിൽ നിന്നു നമുക്ക് ലഭിച്ച രണ്ടാമത്തെ പുസ്തകമായ “പഴഞ്ചൊൽ മാല” എന്ന പുസ്തകമാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.
ഈ പുസ്ത്കത്തിൽ ഞാൻ ശ്രദ്ധിച്ച ചില സംഗതികൾ (കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ വായനക്കാരോട് അഭ്യർത്ഥിക്കുന്നു)
- ഈ കൃതി 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചു
- മലയാള പഴഞ്ചൊല്ല്ലുകൾ ഉപയോഗിച്ച് ക്രൈസ്തവ മതതത്വങ്ങൾ വിശദീകരിക്കാനാണ് പുസ്തകത്തിൽ ശ്രമിച്ചിരിക്കുന്നത്. സമാന വിഷയം കൈകാര്യം ചെയ്യുന്ന പഴം ചൊല്ലുകൾ ആദ്യം പറഞ്ഞ്, പിന്നെ അതുപയോഗിച്ച് ക്രൈസ്തവമതതത്വങ്ങൾ വിശദീകരിക്കുകയാണ് പുസ്തകത്തിന്റെ പ്രധാന ഉദ്ദേശം. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ രേഖപ്പെടുത്താൻ ഈ വിഷയത്തെ കുറിച്ച് അറിവുള്ളവരോട് അഭ്യർത്ഥിക്കുന്നു.
- പുസ്തകം മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു.
- 1845-ൽ അച്ചടിച്ച ഈ പുസ്തകത്തിൽ മീത്തൽ രംഗപ്രവേശം ചെയ്തിട്ടില്ല. 1847-ൽ അച്ചടിച്ച സുവിശേഷകഥകൾ എന്ന പുസ്തകത്തിൽ മീത്തൽ രംഗപ്രവേശം ചെയ്യുന്നത് നമ്മൾ കണ്ടതാണ്. അതിനാൽ നിലവിൽ ഇതു വരെ നമുക്ക് കിട്ടിയ തെളിവ് വെച്ച് 1847-ൽ അച്ചടിച്ച സുവിശേഷകഥകൾ എന്ന പുസ്തകത്തിലാണ് മീത്തൽ ആദ്യമായി ഉപയോഗിച്ചതെന്ന് പറയാം. കുറച്ച് കൂടെ ഉറപ്പിച്ചു പറയാൻ ഇനി 1845നും 1847നും ഇടയിൽ ഇറങ്ങിയ മറ്റ് പുസ്തകങ്ങൾ കൂടെ കിട്ടണം.
- ഏ, ഓ കാരങ്ങൾ ഈ പുസ്തകത്തിൽ ഉപയോഗിച്ചിട്ടില്ല.
- മലയാള അക്കങ്ങൾ തന്നെ ഉപയോഗിച്ചിരിക്കുന്നു.
ട്യൂബിങ്ങൻ ശേഖരത്തിൽ നിന്നു ലഭിച്ച റോ സ്കാൻ പ്രോസസ് ചെയ്തു സഹായിച്ചത് മലയാളം വിക്കിപീഡിയനായ വിശ്വപ്രഭയാണ്. അദ്ദേഹത്തൊടുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തുന്നു. ട്യൂബിങ്ങൻ ശേഖരത്തിൽ നിന്നു വരുന്ന പുസ്തകങ്ങൾ ഒക്കെയും പദ്ധതി തീരുന്ന അവസാന ഘട്ടത്തിലേ എല്ലാ ഫയലുകളും പ്രോസസ് ചെയ്ത് നന്നാക്കുകയുള്ളൂ. അതു വരെ ഈ റോ സ്കാനുകൾ നമ്മുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.
- സ്കാൻ ലഭ്യമായ പ്രധാനതാൾ https://archive.org/details/pazhancholmala_gundert_1845
- ഓൺലൈനായി വായിക്കാൻ : ഓൺലൈൻ വായനാ പതിപ്പ്
- പിഡിഎഫ് പതിപ്പ്: പിഡിഎഫ് ഡൗൺലൊഡ് കണ്ണി (3 MB)