1896 – അയുയൊമയൊ ഈരിഞ്ഛിക്ക്വാനൊവൊ ഇശാനാക്കാ – യുയോമയ ഭാഷയുടെ പാഠാരംഭം

ആമുഖം

ഈ പോസ്റ്റിലൂടെ ഒരു പ്രത്യേക പുസ്തകമാണ് പരിചയപ്പെടുത്തുന്നത്. ഒരു പക്ഷെ ഇക്കാലത്ത് കേരളത്തിലോ പുറത്തോ ജീവിക്കുന്ന അക്കാദമിക്ക് സർക്കിളിൽ ഉള്ളവർക്ക് അറിയാത്തതും എന്നാൽ ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്നവർ (അവർക്കിടയിൽ പോലും ഇത് അറിയുന്നവർ കുറവ്) ഉപയോഗിക്കുന്നതും ആയ ഒരു പ്രത്യേക ഭാഷയെ കുറിച്ചുള്ള ഒരു പുസ്തകം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ ഭാഷയുടെ ഔദ്യോഗിക പേര് ആ ഭാഷയിൽ തന്നെ ഈരിഞ്ഛിക്ക്വാനൊവ എന്നാണ്. അയുയൊമയൊ ഈരിഞ്ഛിക്ക്വാനൊവ” എന്നും പറയും. അത് മലയാളത്തിൽ യുയോമയരുടെ ഭാഷയായ ഇരുവായ്ത്തല വാൾ എന്നൊ ചുരുക്കമായി യുയോമയ ഭാഷ എന്നോ പറയാം.

ഈ പ്രത്യേക ഭാഷയെ സംബന്ധിച്ചുള്ള ഈപുസ്തകം ഇത്ര നാൾ സൂക്ഷിച്ചു വെക്കുകയും ഇപ്പോൾ ഡിജിറ്റൈസ് ചെയ്യാനായി കൈമാറുകയും ചെയ്ത യുയോമയ സഭാംഗങ്ങളായ തോമസ് ഇസ്രയേലിലും, ഭാര്യ അന്നമ്മാൾ തോമസിനും വളരെ നന്ദി.

പുസ്തകത്തിന്റെ വിവരം

  • പേര്: അയുയൊമയൊ ഈരിഞ്ഛിക്ക്വാനൊവൊ ഇശാനാക്കാ (യുയോമയ ഭാഷയുടെ പാഠാരംഭം)
  • താളുകൾ: 195
  • രചയിതാവ്: യുസ്തൂസ് യോസഫ്
  • പ്രസാധകർ: പുതുപ്പള്ളിൽ കൊച്ചുപറമ്പിൽ വി. ഇട്ടിക്കുഞ്ഞ്
  • പ്രസ്സ്: മലയാളമനോരമ കമ്പനി പ്രസ്സ്
  • പ്രസിദ്ധീകരണ വർഷം: 1896
യുയോമയ ഭാഷയുടെ പാഠാരംഭം
യുയോമയ ഭാഷയുടെ പാഠാരംഭം

ഉള്ളടക്കം

യുസ്തൂസ് യോസഫിനാൽ രചിക്കപ്പെട്ട യുയോമയ ഭാഷയുടെ വ്യാകരണവും അതിന്റെ വിശദീകരണ കുറിപ്പുകളും ദേവാരാധനക്രമവും, ചെറിയ ഒരു യുയോമയ ഭാഷ നിഘണ്ടുവും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് ശീർഷക താളിൽ പറഞ്ഞിരിക്കുന്നു.

പക്ഷെ ഇതിൽ നിന്ന് ഈ പുസ്തകത്തിന്റെ പിന്നിലുള്ള കഥകൾ മിക്കവർക്കും മനസ്സിലാവില്ല. അതിനാൽ അതിനെ പറ്റി ചെറിയ ഒരു ആമുഖം തരാം.

ബൈബിളിലെ വെളിപാട് പുസ്തകത്തിൽ താഴെ പറയുന്ന ഒരു വാക്യമുണ്ട്

ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാൽ മുദ്രയിട്ടൊരു പുസ്തകം കണ്ടു. (വെളിപാട് 5:1)

വെളിപാട് പുസ്തകത്തിലെ തുടർന്നുള്ള അദ്ധ്യായങ്ങളിൽ, ഈ ഏഴ് മുദ്രകളിൽ ഓരോന്നായി പൊട്ടിക്കുന്നതും അതിനൊടനുബന്ധിച്ചുള്ള സംഭവങ്ങളും  വിവരിച്ചിരിക്കുന്നത് കാണാം.

അതിനു ശെഷം വെളിപാട് 8:1 ൽ ഇങ്ങനെ കാണുന്നു

അവൻ ഏഴാം മുദ്രപൊട്ടിച്ചപ്പോൾ സ്വർഗ്ഗത്തിൽ ഏകദേശം അരമണിക്കൂറോളം മൌനത ഉണ്ടായി.

ഈ വാക്യത്തിൽ സൂചിപ്പിച്ചിരിക്കുന്ന മൗനതയിൽ ആണ് യുയോമയ ഭാഷയുടെ കാതൽ.

വിദ്വാൻ കുട്ടിയച്ചൻ പറയുന്നത്, അത് വരെ എല്ലാവരും സംസാരിച്ചു വന്നിരുന്ന മാനുഷ ഭാഷകളിൽ സംസാരിപ്പാൻ ആർക്കും കഴിഞ്ഞില്ല. അതിനാലാണ് മൗനതയുണ്ടായത് എന്നാണ്. ആ കുറവ് നികത്തുന്ന സ്വർഗ്ഗീയ ഭാഷയാണ് യുയോമയ ഭാഷ എന്ന് യുസ്തൂസ് യൊസഫ് ഈ പുസ്തകത്തിൽ സമർത്ഥിക്കുന്നു.

ഈ ഭാഷയ്ക്ക് കുറച്ചധികം പ്രത്യേകതകൾ ഉണ്ടെന്ന് ഇതിൽ പറയുന്നു. ഇതിൽ നേർ മൊഴികളും (അകത്തെ മൊഴികൾ) എതിർ മൊഴികളും (പുറത്തെ മൊഴി) ഉണ്ട്. നേർമൊഴിയിലെ എല്ലാ വാക്കുകളും തുടങ്ങുന്നത് സ്വരാക്ഷരങ്ങളിൽ ആയിരിക്കും. അതിനു പകരം പ എന്ന വ്യജ്ഞാനാക്ഷരം ചേർത്ത് വാക്കുകൾ ഉണ്ടാക്കിയാൽ അത് എതിർ മൊഴികൾ ആയി തീരുന്നു.

ഈ വിധത്തിൽ ഭാഷ അവതരിപ്പിച്ച ശേഷം തുടർന്ന് പുസ്തകത്തിൽ ഭാഷയുടെ പ്രത്യേകതകൾ ഓരോന്നായി വിദ്വാൻ കുട്ടിയച്ചൻ ചുരുളഴിക്കുകയാണ്.

ഈ വിഷയം കൈകാര്യം ചെയ്യാൻ ജ്ഞാനം ഇല്ലാത്തതിനാൽ കൂടുതൽ വിശകലനത്തിനു മുതിരുന്നില്ല. അത് ഇത് ലഭ്യമാകുന്ന നിങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. ആദ്യമൊക്കെ മലയാളത്തിലുള്ള വിശദീകരണം ക്രമേണ യുയോമയ ഭാഷയിലേക്ക് മാറുന്നത് കാണാം. (എന്നാൽ എല്ലാറ്റിനും മലയാളലിപി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്) ഏറ്റവും അവസാനം ചെറിയ ഒരു യുയോമയ ഭാഷ നിഘണ്ടുവും കാണാം.

പുസ്തകകത്തിനകത്ത് വിദ്വാൻ കുട്ടിയച്ചൻ ഈ ഭാഷയെ സംബന്ധിച്ച് എഴുതിയ വിവിധ കത്തുകളിലെ തീയതികളിൽ നിന്ന് ഈ ഭാഷയിലുള്ള പണി ഏകദേശം 1879-1880 കാലഘട്ടത്തിലാണ് അദ്ദേഹം ചെയ്തത് എന്ന് ഊഹിക്കാവുന്നതാണ്. പക്ഷെ ഈ പുസ്തകം ആ സമയത്ത് അച്ചടിച്ചിട്ടില്ല. ഈ പുസ്തകം അച്ചടിക്കുന്നത് 1896ൽ ആണ്. അതിനു മുൻപ് 1887ൽ വിദ്വാൻ കുട്ടിയച്ചൻ മരിച്ചിരുന്നു.

പുസ്തകം കോട്ടയം മലയാളമനോരമ പ്രസ്സിൽ ആണ് അച്ചടിക്കുന്നത്. ഇത് പ്രസിദ്ധീകരിക്കാൻ മുൻകൈ എടുക്കുന്നത് സഭാംഗമായ പുതുപ്പള്ളിൽ കൊച്ചുപറമ്പിൽ വി. ഇട്ടിക്കുഞ്ഞ് ആണ്.

ഭാഷയ്ക്ക് സ്വന്തമായ ലിപികളും അക്കാലത്ത് തന്നെ വിദ്വാൻ കുട്ടിയച്ചൻ നിർമ്മിച്ചിരുന്നു എങ്കിലും പുസ്തകത്തിൽ അത് ഉപയോഗിച്ചിട്ടില്ല. അതിനു പകരം മലയാള ലിപി ആണ് ഉപയൊഗിച്ചിരിക്കുന്നത്. ഈ പുസ്തകത്തിനു വേണ്ടി മാത്രമായി പുതിയ അച്ചുണ്ടാക്കുക എന്ന് അന്നത്തെ കാലത്ത് എളുപ്പമല്ലല്ലോ. അതിനു പുറമേ ലിപി അറിയുന്നവർ സംഭാംഗങ്ങളിൽ തന്നെ കുറവായിരിക്കും എന്ന പരിമിതിയും ഉണ്ടാകും. അതിനാൽ പുസ്തകത്തിൽ മൊത്തം മലയാളലിപിയാണ് ഉപയോഗിച്ചിരിക്കുന്നത്.

വേറൊരു പ്രധാന പ്രത്യേകതയായി പറയാവുന്നത് ഈ പുസ്തകം എഴുതിയ/പുറത്തിറങ്ങിയ കാലഘട്ടമാണ്. 1850-1900 വരെയുള്ള കാലഘട്ടത്തിലാണ് മലയാള ഭാഷയിലെ  ആദ്യത്തെ വ്യാകരണഗ്രന്ഥവും നിഘണ്ടുക്കളും മറ്റു അടിസ്ഥാനസംഗതികൾ  ഇറങ്ങുന്നത്. 1896ൽ ആണ് ഇന്ന് നമ്മൾ ആധികാരിക മലയാളവ്യാകരണ ഗ്രന്ഥമായി കരുതുന്ന കേരളപാണിനീയം വരുന്നത്. ഏതാണ്ട് അതിനോടൊക്കെ അടുത്ത് മറ്റൊരു ഭാഷയിൽ വ്യാകരണഗ്രന്ഥമെഴുതി ഉണ്ടാക്കുകയും ലിപി ഉണ്ടാക്കുകയും അതൊക്കെ ഉപയോഗത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നത് ചെറിയ കാര്യമല്ല.

ഈ ഭാഷയിൽ പാട്ടുകളും ഉണ്ട് എന്ന് പ്രത്യേകം പറയട്ടെ. അത് ഈ പുസ്തകത്തിൽ പ്രത്യെക വിഭാഗമായി കാണാവുന്നതാണ്. ഈ പാട്ടുകൾ യുയോമയ സഭാംഗങ്ങളിൽ ചിലർ ഇപ്പോൾ ഉപയൊഗിക്കുന്നുണ്ടെന്ന് തോന്നുന്നു.

വർത്തമാനകാലത്ത് ഈ ഭാഷയേയും ലിപിയേയും പുനരുദ്ധരിക്കാനുള്ള ശ്രമം ചില യുയോമയ സഭാംഗങ്ങൾ നടത്തുന്നുണ്ട്. സഭാംഗങ്ങളിൽ ഒരാളായ ശ്രിമതി അന്നമ്മാൾ തോമസ് ഇതിനു വേണ്ടി പ്രത്യേകം തയ്യാർ ചെയ്ത സഹായ ഡോക്കുമെന്റും ഇതോടൊപ്പം താഴെ ഡൗൺലോഡ് വിഭാഗത്തിൽ നിന്ന് കിട്ടും. ഈ ഡൊക്കുമെന്റിൽ യുയോമയ ഭാഷയുടെ ലിപികളും മറ്റും അന്നമ്മാൾ തോമസ് പരിചയപ്പെടുത്തുന്നത് കാണാം.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

Comments

comments

One comment on “1896 – അയുയൊമയൊ ഈരിഞ്ഛിക്ക്വാനൊവൊ ഇശാനാക്കാ – യുയോമയ ഭാഷയുടെ പാഠാരംഭം

  • സഹായ ഡോക്കുമെന്റ് access denied എന്ന് കാണിക്കുന്നു. ഇത് ഗൂഗിൾ ഡ്രൈവിൽ അല്ലാതെ മറ്റെവിടെയെങ്കിലും ലഭ്യമാണോ?

Comments are closed.