1839 – 1841 – ബെഞ്ചമിൻ ബെയിലി – പഴയനിയമ പുസ്തകങ്ങൾ – ഒന്നാം പങ്ക്, രണ്ടാം പങ്ക്, മൂന്നാം പങ്ക്

ആമുഖം

ബെഞ്ചമിൻ ബെയിലിയും സംഘവും ബൈബിളിന്റെ പഴയനിയമ പരിഭാഷ പൂർത്തിയാക്കി മുന്നു പങ്കുകളായി (ഭാഗങ്ങളായി) അച്ചടിച്ചു പ്രസിദ്ധീകരിച്ചതിന്റെ 3 ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ആദ്യമായാണ് ആദ്യകാല ബൈബിൾ പഴയ നിയമത്തിന്റെ ഡിജിറ്റൽ സ്കാനുകൾ നമുക്കു ലഭിക്കുന്നത് എന്നതിനാൽ ട്യൂബിങ്ങനിലെ ശേഖരത്തിൽ നിന്നുള്ള ഈ സ്കാനുകൾക്ക് പ്രാധാന്യം ഏറെയാണ്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകങ്ങൾ ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 219-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

 

1839 - 1841 - ബെഞ്ചമിൻ ബെയിലി - പഴയനിയമ പുസ്തകങ്ങൾ - ഒന്നാം പങ്ക്, രണ്ടാം പങ്ക്, മൂന്നാം പങ്ക്
1839 – 1841 – ബെഞ്ചമിൻ ബെയിലി – പഴയനിയമ പുസ്തകങ്ങൾ – ഒന്നാം പങ്ക്, രണ്ടാം പങ്ക്, മൂന്നാം പങ്ക്

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പങ്ക്:

 • പേര്: പഴയ നിയമം – ഒന്നാം പങ്ക് – മോശയുടെ അഞ്ചു പുസ്തകങ്ങൾ.
 • പ്രസിദ്ധീകരണ വർഷം:  1839
 • താളുകളുടെ എണ്ണം:  ഏകദേശം 479
 • പ്രസ്സ്: സി.എം.എസ്സ്. പ്രസ്സ്, കോട്ടയം

രണ്ടാം പങ്ക്:

 • പേര്: പഴയ നിയമം – രണ്ടാം പങ്ക് –  യൊശുവ, ന്യായാധിപന്മാർ, രൂഥ്, ൧ാം ൨ാം ശമുമെൽ, ൧ാം ൨ാം രാജാക്കന്മാർ, ൧ാം ൨ാം നാളാഗമം, എസ്രാ, നഹെമിയാ, എസ്തെർ എന്ന പുസ്തകങ്ങൾ.
 • പ്രസിദ്ധീകരണ വർഷം:  1840
 • താളുകളുടെ എണ്ണം:  ഏകദേശം 655
 • പ്രസ്സ്: സി.എം.എസ്സ്. പ്രസ്സ്, കോട്ടയം

മൂന്നാം പങ്ക്:

 • പേര്: പഴയ നിയമം –  മൂന്നാം പങ്ക് – യൊബ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, പ്രസംഗക്കാരൻ, ശലൊമൊന്റെ പാട്ട്, എശായ, യെറമിയ, വിലാപങ്ങൾ, ഹെസെക്കെൽ, ദാനിയെൽ എന്ന പുസ്തകങ്ങളും പന്ത്രണ്ട ചെറിയ ദീർഘദർശികളുടെ പുസ്തകങ്ങളും അടങ്ങിയിരിക്കുന്നു.
 • പ്രസിദ്ധീകരണ വർഷം:  1841
 • താളുകളുടെ എണ്ണം:  ഏകദേശം 793
 • പ്രസ്സ്: സി.എം.എസ്സ്. പ്രസ്സ്, കോട്ടയം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ബെഞ്ചമിൻ ബെയിലി ബൈബിൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്യാൻ തുടങ്ങിയ 1820കളുടെ തുടക്കം തൊട്ട് പരിഭാഷ ചെയ്യുന്നതിനു അനുസരിച്ച് ഓരോരോ പുസ്തകങ്ങളായി അച്ചടിച്ച് പുറത്തിറക്കുകയായിരുന്നു. 1829ൽ പുതിയ നിയമം മൊത്തമായി പൂർത്തികരിച്ചപ്പോൾ അത് ഒറ്റപുസ്തകമായി അച്ചടിച്ച് ഇറക്കി. അതിന്റെ സ്കാൻ ട്യൂബിങ്ങനിൽ നിന്ന് നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.

തുടർന്നുള്ള വർഷങ്ങളിൽ ബെഞ്ചമി ബെയിലിയും സംഘവും ബൈബിൾ പരിഭാഷ പൂർത്തീകരിക്കുന്ന ശ്രമം തുടർന്നു കൊണ്ടേ ഇരുന്നു. ഇതിന്റെ ഇടയ്ക്ക് 1834-1835ൽ ബെയിലി അവധിക്ക് ഇംഗ്ലണ്ടിൽ പോയതിനാൽ ഇടയ്ക്ക് കുറച്ചു തടസ്സം നേരിട്ടെങ്കിലും മടങ്ങി വന്നതിനു ശേഷം പഴയനിയമ പുസ്തകങ്ങളുടെ പരിഭാഷ തീർത്ത്, മലയാള ബൈബിൾ പരിഭാഷ പൂർത്തീകരിക്കുന്നതിനു ഉത്സാഹിച്ചു കൊണ്ടിരുന്നു. അങ്ങനെ 1839 ആയപ്പോഴേക്കും പരിഭാഷ മൊത്തമായി തീർന്നു. എന്നാൽ ബൈബിൾ പഴയ നിയമത്തിനു അന്നത്തെ കേരളത്തിലെ അച്ചടി രീതി വെച്ച് ഒറ്റയടിക്ക് ഒറ്റപുസ്തകമായി പ്രസിദ്ധീകരിക്കാൻ ആവുമായിരുന്നില്ല. അതിനാൽ 1839 മുതൽ 1841 വരെയുള്ള മൂന്നു വർഷങ്ങളിൽ മൂന്നു പങ്കായാണ് (ഭാഗമായാണ്) മലയാള ബൈബിൾ പഴയ നിയമം പ്രസിദ്ധീകരിക്കുന്നത്.

1839ൽ ഒന്നാം പങ്കും, 1840ൽ രണ്ടാം പങ്കും, 1841ൽ മൂന്നാം പങ്കും ഇറങ്ങി. ഇതോടെ മലയാള ബൈബിൾ പരിഭാഷ ബെഞ്ചമിൻ ബെയിലിയും സംഘവും പൂർത്തിയാക്കി. ഒന്നാം പങ്കിൽ മോശയുടെ അഞ്ചു പുസ്തകങ്ങളും. രണ്ടാം പങ്കിൽ  യൊശുവ, ന്യായാധിപന്മാർ, രൂഥ്, ൧ാം ൨ാം ശമുമെൽ, ൧ാം ൨ാം രാജാക്കന്മാർ, ൧ാം ൨ാം നാളാഗമം, എസ്രാ, നഹെമിയാ, എസ്തെർ എന്ന പുസ്തകങ്ങളും, മൂന്നാം പങ്കിൽ  യൊബ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, പ്രസംഗക്കാരൻ, ശലൊമൊന്റെ പാട്ട്, എശായ, യെറമിയ, വിലാപങ്ങൾ, ഹെസെക്കെൽ, ദാനിയെൽ എന്ന പുസ്തകങ്ങളും പന്ത്രണ്ട് ചെറിയ ദീർഘദർശികളുടെ പുസ്തകങ്ങളും ആണ് അടങ്ങിയിരിക്കുന്നത്.

ഇപ്പോൾ ഈ ഡിജിറ്റൽ സ്കാനുകൾ പരിശോധിക്കുമ്പോൾ ഇതു മൂന്നും വലിയ പുസ്തകങ്ങൾ ആണെന്ന് കാണാവുന്നതാണ്. അച്ചടിക്കുന്ന പേപ്പറിന്റെ കനത്തിലും അച്ചടി രീതിക്കും മറ്റും വളരെയധികം പരിമിതികൾ ഉള്ള അക്കാലത്ത് അതിനെ വഴിയുള്ളൂ. അതിനാൽ തന്നെയാണ് ഇത് മൂന്നുഭാഗമായി പ്രസിദ്ധീകരിക്കേണ്ടി വന്നത്.

ബൈബിളിന്റെ ആധുനിക പരിഭാഷ ആയ സത്യവേദപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ നമുക്ക് മുൻപ് കിട്ടിയതാണെങ്കിലും, ആദ്യകാല മലയാള ബൈബിൾ പഴയനിയമ പുസ്തകങ്ങളുടെ ഒരു ഡിജിറ്റൽ രൂപം കിട്ടുന്നത് ആദ്യമായാണ്. അതിനാൽ തന്നെ ഈ ഡിജിറ്റൽ റിലീസിനു വളരെ പ്രധാന്യമുണ്ട്. ഇന്നു ലോകത്തിൽ ഈ പതിപ്പുകളുടെ വളരെ കുറിച്ച് പ്രതികളെ അവശേഷിച്ചിട്ടുള്ളൂ. ട്യൂബിങ്ങനിലെ ഡിജിറ്റൽ ശേഖരത്തിൽ കൂടെ നമുക്ക് അത് ലഭ്യമായതിനാൽ അവരോട് നമുക്ക് കടപ്പാടുണ്ട്.

ലിപി പരിണാമം, മലയാള ഗദ്യപരിണാമം, അച്ചടി ചരിത്രം തുടങ്ങിയവയിൽ ഗവേഷണം ചെയ്യുന്നവർ ഒഴിവാക്കാൻ പറ്റാത്തവ ആണ് ബെയിലിയുടെ ഈ പഴയനിയമ പരിഭാഷകൾ.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

പഴയ നിയമം – ഒന്നാം പങ്ക്: 

 • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി: കണ്ണി
 • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (609 MB)

പഴയ നിയമം – രണ്ടാം പങ്ക്: 

 • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി: കണ്ണി
 • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (830 MB)

പഴയ നിയമം – മൂന്നാം പങ്ക്: 

 • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി: കണ്ണി
 • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (1011 MB)

Comments

comments