കേരള രേഖകളുടെ ഡിജിറ്റൈസേഷനും അത് എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യുക എന്നത് കുറഞ്ഞത് 2009 മുതലെങ്കിലും ഞാൻ നടത്തുന്ന സന്നദ്ധപ്രവർത്തനമാണ്.
കേരള രേഖകളുടെ ഡിജിറ്റൈസേഷൻ എന്ന വിഷയത്തോടുള്ള അദമ്യമായ താല്പര്യം നിമിത്തം, എൻ്റെ ഒഴിവു സമയത്ത്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനു മേലായി നടത്തി വന്നിരുന്ന കേരള രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പൊതുവായ പ്രദർശനവും എന്ന പദ്ധതി ഞാൻ തൽക്കാലം നിർത്തുന്നു. ഒരാൾ തന്നെ കായികാദ്ധ്വാനം നടത്തുന്നതിലെ അർത്ഥശൂന്യതയ്ക്കു പുറമെ, പദ്ധതി സ്കേൽ അപ്പ് ചെയ്യാൻ സാധിക്കാത്തതിലെ പ്രശ്നങ്ങളുമാണ് ഈ തീരുമാനത്തിലേക്ക് എത്താൻ പ്രധാനമായും എന്നെ പ്രേരിപ്പിച്ചത്. അതിനു പുറമേ വേറെ കാരണങ്ങളും ഉണ്ട്.
ഈ തീരുമാനത്തിലേക്ക് എത്താൻ എന്നെ പ്രേരിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ താഴെ പറയുന്നു:
- കായികാദ്ധ്വാനം നടത്തുന്നതിലെ അർത്ഥശൂന്യത
- പദ്ധതി സ്കേൽ അപ്പ് ചെയ്യാൻ സാധിക്കാത്തതിലെ നൈരാശ്യം
- രേഖകൾ ഉപയോഗിക്കുന്നവർ പോലും പദ്ധതിയെ സഹായിക്കാത്തത്
- സന്നദ്ധ പ്രവർത്തനത്തെ അംഗീകരിക്കാൻ കാണിക്കുന്ന മടിയിലുള്ള നിരാശ
- ക്ഷയിക്കുന്ന ആരോഗ്യം
- മാറുന്ന താല്പര്യം
- വ്യക്തി/കുടുംബപരമായ ഘടകങ്ങൾ
- സാമ്പത്തിക പ്രശ്നങ്ങൾ
ഇതിലെ ആദ്യത്തെ രണ്ട് പോയിൻ്റുകൾ മാത്രം പൊതുവായി എല്ലാവരും അറിയേണ്ടത് ആയതിനാൽ അത് മാത്രം ഇവിടെ വിശദീകരിക്കുന്നു. (ബാക്കിയുള്ള സംഗതികളുടെ വിശദീകരണം ഈ വിഷയത്തിൽ ഇതുവരെ എന്നോട് വളരെ അടുത്ത് സഹകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.)
മെച്ചപ്പെട്ട സംവിധാനങ്ങൾ ഉണ്ടായിരിക്കെ കായികാദ്ധ്വാനം നടത്തുന്നതിലെ അർത്ഥശൂന്യത
കഴിഞ്ഞ കുറച്ചു മാസങ്ങളായി, കേരള രേഖകളുടെ ഡിജിറ്റൈസേഷനു എനിക്കു വേണ്ടി വരുന്ന സമയത്തിൻ്റെ കണക്ക് ഞാൻ എടുക്കുകയായിരുന്നു. രേഖകൾ എവിടെ നിന്നെങ്കിലും കണ്ടെടുത്ത് (ഇത് തന്നെ കുറച്ചധികവും സമയവും മറ്റും എടുക്കുന്ന പ്രക്രിയ ആണ്) എൻ്റെ പക്കൽ എത്തിയതിനു ശേഷം, ഒരു പേജ് ഡിജിറ്റൈസ് ചെയ്ത് പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ എനിക്ക് ശരാശരി 3-4 മിനിറ്റ് സമയം വേണ്ടി വരുന്നുണ്ട്. അതായത്, 100 പേജുള്ള ഒരു പുസ്തകം നിങ്ങളുടെ മുന്നിലെത്തിക്കാൻ ഏകദേശം 3-5 മണിക്കൂർ എനിക്ക് പണിയെടുക്കേണ്ടി വരുന്നു. ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട മിക്ക മേഖലകളിലും ഇത്രയും വർഷത്തെ പ്രവർത്തി പരിചയം കൊണ്ട് വളരെ മികച്ച കഴിവ് എനിക്കുണ്ടായതിനു ശേഷവും ഇതാണ് സ്ഥിതി എന്നത് ആലോചിക്കണം.
കായികമായ അദ്ധ്വാനം ലഘൂകരിക്കാൻ മെച്ചപ്പെട്ട സംവിധാനങ്ങൾ ഉണ്ടായിരിക്കെ ഈ വിധത്തിലുള്ള അദ്ധ്വാനത്തിനു ഇനി മുൻപോട്ട് നിലനിൽപ്പ് ഇല്ല എന്ന് ഞാൻ മനസ്സിലാകുന്നു. കാരണം ഈ വിധത്തിൽ പോയാൽ ജീവിതകാലം മൊത്തം ഞാൻ ഇങ്ങനെ തന്നെ ചെയ്യേണ്ടി വരും. അത് അർത്ഥരഹിതമാണ്.
പദ്ധതി സ്കേൽ അപ്പ് ചെയ്യാൻ സാധിക്കാത്തതിലെ നൈരാശ്യം
മുകളിൽ സൂചിപ്പിച്ച പ്രശ്നം ഒരു പരിധി വരെ പരിഹരിക്കുന്നത്, പദ്ധതി സ്കേൽ അപ്പ് ചെയ്യുമ്പോഴാണ്. എന്നാൽ അത് സന്നദ്ധപ്രവർത്തകർ വന്ന് ചെയ്യുമെന്ന് കരുതുന്നത് അർത്ഥശൂന്യമാണ്. കാരണം ഈ പദ്ധിക്ക് ആവശ്യമായ പാഷൻ അങ്ങനെ പൊതുവായി സാമാന്യജനത്തിനു ഉണ്ടാവുന്നതല്ല. അതിനാൽ തന്നെ സ്കേൽ അപ്പ് ചെയ്യാനുള്ള എൻ്റെ ശ്രമങ്ങൾ പരാജയപ്പെട്ടു.
ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജിറ്റൈസേഷൻ പ്രോസസ് ഒപ്റ്റിമസ് ചെയ്ത്, ഞാൻ മുകളിൽ സൂചിപ്പിച്ച 3-4 മിനിറ്റ് അര മിനിറ്റിൽ താഴെ കൊണ്ട് വന്ന് ഒരു ദിവസം തന്നെ 1000 പേജുകൾ എങ്കിലും ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് മാറ്റുന്ന തരത്തിൽ ഈ പദ്ധതി മാറണം. ഈ മേഖലയിൽ ലോകത്ത് ഉണ്ടായിരിക്കുന്ന പുതിയ ടെക്നോളജി ഉപയോഗിക്കണം. ആ സൗകര്യങ്ങൾ ഉണ്ടായിരിക്കേ ഒച്ചിഴയുന്ന വേഗതയിൽ പോകുന്ന എൻ്റെ സന്നദ്ധ പ്രവർത്തനം അർത്ഥശൂന്യമാണ്. ഒട്ടും തന്നെ ബുദ്ധിപൂർവ്വമല്ല എന്നും പറയാം.
ഇങ്ങനെ സ്കേൽ അപ്പ് ചെയ്താൽ മാത്രമേ ഈ പദ്ധതി അതിൻ്റെ ലക്ഷ്യം നേടൂ. അല്ലാതെ ഞാൻ നടത്തുന്ന ഒറ്റപ്പെട്ട ശ്രമം കൊണ്ട് ഇത് എത്തിചേരേണ്ട ലക്ഷ്യത്തിൽ ഒരിക്കലും എത്തില്ല. മാത്രമല്ല ഈ രീതിയിൽ പോയാൽ രേഖകൾ മിക്കതും അപ്രത്യക്ഷമാകും. എനിക്ക് ആക്സെസ് ഉള്ളയിടത്തെ രേഖകൾ പോലും ഡിജിറ്റൈസ് ചെയ്ത് തീർക്കാൻ എനിക്കു പറ്റുന്നില്ല. ഞാൻ ഡിജിറ്റൈസേഷൻ പ്രവർത്തനം തൽക്കാലം നിർത്തിവെക്കുന്ന ഈ ഘട്ടത്തിൽ പോലും പഴയകാല പാഠപുസ്തകങ്ങളും, മാസികളും അടക്കം 500നടുത്ത് രേഖകൾ ഡിജിറ്റൽ മോക്ഷപ്രാപ്തി കാംക്ഷിച്ച് എൻ്റെ വീട്ടിൽ ഇരിക്കയാണ്. അതൊക്കെ ഇനി ഉടമസ്ഥരെ തിരിച്ചേൽപ്പണം. എനിക്ക് ഇപ്പോൾ ആക്സെസ് ഇല്ലാത്ത സ്ഥലങ്ങളിലെ രേഖകളുടെ പെരുപ്പം കൂടെ കണക്കിലെടുത്താൽ, പദ്ധതി കൂടുതൽ സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ സ്കേൽ അപ്പ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം എല്ലാവർക്കും മനസ്സിലാകും.
മുകളിൽ പറഞ്ഞ രണ്ടു കാരണങ്ങൾ കൊണ്ട് തന്നെ കേരള രേഖകളുടെ ഡിജിറ്റൈസേഷനും അവയുടെ പൊതുവായ പ്രദർശനവും എന്ന പദ്ധതി സർക്കാരോ വിഷയത്തിൽ താല്പര്യമുള്ളവരോ ഏറ്റെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ മുൻപോട്ട് കൊണ്ട് പോകണം എന്നാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്. ലോകോത്തര ഗുണനിലവാരത്തിൽ ഡിജിറ്റൈസ് ചെയ്യുക, ഡിജിറ്റൈസ് ചെയ്ത രേഖ എല്ലാവർക്കും എപ്പോഴും ആക്സെസ് ചെയ്യാവുന്ന വിധത്തിൽ ലഭ്യമാക്കുക എന്നീ സംഗതികൾ പദ്ധതിയുടെ അടിസ്ഥാനനിയമങ്ങൾ ആയി സ്വീകരിച്ചാൽ ഇത് സമൂഹത്തിനു ഗുണമുള്ളതായി തീരും.
ഈ വിഷയത്തിൽ പറയാനുള്ള മിക്കവാറും കാര്യങ്ങളൊക്കെ 2015ൽ ഞാനും എൻ്റെ സുഹൃത്ത് സുനിലും കൂടെ ഡോക്കുമെൻ്റ് ചെയ്തിടുണ്ട്. അത് ഇവിടെ (മലയാളപൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ – നിലവിലെ സ്ഥിതിയും സാദ്ധ്യതകളും) കാണാം.
ആദ്യകാല മലയാള അച്ചടി രേഖകളെ കുറിച്ചുള്ള സാമാന്യവിവരം മനസ്സിലാക്കുന്നതിലും, അതുസംബന്ധിച്ച വിവരങ്ങൾ ഡോക്കുമെൻ്റ് ചെയ്യുന്നതിലും, വലിയ രേഖാ ശേഖരങ്ങൾ തപ്പിയെടുക്കുന്നതിലും, രേഖകൾ സംരംക്ഷിക്കുന്നതിലും ഒക്കെ അത്യാവശ്യം ജ്ഞാനം ഞാൻ കഴിഞ്ഞ 10-12 കൊല്ലത്തെ പ്രവർത്തി പരിചയം കൊണ്ട് നേടിയിട്ടുണ്ട്. അതിനെ എല്ലാവർക്കും ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കാൻ എന്നെ കൊണ്ട് ആവുന്ന വിധത്തിൽ ഞാൻ ഇത്ര നാളും ശ്രദ്ധിച്ചു. എന്നാൽ അത് ഇന്നത്തെ നിലയിൽ തുടർന്ന് കൊണ്ട് പോകാൻ എനിക്കാവില്ല എന്നതിൽ ഖേദിക്കുന്നു.
ഇതുവരെ ഞാൻ ഡിജിറ്റൈസ് ചെയ്ത രേഖകൾക്ക്, എൻ്റെ ഈ തീരുമാനം മൂലം ഒരു മാറ്റവും വരുന്നില്ല എന്ന് ഓർക്കുക. അത് അപ്‌ലൊഡ് ചെയ്ത ഇടങ്ങളിൽ തന്നെ ഉണ്ടാകും. ഈ ബ്ലോഗും അതിലെ പൊതു വിവരങ്ങളും അങ്ങനെ തന്നെ നിലനിൽക്കും.
ഡിജിറ്റൈസ് ചെയ്ത ചില പ്രധാനശെഖരങ്ങൾ
ഈ സൈറ്റിലെ പോസ്റ്റുകളിൽ നിന്ന് ഡിജിറ്റൈസ് ചെയ്ത ഓരോ രേഖയും തപ്പിയെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. പദ്ധതി കോർഡിനേറ്റ് ചെയ്ത ഞാൻ പോലും ചിലപ്പോൾ രേഖകൾ തപ്പി കണ്ടെത്താൻ ബുദ്ധിമുട്ടാറുണ്ട്. അതിനാൽ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ ചില നിർദ്ദേശങ്ങൾ തരാം.
-
ഏറ്റവും വിഷമം പിടിച്ച വഴി. സൈറ്റിലെ (https://shijualex.in/) ആയിരത്തിൽ പരം പോസ്റ്റുകൾ ഓരോന്നായി എടുത്തു നോക്കുക.
- ഗൂഗിൾ സേർച്ച് ഉപയോഗിക്കുക. നിങ്ങൾ തിരയുന്ന രേഖയുടെ കീ വേർഡുകൾ ഉപയോഗിച്ച് മലയാളത്തിൽ/ഇംഗ്ലീഷിൽ ഗൂഗിൾ സേർച്ച് നടത്തുക. ഉദാഹരണം മൃഗചരിതം എന്ന് തിരഞ്ഞാൽ ആദ്യത്തെ 2-3 റിസൽട്ടിൽ അത് റിലീസ് ചെയ്തപ്പോൾ എഴുതിയ ഈ പോസ്റ്റിൻ്റെ ലിങ്ക് വരും
- ബ്ലോഗിലെ സേർച്ച് ഉപയോഗിക്കുക. ഉദാഹരണം കണക്കതികാരം എന്ന് ബ്ലോഗിലെ സേർച്ചിൽ തിരഞ്ഞാൽ അത് റിലീസ് ചെയ്തപ്പോൾ എഴുതിയ ഈ പോസ്റ്റിൻ്റെ ലിങ്ക് വരും
- ഈ സൈറ്റിലെ List of Kerala public domain books എന്ന ലിസ്റ്റ് സന്ദർശിക്കുക. 2020 നവബർ വരെ ഞാൻ ഡിജിറ്റൈസ് ചെയ്ത രേഖകളുടെ വിവരം ഈ പേജിലെ സ്പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷമുള്ളവ അപ്‌ഡേറ്റ് ചെയ്യാൻ എനിക്കു പറ്റിയിട്ടില്ല. ഈ സ്പ്രെഡ് ഷീറ്റിലെ ഡാറ്റ പല വിധത്തിൽ ഫിൽറ്റർ ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള രേഖയെ കണ്ടെത്താവുന്നതാണ്.
- ഇത് വരെ ഡിജിറ്റൈസ് ചെയ്ത രെഖകളിലെ 80% എങ്കിലും https://archive.org/details/kerala-archives എന്ന ഈ ഒറ്റ ലിങ്ക് വഴി ലഭിക്കും. അതിലുള്ള ഫിൽറ്ററുകൾ പല വിധത്തിൽ ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള രേഖയെ കണ്ടെത്തുക.
- ഡിജിറ്റൈസ് ചെയ്ത പാഠപുസ്തക്ങ്ങൾ എല്ലാം കൂടെ ഈ ലിങ്ക് വഴി ആക്സെസ് ചെയ്യാം https://archive.org/details/kerala-text-books
- ഡിജിറ്റൈസ് ചെയ്ത ആനുകാലികങ്ങൾ എല്ലാം കൂടെ ഈ ലിങ്ക് വഴി ആക്സെസ് ചെയ്യാം https://archive.org/details/kerala-periodicals
- ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ എല്ലാം കൂടെ ഈ ലിങ്ക് വഴി ആക്സെസ് ചെയ്യാം https://archive.org/details/kssp-archives
- കോന്നിയൂർ നരേന്ദ്രനാഥിൻ്റെ രചനങ്ങൾ എല്ലാം കൂടെ ഈ ലിങ്ക് വഴി ആക്സെസ് ചെയ്യാം https://archive.org/details/konniyoor-narendranath
- ഗുണ്ടർട്ട് ലെഗസി പദ്ധതിയിലൂടെ ഡിജിറ്റൈസ് ചെയ്ത രേഖകളുടെ വിശദാംശങ്ങൾ ഈ പോസ്റ്റിൽ കാണാം https://shijualex.in/gundert-legacy-malayalam-list/
ഉപസംഹാരം
കേരളത്തിൻ്റെ ഒരു പൊതു സൗജന്യഡിജിറ്റൽ ലൈബ്രറി എന്ന “വേറിട്ട സങ്കല്പത്തിനു” (എല്ലാവർക്കും എളുപ്പത്തിൽ ആക്സെസ് ചെയ്യാവുന്ന തരത്തിൽ) എന്നെ കൊണ്ട് ആവുന്ന വിധത്തിൽ ചെറിയ ഒരു അടിസ്ഥാനമിട്ടു എന്ന് ഞാൻ കരുതുന്നു. എൻ്റെ ഈ സന്നദ്ധപ്രവർത്തനത്തിലൂടെ ആദ്യകാല അച്ചടിരേഖകളിൽ പ്രമുഖമായവ മിക്കതും ഡിജിറ്റൈസ് ചെയ്ത് പൊതുവായി എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പങ്കുവെക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ എനിക്കു അഭിമാനമുണ്ട്. എന്നാൽ എൻ്റെ ഈ എളിയ ശ്രമം അതിൻ്റെ അടുത്ത ഘട്ടത്തിലേക്ക് പോകേണ്ടതുണ്ട്. അതിനായുള്ള ശ്രമങ്ങൾ ഉണ്ടാകും എന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്.
ഈ വിഷയത്തിൽ നേരിട്ട് എന്നോട് സഹകരിച്ച എൻ്റെ അടുത്ത സുഹൃത്തളോടുള്ള കടപ്പാട് രേഖപ്പെടുത്തി കൊണ്ട് ഞാൻ തൽക്കാലികമായെങ്കിലും വിടവാങ്ങുന്നു.
You must be logged in to post a comment.