1847 – പശ്ചിമൊദയം മാസിക

ആമുഖം

ടൈഫോയിഡ് പിടിച്ച് ഒരാഴ്ചയോളം ആശുപത്രിവാസത്തിൽ ആയിരുന്നതിനാൽ ഗുണ്ടർട്ട് ശേഖരത്തിലെ സ്കാനുകളുടെ റിലീസ് മുടങ്ങി പോയി. അത് പുനഃരാരംഭിക്കുന്നു.

മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിന്റെ 1847ൽ ഇറങ്ങിയ മൂന്നുലക്കങ്ങളുടെ സ്കാനാണ് ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്. മലയാളഭാഷയുടെ അച്ചടി ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു മാസിക ആണിത്. ഇത്   തലശ്ശേരിയിലെ കല്ലച്ചിൽ ആണ് അച്ചടിച്ചത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം  92 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പശ്ചിമൊദയം
  • താളുകളുടെ എണ്ണം: 8 താളുകൾ ഓരോ ലക്കത്തിന്നും (ഈ ലക്കത്തിൽ 3 ലക്കങ്ങൾ)
  • പ്രസിദ്ധീകരണ വർഷം:1847
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1847-പശ്ചിമൊദയം
1847-പശ്ചിമൊദയം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മലയാളത്തിലെ ആദ്യത്തെ മാസിക 1847ൽ പ്രസിദ്ധീകരണം തുടങ്ങിയ രാജ്യസമാചാരം ആയിരുന്നു. എന്നാൽ ഈ മാസികയുടെ ഉള്ളടക്കം ക്രൈസ്തവമതസംഗതിയായ ലേഖനങ്ങൾ ആയിരുന്നു. അതിനാൽ മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഗുണ്ടർട്ടും കൂട്ടരും പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം.

1847 ഒക്ടോബറിൽ ആണ് തലശ്ശെരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847 ഒക്ടോബർ, നവബർ, ഡിസംബർ എന്നീ മൂന്നു മാസത്തെ ലക്കങ്ങൾ ആണ് ഈ സ്കാനിൽ ഉള്ളത്.

കേരളപഴമ എന്ന പുസ്തകത്തിന്റെ ഖണ്ഡശ്ശയുള്ള പ്രസിദ്ധീകരണം ഗുണ്ടർട്ട് 1847 ഒക്ടോബറിലെ ആദ്യത്തെ ലക്കത്തിൽ തന്നെ തുടങ്ങുന്നുണ്ട്. അതിനു പുറമെ ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം എന്ന പല ലേഖനങ്ങളും കാണാം. ഇവിടെ ജ്യോതിഷ വിദ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജ്യോതിശാസ്ത്രത്തെ ആണ്. ആ കാലഘട്ടത്തിൽ ഇപ്പോഴുള്ള പോലെ ഒരു തരം തിരിവ് ഉണ്ടായിരുന്നില്ലല്ലോ.

ഈ സ്കാനിന്റെ വേരൊരു പ്രത്യേകത 1847 നവമ്പർ ലക്കത്തിൽ തന്നെ കാണുന്ന ചിത്രങ്ങൾ ആണ്. ഏതെങ്കിലും ഒരു മലയാളപുസ്ത്കത്തിലെ ഏതെങ്കിലും വിധത്തിൽ ചിത്രം ഉപയോഗിച്ചതിന്റെ ആദ്യ ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്. ഈ മാസിക ലിത്തോഗ്രഫി സങ്കേതം ഉപയോഗിച്ചു അച്ചടിച്ചതിനാൽ ആണ് അതിനു കഴിഞ്ഞത്. രാശിചക്രത്തിന്റെ ചിത്രം, ഒരോ രാശിയുടെയും ചിഹ്നങ്ങളുടെ ചിത്രം ആണ് 1847 നവംമ്പർ ലക്കത്തിൽ കാണുന്ന. 1847 ഡിസംബർ ലക്കത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള ഭൂപടം (മുകളിലെ കവർ ചിത്രം കാണുക) കാണാം.

 

പശ്ചിമോദയം മാസികയിൽ കാണുന്ന സൂര്യരാശിയുടെ ചിത്രം
പശ്ചിമോദയം മാസികയിൽ കാണുന്ന സൂര്യരാശിയുടെ ചിത്രം

 

മാസങ്ങളും നഷത്രങ്ങളും ചിഹ്നങ്ങളും
മാസങ്ങളും നഷത്രങ്ങളും ചിഹ്നങ്ങളും

 

ഇത് പഴയ മലയാളമെഴുത്തിന്റെ ലിത്തൊഗ്രഫി അച്ചടി ആയതിനാൽ വായിക്കാൻ അത്ര എളുപ്പം ആവണമെന്നില്ല. എന്നാൽ റോജി പാലാ ഇത് മൊത്തമായി വായിച്ചെടുത്ത് മലയാളം യൂണിക്കോഡിൽ ആക്കിയിട്ടുണ്ട്. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി യൂണിക്കോഡ് പതിപ്പ് റിലീസ് ചെയ്യുമ്പോൾ അത് എല്ലാവർക്കും കാണാം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

Comments

comments