ആമുഖം
പൂജ-ദസറ അവധിക്കു നാട്ടിൽ പൊയപ്പോൾ കരസ്ഥമാക്കിയ മറ്റൊരു പൊതുസഞ്ചയ പുസ്തകത്തിന്റെ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ പുസ്തകം കേരളക്രൈസ്തവ സഭകളുടെ ആരാധനാഭാഷയുടെ മലയാളവൽക്കരണവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള പുസ്തകമാണ്.
പുസ്തകത്തിന്റെ വിവരം
- പേര്: യാക്കൊബ ശ്ലീഹായുടെ കുറുബാന ക്രമം (ഇന്നത്തെ മലയാള രീതി വെച്ച് ഇത് യാക്കോബ് ശ്ലീഹായുടെ കുറുബാന ക്രമം എന്നു വായിക്കണം.)
- താളുകൾ: 83
- രചയിതാവ്: ഒരാൾ ആവണം എന്നില്ല. അക്കാലത്തെ മലങ്കര മെത്രാപ്പൊലീത്ത ആയിരുന്ന മാർ അത്തനോസ്യസ് മെത്രാപോലിത്തയുടെ നേതൃത്തിൽ ആവണം ഇത് ചെയ്തത്.
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
- പ്രസിദ്ധീകരണ വർഷം: 1872
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
CMS മിഷനറിമാരുടെ ഇടപെടലുകൾ ഉണ്ടാകുന്നതിനു മുൻപ് കേരളക്രൈസ്തവ സഭകൾ സുറിയാനിയിൽ മുങ്ങി കിടക്കുകയായിരുന്നു. സുറിയാനി ആകട്ടെ മിക്കവാറും ഒക്കെ പുരോഹിതവർഗ്ഗമായിരുന്നു കൈകാകാര്യം ചെയ്തിരുന്നത്. ഇതു മാറ്റി ജനത്തിനു മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കാൻ തുടങ്ങുന്നത് മിഷനറിമാർ വന്നതിനു ശേഷമാണ്. CMS മിഷനറിമാരുടെ സ്വാധീനം മൂലം ഏകദേശം 1830കളിൽ മാരാമൺ പള്ളിയിൽ എബ്രഹാം മല്പാൻ മലയാളത്തിൽ കുർബ്ബാന ചൊല്ലുന്നത്. അന്ന് അത് ഒരു വിപ്ലവമായിരുന്നു. അതിന്റെ ഒക്കെ ഒരു തുടർച്ചയാണ് മലയാളഭാഷയിലുള്ള കുർബ്ബാന ക്രമം. 1830കളിൽ മാരാമൺ പള്ളിയിൽ എബ്രഹാം മല്പാൻ മലയാളത്തിൽ കുർബ്ബാന ചൊല്ലി എന്നു പറയുന്നു എങ്കിലും ആ കാലഘട്ടങ്ങളിലെ മലയാളം കുർബ്ബാനയുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേഖകൾ ഒന്നും തന്നെ നമുക്ക് കിട്ടിയിട്ടില്ല. അതാണ് ഈ രേഖയുടെ പ്രത്യെകത. ഈ പുസ്തകം നമുക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും പഴക്കമുള്ള മലയാളം കുർബ്ബാനക്രമമാണ്.
ഈ പുസ്തകം അക്കാലത്തെ മലങ്കരസഭയുടെ കുർബ്ബാന ക്രമമാണ്. ഇക്കാലത്തു തന്നെ ഈ സഭയിൽ ഇതുമായി ബന്ധപ്പെട്ടു തന്നെ ധാരാളം ചേരിതിരുവുകൾ ഉണ്ടായിയിരുന്നു. ഈ കുർബ്ബാനക്രമം അംഗീകരിക്കാത്ത വിഭാഗവും അക്കലത്തെ സഭയിൽ ഉണ്ടായിരുന്നു. അവർ ഈ കുർബ്ബാനക്രമത്തെ അരകുർബ്ബാന ക്രമം എന്നു വിളിച്ചു. അക്കാലത്തെ മലങ്കര സഭയാകട്ടെ ഇന്നു യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മ, മലങ്കര കത്തോലിക്ക, ഇവാഞ്ചലിക്കൽ തുടങ്ങി വിവിധ സഭകളായി വിഘടിച്ചു പോയി. ഈ പ്രത്യേക കുർബ്ബാനക്രമത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ. എന്റെ അറിവിൽ ഇന്നു കുറഞ്ഞ പക്ഷം തൊഴിയൂർ സഭ-ഓർത്തഡോക്സ്-യാക്കോബ-മാർത്തോമ്മ സഭകൾ എങ്കിലും ഈ കുർബ്ബാന ക്രമത്തെ (St. James Liturgy) ആധാരമാക്കിയ കുർബ്ബാനക്രമമാണ് ഉപയോഗിക്കുന്നത്. കൂടുതൽ കാര്യങ്ങൾ പറവാൻ അറിവില്ല.
പുസ്തകത്തിലെ വിഷയത്തിന്റെ വിശകലനം ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- ലഭ്യമായ പ്രധാന താൾ: https://archive.org/details/1872_Kurubana_Kramam
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി
You must be logged in to post a comment.