1994 – പഴശ്ശിരേഖകൾ

ആമുഖം

ഡോ: ജോസഫ് സ്കറിയ എഡിറ്ററായും ഡോ. സ്കറിയ സക്കറിയ ജനറൽ എഡിറ്ററായും ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ 1994ൽ പ്രസിദ്ധീകരിച്ച പഴശ്ശിരേഖകൾ എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്.

പ്രസിദ്ധീകരണ വർഷം കണക്കിലെടുത്താൽ ഇതു ഒരു പൊതുസഞ്ചയ പുസ്തകം അല്ല. എന്നാൽ ഇതിന്റെ ആമുഖപഠനങ്ങൾ ഒഴിച്ചുള്ള ഉള്ളടക്കം പൊതുസഞ്ചയത്തിൽ ആണ് താനും. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി പ്രത്യേക ധാരണങ്ങൾ പ്രകാരം ഈ പുസ്തകം മൊത്തമായി സ്വതന്ത്രലൈസൻസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 81-മത്തെ രേഖയും സ്വതന്ത്രലൈസൻസിൽ നമുക്ക് ലഭിക്കുന്ന നാലാമത്തെ പുസ്തകവുമാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പഴശ്ശിരേഖകൾ
  • താളുകളുടെ എണ്ണം: ഏകദേശം 220
  • പ്രസിദ്ധീകരണ വർഷം:1994
  • പ്രസ്സ്: ഡി.സി. ബുക്സ്, കോട്ടയം
1994 തലശ്ശേരി രേഖകൾ
1994 തലശ്ശേരി രേഖകൾ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഈ പുസ്ത്കത്തിലെ ഉള്ളടക്കം പഴശ്ശിരാജാവുമായി  ബന്ധപ്പെട്ട രേഖകൾ ആണ്. ഏതാണ്ട് 13 ൽ വാല്യങ്ങൾ ഉള്ള തലശ്ശേരി രേഖകളുടെ 4, 12 എന്നീ വാല്യങ്ങളിൽ ആണ് പഴശ്ശിരാജാവുമായി ബന്ധപ്പെട്ട രേഖകൾ ഉള്ളത്.

മലബാറിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആരംഭകാലത്ത് വടക്കേ മലബാറിലെ രാജാക്കന്മാരും, നാടുവാഴികളും സാധാരണജനങ്ങളും ബ്രിട്ടീഷ് അധികാരികൾക്ക് എഴുതിയ കത്തുകളുടേയും അവയ്ക്കുള്ള മറുപടികളുടേയും ഒരു ശേഖരമാണ് തലശ്ശേരി രേഖകൾ (Thalassery Manuscripts). മുഖ്യമായും 1796 മുതൽ 1800 വരെയുള്ള നാലുവർഷക്കാലത്തേതായ ഈ കത്തുകൾ ശേഖരിച്ചു പന്ത്രണ്ടു വാല്യങ്ങളായി കുത്തിക്കെട്ടി സൂക്ഷിച്ചത്, ഹെർമ്മൻ ഗുണ്ടർട്ടാണ്. തലശ്ശേരിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ആസ്ഥാനത്ത്, ഉള്ളടക്കം ഒന്നോ രണ്ടോ വരിയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം നശിപ്പിക്കാൻ വച്ചിരുന്നതാകാമെന്നും അവ അധികാരികളിൽ നിന്നു കെഞ്ചി വാങ്ങി സംരക്ഷിക്കുകയും തന്റെ മലയാളഭാഷാപഠനങ്ങൾക്ക് സമൃദ്ധമായി ഉപയൊഗിക്കുകയും ആണ് ഗുണ്ടർട്ട് ചെയ്തതെന്നും കരുതപ്പെടുന്നു.

കൈയെഴുത്തിൽ, 4448 പുറങ്ങളിലായി 1684 കത്തുകളാണ് ഈ സഞ്ചയത്തിലുള്ളത്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ തുടക്കത്തിൽ മലബാറിലെ രാഷ്ട്രീയത്തിൽ പ്രധാനപങ്കുവഹിച്ച കേരളവർമ്മ പഴശ്ശിരാജയുടെ ഇരുപത്തഞ്ചോളം കത്തുകളും ഇതിലുൾപ്പെടുന്നു. ശേഖരത്തിലെ നാലും പന്ത്രണ്ടും വാല്യങ്ങളിലായി 255 കത്തുകൾ പഴശ്ശിയുമായി ബന്ധപ്പെട്ടവയാണ്. (അവലംബം: മലയാളം വിക്കിപീഡിയ)

തലശ്ശേരി രേഖകളുടെ ആറോളം വാല്യങ്ങളുടെ കൈയെഴുത്തുപ്രതി നമുക്ക് ഇതിനകം കിട്ടിയതാണ്. അതു ഇവിടെ കാണാം. തലശ്ശേരി രേഖകളുടെ ആധുനിക എഡീഷന്റെ സ്കാൻ ഇവിടെയും കാണാം.

പഴശ്ശിരാജാവുമായി ബന്ധപ്പെട്ട രേഖകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ആ ഉള്ളടക്കത്തിനു പുറമേ ഏ.പി. ആൻഡ്രൂസു കുട്ടി, എഡിറ്റർമായ ഡോ: സ്കറിയ സക്കറിയ, ജോസഫ് സ്കറിയ എന്നിവരുടെ പഴശ്ശിരേഖകളെ പറ്റിയുള്ള പഠനങ്ങളും കാണാം. ആമുഖപഠനങ്ങൾ പഴശ്ശിരേഖകളെ പറ്റിയും പറ്റിയും, ട്യൂബിങ്ങൻ രേഖകളുടെ പ്രാധാന്യത്തെ പറ്റിയും ഒക്കെ  വിലപ്പെട്ട വിവരങ്ങൾ തരുന്ന ലേഖനങ്ങളാണ്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments