യുസ്തൂസ് യോസഫ് – യുയോമയം – നിത്യാക്ഷരങ്ങൾ – 1903

ആമുഖം

2012-ൽ തന്നെ ഡിജിറ്റൈസ് ചെയ്തതും എന്നാൽ വേണ്ട വിധത്തിൽ പരിചയപ്പെടുത്താൻ സാധിക്കാഞ്ഞതുമായ ഒരു പുസ്തകം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

പുസ്തകം പരിചയപ്പെടുത്തുന്നതിനു മുൻപ് ഈ പുസ്തകം എഴുതിയ വ്യക്തിയെ സംബന്ധിച്ചുള്ള ചില സംഗതികൾ മനസ്സിലാക്കേണ്ടതുണ്ട്. എന്നാലേ ഈ പുസ്തകത്തിന്റെ പ്രധാന്യം മനസ്സിലാകൂ.

ഒരു പക്ഷെ മലയാളക്രൈസ്തവ ഗാനശാഖയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന വിദ്വാൻകുട്ടിയച്ചൻ എന്ന മറുപേരിൽ അറിയപ്പെടുന്ന യുസ്തൂസ് യോസഫ് ആണ് ഈ പുസ്തകത്തിന്റെ രചയിതാവ്. യുയോമയ സഭ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു ക്രൈസ്തവ സഭയുടെ (മിക്ക ക്രൈസ്തവരും ഈ സഭയെ ഇന്ന് ഒരു ആരാധനാ മതം (കൾട്ട്) ആയി കരുതുന്നു) പിറവിക്ക് കാരണക്കാരൻ കൂടി ആണ് യുസ്തൂസ് യോസഫ്.

യുസ്തൂസ് യോസഫിനെ ഇന്ന് മറ്റ് ക്രൈസ്തവ സഭകൾ കാണുന്നത് മലയാളദേശത്ത് മലയാള ക്രൈസ്തവ ഗാനങ്ങൾക്ക് നിലയും വിലയും ഉണ്ടാക്കി കൊടുത്ത ആൾ എന്ന നിലയിൽ ആണ്.

മലയാള ക്രൈസ്തവ ഗാനരചയിതാക്കളെ കുറിച്ച് റവ: ടി.കെ. ജോർജ്ജ് എഴുതിയ “ക്രൂശിലെ സ്നേഹത്തിന്റെ പാട്ടുകാർ” എന്ന പുസ്തകത്തിൽ വിദ്വാൻ കുട്ടിയച്ചന്റെ സംഭവനകളെ പറ്റി ഇങ്ങനെ പറയുന്നു.

വിദ്വാന്‍കുട്ടിയച്ചനു മുന്‍പു് മലയാളക്കരയിലെ ക്രൈസ്തവആരാധനയില്‍, ദൈവസ്നേഹത്തേയും ക്രൂശുമരണത്തേയും കുറിച്ചു് പൗരസ്ത്യ ഓര്‍ത്തഡോക്സുകാരും സുറിയാനി കത്തോലിക്കരും സുറിയാനിയിലും, ആം‌ഗ്ലിക്കന്‍ സഭാവിഭാക്കാര്‍ ഇം‌ഗ്ലീഷിലും, ലത്തീന്‍കത്തോലിക്കര്‍ ലത്തീനിലും, പാശ്ചാത്യ-പൗരസ്ത്യ രാഗങ്ങളിലുള്ള കീര്‍ത്തനങ്ങളാണു് ആലപിക്കാറുണ്ടായിരുന്നതു്. എന്നാല്‍ ഭാരതീയ ശാസ്ത്രീയ സം‌ഗീത പൈതൃകവും, ലയ-വിന്യാസങ്ങളും സ്വീകരിച്ചു്, ക്രിസ്തീയ ഭക്തി പ്രമേയങ്ങളെ സ്വതന്ത്രമായി ആര്‍ക്കും പാടാവുന്ന പാട്ടുകളാക്കി മാറ്റുന്ന പ്രക്രിയ മലയാളത്തിൽ ആദ്യം തുടങ്ങിയതു് വിദ്വാന്‍ കുട്ടിയച്ചനാണു്.

ക്രിസ്തീയ കീർത്തനങ്ങൾ എന്ന പുസ്തകത്തിൽ റവ: വി.പി. മാമ്മൻ ഇങ്ങനെ പറയുന്നു:

ചേകോട്ടാശാൻ പോലുള്ള ചില മലയാള ക്രൈസ്തവ രചയിതാക്കൾ, വിദ്വാൻകുട്ടിയച്ചനു മുൻപു് മലയാള ക്രൈസ്തവ ഗാനങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും, വിദ്വാൻകുട്ടിയച്ചന്റെ പാട്ടുകൾ (അക്കാലത്തെ) ഉണർവ്വു് യോഗങ്ങളിലൂടെ ജനകീയമായതിനു് ശെഷമാണൂ് മലയാള ക്രൈസ്തവ ഗാനങ്ങൾക്കു് ഇവിടെ നിലയും വിലയും ഉണ്ടായതു്.

അദ്ദേഹം ഒരു ക്രൈസ്തവ പുരോഹിതന്‍ കൂടിയായതിനാല്‍ സഭാപഞ്ചാംഗത്തിലെ വിശേഷദിനങ്ങളില്‍ പാടാനുള്ള അനവധി പാട്ടുകളും രചിച്ചു. അങ്ങനെ രചിച്ച പാട്ടുകളില്‍ ചിലതു് താഴെ പറയുന്നവ ആണു്.

  • ഓശാന ഞായറാഴ്ച – മറുദിവസം മറിയമകന്‍ വരുന്നുണ്ടെന്നു യരുശലേമില്‍ വരുന്നുണ്ടെന്നു…
  • ദുഃഖവെള്ളിയാഴ്ച – എന്തൊരന്‍പിതപ്പനേ ഈ പാപിമേല്‍ …
  • ഉയിര്‍പ്പുഞായര്‍ – ഇന്നേശു രാജനുയിര്‍ത്തെഴുന്നേറ്റു …

യുസ്തൂസ് യോസഫ് രചിച്ച ഇപ്പൊഴും ഉപയൊഗത്തിൽ ഇരിക്കുന്ന ചില പ്രമുഖമായ മലയാള ക്രൈസ്തവ ഗാനങ്ങൾ താഴെ പറയുന്നു.

വിദ്വാൻ‌കുട്ടിയച്ചന്റെ പാട്ടുകൾ മിക്കതും അർദ്ധശാസ്ത്രീയ സംഗീത ശൈലിയിൽ ആണ് രൂപപെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്നു സംഘമായി പാടാനായും മറ്റുമായി പല ഈണങ്ങളിൽ വിദ്വാൻകുട്ടിയച്ചന്റെ പാട്ടുകൾ പാടി കേൾക്കുന്നുണ്ട്.

യുയോമയ സഭയിലെ അംഗങ്ങൾ അദ്ദേഹത്തിന്റെ ചില പാട്ടുകൾ അർദ്ധശാസ്ത്രീയ സംഗീത ശൈലിയിൽ പാടുന്നത് താഴെയുള്ള കണ്ണികളിലൂടെ കേൾക്കാം.

ചുരുക്കത്തിൽ മലയാള ക്രൈസ്തവ ഗാനശാഖയ്ക്ക് അടിത്തറ പാകിയ ആൾ എന്ന നിലയിൽ ആണ് ഇന്ന് യുസ്തൂസ് യൊസഫിനെ കൂടുതൽ പേരും അറിയുന്നത്. യുയോമയ സഭയിൽ പെട്ടവർക്ക് അവരുടെ സഭയുടെ സ്ഥാപകൻ എന്ന നിലയിലും യുസ്തൂസ് യൊസഫ് പ്രാധാന്യമുള്ള ആളാണ്.

പലവിധ കാരണങ്ങളാൽ അംഗസംഖ്യ ശോഷിച്ചു പോയ ഈ സഭയിൽ ഇന്ന് ഏതാണ്ട് 500നടുത്ത് അംഗങ്ങൾ മാത്രമാണ് ഉള്ളത്.  എങ്കിലും നമ്മുടെ ഇടയിൽ ഒന്നര നൂറ്റാണ്ടിനുമേൽ ചരിത്രമുള്ള ഈ സഭ ഇപ്പൊഴും ഉണ്ട് എന്നത് പലർക്കും പുതിയ അറിവായിരിക്കും.

യുയോമയ സഭയെ കുറിച്ചും വിദ്വാൻകുട്ടിയച്ചനെ പറ്റിയും ഒക്കെ കൂടുതൽ മനസ്സിലാക്കാൻ താഴെയുള്ള കണ്ണികളിലെ വിവിധ ലേഖനങ്ങൾ വായിക്കുക.

ഇനി നമുക്ക് കിട്ടിയ പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം.

പുസ്തകത്തിന്റെ വിവരം

  • പേര്: നിത്യാക്ഷരങ്ങൾ
  • രചയിതാവ്: യുസ്തൂസ് യോസഫ്
  • പ്രസിദ്ധീകരണ വർഷം: 1903
  • പ്രസ്സ്: ഉമ്മച്ചൻ ബോധകരുടെ അച്ചുകൂടം, കായംകുളം
യുയോമയം - നിത്യാക്ഷരങ്ങൾ
യുയോമയം – നിത്യാക്ഷരങ്ങൾ

ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ പുസ്തകത്തിന്റെ കഥ

പഴയ മലയാളം ക്രിസ്തീയ കീർത്തനങ്ങളുടെ ചരിത്രം തേടിയുള്ള യാത്രയാണ് ഈ പുസ്തകത്തിൽ എത്തിച്ചത്. ഇപ്പൊഴും ഉപയോഗിക്കുന്നതും വളരെ പഴയതുമായ പല മലയാള ക്രിസ്തീയഗാനങ്ങളും രചിച്ചത് വിദ്വാൻകുട്ടിയച്ചൻ എന്ന് മറുപേരുള്ള യുസ്തൂസ് യോസഫ് ആണ്. അദ്ദെഹത്തിന്റെ പ്രവർത്തനങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് മനസ്സിലായപ്പോൾ അദ്ദെഹം സ്ഥാപിച്ച യുയോമയ സഭയുടെ ഇന്നത്തെ സ്ഥിതി തിരഞ്ഞു പോയി. ആ യാത്ര ചെന്നെത്തിയത് ആ സഭയുടെ പൊതുസംഘ മേലധ്യക്ഷന്‍ യുസ്തുസ് എം. സാമുവല്‍ ബോധകരുടെ അടുത്തായിരുന്നു.

മേലധ്യക്ഷന്‍ യുസ്തുസ് എം. സാമുവല്‍ ബോധകരെ കണ്ടു മുട്ടിയത് അതിലും വളരെ വളരെ യാദൃശ്ചികമായിട്ടായിരുന്നു. 2012-ൽ ഡെൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ വളരെ യാദൃശ്ചികമായി അദ്ദേഹവും കുടുംബവും ഞങ്ങളുടെ അതേ കമ്പാർട്ട്‌മെന്റിൽ തന്നെ ഉണ്ടായിരുന്നു. (പല പഴയരെഖകളും സ്കാൻ ചെയ്ത് ഡിജിറ്റൈസ് ചെയ്യാനായി കൈയ്യിലെത്തുന്നത് ഇത്തരം നിരവധി യാദൃശ്ചികതകളുടെ പരിണതഫലമായാണ്) ആ യാത്രയിൽ നടത്തിയ സംഭാഷണത്തിൽ സ്വാഭാവികമായി യുയോമയ സഭയുമായി ബന്ധപ്പെട്ട പഴയ രേഖകളുടെ കാര്യം ചർച്ചയ്ക്കു വന്നു. അതിന്റെ ഫലമായി ട്രെയിൻ യാത്രയ്ക്കു ശെഷം നടത്തിയ ഒരു തിരുവനന്തപുരം യാത്രയിൽ നിത്യാക്ഷരങ്ങൾ എന്ന പുസ്തകത്തിന്റെ ഒരു പ്രസ്സു കൊപ്പി സ്കാൻ ചെയ്ത് ഡിജിറ്റൈസ് ചെയ്യാനായി കൈയ്യിൽ കിട്ടി.

കൈയ്യിൽ കിട്ടിയ നിത്യാക്ഷരങ്ങളുടെ പ്രസ്സു കോപ്പി ചൂടോടെ വിശ്വപ്രഭയെ ഏല്പിച്ചു. അദ്ദേഹമാണ് ഈ പുസ്തകം ഫൊട്ടോ എടുത്ത് ഡിജിറ്റൈസ് ചെയ്തത്.

നമുക്ക് ഫൊട്ടോ അടുക്കാനായി കൈയ്യിൽ കിട്ടിയ പുസ്തകത്തിനു ചില പ്രത്യെകതകൾ ഉണ്ട്. ഇത് പ്രസ്സിൽ അച്ചടിച്ച് വെച്ചെങ്കിലും ബയന്റ് പോലും ചെയ്യാത്ത ഒരു പ്രസ്സു കൊപ്പി ആയിരുന്നു. അച്ചടിമടക്കുകൾ നിവർത്തുകപോലും ചെയ്യാത്ത ഒരു കടലാസുകെട്ട് എന്ന് പറയാം. ഈ പ്രസ്സുകോപ്പി പുസ്തകം അച്ചടി മടക്ക് ഒക്കെ നിവർത്തി പുസ്തകം ഫോട്ടോ എടുത്ത് ഡിജിറ്റൈസ് ചെയ്ത വിശ്വപ്രഭയ്ക്ക് പ്രത്യേക നന്ദി.

നിത്യാക്ഷരങ്ങൾ എന്ന പുസ്തകത്തിന്റെ പ്രത്യേകത

യുയോമയ സഭയുടെ പ്രധാനപ്പെട്ട ഒരു പുസ്തകമാണ് ഇത്. ഇതിൽ യുയോമയ സഭയുടെ പഠിപ്പിക്കലുകൾ പ്രകാരം മഹത്വപ്രത്യക്ഷതയ്ക്കു മുൻപും പിൻപുമായി വിദ്വാൻകുട്ടിയച്ചൻ എഴുതിയ ആറു പുസ്തകങ്ങൾ അടങ്ങിയിരിക്കുന്നു. താഴെ പറയുന്നവ ആണ് ആ ആറു പുസ്തകങ്ങൾ:

  • ഏഴുനിയമങ്ങൾ
  • അറുപത്താറു വെളിപാടുകൾ
  • നിത്യസുവിശേഷ വിവരണങ്ങൾ
  • ഏഴു പകർച്ചകൾ
  • പ്രകരണലെഖനങ്ങൾ
  • വിശുദ്ധ‌വെണ്മഴു

ഈ ആറുപുസ്തകങ്ങളിലൂടെ യുയോമയ സഭയുടെ ദൈവശാസ്ത്രം മിക്കവാറും ഒക്കെ മനസിലാക്കാവുന്നതാണ്.

ഇതിൽ വിശുദ്ധ‌വെണ്മഴു എന്ന പുസ്തകം കേരളത്തിൽ ക്രൈസ്തവ-ഇസ്ലാം സം‌വാദത്തിന്റെ ഫലമായി ഉണ്ടായ ഒരു പുസ്തകമാണ്. ക്രൈസ്തവ മതസങ്കല്പങ്ങളെ വളരെയധികം വിമർശിച്ച് കൊണ്ട് “മക്തി തങ്ങൾ” എന്ന പേരിൽ അറിയപ്പെടുന്ന സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ കുറേയധികം ക്രൈസ്തവ മതവിമർശന പുസ്തകങ്ങൾ എഴുതി. അതിലെ പ്രധാനപ്പെട്ട ഒരു പുസ്തകമാണു് “കഠോരകുഠാരം“. ഈ പുസ്തകത്തിൽ ക്രൈസ്തവ മതസങ്കൽപ്പത്തിന്റെ ആണിക്കല്ലായ ത്രിത്വസങ്കൽപ്പത്തെ വളരെ വിമർശിച്ച് കൊണ്ടുള്ള ഒരു പുസ്തകം ആയിരുന്നു. ആ പുസ്തകത്തിനു മറുപടി ആയാണ് വിശുദ്ധ‌വെണ്മഴു എന്ന പുസ്തകം വരുന്നത്.

നിത്യാക്ഷരങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി പങ്ക് വെക്കുന്നു.

ഡൗൺലോഡ് വിവരം

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments

Leave a Reply