1800നു മുൻപ് മലയാള ലിപി അച്ചടിച്ച പുസ്തകങ്ങൾ

ഇന്നു നമുക്ക് ലഭ്യമായ വിവരം അനുസരിച്ച് 1800നു മുൻപ് പൂർണ്ണമായും മലയാളഭാഷയിൽ ഇറങ്ങിയ ഒരേ ഒരു ഗ്രന്ഥം സംക്ഷേപവേദാർത്ഥം മാത്രമാണ്.

എന്നാൽ മലയാളഭാഷയെ കുറിച്ചോ, മലയാളലിപിയെ കുറിച്ചുള്ളതോ, അതുമല്ലെങ്കിൽ മലയാളലിപി അച്ചടിച്ചതോ ആയ വേറെയും കുറച്ച് പുസ്തകങ്ങൾ കൂടി 1800 നു മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ മിക്കതിനേയും കഴിഞ്ഞ ദിവസം വിവിധ ബ്ലോഗ് പൊസ്റ്റുകളിലൂടെ പരിചയപ്പെട്ടു. ഈ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെയും കെ.എം. ഗോവിയുടെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തത്തിലെ രേഖകൾ അനുസരിച്ച് തിരഞ്ഞ് കണ്ടെത്തിയതാണ്.

താഴെ പറയുന്നവയാണ് ഈ വിധത്തിൽ  കെ.എം. ഗോവിയുടെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകത്തിൽ പരാമർശിക്കുന്നത്.

എന്നാൽ ഇതിനു പുറമേ, കെ.എം. ഗോവിയുടെ പുസ്തകത്തിൽ പരാമർശിക്കാത്തതും എന്നാൽ മലയാളലിപി ഉപയോഗിച്ചിരിക്കുന്നതും ആയ 2 പുസ്തകങ്ങൾ കൂടി എന്റെ തിരച്ചിൽ ഗവേഷണത്തിൽ കണ്ടു.  താഴെ പറയുന്നവ ആണ്

Alphabeta Indica – 1791 – Latin

ചില ഭാരതീയലിപികളെ പരിചയപ്പെടുത്തുന്ന ഒരു ലത്തീൻ ഗ്രന്ഥമാണ് 1791-ൽ പ്രസിദ്ധീകരിച്ച ഈ കൃതി എന്നാണ് എനിക്ക് മനസ്സിലായത്. മലയാളം, ദേവനാഗരി, തെലുങ്ക് എന്നീ ലിപികളെ കുറിച്ചുള്ള പരാമർശം ഇതിൽ കാണാം. (ഭാരതീയലിപികളെ പരിചയപ്പെടുത്തുന്നതാണേൽ ചുരുങ്ങിയ പക്ഷം കന്നഡ, തമിഴ് ലിപികളെ എന്തിനു ഒഴിവാക്കി എന്ന് മനസ്സിലായില്ല താനും )

Alphabeta_Indica-1791

ലിപികളെ കുറിച്ചുള്ള വിവരണത്തിനു പുറമെ മലയാളത്തിലുള്ള പഴഞ്ചൊല്ലുകളും വാക്യങ്ങളും മറ്റും ഈ പുസ്തകത്തിൽ കാണാം. വെറും അമ്പതോളം താളുകൾ മാത്രമുള്ള ഒരു ചെറു കൃതി ആണിത്.  പുസ്തകത്തിന്റെ ഉള്ളടക്കം ശരിയായി അറിയാത്തതിനാൽ ഇതിനെ കുറിച്ച് കൂടുതൽ ഊഹിക്കാൻ ഞാൻ മുതിരുന്നില്ല. എന്തായാലും പുസ്തകത്തിന്റെ സ്കാൻ ഇപ്പോൾ ലഭ്യമായതിനാൽ അത് നിങ്ങൾ തന്നെ വിശകലനം ചെയ്യാൻ താല്പര്യപ്പെടുന്നു. ഈ പുസ്ത്കത്തിന്റെ സ്കാൻ ഇവിടെ കിട്ടും. https://archive.org/details/1791_AlphabetaIndica_Paulinus

Systema Brahmanicum liturgicum mythologi -1797

ഇത് ഹൈന്ദവ ഇതിഹാസങ്ങളേയും മിത്തുകളേയും മറ്റും പരിചയപ്പെടുത്തുന്ന ഒരു ലത്തീൻ കൃതിയാണ്.

Systema Brahmanicum liturgicum mythologi

ഹൈന്ദവസംബന്ധിയായ കൃതിയായതിനാൽ സംസ്കൃതവാക്കുകളും മറ്റും ഈ പുസ്ത്കത്തിൽ ഉടനീളം ഉണ്ട്. സംസ്കൃതവാക്കുകളും വാക്യങ്ങളും ശ്ലോകങ്ങളും ഒക്കെ എഴുതാൻ മലയാളലിപി ആണ് ഉപയൊഗിച്ചിരിക്കുന്നത്. ഇത് മാത്രമാണ് മലയാളവുമായുള്ള ബന്ധം. അത് ഒഴിവാക്കിയാൽ ഇത് പൂർണ്ണമായും ഒരു സംസ്കൃത-ലത്തീൻ ഗ്രന്ഥം ആണെന്ന് പറയുന്നതാവും കൂടുതൽ നല്ലത്. ഈ പുസ്ത്കത്തിന്റെ സ്കാൻ ഇവിടെ കിട്ടും.

https://archive.org/details/1797_Systema_Brahmanicum_Liturgicum_Mythologi_Paulinus

കുറിപ്പ്: Hortus Malabaricus (1678) ൽ മലയാളം അച്ചു നിരത്തിയല്ലല്ലോ അച്ചടിച്ചിരിക്കുന്നത്. അതിനാലാണ് 1800നു മുൻപുള്ള പുസ്തകം ആയിട്ടും അതിനെ മനഃപൂർവ്വം ഈ കണക്കെടുപ്പിൽ ഒഴിവാക്കിയത്.

ചുരുക്കത്തിൽ 1800നു മുൻപ് പ്രസിദ്ധീകരിച്ചതും മലയാളി ലിപി അച്ചടിച്ചതും ആയി ഇന്ന് വിവരമുള്ള ഏകദേശം എല്ലാ കൃതികളുടേയും സ്കാൻ നമുക്ക് കിട്ടിയിരിക്കുന്നു. പൂർണ്ണമായും മലയാളഗ്രന്ഥം എന്ന് പേരുള്ള സംക്ഷേപവേദാർത്ഥം മാത്രമാണ് ഈ പട്ടികയിൽ നിന്ന് ഒഴിവായി പോയിരിക്കുന്നത്.

കുറിപ്പ്:  ചില ഫയലുകൾ അപ്‌ലൊഡ് ചെയ്തപ്പോൽ എറർ കാണിച്ചിരുന്നു. പക്ഷെ പിന്നിടു നോക്കിയപ്പോൾ പ്രശ്നം ഒന്നും കണ്ടില്ല താനും. അതിനാൽ സ്കാനുകളിൽ എന്തെങ്കിലും പ്രശ്നം കാണുന്നു എങ്കിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.

 

Comments

comments

Comments are closed.