ഗുണ്ടർട്ടിന്റെ നിഘണ്ടുക്കളും അനുബന്ധ പ്രസിദ്ധീകരണങ്ങളും

ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കളുടെ സ്കാനുകൾ (മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം) നമ്മൾ കുറച്ച് നാളുകൾക്ക് മുൻപ് പരിചയപ്പെട്ടു. ബെയിലിയെ പോലെതന്നെ മലയാളഭാഷയ്ക്കും ലിപിയ്ക്കും വളരെ സംഭാവനകൾ നൽകിയ വേറൊരു വിദേശി ആണല്ലോ ഹെർമ്മൻ ഗുണ്ടർട്ട്. ഗുണ്ടർട്ടിന്റേതായി കുറച്ച് മലയാളകൃതികൾ ഉണ്ടെങ്കിലും ഇതു വരെ നമുക്ക് സ്കാനുകൾ ലഭ്യമായിരിക്കുന്നത് ഗുണ്ടർട്ട് സമാഹരിച്ച് പുറത്തിറക്കിയ കേരളോല്പത്തി എന്ന പുസ്തകത്തിനും പിന്നെ നിഘണ്ടുക്കൾക്കും മാത്രമാണ്. ഇതിൽ കേരളോല്പത്തി എന്ന ഗ്രന്ഥം പൂർണ്ണമായി ഡിജിറ്റൈസ് ചെയ്ത് മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം പുനരുപയോഗിച്ച് സായാഹ്ന ഫൗണ്ടേഷൻ മനോഹരമായി  ടൈപ്പ് സെറ്റ് ചെയ്ത ഇ-പുസ്തകം (pdf     epub) ഇവിടെയും ലഭ്യമാണ്.

ഈ പൊസ്റ്റിൽ ഗൂണ്ടർട്ടിന്റെ വിവിധ നിഘണ്ടുക്കളും അനുബന്ധപ്രസിദ്ധീകരണങ്ങളുടേയും നമുക്ക് ഇതുവരെ ലഭ്യമായ സ്കാനുകൾ പരിചയപ്പെടുത്തുന്നു.

ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രോസ്പെക്ടസ്

1872-ൽ ഇറങ്ങിയ ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനെ കുറിച്ച് 1871-ൽ ഇറങ്ങിയ പ്രോസ്പെക്ടസ് ആണിത്. അച്ചടിച്ചത് മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്നും.

തുടക്കത്തിലുള്ള ആമുഖപ്രസ്താവനയിൽ പബ്ലിഷറായ C. Stoltz ഗുണ്ടർട്ട് നിഘണ്ടുവിനെ കുറിച്ച് താഴെ പറയുന്ന ചില കാര്യങ്ങൾ പറയുന്നുണ്ട്.

  • നിഘണ്ടു 5 ഭാഗങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. മൊത്തം ഏതാണ് 1000 താളുകൾ ഉണ്ടാകും.
  • സ്വരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ആണ് ആദ്യത്തെ ഭാഗത്തിൽ
  • 1872 അവസാനത്തൊടെ എല്ലാഭാഗങ്ങളും പ്രസിദ്ധീകരിച്ചു തീരും എന്ന് കരുതുന്നു
  • രജിസ്റ്റർ ചെയ്യുന്നവർക്ക് 5 ഭാഗങ്ങൾക്കും കൂടെ 12 രൂപ 8 അണക്ക് കിട്ടും. രജിസ്റ്റർ ചെയ്യാത്തവർ ഇതിൽ കൂടുതൽ വില നൽകണം.
  • 12 കോപ്പികൾ എടുത്താൽ ഒരെണ്ണം സൗജന്യമാണത്രേ.
  • കണ്ണൂർ, തലശ്ശേരി, ചോമ്പാല (ഇത് ഏതാണ് സ്ഥലം എന്ന് മനസ്സിലായില്ല), കോഴിക്കോട്, കോടക്കാൽ (ഇത് ഏതാണ് സ്ഥലം എന്ന് മനസ്സിലായില്ല), പാലക്കാട് എന്നിവിടങ്ങളിൽ ഉള്ള ബാസൽ മിഷൻ കേന്ദ്രങ്ങളിൽ നിഘണ്ടുവിനായി രജിസ്റ്റർ ചെയ്യാം.

C. Stoltzന്റെ ആമുഖപ്രസ്താവനയ്ക്ക് ശേഷം ഗുണ്ടർട്ടിന്റെ വക ഏതാണ്ട് 7-താളോളം നീളുന്ന പ്രസ്താവന ഉണ്ട്. അതിൽ അദ്ദേഹം മലയാള ഭാഷയെ ഏതാണ്ട് 25 വർഷത്തോളം പഠിക്കുകയും ആ കാലഘട്ടത്തിനിടയ്ക്ക് ശേഖരിച്ച വിവരങ്ങളും ആണ് ഈ നിഘണ്ടുവിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നും നിഘണ്ടു നിർമ്മാണത്തിനിടയ്ക്ക് മലയാളം തമിഴ് വാക്കുകളെ വേർതിരിക്കാൻ ബുദ്ധിമുട്ടി എന്നും എടുത്ത് പറഞ്ഞിട്ടുണ്ട്.

ഇതിനു ശേഷം നിഘണ്ടുവിലെ ചില താളുകളും ഉദാഹരണമായി നൽകിയിട്ടുണ്ട്.

സ്കാനിലേക്കുള്ള കണ്ണി:

മലയാളം – ഇംഗ്ലീഷ് ഡിക്ഷണറി

മുകളിൽ സൂചിപ്പിച്ച  മലയാളം – ഇംഗ്ലീഷ് നിഘണ്ടു ആണിത്.

  • അച്ചടി വർഷം: 1872
  • അച്ചടിച്ചത്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
  • രചന: ഹെർമ്മൻ ഗുണ്ടർട്ട്

ഈ ഡിക്ഷണറിയുടെ സ്കാനും മറ്റും ദീർഘനാളായി ഇന്റർനെറ്റിൽ ലഭ്യമാണ്.

എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന സമ്പൂർണ്ണ പതിപ്പിനു ഏതാണ് 1100 താളുകൾ ആണ് ഉള്ളത്. ഇതല്ലാതെ സ്വരം മാത്രം ഉൾപ്പെടുന്ന ആദ്യ ഭാഗത്തിന്റെ സ്കാനും നമുക്ക് കിട്ടിയിട്ടുണ്ട്.

സ്കാനുകൾക്ക് പുറമേ ഈ നിഘണ്ടു പൂർണ്ണമായി മലയാളം യൂണിക്കോഡിൽ ഡിജിറ്റൈസ് ചെയ്തത്  ഷിക്കാഗോ സർവ്വകലാശാലയുടെ സൈറ്റിലും ലഭ്യമാണ് http://dsal.uchicago.edu/cgi-bin/philologic/getobject.pl?p.0:0.gundert (നമ്മുടെ സർവ്വകലാശാലകൾ ഈ വിധത്തിൽ എപ്പൊഴെങ്കിലും ചെയ്യുമോ? പൊതുജനത്തിന്റെ പണം എടുത്ത് ധൂർത്തെടിച്ച് പൊതുപണം ഉപയൊഗിച്ച് ഡിജിറ്റൈസ് ചെയ്യന്ന സംഗതികൾ പൊതുജനത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചു വെക്കുക എന്നതാണല്ലോ നമ്മുടെ സർവ്വകലാശാലകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനം )

1872-ൽ ഇറങ്ങിയ സമ്പൂർണ്ണ പതിപ്പും പിന്നെ 1871-ൽ ഇറങ്ങിയ സ്വരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ മാത്രമുള്ള ആദ്യ ഭാഗത്തിന്റെ സ്കാനും മാത്രമാണ് നമുക്ക് ലഭ്യമായിരിക്കുന്നത്.  ബാക്കിയുള്ള ഭാഗങ്ങളുടെ ഒക്കെ സ്കാനുകൾ നമുക്ക് കിട്ടാൻ ബാക്കിയാണ്.

സ്കാനുകളിലേക്കുള്ള കണ്ണികൾ താഴെ:

മുകളിലെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനു പുറമേ ബാസൽ മിഷൻ തന്നെ പ്രസിദ്ധീകരിച്ച ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും നമുക്ക് കിട്ടിയിട്ടുണ്ട്.അതിന്റെ വിവരങ്ങൾ താഴെ.

School Dictionary English and Malayalam ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി

  • അച്ചടി വർഷം: 1870
  • അച്ചടിച്ചത്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

രചയിതാവ് ആരാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഇതിനു തൊട്ടടുത്ത വർഷം 1871-ൽ ആണ് ഗുണ്ടർട്ടിന്റെ മലയാളം ഇംഗ്ലീഷ് ഡിക്ഷണറി വരാൻ തുടങ്ങിയത് എന്നതിനാൽ ഗുണ്ടർട്ട് തന്നെയായിരിക്കുമോ രചയിതാവ് എന്ന സംശയം എനിക്കുണ്ട്. എന്തായാലും ബാസൽ മിഷൻ ആണ് പ്രസിദ്ധീകരിച്ചത് എന്നതിനാലും ഗുണ്ടർട്ട് കേരളത്തിൽ ഉള്ള കാലത്താണ് പ്രസിദ്ധീകരിച്ചത് എന്നതിനാലും ഇതിന്റെ നിർമ്മിതിയിൽ ഏതെങ്കിലും ഒക്കെ വിധത്തിൽ ഗുണ്ടർട് ട്സഹകരിച്ചിട്ട് ഉണ്ടാകും എന്ന് ഞാൻ കരുതുന്നു.  മറ്റ് ഗുണ്ടർട്ട് കൃതികളെ പോലെ ഇതിന്റെയും പ്രസാധകൻ C. Stolz ആണെന്ന് കാണാം. പക്ഷെ ഗുണ്ടർട്ട് നിഘണ്ടുവിലെ പോലെ ഇതിൽ രചയിതാവിന്റെ പ്രസിദ്ധീകരണ ആമുഖക്കുറിപ്പും മറ്റും ഇല്ലാത്തതിനാൽ മറ്റ് വിശദാംശങ്ങൾ ഒന്നും അറിയില്ല. തുടക്കത്തിൽ (8-ആം താളിൽ) ഒരു ചെറിയ മുഖവുര കാണുന്നുണ്ട്. പക്ഷെ അതിലും വിശദാംശങ്ങൾ ഒന്നും കാണുന്നില്ല.

പുതുക്കിയ വിവരം: തോബിയാസ് സഖറിയാസിന്റെ ഇംഗ്ലീഷു മലയാള ശബ്ദകോശം ലെ പ്രസ്താവന അനുസരിച്ച് ഈ പുസ്തകം മുള്ളറുടെ വക ആണെന്ന് ഞാൻ അനുമാനിക്കുന്നു.

സ്കാനുകളിലേക്കുള്ള കണ്ണി താഴെ: https://archive.org/details/1870_School_Dictionary_English_And_Malayalam

ചന്ദ്രക്കല (മീത്തൽ), ഏ കാരം, ഓ കാരം

ഈ പുസ്തകങ്ങൾക്ക് മുൻപ് അച്ചടിച്ചതും നമ്മൾ പരിചയപ്പെട്ടതുമായ സ്കാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ചന്ദ്രക്കല , ഏ കാരം, ഓ കാരം ഇവയുടെ ഒക്കെ സാന്നിദ്ധ്യം ആണ് ഞാൻ പ്രത്യേകത ആയി കണ്ടത്.

 

Comments

comments

Comments are closed.