ആമുഖം
കുഞ്ചൻ നമ്പ്യാർ കിളിപ്പാട്ട് രൂപത്തിൽ ആക്കിയ പഞ്ചതന്ത്രം കിളിപ്പാട്ട് എന്ന കൃതിയുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 143-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: പഞ്ചതന്ത്രം കിളിപ്പാട്ട്
- രചയിതാവ്: സംസ്കൃതത്തിലുള്ള മൂലകൃതിയുടെ രചയിതാവ് വിഷ്ണുശർമ്മ ആണെന്ന് കരുതപ്പെടുന്നു. കുഞ്ചൻ നമ്പ്യാർ ഇത് കിളിപ്പാട്ട് രൂപത്തിൽ മലയാളത്തിലാക്കി.
- താളുകളുടെ എണ്ണം: 63
- എഴുതപ്പെട്ട കാലഘട്ടം: 1840നും 1860നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ജീവിതവിജയത്തിന് ആവശ്യമായ ധർമ്മതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ്മ സംസ്കൃതത്തിൽ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. കുഞ്ചൻ നമ്പ്യാർ ഇത് പതിനെട്ടാം നൂറ്റാണ്ടിൽ മലയാളത്തിലേക്ക് കിളിപ്പാട്ട് രൂപത്തിൽ പരിഭാഷ ചെയ്തു. കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടിന്റെ കൈയെഴുത്ത് രേഖ ആണിത്.
ഇത് ഗുണ്ടർട്ട് താളിയോലയും മറ്റും നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയതാണ്. ഇങ്ങനെ പകർത്തിയെഴുതിയ പല കൃതികളും അദ്ദേഹം തന്റെ മലയാളവ്യാകരണം, നിഘണ്ടു എന്നിവയുടെ നിർമ്മാണത്തിന്നു സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട്.
കടലാസ്സിലുള്ള ഈ കൈയെഴുത്ത് പ്രതിയുടെ മാർജ്ജിനിൽ ഗുണ്ടർട്ട് ഇംഗ്ലീഷിൽ വാക്കുകളുടെ അർത്ഥം രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അദ്ദേഹം നിഘണ്ടുവിനായും മറ്റും വാക്കുകൾ തിരഞ്ഞതിന്റെ ശേഷിപ്പാക്കാം അത്.
ഇത് അപൂർണ്ണവുമാണ്.
ഈ കൃതിയുടെ ഒരു താളിയോല പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.
ഈ രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ ( 60 MB)