ഇതു വരെ നമ്മൾ പരിചയപ്പെട്ട പുസ്തകങ്ങളുടെ സ്കാനുകൾ എല്ലാം 1900ത്തിനു മുൻപ് അച്ചടിച്ചത് ആയിരുന്നു. 1907ൽ അച്ചടിച്ച ഒരു പുസ്തകം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതിനാൽ നമ്മൾ പരിചയപ്പെടുന്ന ഏറ്റവും അടുത്ത് ഇറങ്ങിയ പുസ്തകം ഇതാണെന്ന് പറയാം.
1953നു മുൻപ് അച്ചടിച്ചതും രചയിതാവ് മരിച്ച് കുറഞ്ഞത് 60 വർഷം (പ്രത്യേകമായ ഒരു രചയിതാവ് ഇല്ലെങ്കിൽ അച്ചടിച്ച് കുറഞ്ഞത് 60 വർഷം കഴിഞ്ഞത്) ആയതു കൊണ്ട് ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ ആയ പുസ്തകങ്ങൾ മാത്രമാണ് ഞാൻ കൈകാര്യം ചെയ്യുന്നത്.
നമ്മൾ ഇന്ന് പരിചയപ്പെടുന്ന പുസ്തകത്തിന്റെ അടിസ്ഥാന വിവരങ്ങൾ
- പുസ്തകത്തിന്റെ പേര്: An English-Malayalam Dictionary ഇംഗ്ലീഷ്-മലയാളം ശബ്ദകോശം
- രചയിതാവ്: Tobias Zacharias, Pleader, Tellicherry
- പ്രസാധനം: Basel Mission Book and Tract Depository
- പ്രസിദ്ധീകരണ വർഷം: 1907
- പുസ്തകം വളരെ വലുതാണ്. ഏതാണ്ട് 1400 താളുകൾ. നമ്മൾ ഇതു വരെ പരിചയപ്പെട്ടതിൽ ഏറ്റവും വലിയ പുസ്തകം ഇതാണ്.
- ബെയിലിയുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും (545 താളുകൾ) മുള്ളറുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും (365 താളുകൾ) മാത്രമാണ് ഇതിനു മുൻപ് ഇറങ്ങിയ ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കൾ എന്ന പരാമർശം ഇതിന്റെ ആമുഖപ്രസ്താവനയിൽ ഉണ്ട്. ബെയിലിയുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു നമ്മൾ പരിചയപ്പെട്ടതാണ്. അതിനെ കുറിച്ചുള്ള വിവരം ഇവിടെ ഉണ്ട്. ഞാൻ ഒന്നുകൂടി വിശദമായി പരിശോധിച്ചപ്പോൾ മുള്ളറുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു എന്ന് പറയുന്നതും നമ്മൾ ഇതിനകം പരിചയപ്പെട്ട ഒന്ന് (School Dictionary English and Malayalam ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി) ആണെന്ന് തോന്നുന്നു. ഗുണ്ടർട്ട് രചനയിൽ സഹായിച്ചുട്ടുണ്ടാവാം എന്ന ഒരു നിഗമനം ആണ് നമ്മൾ അവിടെ നടത്തിയത്. എന്നാലും അതിന്റെ രചയിതാവ് ആരെന്ന കാര്യത്തിൽ നമുക്ക് വ്യക്തത ഇല്ലായിരുന്നു. പക്ഷെ തോബിയാസിന്റെ വിവരണത്തിൽ താളുകളുടെ എണ്ണത്തിൽ ചേർച്ച കാണുന്നുണ്ട്. അതിനാൽ School Dictionary English and Malayalam ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി എന്ന പുസ്തകം മുള്ളറുടെ വക തന്നെ ആണെന്ന് ഊഹിക്കാം. അതിനാൽ തന്നെ എന്റെ ആ പോസ്റ്റിൽ ഗുണ്ടർട്ട് ആണൊ School Dictionary English and Malayalam ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി എന്നതിന്റെ രചയിതാവ് എന്ന് സംശയം പ്രകടിപ്പിച്ചിരിക്കുന്നത് ഒഴിവാക്കാം എന്ന് തോന്നുന്നു.
-
Of errors and shortcomings I am fully conscious, and I beg the indulgence of the educated public. Still, if this book is found to contribute in the slightest degree to the promotion of the study of my sadly neglected mother-tongue — Malayalam, and to enrich its poor vocabulary, and at the same time to help my countrymen to a better understanding of the English tongue which stands a very good chance of becoming the universal language, I shall never regret the time and labour spent on it.
ഇങ്ങനെ ഒരു പ്രസ്താവന ആമുഖപ്രസ്താവനയുടെ അവസാനം കാണുന്നതിനാൽ തോബിയാസ് മലയാളി തന്നെ ആണെന്ന് ഉറപ്പിക്കാം. തലശ്ശേരിയിൽ സർക്കാർ പ്ലീഡർ ആയിരുന്നു ജോലി എന്ന് ടൈറ്റിൽ പേജിൽ നിന്ന് മനസ്സിലാക്കാം.
- മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഈ പുസ്തകമാണ് ഒരു മലയാളി രചിച്ച ആദ്യത്തെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു എന്നും ഊഹിക്കാം.
- മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് അപ്പുറം യാതൊന്നും എനിക്ക് തോബിയാസ് സഖറിയാസിനെ പറ്റി അറിഞ്ഞു കൂടാ. അത് കണ്ടെത്തേണ്ടതുണ്ട്.
- ഏതാണ്ട് 72,000 ത്തിൽ പരം എൻട്രികൾ ഈ നിഘണ്ടുവിൽ ഉണ്ടെന്ന പ്രസ്താവന ആമുഖത്തിൽ കാണാം
- ഈ നിഘണ്ടുവിന്റെ നിർമ്മാണത്തിനു Webster’s Dictionary മാതൃക ആക്കിയിട്ടുണ്ട്.
- മലയാളത്തിൽ വർദ്ധിച്ചു വരുന്ന സംസ്കൃതവൽക്കരണത്തെ പറ്റിയുള്ള ആകുലത തോബിയാസ് ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ഏ കാരത്തിന്റെ തെറ്റായ ഉപയോഗമാണ് ഇതിനായി രചയിതാവ് ചൂണ്ടിക്കാണിക്കുന്നത്.
- ഇതിനൊക്കെ അപ്പുറം ഈ പുസ്തകം എന്നെ സംബന്ധിച്ചിടത്തോളം മീത്തലിനെ (ചന്ദ്രക്കല) സംബന്ധിച്ചിട്ടുള്ള ഒരു വലിയ ചോദ്യത്തിനു ചോദ്യത്തിനു വ്യക്തമായ ഉത്തരം തരുന്നു എന്നതിനാലാണ്. ഇതിനെ കുറിച്ച് ആമുഖ പ്രസ്താവനയിൽ ലേഖകൻ ഇങ്ങനെ പറയുന്നു
… Except in the earlier parts of this work, I have generally given such words their proper and correct spelling corresponding to their true pronunciation. This is marked by the sign ് above the letter, an invention of the great Malayalam scholar Dr. Gundert, who may be rightly called, the father of Malayalam prose”. Since its introduction nearly half a century ago, it has more or less been in use in Malabar, especially in N. Malabar.
ഇതോടെ ് (മീത്തൽ, ചന്ദ്രക്കല) എങ്ങനെ മലയാളത്തിൽ വന്നു എന്നതിനു ഏകദേശ ഉത്തരമായി. ഇനി 1860കളിലും 1870കളിലും ഇറങ്ങിയ കൂടുതൽ പുസ്തകങ്ങളുടെ സ്കാനുകൾ കിട്ടിയാൽ ഈ വിഷയത്തിനു കൂടുതൽ തെളിവുകൾ കിട്ടും.
- ആമുഖ പ്രസ്താവനയുടെ അവസാനം തോബിയാസ് അവലംബിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ മലയാളവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പുസ്തകങ്ങളെ കണ്ടു
- Bailey’s English-Malayalam Dictionary,
- Rev. F. Matthissen’s MSS.
- Dr. H. Grundert’s Malayalam-English Dictionary,
- Collins’ Malayalam Dictionary,
- Kanaran’s Comparative Study of English and Malayalam, edited by J. Muliyil,
- Rev. L. J. Frohnmeyer’s Malayalam Physics,
- Rev. Dr. E. Liebendorfer’s Malayalam Anatomy,
- Benson’s Agricultural Manual in Malayalam
ഇതിൽ ബെയ്‌ലിയുടേയും ഗുണ്ടർട്ടിന്റേയും നിഘണ്ടുക്കളുടെ സ്കാനുകൾ മാത്രമേ നമുക്ക് കിട്ടിയിട്ടുള്ളൂ. ബാക്കിയെല്ലാം കിട്ടേണ്ടതുണ്ട്.
ഇതിനപ്പുറം കൂടുതൽ കാര്യങ്ങൾ ഈ സ്കാനിൽ നിന്ന് കണ്ടെടുക്കാൻ വായനക്കാരുടെ സഹായം
തേടുന്നു.
ഇതിന്റെ സ്കാൻ ഡൗൺ ലോഡ് ചെയ്യാനുള്ള വിവരങ്ങൾ.
1400 താൾ ഉള്ളതിനാലും അത്യാവശ്യം നല്ല റെസലൂഷനിൽ സ്കാൻ ചെയ്തിരിക്കുന്നതിനാലും ഈ സ്കാനിനു സൈസ് വളരെ കൂടുതലാണ്.
- ഡൗൺലോഡ് ചെയ്യാതെ ഓൺലൈനായി കാണാൻ ഈ കണ്ണി (http://archive.org/stream/englishmalayalam00tobirich) ഉപയോഗിച്ചാൽ മതി.
- ഗ്രേ സ്കെയിലിലുള്ള സ്കാൻ ഇവിടെ നിന്ന് കിട്ടും (ഇത് ഏകദേശം 130 MB ഉണ്ട്) – http://archive.org/download/englishmalayalam00tobirich/englishmalayalam00tobirich.pdf
- ബ്ലാക്ക് ആന്റ് വൈറ്റിലുള്ള സ്കാൻ ഇവിടെ നിന്ന് കിട്ടും (ഇത് ഏകദേശം 105 MB ഉണ്ട്) – http://archive.org/download/englishmalayalam00tobirich/englishmalayalam00tobirich_bw.pdf
2 comments on “1907 – ഇംഗ്ലീഷു മലയാള ശബ്ദകോശം – തോബിയാസ് സക്കറിസാസ്”
once the best i found is http://www.vanmaram.com
Comments are closed.