ആമുഖം
വിദ്യാസംഗ്രഹത്തിന്റെ (The Cottayam College Quaterly Magazine) ത്തിന്റെ പുസ്തകം ഒന്നിന്റെ ആറ്, ഏഴ്, എട്ട് എന്നീ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വേറെയും ധാരാളം പൊതുസഞ്ചയ പുസ്തകങ്ങളുടെ സ്കാനുകൾ പങ്കുവെക്കാൻ ഉള്ളതിനാലാണ് ഈ പോസ്റ്റിൽ മൂന്നു ലക്കങ്ങൾ ഒരുമിച്ച് പുറത്ത് വിടുന്നത്. സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ വിവിധ ലക്കങ്ങൾ തരപ്പെടുത്തി തന്ന കോട്ടയം സി.എം.എസ്. കോളേജ് അദ്ധ്യാപകൻ പ്രൊഫസർ ബാബു ചെറിയാനും, ഫോട്ടോ എടുക്കാനായി സഹായിച്ച സുഗീഷിനും അഖിലിനും നന്ദി. മുൻപത്തെ പൊസ്റ്റുകളിൽ വിദ്യാസംഗ്രഹത്തിന്റെ ഇതിനു മുൻപുള്ള അഞ്ചു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ നമ്മൾ കണ്ടതാണല്ലോ.
പുസ്തകത്തിന്റെ വിവരം
- പേര്: വിദ്യാസംഗ്രഹം (The Cottayam College Quaterly Magazine) പുസ്തകം ഒന്ന്, ലക്കം 6,7,8
- താളുകൾ: ഓരോന്നും 50 താളുകൾക്ക് അടുത്ത്
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
- പ്രസാധകർ: കോട്ടയം കോളേജ്
- പ്രസിദ്ധീകരണ വർഷം: 1865 ഒക്‌ടോബർ, 1866 ജനുവരി, 1866 ഏപ്രിൽ
ഉള്ളടക്കം
വിദ്യാസംഗ്രഹത്തിന്റെ ഒന്നാമത്തെ വരവിലെ പ്രസിദ്ധീകരണം 1866 ഏപ്രിലിലെ എട്ടാം ലക്കത്തൊടെ അവസാനിക്കുകയാണ്. ഈ എട്ടു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനും നമുക്കു ലഭ്യമായതിൽ സന്തോഷിക്കാം.
വിവിധ വിഷയങ്ങളിലുള്ള നിരവധി ലേഖനങ്ങൾ ഈ മൂന്നു ലക്കങ്ങളിൽ ആയി കാണാം. ജ്യോതിശാസ്ത്രം, രസതന്ത്രം, ചതുരംഗം വിഷയങ്ങളിൽ തുടർ ലേഖനങ്ങൾ മൂന്നു ലക്കങ്ങളിലും കാണാം.
പെൺകുട്ടികളുടെ കാതു തുളച്ച് വളർത്തുന്ന ശ്രുതിവേധം എന്ന ആചാരത്തെ പറ്റി ആറാം ലക്കത്തിൽ ലേഖനം കാണുന്നു.
ഏഴാം ലക്കത്തിൽ മരുമക്കത്തായത്തിന്റെ ദോഷങ്ങളെ പറ്റി വിശദമായൊരു ലേഖനം കാണുന്നു. സൗരകളങ്കങ്ങളെ പറ്റി ഏഴാമത്തെ ലക്കത്തിലുള്ള ലേഖനവും കൊള്ളാം.
ഘാതകവധത്തിന്റെ മൂല ഇംഗ്ലീഷ് കൃതി (The Slayer Slain) ഘണ്ഡശഃ പ്രസിദ്ധീകരിക്കുന്നത് ഏഴാമത്തെ ലക്കത്തിൽ കാണുന്നില്ല. കോളിൻസ് മദാമ്മ ഈ കൃതി മുഴുമിപ്പിക്കാതെ ആണ് മരിച്ചത് എന്നു കേട്ടിട്ടുണ്ട്. അത് എഴുതാൻ കോളിൻസ് സായിപ്പ് താമസിച്ചത് കൊണ്ടാണോ ഏഴാമത്തെ പതിപ്പിൽ അത് ഇല്ലാതെ പൊയത് എന്ന് സംശയിക്കുന്നു. കാരണം എട്ടാമത്തെ ലക്കത്തിൽ The Slayer Slain ഉണ്ട് എന്ന് മാത്രമല്ല ആ ലക്കത്തോടെ ഈ നോവൽ അവസാനിക്കുകയാണെന്ന സൂചനയും കാണാം.
എട്ടാമത്തെ ലക്കത്തോടെ വിദ്യാസംഗ്രഹം പ്രസിദ്ധീകരണം അവസാനിപ്പികയാണ് എന്ന സൂചന തരുന്ന യാതൊന്നും എട്ടാം ലക്കത്തിൽ കാണുന്നില്ല. പ്രസിദ്ധീകരണം അവസാനിപ്പിക്കാൻ ഉള്ള കാരണങ്ങളെ പറ്റി ആരെങ്കിലും പഠിച്ചിട്ടൂണ്ടോ എന്ന് അറിവില്ല.
കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ലക്കം 6 – 1865 ഒക്‌ടോബർ
- ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (1.2 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി
ലക്കം 7 – 1866 ജനുവരി
- ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (1.2 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി
ലക്കം 8 – 1866 ഏപ്രിൽ
- ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (1.3 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി
You must be logged in to post a comment.