1847 – സുവിശേഷ കഥകൾ – ഹെർമ്മൻ ഗുണ്ടർട്ട്

കല്ലച്ചിൽ (ലിത്തോഗ്രഫി) അച്ചടിച്ച 2 പുസ്തകങ്ങൾ (ഒന്ന് 1843ൽ അച്ചടിച്ചതും, വേറൊന്ന് 1868-ൽ അച്ചടിച്ചതും) നമ്മൾ ഇതിനകം പരിചയപ്പെട്ടു. ഇപ്രാവശ്യം നമ്മൾ പരിചയപ്പെടുന്നത് 1847-ൽ കല്ലച്ചിൽ അടിച്ച ഒരു പുസ്തകമാണ്.

  • പുസ്തകത്തിന്റെ പേര്: സുവിശേഷ കഥകൾ
  • അച്ചടിച്ച വർഷം: 1847
  • പ്രസാധനം: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
  • രചയിതാവ്: ഗുണ്ടർട്ട് ആയിരിക്കണം

കൈയ്യഴുത്ത് അതേ പോലെ അച്ചടിക്കാൻ കഴിയുന്നു എന്നതാണ് ലിത്തോഗ്രഫി അച്ചടിയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് കേരളോല്പത്തിയെ കുറിച്ചുള്ള പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. 1843ലെ കേരളൊല്പത്തിയുടെ ലിത്തോ പതിപ്പാണ് 1847 നു മുൻപ് നമ്മൾ കണ്ട ലിത്തോ പതിപ്പ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ വ്യത്യാസം കണ്ടത് മീത്തലിന്റെ കാര്യത്തിലാണ്. അതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ താഴെ.

ഈ പതിപ്പിൽ ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ എടുത്തെഴുതട്ടെ.

  • ബൈബിളിലെ പുതിയ നിയമത്തിലെ ആദ്യ നാലു പുസ്തകങ്ങളിൽ (സുവിശേഷങ്ങളിലെ) നിന്നെടുത്ത കുറച്ച് കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 52കഥകളാണ് ഇത്തരത്തിൽ കൊടുത്തിരിക്കുന്നത്.
  • ഏകദേശം 110 താളുകൾ ആണ് പുസ്തകത്തിന്.
  • ഏ/ഓ കാരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഉപയോഗിച്ചിട്ടില്ല.
  •  കൈയ്യെഴുത്തായതിനാൽ വാക്കുകൾക്ക് ഇടയിൽ ഇട വിടുന്ന രീതി ഇല്ല.
  • ചില്ലുള്ള കൂട്ടക്ഷരങ്ങൾ ഉണ്ട്.
  • ഖണ്ഡികയിൽ വാചകങ്ങളെ തമ്മിൽ വേർതിരിക്കാൻ ഒരു വര ഉപയൊഗിച്ചിരിക്കുന്നു. പക്ഷെ ചിലയിടങ്ങളിൽ അത് പൂർണ്ണവിരാമമായി മാറുന്നതായി തോന്നുന്നു.
  • മറ്റ് കൈയ്യെഴുത്ത് പ്രതികളിൽ കണ്ടത് പോലെ  വരി മുറിയുമ്പോൾ സ്വരാക്ഷരചിഹ്നങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ വേർപെടുത്തുന്നു
  • ന്റ, റ്റ. ഇത് രണ്ടും അക്കാലത്തെ എല്ലാ കൃതികളും കാണുന്ന പോലെ ൻറ, ററ എന്ന് വേറിട്ട് തന്നെ ആണ് എഴുതിയിരിക്കുന്നത്.
  • ഇനി ഇതിനൊക്കെ പുറമേ ഈ പതിപ്പിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യെകത കൂടെ പറയട്ടെ. അത് സംവൃതോകാരത്തിന്റെ കാര്യമാണ്. ഈ പുസ്തകത്തിൽ ആദ്യമൊക്കെ സംവൃതോകാരം  ചിഹ്നം കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു. പക്ഷെ 25ആം താളിൽ കഫർന്നഹൂം പട്ടണത്തിലെക്ക് എന്ന വാക്കിൽ ചന്ദ്രക്കലയുടെ ഒരു മിന്നലാട്ടം ഉള്ളത് പോലെ തോന്നി. അതിനു ശെഷം പിന്നീട് അങ്ങനെ കണ്ടില്ല. പക്ഷെ 39 ആം താളിൽ കുറച്ചധികം വാക്കുകളിൽ ചന്ദ്രക്കല കണ്ടു. അതിനു ശെഷവും ഇടയ്ക്കിടയ്ക്ക് ചന്ദ്രക്കലയ ധാരാളമായി പ്രത്യക്ഷപ്പെടുന്നത് കാണാം. പക്ഷെ ഇതിലെ ചന്ദ്രക്കല കൂടുതലും അക്ഷരത്തിന്റെ നടുക്ക് ആണ് കാണുന്നത്. അതായത് ഇന്നത്തെ പോലെ അക്ഷരത്തിന്റെ മുകളിൽ വലത്തെ മൂലയിൽ അല്ല.  1843ലെ പതിപ്പിൽ ചന്ദ്രക്കല നമ്മൾ കണ്ടില്ലല്ലോ. അങ്ങനെ ഇന്ന് വരെ നമുക്ക് കിട്ടിയ സ്കാനുകൾ വെച്ച് 1847-ൽ ആണ് ചന്ദ്രക്കല ആദ്യമായി ഉപയോഗിച്ചത് എന്ന് പറയാം. (അല്ലെങ്കിൽ 1843നും 1847നും ഇടയിൽ ആണ് ഇത് ആദ്യമായി പരീക്ഷിച്ചത് എന്ന് പറയാം. 1843നും 1847നും ഇടയിൽ ഇറങ്ങിയ കൂടുതൽ പുസ്തകങ്ങളുടെ സ്കാനുകൾ കിട്ടുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. നിലവിൽ നമുക്ക് ആധികാരികമായ തെളിവുള്ളത് 1847 എന്നതിനാണ്) അതിനാൽ ചന്ദ്രക്കലയുടെ കാര്യത്തിൽ നമ്മൾ ലിസ്റ്റനു കൊടുത്തിരുന്ന സംശയത്തിന്റെ ആനുകൂല്യം ഒഴിവാക്കി പിതൃത്വം തിരിച്ചു ഗുണ്ടർട്ടിനു തന്നെ കൊടുക്കണം എന്ന് തോന്നുന്നു.

ഇന്ന് നമുക്ക്  അറിയാവുന്ന മീത്തലിന്റെ ചരിത്രം 1867-ൽ നിന്ന് 1847ലേക്ക് (അതായത് പിന്നേം 20 വർഷം പിറകിലേക്ക്) കൊണ്ടു പോയി എന്നതാണ് ഈ പുസ്തത്തിന്റെ സ്കാൻ കൊണ്ട് നമുക്ക് കിട്ടിയ ഏറ്റവും വലിയ അറിവായി ഞാൻ കരുതുന്നത്.

കൂടുതൽ പ്രത്യേകതകൾ നിങ്ങൾ കണ്ടാൽ അത് പിൻമൊഴിയായി ഈ പോസ്റ്റിന്റെ താഴെ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്നു ലഭിക്കും:  https://archive.org/details/1847_Suvishesha_Kathakal

 

 

Comments

comments

Comments are closed.