(വളരെ നാളുകൾക്ക് ശേഷം പഴയ മലയാളപുസ്തകങ്ങളെ പറ്റിയുള്ള പോസ്റ്റുകൾ പുനഃരാംരംഭിക്കുകയാണ്. ഇതിനിടയ്ക്ക് ജോർജ്ജ് മാത്തന്റെ മലയാഴ്മയുടെ വ്യാകരണം അടക്കം പല പുസ്തകങ്ങളും ഡിജിറ്റൽ സ്കാൻ ഉണ്ടാക്കാൻ പങ്കാളി ആയിരുന്നെങ്കിലും പല തിരക്കുകൾ മൂലം അവയ്ക്കായി പ്രത്യേക പോസ്റ്റ് ഒന്നും ഇടാൻ കഴിഞ്ഞില്ല. അത് പരിഹരിക്കാനുള്ള ശ്രമം കൂടി ആണ് ഇത്.)
കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് ആധുനികകേരളത്തിൽ 1980 വരെയെങ്കിലും അറിയപ്പെട്ടിരുന്നത് 1829-ൽ ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം ബൈബിൾ (പുതിയ നിയമം) ആയിരുന്നു. ഈ കൃതിയുടെ സ്കാനിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ് (https://shijualex.in/malayalam_new_testament_benjamin_bailey/).
എന്നാൽ ഈ അറിവ് പുതുക്കപ്പെടേണ്ടി വന്നത് 1980 ജുൺ/ജൂലൈ മാസങ്ങളിൽ ആണ്.
1980 ജൂൺ 20 ആം തീയതി പത്രത്തിൽ വന്ന വാർത്ത കാണുക
(ഈ സമയത്ത് ജോർജ്ജ് ഇരുമ്പയം കാലിക്കറ്റ് സർവ്വകലാശാലയിൽ സുകുമാർ അഴീകോടിന്റെ കീഴിൽ ഗവേഷണം ചെയ്യുകയായിരുന്നു)
തുടർന്ന് 1980 ജൂലൈ 13നു മാതൃഭൂമി പത്രത്തിൽ ജോർജ് ഇരുമ്പയം എഴുതിയ “ഒന്നാമത്തെ അച്ചടി ഗ്രന്ഥം” എന്ന ലേഖനത്തിൽ ഇതു സംബന്ധിച്ച കുറച്ച്കൂടി വിശദാംശങ്ങൾ കാണാം. ബെഞ്ചമിൻ ബെയിലിയുടെ 1829ലെ ബൈബിൾ അല്ല, 1824-ൽ ബെഞ്ചമിൻ ബെയ്‌ലി തന്നെ ഇംഗ്ലീഷിൽ നിന്ന് പരിഭാഷ ചെയ്ത് കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ച “ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” എന്ന പുസ്തകമാണ് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് ജോർജ് ഇരുമ്പയം സ്ഥാപിച്ചു. മാതൃഭൂമിയിൽ 1980 ജൂലൈ 13നു വന്ന ജോർജ്ജ് ഇരുമ്പയത്തിന്റെ ലേഖനം താഴെ കൊടുക്കുന്നു.
ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിലെ കാറ്റലോഗ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വളരെ അവിചാരിതമായാണ് ഈ പുസ്തകം കണ്ടെത്തിയത് എന്ന് ജോർജ് ഇരുമ്പയം മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്. ഇതോടെ കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകത്തിന്റെ ചരിത്രം 5 വർഷം പുറകോട്ട് പൊയി. ഈ വിഷയത്തെ കുറിച്ച് കെ.എം. ഗോവി ഇങ്ങനെ പറയുന്നു (കെ.എം. ഗോവി:ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും,1998;109)
ഇതിനു ശേഷം ജോർജ് ഇരുമ്പയം ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് പുസ്തകത്തിന്റെ നൂറോളം പേജുകൾ ഫോട്ടോ കോപ്പി ചെയ്ത് കൊണ്ട് വന്നു. (പുസ്തകം മൊത്തം ഫോട്ടോ കോപ്പി എടുക്കാനുള്ള ചെലവ് താങ്ങാൻ പറ്റാഞ്ഞത് കൊണ്ടാണ് അന്നത് മൊത്തം ഫോട്ടോ കോപ്പി ചെയ്യാഞ്ഞത് എന്ന് ഇരുമ്പയം എവിടെയോ പറഞ്ഞത് ഓർക്കുന്നു.) അതിനെ തുടർന്ന് അദ്ദേഹം പുസ്തകത്തെ പറ്റി കൂടുതൽ ലേഖനങ്ങൾ എഴുതുകയും മറ്റും ചെയ്തിരുന്നു. അതിനു ശേഷം ഇന്ന് വരെയായി കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായി കരുതുന്നത് ബെഞ്ചമിൻ ബെയ്‌ലി പരിഭാഷ ചെയ്ത് 1824-ൽ കോട്ടയം പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ച “ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീഷിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” ആണ്. മറിച്ചുള്ള തെളിവുകൾ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല.
1980കളിൽ ജോർജ് ഇരുമ്പയം ഈ ലേഖനം എഴുതിയ കാലത്ത് കുറച്ചൊക്കെ ജനശ്രദ്ധ പതിഞ്ഞെങ്കിലും ഈ പുസ്തകത്തെ കുറിച്ച് കൂടുതൽ പഠിക്കാനോ ഒന്നും ആരും ശ്രദ്ധിച്ചില്ല. അങ്ങനെ അത് പതുക്കെ വിസ്മൃതിയിലായി. ഇതിനു മാറ്റം വരുന്നത് 1990കളുടെ അവസാനം ആണ്. ഇപ്പോൾ കോട്ടയം സി.എം.എസ് കോളേജ് പ്രൊഫസറും ബെഞ്ചമിൻ ബെയിലിയെ പറ്റിയുള്ള ഗവേഷണങ്ങളിൽ തല്പരനുമായ ഡോ. ബാബു ചെറിയാനാണ് ഈ പുസ്തകം പിന്നീട് ജനശ്രദ്ധയിൽ കൊണ്ടു വരുന്നത്.
അദ്ദേഹം ഇതിനായി അക്കാലത്ത് ഇംഗ്ലണ്ടിലെ മലയാളികൾക്ക് ഇടയിൽ സേവനം അനുഷ്ഠിച്ചിരുന്ന ഒരു പുരോഹിതന്റെ (റവ:ജോൺ ടി. ജോർജ്?) സഹായത്തോടെ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് കൃതിയുടെ മൈക്രോ ഫിലിം സംഘടിപ്പിച്ചു. ആ മൈക്രോ ഫിലിം കോട്ടയത്തെ ചില പത്രസ്ഥാപനങ്ങളുടെ കൈയ്യിലുള്ള മൈക്രോഫിലിം റീഡർ ഉപയോഗിച്ച് ഓരോ പേജും നോക്കി അതിലെ ഉള്ളടക്കം വളരെ പതുക്കെ എഴുതിയെടുത്തുതിനു ശേഷം ഇതിലെ ഉള്ളടക്കവും ലിപികളുടെ കാര്യവും ഒക്കെ പരാമർശിച്ച് വിശദമായ ഒരു പഠനവും പുസ്തകത്തിന്റെ ഉള്ളടക്കവും ചേർത്ത് 2010-ൽ പ്രസിദ്ധീകരിച്ചു. പ്രഭാത് ബുക്ക് ഹൗസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അതിന്റെ കോപ്പികൾ ഇപ്പോൽ ലഭ്യമല്ല എന്നാണ് അറിയുന്നത്. എന്തായാലും ബാബു ചെറിയാൻ അയച്ച് തന്നതു മൂലം പുസ്തകത്തിന്റെ ഒരു പ്രതി എന്റെ കൈയ്യിൽ ഉണ്ട്.
ബാബു ചെറിയാന്റെ പുസ്തകത്തിൽ ആദ്യം ചെറുപൈതങ്ങളെ കുറിച്ചുള്ള പഠനവും അതിനു ശേഷം ചെറുപൈതങ്ങളുടെ ഉള്ളടക്കവുമാണ്. ബാബു ചെറിയാന്റെ പുസ്തകത്തിൽ ചെറു പൈതങ്ങളുടെ ചില താളുകളുടെ ചിത്രവും കൊടുത്തിട്ടുണ്ട്.
കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് കവർ പേജിൽ തന്നെ കൊടുത്തതിനാലാവാം പുസ്തകം മൊത്തമായി വിറ്റു പോയി എന്നാണ് അറിയാൻ കഴിഞ്ഞത് (ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം പുനഃപ്രസിദ്ധീകരിച്ചവർ വരുത്തിയ ഗംഭീര തെറ്റ് (https://shijualex.in/samkshepam-alphabethum-malabaricum/) എന്തായാലും ബാബു ചെറിയാൻ ചെയ്തില്ല. അത് കൊണ്ട് തന്നെ പുസ്തകം മൊത്തം വിറ്റു പൊയി).
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും 1824ലെ പുസ്തകത്തിന്റെ സ്കാൻ പതിപ്പ് കാണാനും ഒറിജിനൽ പുസ്തകം എങ്ങനെ ആയിരുന്നു എന്ന് കാണാനും അധികം പേർക്ക് കഴിഞ്ഞില്ല. ഡോ. ജോർജ്ജ് ഇരുമ്പയവും, ഫിലിമിൽ ഓരോ പേജും സുസൂക്ഷം പരിശോധിച്ച ബാബു ചെറിയാനും അടക്കം വളരെ കുറച്ച് പേർ മാത്രമായിരിക്കണം ഒറിജിനൽ പുസ്തകം മൊത്തമായി കണ്ടത്. ഇനി ആ സ്ഥിതി മാറുകയാണ്. ബെയിലിയുടെ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് എല്ലാവർക്കുമായി ലഭ്യമാവുകയാണ്.
പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഇന്ന് (2014 February 08) ഉച്ചയ്ക്ക് 2 മണിക്ക് തൃശൂർ കേരളസാഹിത്യ അക്കാദമിയിൽ വെച്ച് പ്രകാശനം ചെയ്യും. ചടങ്ങിൽ ജോർജ് ഇരുമ്പയവും, ബാബു ചെറിയാനും പങ്കെടുക്കും.
ഈ ഡിജിറ്റൽ പതിപ്പ് ലഭ്യമാക്കാനായി എല്ലാവിധ മുൻകൈയും എടുത്തത് മാതൃഭൂമി ഓൺലൈനിലെ ശ്രീ. സുനിൽ പ്രഭാകർ ആണ്. പഴയ പുസ്തകങ്ങൾ തപ്പിയെടുക്കാൻ ശ്രമം ആരംഭിച്ചപ്പോൾ തന്നെ ചെറുപൈതങ്ങളുടെ സ്കാൻ പതിപ്പ് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നു. അതിനായി വിക്കിമീഡിയ യു.കെ. അടക്കം പലരും സഹായം തരാം എന്ന് പറഞ്ഞെങ്കിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് (ഉദാ: ജർമ്മനി) ഡിജിറ്റൽ സ്കാനുകൾ സംഘടിപ്പിക്കുന്നത് പോലെ എളുപ്പമല്ല യു.കെ.യിലെ കാര്യം മനസ്സിലാക്കി. അതിനാൽ അതിനുള്ള ശ്രമം ഉപേക്ഷിച്ചു.
പിന്നീടാണ് ബാബു ചെറിയാന്റെ കൈയിലുള്ള മൈക്രോഫിലിമിലേക്ക് ശ്രദ്ധതിരിയുന്നത്. മൈക്രോ ഫിലിം കോപ്പി ഉപയോഗിച്ച് ഡിജിറ്റൽ പതിപ്പ് ഉണ്ടാക്കാം എന്ന ആശയം സുനിൽ പ്രഭാകർ മുൻപോട്ട് വെച്ചപ്പോൾ തന്നെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ബാബു ചെറിയാൻ വന്നു.
സുനിൽ പ്രഭാകർ ആ മൈക്രോ ഫിലിം ചെന്നെയിലെ റോജാ മുത്തയ്യ ലൈബ്രറിയിലേക്ക് അയക്കുകയും അവരുടെ സഹായത്തൊടെ ഡിജിറ്റൽ പതിപ്പ് നിർമ്മിക്കുകയും ചെയ്തു. പ്രസ്തുത പതിപ്പിൽ നിന്നുള്ള ഒരു താൾ ഇവിടെ പങ്ക് വെക്കുന്നു.
സാഹിത്യ അക്കാദമിയിൽ നടന്ന പരിപാടി സംബന്ധിച്ച് ഫെബ്രുവരി 9ലെ മാതൃഭൂമിയിൽ വന്ന വാർത്ത താഴെ കൊടുക്കുന്നു.
ചെറുപൈതങ്ങളെ കണ്ടെത്തിയതിനെ പൊതുവായും, മാതൃഭൂമി വാർത്തയിൽ കടന്നു കൂടിയ ചില തെറ്റുകളെ പറ്റിയും ജോർജ്ജ് ഇരുമ്പയത്തിന്റെ വിശദീകരണം മാതൃഭൂമിയിലെ “വായനക്കാർക്കുള്ള കത്തിൽ”.
മൈക്രോ ഫിലിമിൽ നിന്ന് നിർമ്മിച്ച പതിപ്പ് ഇവിടെ നിന്ന് ലഭിക്കും: https://archive.org/details/Cherupaithangal
ജോർജ് ഇരുമ്പയത്തിന്റെ ലേഖനങ്ങളിലും ബാബു ചെറിയാന്റെ പഠനത്തിലും ഈ പുസ്തകത്തെ വിശദമായി വിലയിരുത്തുന്നുണ്ട്.
ഈ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പൊതുജനങ്ങൾക്കായി എത്തിക്കാൻ എല്ലാവിധ ശ്രമവും ഏകോപ്പിച്ച സുനിൽ പ്രഭാകറിനു പ്രത്യേക നന്ദി.
6 comments on “ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ”
ഈ പുസ്തകത്തിന്റെ ഡോ. ബാബു ചെറിയാന്‍ സാര്‍ ലഭ്യമാക്കിയ മൈക്രോഫിലിം ഡിജിറ്റൈസ് ചെയ്യുന്നതിന് എനിക്ക് പലരുടെയും സഹായം ലഭ്യമായിട്ടുണ്ട്. റോജാ മുത്തയ്യ റിസര്‍ച്ച് ലൈബ്രറിയുടെ ഡയറക്ടര്‍ ശ്രീ. ജി. സുന്ദര്‍, ഡോക്യുമെന്റേഷനിലെ ശ്രീ. ആര്‍. പ്രകാശ്, ശ്രീ. സുബ്ബു, എന്റെ ചെന്നൈ യാത്രയ്ക്ക് അവസരമൊരുക്കിയ യുഎന്‍ഇപിയിലെ ഡോ. മുരളി തുമ്മാരുകുടി, ചെന്നൈ ഐഐടി യിലെ പ്രൊഫസര്‍ ഡോ. ലിജി, വിഐടിയിലെ ഡോ. സാബു എന്നിവരോട് പ്രത്യേകം നന്ദി പറയുന്നു.
Comments are closed.