ചർച്ച് മിഷനറി സൊസൈറ്റി (CMS) – The Missionary Register – 1813-1855

ആമുഖം

കഴിഞ്ഞ കുറച്ച് പൊസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി ഈ പോസ്റ്റിൽ ഇംഗ്ലീഷ് പുസ്തകങ്ങളാണ് പങ്ക് വെക്കുന്നത്. കേരളവും മലയാളവുമായി എന്തെങ്കിലും ഒക്കെ ബന്ധമുള്ള എല്ലാ ഭാഷകളിലും ഉള്ള പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കും എപ്പോഴും പരിശോധിക്കത്തക്ക വിധം ലഭ്യമാക്കുക എന്ന നമ്മുടെ  പ്രധാന ലക്ഷ്യത്തിന്റെ പരിധിയിൽ വരുന്ന ഒരു കൂട്ടം പുസ്തകങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ. ഇതു വരെ പങ്കു വെച്ചതിൽ നിന്ന് വ്യത്യസ്തമായി ഈ പൊസ്റ്റിലെ പുസ്തങ്ങളിലെ വിഷയമോ പുസ്തകം തന്നെയോ മറ്റോ ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. കാരണം ഇതിലെ ഒറ്റ പുസ്തകം എടുത്ത് അതിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ വിശകലനം ചെയ്യാൻ പൊയാൽ അത് തീരാൻ തന്നെ ആഴ്ചകൾ എടുക്കും. മാത്രമല്ല ഇതിലെ വിഷയങ്ങൾ എനിക്ക് കൈപ്പിടിയിൽ ഒതുങ്ങുന്നതിനും അപ്പുറമാണ്. അതിനാൽ വിശകലനം ചെയ്യുക എന്ന ഒരു സാഹസത്തിനു മുതിരുന്നില്ല. അത് അതാത് മേഖകളിലെ വിദഗ്ദന്മാർ തന്നെ ചെയ്യട്ടെ.

ചർച്ച് മിഷൻ സൊസൈറ്റി (CMS) യെ കുറിച്ചും അവർ കേരളത്തിൽ അച്ചടി, വിദ്യാഭ്യാസം എന്നിവയുമൊക്കെയായി ബന്ധപ്പെട്ടു നൽകിയ സംഭാവനളെകുറിച്ചും എല്ലാവർക്കും അറിവുള്ളതാണല്ലോ. മലയാളം അച്ചടിയുമായി ബന്ധപ്പെട്ട ചരിത്രം തിരഞ്ഞു പോയപ്പൊഴാണ് CMS മിഷണറിമാർ അവരുടെ വിവിധ രേഖകളിൽ അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നത് പരിശോധിച്ചപ്പോൾ അച്ചടിയെ കുറിച്ച് മാത്രമല്ല കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളെ കുറിച്ചുള്ള വിലപ്പെട്ട അറിവുകൾ ലഭിക്കുന്ന സംഗതികൾ കൂടെയാണ് ഈ രേഖകൾ എന്ന് മനസ്സിലായത്. അതിനാൽ തന്നെ കേരളവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്കുള്ള അക്ഷയ ഖനികൾ ആണ് ഈ രേഖകൾ എന്ന് മനസ്സിലായി. പലയിടത്തായി ചിതറി കിടന്ന ഇത്തരം രേഖകളെ എല്ലാം കൂടി സമാഹരിച്ച് എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കാനുള്ള ഒരു ശ്രമത്തിനു തുടക്കം ഇടുകയാണ്. ഇങ്ങനെ ഒരു സമാഹരണം നടത്താൻ എനിക്ക് പലരും പ്രചൊദനമായിട്ടുണ്ട്. അവരിൽ ഡോ. ബാബു ചെറിയാൻ, ഡോ: സ്കറിയ സക്കറിയ എന്നിവരെ പ്രത്യേകം സ്മരിക്കുന്നു. ഈ രേഖകളിൽ മിക്കവാറും ഒക്കെ എനിക്ക് തന്നെ കണ്ടെത്താൻ കഴിഞ്ഞു എങ്കിലും അപൂർവ്വം എണ്ണം ലഭ്യമാക്കാൻ ഡോ: സൂരജ് രാജനും സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിനു പ്രത്യേക നന്ദി.

ചർച്ച് മിഷൻ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ നിരവധിയാണ്. അതിനാൽ എല്ലാം കൂടി ഒറ്റയടിക്ക് വിട്ട് ആശയക്കുഴപ്പം ഉണ്ടാക്കാതെ ഒരോ തരം പ്രസിദ്ധീകരണത്തേയും വെവ്വേറെ നിങ്ങളുമായി പങ്ക് വെക്കനാണ് ശ്രമിക്കുന്നത്. അതിന്റെ ആദ്യഘട്ടമായി CMS Register നെ കുറിച്ചാണ് ഈ ബ്ലോഗ് പോസ്റ്റിൽ പറയുന്നത്.

ഈ സീരിസിൽ പങ്ക് വെക്കാൻ ഉദ്ദേശിക്കുന്ന പുസ്തകങ്ങൾ പലയിടത്തായി ചിതറി കിടന്നതാണ്. ചിലത് ഗൂഗിൾ ബുക്സിൽ ഉണ്ടായിരുന്നു. ചിലത് ആർക്കൈവ്.ഓർഗിൽ ഉണ്ടായിരുന്നു. ചിലത് പബ്ലിക്കായി ആക്സെസ് ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ ചില യൂണിവേഴ്സിറ്റി സൈറ്റുകളിൽ മറഞ്ഞ് കിടപ്പുണ്ടായിരുന്നു. ഒരെണ്ണം മാത്രം എനിക്ക് സ്കാൻ ചെയ്ത് എടുക്കേണ്ടി വന്നു. അങ്ങനെ പല സ്രോതസ്സുകളിൽ നിന്ന് കിട്ടിയത് എല്ലാം കൂടി ക്രോഡീകരിച്ച് ആർക്കൈവ്.ഓർഗിലേക്ക് അപ്‌ലോഡ് ചെയ്യുകയും അതിന്റെ വിവരങ്ങൾ ക്രോഡീകരിച്ച് ലഭ്യമാക്കുന്ന പരിപാടി മാത്രമാണ് മാത്രമാണ് ഇവിടെ ചെയ്യുന്നത്.

ചർച്ച് മിഷനറി സൊസൈറ്റി

ചർച്ച് മിഷനറി സൊസൈറ്റിയെ പറ്റി മലയാളികൾക്ക് പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. Church Missionary Society (CMS) യുടെ പ്രവർത്തനങ്ങൾ എങ്ങനെയാണ് കേരളത്തേയും മലയാളത്തേയും സ്വാധീനിച്ചത് എന്നതിനെ പറ്റി ഞാൻ പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ. CMS-ന്റെ പ്രവർത്തനങ്ങളുടെ വളരെ ലഘുവായ ചരിത്രം ഈ വിക്കിപീഡിയ ലേഖനത്തിൽ നിന്ന് ലഭിയ്ക്കും. 1799ൽ പ്രവർത്തനം ആരംഭിച്ച Church Missionary Society യുടെ മിഷണറി പ്രവർത്തനങ്ങൾ നിരവധി രാജ്യങ്ങളിൽ ഉണ്ടായിരുന്നു. ഇന്ത്യയിൽ തന്നെ നിരവധി സ്ഥലങ്ങളിൽ അവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. Church Missionary Society യെ സംബന്ധിച്ചിടത്തോളം അവരുടെ നിരവധി സ്ഥലങ്ങളിലെ മിഷനറി പ്രവർത്തങ്ങളിൽ ഒന്ന് മാത്രമായിരുന്നു തിരുവിതാംകൂറിൽ കോട്ടയത്തും ആലപ്പുഴയിലും സമീപപ്രദേശങ്ങളിലും ആയി നടന്ന പ്രവർത്തനം. എങ്കിലും തിരുവിതാം‌കൂറിലെ മിഷൻ അവർക്ക് വളരെ പ്രാധാന്യം ഉള്ളതായിരുന്നു. അത് കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ ഉണ്ടാക്കിയ അനുരണനം ധാരാളമാണല്ലോ.

ചർച്ച് മിഷനറി സൊസൈറ്റിയുടെ മിഷൻ രജിസ്റ്ററുകൾ

ഈ സീരീസിൽ ആദ്യമായി പങ്ക് വെക്കുന്നത് Church Missionary Societyയുടെ The Missionary Register ആണ്.  Church Missionary Societyയുടെ വിവിധ സ്ഥലങ്ങളിലെ പ്രവർത്തനങ്ങളെ പറ്റി വാർഷിക പതിപ്പായി പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് The Missionary Register. ഈ വാർഷികറിപ്പോർട്ട് (The Missionary Register) 1813 തൊട്ട് 1855 വരെ  ക്രമമായി പ്രസിദ്ധീകരിച്ചു. അതിനു ശെഷം അതിന്റെ പേരും രൂപവും ഒക്കെ മാറി. 1813 മുതൽ 1855 വരെ പ്രസിദ്ധീകരിക്കപ്പെട്ട The Missionary Register ന്റെ 40ളം വർഷത്തെ പതിപ്പുകളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്ക് വെക്കുന്നത്. നിർഭാഗ്യവശാൽ ഇതിൽ രണ്ട് വർഷത്തെ 1834, 1849 രെജിസ്റ്റർ നമുക്ക് കിട്ടിയിട്ടില്ല. ബാക്കി എല്ലാ രെജിസ്റ്ററുകളും നമുക്ക് കിട്ടിയിട്ടുണ്ട്. അങ്ങനെ 1813 മുതൽ 1855 വരെയുള്ള 40 വർഷത്തെ The Missionary Register ആണ് ഇപ്പോൾ പങ്ക് വെക്കുന്നത്. 1834, 1849 വർഷങ്ങളിലെ രെജിസ്റ്റർ എവിടെയെങ്കിലും ഉണ്ടെങ്കിൽ എനിക്കൊരു മെയിലയക്കുക (shijualexonline@gmail.com).

ഈ രജിസ്റ്ററിൽ വിവിധ രാജ്യങ്ങളിൽ ഉള്ള അവരുടെ ഓരോ മിഷൻ ഫീൽഡിൽ നിന്നും ഉള്ള വിശദമായ റിപ്പൊർട്ടുകൾ കാണാം. ഒപ്പം കേരളത്തിലെ മിഷൻ ഫീൽഡുകളിലെ റിപ്പോർട്ടും കാണാം.

CMS Missionary Register
CMS Missionary Register

മിഷൻ രജിസ്റ്ററിന്റെ ഉള്ളടക്കം

1813 മുതൽ 1855 വരെയുള്ള രെജിസ്റ്ററുകളിൽ മുകളിൽ സൂചിപ്പിച്ച പോലെ കേരളത്തിലെ മിഷൻ ഫീൽഡുകളിൽ നിന്നുള്ള റിപ്പോർട്ടും കാണാം. കേരളത്തിൽ അക്കാലത്തെ സമൂഹിക ജീവിതം ഒട്ടൊക്കെ ഇതിലൂടെ വെളിവായി വരുന്നുണ്ട്. ബെഞ്ചമിൻ ബെയിലി, ഹെൻറി ബേക്കർ, ജൊസഫ് ഫെൻ ഇവരുടെ ഒക്കെ കേരളത്തിലെ ജീവിതം ഈ 40 റിപ്പൊർട്ടുകളിലൂടെ ചുരുളഴിയുന്നത് കാണാം. ജോസഫ് പീറ്റും, ബെഞ്ചമിൻ ബെയിലിയും ഒക്കെ ചെർന്ന് കൊല്ലത്ത് മൺറോ തുരുത്തിൽ നടത്തിയ അടിമ‌വിമോചനത്തിന്റെ നെരിട്ടുള്ള റിപ്പോർട്ടുകൾ ഇതിൽ കാണാം, ബെഞ്ചമിൽ ബെയിലിയും കൂട്ടരും മലയാളം അച്ചടിയിൽ നടത്തിയ വിപ്ലവം മറ നീക്കി പുറത്ത് വരുന്നത് കാണാം, ബെഞ്ചമിൽ ബെയ്‌ലിയുടെ മലയാളം ബൈബിൾ പരിഭാഷായുടെ വിശദാംശങ്ങൾ, സി എം എസ് മിഷനറിമാരും സുറിയാനി ക്രിസ്ത്യാനികളുമായി ഉണ്ടായ സൗഹൃദ-പടല പിണക്കങ്ങളെ പറ്റിയുള്ള വിശദാംശങ്ങൾ, കോട്ടയം സി.എ.എസ്. കൊളേജിന്റെ ആദ്യകാല ചരിത്രം, വനിതാ വിദ്യാഭ്യാസം, തുടങ്ങിയത് അങ്ങനെ നിരവധി നിരവധി വിഷയങ്ങളിലുള്ള അനേകം സംഗതികൾ ഈ 40 റിപ്പോർട്ടുകളിലൂടെ കടന്ന് പോകുമ്പോൾ നമുക്ക് മുങ്ങി തപ്പി എടുക്കാൻ പറ്റും.

മിക്ക റിപ്പൊർട്ടിലും രേഖാചിത്രങ്ങളും ഭൂപടങ്ങളും ഒക്കെ കാണാം. രേഖാചിത്രങ്ങളൊക്കെ അക്കാലത്തെ സാമൂഹ്യജീവിതവവും സ്ഥിതിയും മറ്റും വർച്ചു കാട്ടുന്ന തരത്തിലുള്ളതാണ്. അതിനാൽ ആ വിധത്തിൽ കൂടെ ഈ രേഖകളിൽ അക്കാലത്തെ വിവരങ്ങൾ സംസ്കരിക്കപ്പെട്ടിരിക്കുന്നു.

മുകളിൽ സൂചിപ്പിച്ച പോലെ ഇതു CMS-ന്റെ ലോകം മൊത്തമുള്ള പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ടാ‍ണ്. ഓരോ റിപ്പോർട്ടിനും ഏതാണ്ട് 500നടുത്ത് പേജുകൾ ഉണ്ട്. അതിൽ തിരുവിതാം കൂറിനെ പറ്റിയുള്ള പരാമർശങ്ങൾ ഓരോ റിപ്പൊർട്ടിലും പ്രമാവധി 10-15 പേജുകൾക്ക് അപ്പുറം ഇല്ല എന്നത് ഓർക്കുക. എങ്കിൽ കൂടെ അത് പോലും പകർന്ന് തരുന്ന വിവരങ്ങൾ നിരവധിയാണ്.

തിരുവിതാംകൂറിലെ മിഷൻ ഫീൽഡിനപ്പുറമുള്ള സിഎം‌സിന്റെ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്ക് ധാരാളം വിവരം ഈ 40 റിപ്പോർട്ടുകളിലൂടെ ലഭിയ്ക്കും. ഈ വിഷയങ്ങളുമായൊക്കെ ഗവെഷണത്തിൽ ഏർപ്പെട്ട് ഇരിക്കുന്നവർക്ക് അക്ഷയ‌ഖനി ആണ് ഈ റിപ്പൊർട്ടുകൾ എന്ന് കരുതുന്നു. primary sources നിന്നുള്ള വിവര ലഭ്യത വലിയ പ്രശ്നം ആയിരുന്നവർക്ക് ഇനി ഇതൊക്കെ സൗജ്യമായി എപ്പൊഴും ഉപയൊഗിക്കാൻ കഴിയും എന്നത് നമുക്ക് ഭാഗ്യമായി കരുതാം. ഇതൊക്കെ ഉപയോഗിച്ച് കൂടുതൽ കൂടുതൽ പഠനങ്ങൾ നടക്കട്ടെ.

ഡൗൺലോഡ് കണ്ണികൾ

താഴെ 40 റിപ്പൊർട്ടിലേക്കുള്ള കണ്ണികൾ കൊടുക്കുന്നു. ഓരോ വർഷത്തെ റിപ്പോർട്ടിനും 3 തരത്തിലുള്ള കണ്ണികൾ ലഭ്യമാണ്. ആദ്യത്തേത്  സ്കാൻ ലഭ്യമായിരിക്കുന്ന താളിന്റെ പ്രധാനതാളിലേക്കുള്ള കണ്ണിയാണ്. രണ്ടാമത്തേത് സ്കാൻ ഓൺലൈനായി കാണാനും വായിക്കാനും റെഫർ ചെയ്യാനും ഒക്കെ ഉള്ള കണ്ണി, മൂന്നാമത്തേത് പുസ്തകത്തിന്റെ പിഡിഎഫ് മൊത്തമായി ഡൗൺലൊഡ് ചെയ്യാനുള്ള കണ്ണി. ഓരോ റിപ്പോർട്ടിനും ഏതാണ്ട് 500നടുത്ത് പേജുകൾ ഉള്ളതിനാൽ ഡൗൺലോഡ് ചെയ്യാനുള്ള പിഡിഎഫിന്റെ സൈസ് വളരെ കൂടുതൽ ആണ്. മിക്കതിനും 30 MBക്ക് അടുത്ത് വലിപ്പമുണ്ട്. ചിലതിനു 70 MB അടുത്ത് വലിപ്പമുണ്ട്. ഓരോ ഫയലിന്റേയും ഒപ്പം അതിന്റെ വലിപ്പം കൊടുത്തിട്ടുണ്ട്. മിക്കവാറും പേരുടേയും ആവശ്യങ്ങൾ രണ്ടാമത്തെ കണ്ണികൊണ്ട് (ഓൺലൈൻ വായനയ്ക്കുള്ള കണ്ണി) നടക്കും.

 

Comments

comments

2 comments on “ചർച്ച് മിഷനറി സൊസൈറ്റി (CMS) – The Missionary Register – 1813-1855

Comments are closed.