ആമുഖം
വ്യാസമുനി രചിച്ചതെന്നു കരുതപ്പെടുന്ന ഹരിവംശം (ഹരിവംശ പുരാണം എന്നും അറിയപ്പെടുന്നു) എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 113മത്തെ പൊതുസഞ്ചയ രേഖയും മൂന്നാമത്തെ താളിയോല രേഖയും ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ഹരിവംശം
- താളിയോല ഇതളുകളുടെ എണ്ണം: ഏകദേശം 300
- എഴുതപ്പെട്ട കാലഘട്ടം: (അറിയില്ല, കൈയെഴുത്ത് ശൈലി കണ്ടിട്ട് വളരെ പഴക്കം തോന്നിക്കുന്നു.)
- രചയിതാവ്: വ്യാസമുനി എന്ന് കരുതപ്പെടുന്നു.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
മലയാളം വിക്കിപീഡിയയിലെ ഹരിവംശം എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ച കൃതിയാണ് ഹരിവംശം . ഇതിനെ ഹരിവംശ പുരാണമെന്നും പറയുന്നു. ഭഗവാൻ കൃഷ്ണന്റെയും യാദവകുലത്തിന്റെയും ചരിത്രമാണ് വ്യാസമുനി ഇതിൽ ആഖ്യാനം ചെയ്തിട്ടുള്ളത് . ശ്രീകൃഷ്ണന്റെ പ്രവർത്തികളെ വിശദമായും അദ്ദേഹത്തിന്റെ ഭൂലോക ജീവിതത്തെ വളരെ ഭംഗിയോടെയും ഇതിൽ വ്യാസൻ വിവരിച്ചിട്ടുണ്ട് . ശ്രീകൃഷ്ണന്റെ ജീവചരിത്രം പഠിക്കുവാൻ ഈ കൃതി ധാരാളം മതിയാകുന്നതാണ് .
താളിയോലയുടെ ആദ്യത്തെ കുറച്ച് ഇതളുകൾ മാത്രമേ ഞാൻ നോക്കിയുള്ളൂ. സാധാരണ അവസാനത്തെ ഓലയിൽ എഴുതിയ ആളുടെ പേർ സൂചിപ്പികാറുണ്ട്. ഇതിൽ അതു കാണുന്നില്ല.
ഇതളുകൾക്ക് നമ്പർ ഇട്ടിട്ടൂണ്ട്. ഈ നമ്പറിടൽ പഴയ മലയാളഅക്ക ശൈലിയിലാണ്. അതിനെ പറ്റി അല്പകാലം മുൻപ് എഴുതിയ പോസ്റ്റ് ഇവിടെകാണുക.
എഴുത്ത് ശൈലിയിൽ നിന്ന് കാലഘട്ടം കൃത്യമായി വിലയിരുത്താൻ എനിക്കറിയില്ല. അത് അറിവുള്ളവർ ചെയ്യുമല്ലോ.
ഉള്ളടക്കത്തോടൊപ്പം തന്നെ എന്നെ വിസ്മയിപ്പിച്ചത് ഈ താളിയോലയിൽ എഴുത്ത് രേഖപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക ആണ്. അക്ഷരങ്ങൾ ഒക്കെ പ്രതലത്തിൽ നിന്ന് പൊങ്ങിയാണ് ഇരിക്കുന്നത്. ഇത് എങ്ങനെ ചെയ്തു എന്നു ഞാൻ അത്ഭുതപ്പെടുന്നു.
ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (185 MB)
You must be logged in to post a comment.