ഗ്രന്ഥപ്പുര എന്ന സന്നദ്ധപ്രവർത്തന കൂട്ടായ്മയുടെ ഭാഗമായി അറബി-മലയാള പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ എന്ന പുതിയ ഒരു പദ്ധതി കൂടെ ആരംഭിക്കുന്നു. ഇതോടു കൂടി പാഠപുസ്തകങ്ങളുടെ ഡിജിറ്റൈസെഷൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ, മണ്ണാർക്കാട് സഹൃദയ ലൈബ്രറി ഡിജിറ്റൈസെഷൻ, കോന്നിയൂർ നരേന്ദ്രനാഥ് കൃതികളുടെ ഡിജിറ്റൈസേഷൻ എന്നീ പദ്ധതികൾക്ക് പുറമേ പുതിയ ഒരു പദ്ധതിക്ക് കൂടെ ഗ്രന്ഥപ്പുര കൂട്ടായ്മ തുടക്കമിടുകയാണ്.
ഗ്രന്ഥപ്പുരയിലൂടെ വർഷങ്ങൾക്ക് മുൻപ് കുറച്ച് അറബി മലയാള പുസ്തകങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും (ഉദാ: 1905ലെ ഒരു അറബി-മലയാളം ബൈബിൾ) അറബി-മലയാള ലിപി വായിക്കാൻ എനിക്കറിയാത്തത് കൂടുതൽ അറബി-മലയാള പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനു തടസ്സമായി നിൽക്കുകയായിരുന്നു. ഇപ്പോൾ ഇത്തരം സംഗതികൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കേണ്ട പ്രാധാന്യം മനസ്സിലായ കുറച്ചു പേർ മുൻപ്പോട്ട് വന്നതാണ് ഇങ്ങനെ ഒരു പദ്ധതി തുടങ്ങാൻ പ്രേരിപ്പിച്ചത്. കൂടുതൽ പേർ സഹകരിക്കുമ്പോൾ പദ്ധതി സ്കേൽ അപ്പ് ചെയ്യാൻ ബുദ്ധിമുട്ട് അധികമില്ല.
ഇപ്പോൾ ഈ പദ്ധതി തുടങ്ങുമ്പോൾ താഴെ പറയുന്ന രണ്ട് പേരാണ് ഇക്കാര്യത്തിൽ പ്രധാനമായും മുൻകൈ എടുത്തിരിക്കുന്നതും ഞാനുമായി കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുന്നതും
- ഡോ. പി. എ. അബൂബക്കർ: കോട്ടക്കൽ വി.പി.എസ്.വി.എ.കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറും ഫിസിഷ്യനുമാണ് ഡോ. പി. എ. അബൂബക്കർ. കാസറഗോഡ് ഉദുമ സ്വദേശിയാണ്. കേരള സാഹിത്യഅക്കാദമി ഭാഷാ പഠനങ്ങൾക്കേർപ്പെടുത്തിയ ഐസി ചാക്കോ അവാർഡു നേടിയ ഡോ.അബൂബക്കറിൻ്റെ ഇഷ്ട ഗവേഷണമേഖലകളിലൊന്ന് ഭാഷാശാസ്ത്രമാണ്. കേരളീയരുടെ അറബി എടുത്ത്, അറബിമലയാളം എഴുത്തുരീതി, അതിൻ്റെ വികാസപരിണാമങ്ങൾ എന്നിവയെ ആധുനിക ഭാഷാശാസ്ത്രത്തിൻ്റെയും ഭാഷാചരിത്രത്തിൻ്റെയും വെളിച്ചത്തിൽ അദ്ദേഹം പഠിച്ചിട്ടുണ്ട്. അറബിമലയാളത്തെ മലയാളഭാഷയുടെ വികാസവുമായി ബന്ധിപ്പിച്ച് പഠിക്കുന്ന ഗ്രന്ഥമാണ് അദ്ദേഹം രചിച്ച് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാഅക്കാദമി പുറത്തിറക്കിയ അറബി മലയാളം മലയാളത്തിൻ്റെ ക്ലാസിക്കൽ ഭാവങ്ങൾ എന്ന ഗ്രന്ഥം.
- ഡോ: അബ്ദുൾ ലത്തീഫ്: കാലടി സംസ്കൃത സർവ്വകലാശാലയുടെ കൊയിലാണ്ടി കാമ്പസിൽ മലയാളം അസിസ്റ്റൻ്റ് പ്രൊഫസറാണ് ഡോ: അബ്ദുൾ ലത്തീഫ്. എനിക്കു ലത്തീഫ് മാഷെ കുറച്ചു വർഷങ്ങളായി പരിചയമുണ്ട്. ഗുണ്ടർട്ട് ലെഗസി പദ്ധതിയിൽ അദ്ദേഹം സജീവ പങ്കാളി ആയിരുന്നു. ഞങ്ങൾ മുന്നു പേർ (സിബു, സുനിൽ, ഷിജു) കൂടി രചിച്ച വിദ്യാവിലാസം പ്രസ്സിൻ്റെ ഗവേഷണപ്രബന്ധത്തിനു വേണ്ടിയുള്ള ഞങ്ങളുടെ അന്വേഷണത്തിൽ പല തെളിവുകളും കണ്ടെത്താൻ സഹായിച്ചത് അദ്ദേഹമായിരുന്നു.
അറബി-മലയാള പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനിൽ പുസ്തകങ്ങൾ ലഭ്യമാക്കാനും അതിൻ്റെ മെറ്റാ ഡാറ്റാ തയ്യാറാക്കാനും ഒക്കെ സഹായിക്കാം എന്ന് ഏറ്റിട്ടുള്ളത് ഇവർ രണ്ട് പെരും ആണ്. താല്പര്യമുള്ള കൂടുതൽ പേർ അവരോടൊപ്പം ചേർന്ന് ഇതൊരു സവിശേഷ പദ്ധതിയാക്കി മാറ്റും എന്ന് കരുതുന്നു.
ഈ അറബി-മലയാള ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷൻ, ഇതിൻ്റെ സംരക്ഷണത്തിൻ്റെ ഒന്നാം ഘട്ടം മാത്രമാണ്. ഈ ഡിജിറ്റൽ രേഖകളുടെ ഉള്ളടക്കം മലയാള ലിപിയിലേക്ക് കൂടെ ആക്കിയാലേ ഇത് കൂടുതൽ ആളുകളിലേക്ക് എത്തൂ. അതിനു കൂടുതൽ ആളുകൾ സഹകരിക്കും എന്ന് കരുതാം.