ആമുഖം
പൊതുസഞ്ചയ രേഖകളുടെ ആർക്കൈവൽ ഡിജിറ്റൈസേഷൻ അതിൽ തന്നെ വലിയ ഒരു ശാഖയും വിഷയവും ആണ്. ഈ വിഷയത്തിൽ ഇന്നു എനിക്കുള്ള അല്പജ്ഞാനം ഒക്കെയും “കേരളവും മലയാളവും ആയി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ്“ ചെയ്യുന്ന പ്രവർത്തി പരിചയത്തിലൂടെ മാത്രം മനസ്സിലാക്കിയതാണ്. അതിനാൽ തന്നെ എന്റെ അറിവ് അപൂർണ്ണവും കുറവുകൾ ഉള്ളത് ആണെന്നും എനിക്ക് അറിയാം. ഇക്കാരണം കൊണ്ട് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാഴ്ച തരപ്പെട്ടാൽ ഞാനത് ഒഴിവാക്കാറില്ല. ആ വിധത്തിൽ എനിക്ക് കേരള സാഹിത്യ അക്കാദമിയിലേയും കേരള സ്റ്റേറ്റ് ആർക്കൈവ്‌സിലേയും ഡിജിറ്റൈസേഷൻ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. അതു കാണാൻ സഹായിച്ചവരോട് നന്ദിയുണ്ട്.
ഈ ഒരു പ്രത്യേക താല്പര്യം ഉള്ളത് കൊണ്ട് ജോലിയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ജർമ്മനിയിൽ പോകേണ്ടി വന്നപ്പോൾ ഒരു അവധി ദിവസം നോക്കി ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിക്കു വെച്ചു പിടിച്ചു. ഹൈക്കയുടേയും എലീനയുടേയും സഹായത്തോടെ അവിടുത്തെ ലൈബ്രറി വിശദമായി കാണാനും അവിടുത്തെ യിലെ പുസ്തക ഡിജിറ്റൈസേഷൻ കാണാനും സാധിച്ചു. അവർക്ക് നന്ദി.
ഗുണ്ടർട്ട് ലെഗസി പദ്ധതി
ഭാഗ്യത്തിനു ഞാൻ ചെന്നപ്പോൾ ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം ആയിരുന്നു ഡിജിറ്റൈസ് ചെയ്തു കൊണ്ട് ഇരുന്നത്. ഏതാണ്ട് 3 വർഷം മുൻപ് ഗുണ്ടർട്ട് ലെഗസി എന്ന പേരിൽ ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യാനുള്ള പ്രൊപ്പോസൽ പോയതാണെങ്കിലും ഇപ്പോഴാണ് അതിന്റെ ഫണ്ട് ഒക്കെ ശരിയായി സ്കാനിങ് ആരംഭിച്ചിരിക്കുന്നത്. കല്ലച്ചിൽ അച്ചടിച്ച പുസ്തകങ്ങൾ അടക്കമുള്ള അച്ചടി പുസ്തകങ്ങളും, കൈയ്യെഴുത്ത് പ്രതികളും, താളിയോലകളും അടക്കം ഏതാണ്ട് 200ൽ പരം രേഖകളിൽ ഉള്ള 50,000 ത്തിൽ പരം പേജുകൾ ആണ് ജർമ്മൻകാർ അവരുടെ പൈസ മുടക്കി ഡിജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കാൻ പോകുന്നത്. ഇതിനകം അവർ ഡിജിറ്റൈസ് ചെയ്ത നമുക്ക് കൈമാറിയ രണ്ട് പുസ്തകങ്ങൾ ഇവീടെ കാണാം.
- ഒരായിരം പഴംചൊൽ – ഇതേ പുസ്തകം ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ഡിജിറ്റൽ ലൈബ്രറിയിൽ ഇവീടെ കാണാം.
- പഴംചൊൽ മാല – ഇതേ പുസ്തകം ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ഡിജിറ്റൽ ലൈബ്രറിയിൽ ഇവീടെ കാണാം.
ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ
ഗുണ്ടർട്ട് ശെഖരത്തിലെ ചില പുസ്തകങ്ങൾ കണ്ടതിനേക്കാൾ എന്റെ കണ്ണ് ഉടക്കിയത് അവിടുത്തെ ഡിജിറ്റൈസേഷൻ സാമഗ്രികളിൽ ആയിരുന്നു. (കാരണം പുസ്തക എന്തായാലും പിന്നേം കാണാം. സാമഗ്രികൾ കാണാനുള്ള അവസരം എപ്പോഴും കിട്ടിയെന്നു വരില്ല) അതിന്റെ ഡോക്കുമെന്റെഷൻ ആണ് ഈ പോസ്റ്റിൽ.
ആർക്കൈവൽ രേഖകളുടെ ഡിജിറ്റൈസേഷൻ ട്യൂബിങ്ങനിൽ വളരെ ഗൗരവത്തോടെയും, ഗുണനിലവാരത്തോടെയും, ജർമ്മൻകാരുടെ പൊതുപണം ഉപയോഗിച്ചു ചെയ്യുന്നതിനാൽ പരമാവധി അതിനൊടു നീതിപുലർത്തി കൊണ്ടു ജനങ്ങൾക്ക് ഉപകാരപ്രദവും ആയ വിധത്തിലും, ആണ് ചെയ്യുന്നത്.
ഡിജിറ്റൈസേഷന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരത്തിനു കൊടുക്കുന്ന അതീവ പ്രാധാന്യം എന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നത് ആയിരുന്നു. ഡിജിറ്റൈസ് ചെയ്യാനായി ചിത്രമെടുത്തു കഴിഞ്ഞാൽ ഓരോ പേജിന്റെ ചിത്രത്തിലും വളരെ സമയം ചിലവഴിച്ച് അവർ ഒറിജിനലിനോടു അടുത്തു നിൽക്കുന്ന വിധത്തിൽ ആ പേജ് പുനർനിർമ്മിക്കുക ആണ് അവർ ചെയ്യുന്നത്.
ഗുണ്ടറ് ശേഖരത്തെ അവിടുത്തെ നിരവധി ശെഖരങ്ങളിൽ ഒന്നു മാത്രം ആണെങ്കിലും നിലവിൽ ഡിജിറ്റൈസെഷൻ ഡിപ്പാർട്ടുമെന്റിൽ ഒന്നാമത്തെ മുൻഗണന ഗുണ്ടർട്ട് ശേഖരത്തിലെ രേഖകൾക്കാണ്. കാരണം ഇതിനുള്ള ഫണ്ടിങ് ഇപ്പോൾ മാത്രമാണ് ശരിയായത്. അതിനാൽ ഗുണ്ടർട്ട് ശേഖരത്തിലെ രേഖകകളൂടെ ഡിജിറ്റൈസേഷൻ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകളേ ആയിട്ടൂള്ളൂ. എങ്കിലും 2018 മാർച്ച് മാസത്തോടെ ഗുണ്ടർട്ട് ശേഖരത്തിലെ 50,000 പരം പേജുകൾ ഡിജിറ്റൈസ് ചെയ്യപ്പെടുകയും അതു നമുക്ക് ഉപയോഗത്തിനായി ലഭ്യമാവുകയും ചെയ്യും എന്നു പ്രത്യെശിക്കുന്നു. ഇതിനായി ആ ഡിപ്പാർട്ട്‌മെന്റിലെ ഓരോരുത്തരും അതീവ ആത്മാർത്ഥയൊടെ പണിയെടുക്കുന്നു.
ഈ പൊസ്റ്റിൽ ഡിജിറ്റൈസേഷനായി ഉപയൊഗിക്കുന്ന അവർ ഉപയോഗിക്കുന്ന ചില സ്കാനറുകളെ പരിചയപ്പെടുത്തുന്നു.
ഒന്ന്: ഒരു ഓവർ ഹെഡ്/പ്ലാനറ്ററി സ്കാനർ
പുസ്തകരൂപത്തിലല്ലാത്ത രേഖകൾ, ബൈൻഡിങ് തീർത്തും വിട്ടുപോയ പുസ്തകങ്ങളുടെ താളുകൾ, പൂർണ്ണമായി വിടർത്തി വെക്കാവുന്ന പുസ്തകങ്ങൾ, കൈയ്യെഴുത്തു പ്രതികൾ, താളിയോലകൾ തുടങ്ങിയവ ഒക്കെ ഡിജിറ്റൈസ് ചെയ്യുന്ന ഓവർ ഹെഡ്/പ്ലാനറ്ററി സ്കാനർ ആണ് ആദ്യത്തെ ചിത്രത്തിൽ. ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് ഗൂണ്ടർട്ടിന്റെ ഒരു നോട്ടു പുസ്തകത്തിന്റെ താളുകളുടെ സ്കാനിങ്ങാണ്. അത് നേരിട്ടു കാണാനായത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.
ഈ സ്കാനറിൽ ആണ് താളിയോലകളും സ്കാൻ ചെയ്യുക. അതുചെയ്യാനായി ഈ സ്കാനറിൽ ചെറിയ ചില മാറ്റങ്ങൾ വരുത്താനായി ഒരുങ്ങുകയാണ് അത് ഓപ്പറേറ്റ് ചെയ്യുന്നവർ. അതായത് കാലിനരുസരിച്ച് ചെരുപ്പു മുറിക്കാൻ ഒരുങ്ങുകയാണ് അതിന്റെ ഓപ്പറേറ്റർ. (നമ്മളാണെങ്കിൽ സംഗതി നേരെ തിരിച്ചായേനേ. 🙂 ) ഞാൻ ഇത് ഇവിടെ പറയാൻ കാരണം, അവർ ഓരോ തരം രേഖയ്ക്കും കൊടുക്കുന്ന പ്രാധാന്യം ചൂണ്ടിക്കാണിക്കാനാണ്. രേഖയാണ് അവർക്കു പ്രാധാന്യം. അത്ര സൂക്ഷമതയൊടെ ആണ് അവർ അതു കൈകാര്യം ചെയ്യുന്നത്.
ഇതിലെ സ്കാനിങ് വളരെ സമയമെടുക്കും. ഒരു മണിക്കൂറിൽ ശരാശരി 50-80 പേജൊക്കെ ആണ് ഇപ്പോൾ ചെയ്യുന്നത്. രേഖകൾ വളരെ ലോലമായതാണ് ഇതിന്റെ പ്രധാനകാരണം. പക്ഷെ അവർക്ക് എപ്പൊഴും രേഖയാണ് പ്രധാനം.
ഏതാണ്ട് 600 dpi റെസലൂഷനിൽ ആണ് ഈ സ്കാനറിൽ സ്കാനിങ് നടക്കുന്നത്.
രണ്ട്: ഒരു കസ്റ്റം ബുക്ക് സ്കാനർ
വളരെ അടുപ്പിച്ച് ബൈൻഡ് ചെയ്തിരിക്കുന്ന പുസ്തകങ്ങൾ സ്കാൻ ചെയ്യാനാണ് ഇതുപയോഗിക്കുന്നത്. പുസ്തകത്തിന്റെ താളുകൾ ഓരോന്നായി ഒരു ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്താണ് ഡിജിറ്റൈസേഷൻ. സമയലാഭത്തിനായും, പുസ്തകം കേടുവരാതെ ഇരിക്കാനും ആയി ഒരു സമയം ഒരെ സൈഡിലെ പേജുകളുടെ ഫോട്ടോ മാത്രമാണ് എടുക്കുക. ഒരു സൈഡ് കഴിഞ്ഞാൽ പുസ്തകം തിരിച്ചു വെച്ച് മറ്റേ സൈഡ് ഫോട്ടോ എടുക്കും. ഫോട്ടോ എടുക്കാനായി ഹൈ എൻഡ് ഡിജിറ്റൽ ക്യാമറ ആണ് ഉപയോഗിക്കുന്നത്. ലൈറ്റിങ്ങിനായുള്ള സ്പെഷ്യൽ സാമഗ്രികളും കാണാം.
ഫോട്ടോ എടുക്കും മുൻപേ ഓരോ പേജും നേരെ പിടിക്കുവാനും മറ്റും ഈ കസ്റ്റം സ്കാനറിൽ നിരവധി ചെറു ചെറു സൂത്രങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ഈ സൂത്രങ്ങളെ പറ്റി ഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാൻ വയ്യ.
ട്യൂബിങ്ങൻ യൂണിവേർസിറ്റിക്കായി ഓസ്ട്രിയക്കാരനായ ഒരാൾ പ്രത്യേകം നിർമ്മിച്ച് നൽകിയതാണ് ഈ കസ്റ്റം സ്കാനർ. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട എന്തുകാര്യുത്തിനും എപ്പൊഴും ലഭ്യമാണെന്ന് ഡിജിറ്റൈസെഷൻ ഡിപ്പാർട്ട്മെന്റിന്റെ മേധാവി പറഞ്ഞു. ഡിജിറ്റൈസെഷൻ ഡിപ്പാർട്ട്മെന്റിന്റെ മേധാവിക്കു ഈ ഓസ്ട്രിയക്കാരനെ പറ്റി പറയാൻ നൂറു നാവാണ്.
ഒരു മണിക്കൂറിൽ 100-150 പേജുകൾ സ്കാൻ ചെയ്യാൻ ഇത് കൊണ്ട് പറ്റും. ഏതാണ്ട് 300-400 dpi റെസലൂഷനിൽ ആണ് ഈ സ്കാനറിൽ സ്കാനിങ് നടക്കുന്നത്.
മൂന്ന് : ഒരു പ്രൊഫഷണൽ ബുക്ക് സ്കാനർ
ഇത് ഒരു സാധാരണ ഹൈ എൻഡ് പ്രൊഫഷണൽ പുസ്തക സ്കാനർ ആണ്. ഇതിൽ രണ്ട് ഡിജിറ്റൽ ക്യാമറ ഉണ്ട്. അതിനാൽ തന്നെ ഒരേ സമയം 2 പേജുകളുടെ ചിത്രം ഒരുമിച്ച് കിട്ടും.
ഏതാണ്ട് 300-400 dpi റെസലൂഷനിൽ ആണ് ഈ സ്കാനറിൽ സ്കാനിങ് നടക്കുന്നത്.ഒരു മണിക്കൂറിൽ 200-300 പേജുകൾ സ്കാൻ ചെയ്യാൻ ഇത് കൊണ്ട് പറ്റും.
ഈ മൂന്നു സ്കാനറുകളും ലക്ഷക്കണക്കിനു വിലയുള്ളതാണ്. മൂന്നിനും കൂടെ കുറഞ്ഞതൊരു 40-50 ലക്ഷം രൂപ പ്രതീക്ഷിക്കാം.
ഈ സാമഗ്രികൾ ഡിജിറ്റൈസേഷന്റെ ചെറിയൊരു ഭാഗമേ ആകുന്നൂള്ളൂ. വേറെയും ധാരാളം സാമഗ്രികളും സംഗതികളും ഉണ്ട്. അതിനെ പറ്റി ഒക്കെ എഴുതണമെങ്കിൽ അവിടെ തന്നെ താമസിച്ച് കുറേ കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
One comment on “ഡിജിറ്റൈസേഷൻ – ഒരു ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറി അനുഭവക്കുറിപ്പ്”