ഗുണ്ടർട്ട് ലെഗസി പദ്ധതി – മലയാളം യൂണിക്കോഡ് രൂപാന്തരം – അഭ്യർത്ഥന

പുതിയ വിവരം: 1 ഓഗസ്റ്റ് 2017 ഇന്ത്യൻ സമയം വൈകുന്നേരം 6:00 മണി

ഇതിലേക്ക് ഇനി പുതുതായി ആരും മെയിൽ അയക്കേണ്ടതില്ല. ഇതിനകം വന്ന നിരവധി മെയിലുകളിൽ നിന്ന് ഫിൽറ്ററിങ് നടത്തി 10 പേരെ എടുക്കുന്നത് തന്നെ നല്ല പണിയാണ്. ഈ പദ്ധതിക്ക് ഇപ്പോൾ ഇത്രയും പേരെ ആവശ്യമുള്ളൂ. സഹകരിച്ച എല്ലാവർക്കും നന്ദി.

——————————————————-

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിൽ ഉള്ള ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം മൊത്തമായി ഡിജിറ്റൈസ് ചെയ്ത് പൊതുസഞ്ചയത്തിലേക്ക് സൗജന്യമായി ലഭ്യമാക്കുന്ന വിവരം ഇതിനകം തന്നെ എല്ലാവരും അറിഞ്ഞു കാണുമല്ലോ. അതിനെ പറ്റി അറിയാത്തവർ കാര്യങ്ങൾ അറിയാനായി താഴെ കാണുന്ന ലിങ്കുകളിൽ ഉള്ള ഈ വാർത്തകൾ വായിക്കുക:

വാർത്തകൾ വായിച്ചതിനു ശേഷവും സംശയം ഉണ്ടെങ്കിൽ ചോദിക്കുക.

ഈ പദ്ധതിയിലൂടെ ഏതാണ്ട് 100 നടുത്ത് അച്ചടി പുസ്തകങ്ങളും ഏതാണ്ട് 100നടുത്ത് തന്നെ കൈയെഴുത്ത് പ്രതികളും താളിയോലകളും ഒക്കെയാണ് ഡിജിറ്റൈസ് ചെയ്ത് പൊതുവായി നമുക്കെല്ലാം ലഭ്യമാകാൻ പോകുന്നത്. ഈ 200 പരം ഗ്രന്ഥങ്ങളിൽ എല്ലാം കൂടെ 50,000 ത്തിനടുത്ത് താളുകൾ ആണ് സ്കാൻ ചെയ്യപ്പെടുന്നതും നമ്മുടെ മുന്നിൽ എത്തുന്നതും

ഈ ഗ്രന്ഥശെഖരത്തിലെ സ്കാനിങ് പൂർത്തിയായ 6 പുസ്തകങ്ങൾ ഇതിനകം ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി റിലീസ് ചെയ്യുകയും അത് ഇതിനകം തന്നെ സൗജന്യമായി നമുക്കെല്ലാം ലഭ്യമായതുമാണ്. ആ പുസ്തകങ്ങൾ ഒക്കെയും മലയാള/കേരള പഠനത്തെ പറ്റി എത്ര പ്രാധാന്യം ഉള്ളതാണെന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ.

ഇനി അവിടെ നിന്നു മുൻപോട്ട് പൊകണമെങ്കിൽ ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി അധികൃതർ പൊതുസമൂഹത്തിന്റെ സഹായം അഭ്യർത്ഥിക്കുന്നു. അതിന്റെ വിശദാംശങ്ങൾ ആണ് ഈ പൊസ്റ്റ്.

ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം ഡീജിറ്റൈസ് ചെയ്യുന്ന ഗുണ്ടർട്ട് ലെഗസി പദ്ധതി പദ്ധതിക്ക് ആവശ്യമായ ഫണ്ടിങ് ലഭ്യമാക്കിയത് ജർമ്മൻ റിസർച്ച് ഫൗണ്ടെഷനാണ് DFG (http://www.dfg.de/en/). ഫണ്ടിങ് ലഭ്യമാക്കിയപ്പോൾ DFG മുൻപോട്ട് വെച്ച ഒരു ഉപാധി ഡിജിറ്റൈസ് ചെയ്യുന്ന അച്ചടി പുസ്തകങ്ങൾ (ലെറ്റർ പ്രസ്സും ലിത്തൊഗ്രാഫിക്കും) എല്ലാം യൂണിക്കോഡ് മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തണം എന്നതാണ്. അതായത് സ്കാനിങ് മാത്രം പോരാ ഈ പേജുകളിലെ ഉള്ളടക്കം മലയാളം യൂണിക്കോഡിൽ വേണം. അത്തരം താളുകളുടെ എണ്ണം ഏതാണ്ട് 25,000ത്തിന്നു അടുത്ത് വരും.

DFG യുടെ ഈ നിബന്ധന ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി അധികൃതർക്ക് ഒരു കടമ്പയും തലവേദനയും, എന്നാൽ മലയാളി സമൂഹത്തിന്നും ഗവേഷകർക്കും അത് നടന്നു കിട്ടിയാൽ മലയാള ഭാഷാ ശാസ്ത്രം, മലയാള ഭാഷാ കപ്യൂട്ടിങ് എന്നിവയിൽ നടക്കുന്ന ഗവെഷണമടക്കമുള്ള വിവിധ പരിപാടികൾക്ക് വിപ്ലവകരമായ മുന്നേറ്റം നടത്താൻ പോകുന്ന സംഗതിയുമാണ്. കാരണം ഈ പഴയ രേഖകളിലെ ഉള്ളടക്കം അത്ര വിലപിടിപ്പുള്ളതാണ്. അത് യൂണിക്കോഡാക്കി കിട്ടുക എന്ന് വെച്ചാൽ അത് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഉള്ളിൽ മലയാളത്തെ സംബന്ധിച്ച് നടക്കുന്ന ഏറ്റവും വലിയ പരിപാടി ആണ്.

DFG യുടെ ഈ നിബന്ധന വന്നപ്പോൾ ഗുണ്ടർട്ട് ലെഗസി പദ്ധതി കോർഡിനേറ്റ് ചെയ്യുന്ന ഹൈക്കെ മോസറും, എലീനയും കേരളത്തിൽ വന്ന്, ചില സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇത് ഒരു പദ്ധതി ആയി ചെയ്യുന്ന കാര്യം ചർച്ച ചെയ്തു. ആദ്യമൊക്കെ അനുകൂല നിലപാട് ആയിരുന്നെങ്കിലും പിന്നീട് ഈ യൂണിക്കോഡ് കൺവേർഷൻ പരിപാടിക്ക് കേരള സർക്കാർ സ്ഥാപനങ്ങൾ (ഏത് സ്ഥാപനങ്ങൾ ആണ് എന്നത് രഹസ്യമായിരിക്കട്ടെ) തയ്യാറായില്ല. സർക്കാർ സ്ഥാപനങ്ങൾ നേരിട്ട് സഹകരിക്കില്ല എന്ന് വ്യക്തമായ സ്ഥിതിക്ക് ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി അധികൃതർ മറ്റു പരിഹാരം തേടി.

അങ്ങനെ ഒരു പൈലറ്റ് എന്ന നിലയിൽ കുറച്ച് സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് അവർ കുറച്ച് പുസ്തകങ്ങൾ ട്യൂബിങ്ങൻ സർവ്വകലാശാലയുടെ ഒരു പ്രൈവറ്റ് സൈറ്റിൽ യൂണിക്കോഡ് മലയാളത്തിലാക്കി. ഇതിനകം റിലീസ് ചെയ്ത 6 പുസ്തകങ്ങളുടേയും മലയാളം യൂണീക്കോഡ് കൺവേർഷൻ ഇത്തരത്തിൽ ഇതിനകം കഴിഞ്ഞതാണ്. ഇനി കൂടുതൽ പുസ്തകങ്ങൾ വരണമെങ്കിൽ അതിന്റെ മലയാളം യൂണീക്കോഡ് കൺവേർഷൻ പൂർത്തിയാകണം. യൂണിക്കോഡ് കൺവേർഷൻ കഴിഞ്ഞാൽ മാത്രമേ സ്കാനുകൾ പബ്ലിക്കാവൂ. കാരണം ഇത് ഫണ്ടിങ് അനുവദിച്ചപ്പോൾ ഉള്ള നിബന്ധന ആണ്. സ്കാനുകളും ഒപ്പം  ഈ യൂണിക്കോഡ് പതിപ്പുകൾ ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്ത് തുടങ്ങും.

അപ്പോൾ ഇനി നിങ്ങളുടെ സഹായം വേണം. ഏതാണ്ട് 25,000 പേജുകൾ മലയാളം യൂണീക്കോഡാക്കണം. 3.5 കോടി മലയാളികൾ ഉള്ളതിൽ 0.1 % ശതമാനം ആളുകൾ എങ്കിലും ഇതിനോട് സഹകരിച്ചാൽ ഇത് ഒറ്റ ദിവസം കൊണ്ട് തീർക്കാവുന്നതേ ഉള്ളൂ. എന്നാൽ ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന് പറയുന്ന മാതിരി സിദ്ധാന്തവും യാഥാർത്ഥ്യവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. അതിനാൽ പൊതുസമൂഹത്തിന്റെ സഹായം ആവശ്യമാണ്.

അതിനാൽ ട്യൂബിങ്ങൻ സർവ്വകലാശാലയുമായി നേരിട്ട് ഈ പദ്ധതിയുടെ ഭാഗമായി നിങ്ങളെ കൊണ്ട് പറ്റുന്ന കുറച്ച് താളുകൾ മലയാളം യൂണിക്കോഡാക്കി മാറ്റുവാൻ താല്പര്യമുള്ളവരെ സർവ്വകലാശാല അധികൃതർ ക്ഷണിക്കുന്നു. ഈ അഭ്യർത്ഥന ഈ വിധത്തിൽ നടത്താൻ ഒരു പ്രത്യേക കാരണം ഉണ്ട്. ഒന്നാലൊചിച്ചാൽ ഒരു പത്ര പരസ്യം കൊടുത്താൽ ആയിരക്കണക്കിന്നു ആളുകൾ ചാടി വീഴും എന്ന് ട്യൂബിങ്ങൻ സർവ്വകലാശാല അധികൃതകർക്ക് അറിയാം. പക്ഷെ അതിൽ നിന്ന് പദ്ധതിക്ക് പറ്റിയ ആളുകളെ വേർതിരിച്ച് എടുക്കുവാനുള്ള സമയമോ മറ്റോ അവർക്കില്ല. അതിനാലാണ് അവർ ഇങ്ങനെ ഒരു പരിഹാരം ആരായുന്നത്.

പദ്ധതിയുടെ നിബന്ധനകൾ

പദ്ധതിക്ക് നിബന്ധനകൾ ഉണ്ട്.  ഇതിന്റെ ഭാഗമായി ചേരുന്നവർക്ക് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്

  1. പദ്ധതിക്ക് ചേരുന്നവർ മലയാളം യൂണീക്കോഡ് ടൈപ്പിങ് അറിയുന്നവർ ആയിരിക്കണം. പഴയ രേഖകൾ ആണ് കൈകാര്യം ചെയ്യുന്നത് എന്നത് കൊണ്ട് മൊഴി/സ്വനലേഖ തുടങ്ങിയ ട്രാൻസ്‌ലിറ്ററെഷൻ സ്കീമുകൾ ഉപയോഗിക്കുന്ന്  ഇൻ‌കീ, കീമാജിക്, ഐബസ് തുടങ്ങിയവ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാൻ അറിയുന്നവർ ആയിരിക്കണം. ഇൻ സ്ക്രിപ്റ്റ് മാത്രം അറിയുന്നവർക്ക് ഇതിന്റെ ടൈപ്പിങ് ശരിയാവുമോ എന്ന് എനിക്ക് സംശയം ഉണ്ട്. കാരണം ചില്ലുള്ള കൂട്ടക്ഷരങ്ങൾ, ബിന്ദു രേഫം, ഔകാരത്തിന്റെ പഴയ രൂപം തുടങ്ങി ഇന്നത്ത മലയാളത്തിൽ ഇല്ലാത്ത പല സംഗതികളും ഈ രേഖകളിൽ ധാരാളമായി വരും. ഇതൊക്കെ ഇൻസ്ക്രിപ്റ്റ് മാത്രമറിയുന്നവർക്ക് ഇത് ബുദ്ധിമുട്ടാകാനാണ് സാദ്ധ്യത. ഇതൊക്കെ ഇൻസ്ക്രിപ്റ്റ് വെച്ച് ചെയ്യാൻ അറിയുമെങ്കിൽ ഇൻസ്ക്രിപ്റ്റ് രീതിയിൽ ടൈപ്പ് ചെയ്യുന്നവർക്കും പദ്ധതിയുടെ ഭാഗമാകാം.  ബാക്കി ഉള്ള സ്റ്റാൻഡേർഡ് അല്ലാത്ത സ്കീമുകളും ടൂളുകളും (ഉദാഹരണം ഗൂഗിൾ ഇൻപുട്ട്, ഗൂഗിൾ ഹാൻഡ് റൈറ്റിങ് തുടങ്ങിയുള്ളവയും സ്റ്റാൻഡേർഡല്ലാത്ത സ്കീമുകൾ പിൻതുടരുന്ന ടൂളുകളും) ഉപയോഗിക്കാൻ മാത്രമറിയുന്നവർ ഇതിലേക്ക് പറ്റില്ല. കാരണം അത്രയേറെ കൃത്യത ആവശ്യപ്പെടുന്ന പദ്ധതിയാണിത്.
  2. വിക്കി എഡിറ്റിങ്ങ് അറിയുന്നത് അഭികാമ്യം. പക്ഷെ ആദ്യത്തേത്ത് ശരിക്ക് അറിയുമെങ്കിൽ രണ്ടാമത്തെത് പഠിച്ചെടുക്കാൻ അത്ര ബുദ്ധിമുട്ടില്ല.

സൗജ്യമായി ഇത് ചെയ്യണോ അതോ സർവ്വകലാശാല തരുന്ന ചെറിയ ഫീ ഇതിനു സ്വീകരിക്കണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പക്ഷെ ഏത് വിധത്തിൽ ചെയ്താലും ഒരു ചരിത്രപദ്ധതിയുടെ ഭാഗമായി അതിന്റെ പ്രാധാന്യത്തെ മനസ്സിലാക്കി ഇത് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.

 

ഈ പോസ്റ്റിലെ വിവിധ ഇടങ്ങളിൽ ഈ പദ്ധതിയുടെ (യൂണിക്കോഡ് ടൈപ്പിങ്) ഭാഗമായി നിങ്ങൾ ചെയ്യേണ്ടി വരുന്ന വിവിധ പുസ്തകങ്ങളിലെ ചില പേജുകൾ പങ്കു വെച്ചിട്ടുണ്ട്. അത്തരത്തിലുള്ള പേജുകൾ ആണ് ടൈപ്പ് ചെയ്യേണ്ടി വരിക എന്ന് ഓർക്കുക. അത് വായിച്ച് മലയാളം യൂണിക്കോഡിൽ ടൈപ്പ് ചെയ്യാൻ പറ്റുമെങ്കിൽ നിങ്ങൾക്ക് പദ്ധതിയുടെ ഭാഗമാകാം.

ഇത്രയറിഞ്ഞതിനു ശേഷവും ഈ പദ്ധതിയുമായി സഹകരിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ. ഉണ്ടെങ്കിൽ എനിക്ക് shijualexonline@gmail.com എന്നതിലേക്ക് എനിക്ക് മെയിൽ അയക്കുക. അവർ ഉദ്ദേശിക്കുന്ന രീതിയിലുള്ള മലയാളം ടൈപ്പിങ് നിങ്ങൾക്ക് അറിയുമോ എന്ന് പരിശോധിക്കുക മാത്രമാണ് എന്റെ ജോലി. ആ ടെസ്റ്റിൽ നിങ്ങൾ പാസ്സായാൽ ബാക്കി സംഗതികൾ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റുമായി നേരിട്ടു വേണം ചെയ്യാൻ.

ഈ പൊസ്റ്റ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക. കാരണം ഏതാണ്ട് 26,000 പേജുകൾ ആണ് കൈകാര്യം ചെയ്യുവാൻ ഉള്ളത്. അതിനാൽ ആളുകൾ ധാരാളം വേണം.

 

Comments

comments

One comment on “ഗുണ്ടർട്ട് ലെഗസി പദ്ധതി – മലയാളം യൂണിക്കോഡ് രൂപാന്തരം – അഭ്യർത്ഥന

Comments are closed.