ആമുഖം
ചവറയച്ചൻ സ്ഥാപിച്ച മന്നാനത്തെ മാർ യൌസെപ്പപുണ്യവാളന്റെ അച്ചുകൂടത്തിൽ അച്ചടിച്ച ഒരു പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പുസ്തകത്തിന്റെ സ്കാൻ കോപ്പി കൈയിൽ കിട്ടിയിട്ട് ദീർഘനാളായെങ്കിലും ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പി മാത്രമേ കിട്ടിയുള്ളൂ എന്നതിനാൽ പങ്കു വെക്കാതിരിക്കുകയായിരുന്നു. ഗ്രേ സ്കെയിൽ വേർഷനു കുറേ ശ്രമിച്ചെങ്കിലും എല്ലാ യൂണിവേർസിറ്റികളും ട്യൂബിങ്ങൻകാരെ പോലെ വിശാല ഹൃദയർ അല്ലാത്തതിനാൽ അതു നടന്നില്ല. അതിനാൽ ഇനി കാത്തിരിക്കാതെ സ്കാൻ പങ്കു വെക്കുകയാണ്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: പീയൂഷസംഗ്രഹം
- രചയിതാവ്: ചാവറയച്ചൻ (ആയിരിക്കാം, ഉറപ്പില്ല)
- താളുകളുടെ എണ്ണം: ഏകദേശം 367
- പ്രസിദ്ധീകരണ വർഷം:1850
- പ്രസ്സ്: മാർ യൌസെപ്പപുണ്യവാളന്റെ അച്ചുകൂടം, മാന്നാനം
സ്കാനിന്റെ വിവരം
ഇത് ലഭിച്ചത് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നാണ്. പക്ഷെ അവർ പബ്ലിക്കായി ബ്ലാക്ക് ആന്റ് വൈറ്റ് വേർഷൻ മാത്രമേ ലഭ്യമാക്കിയുള്ളൂ. ഓൺലൈൻ വായനക്കായി മാത്രം ഒരു ഗ്രേസ്കെയിൽ വേർഷൻ ഉണ്ട് എന്നത് മാത്രമാണ് സമാധാനം.
ഉള്ളടക്കം
ക്രൈസ്തവ പ്രാർത്ഥനകൾ ആണ് പുസ്തക ഉള്ളടക്കം. പ്രത്യേകിച്ച് കത്തോലിക്ക ശൈലിയിലുള്ള പ്രാർത്ഥനകൾ എന്ന് പറയണം. ഈ പുസ്തകം ഇറങ്ങുന്നതിനു വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ജ്ഞാനപീയൂഷം എന്ന പുസ്തകത്തിൽ നിന്നു എടുത്ത ചില പ്രാർത്ഥനകളും മറ്റു ചില പ്രാർത്ഥനകളും ആണ് പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ എന്ന് ആമുഖത്തിൽ കാണുന്നു.
മാർ യൌസെപ്പപുണ്യവാളന്റെ അച്ചുകൂടത്തിൽ നിന്ന് പുറത്ത് വന്നവയിൽ നിന്നു നമുക്ക് ലഭിക്കുന്ന ആദ്യത്തെ സ്കാൻ ആണിത്. ധാരാളം മറ്റു പുസ്തകങ്ങൾ അവിടെ നിന്നു വന്നിട്ടൂണ്ട്. അതൊക്കെ കണ്ടെടുക്കണം.
ഇതിനു ഉപയോഗിച്ച അച്ച് വിശെഷപ്പെട്ടത് തന്നെ. അക്കാലത്ത് അച്ചടിയിൽ ബെഞ്ചമിൻ ബെയിലിയുടെ അച്ചിന്റെ പ്രത്യേകത ആയി പറയുന്ന ഉരുളിമ മനോഹരമായി തന്നെ ചാവറയച്ചൻ മാന്നാനം അച്ചടിയിൽ കൊണ്ടു വന്നിരിക്കുന്നു. ഇത് അല്പം പ്രാധാന്യമുള്ള സംഗതിയാണ്. തിരുവനന്തപുരം സർക്കാർ പ്രസ്സിലെ അച്ചടി അക്കാലത്തും ചതുരവടിവ് കാത്തു സൂക്ഷിക്കുന്നുണ്ട് എന്നത് കാണുമ്പോൾ ഇത് പ്രാധാന്യമുള്ള സംഗതിയാണ്.
ഇതിൽ കൂടുതൽ ഈ പുസ്തകത്തിലെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. (ഗ്രേ സ്കെയിൽ വേർഷൻ ഡൗൺലൊഡ് ചെയ്യാനായി ലഭ്യമല്ല എന്ന കുറവ് ഉണ്ടെങ്കിലും ഈ രൂപത്തിൽ എങ്കിലും കിട്ടി എന്നതിൽ സമാധാനിക്കാം.)
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ബ്ലാക്ക് ആന്റ് വൈറ്റ് (7 MB)
- ഓൺലൈനായി വായിക്കാൻ (ബ്ലാക്ക് ആന്റ് വൈറ്റ്) : കണ്ണി
- ഓൺലൈനായി വായിക്കാൻ (ഗ്രേസ്കെയിൽ) : കണ്ണി (ബ്രിട്ടീഷ് ലൈബ്രറി ലിങ്ക്)