പഴയ മലയാളപുസ്തകങ്ങൾ തേടിയുള്ള യാത്ര വളരെയധികം പുതിയ വിവരങ്ങൾ ആണ് തരുന്നത്. മലയാളപുസ്തകാന്വേഷണ യാത്രയിൽ കിട്ടിയ ഒരു സവിശേഷ കൃതി എല്ലാവരുമായി പങ്ക് വെക്കുന്നു. ഈ പ്രവാശ്യം നമുക്ക് കിട്ടിയിരിക്കുന്നത് അറബി മലയാളം ഒരു കൃതിയാണ്.
അറബി മലയാളം എന്താണെന്ന് അറിയാത്തവർക്കായി ഒരു ചെറിയ ആമുഖം.
കേരളത്തിൽ പണ്ട് കാലത്ത് കൂടുതൽ മുസ്ലീം സമുദായാംഗങ്ങളും അറബി അക്ഷരമാല മാത്രമേ പഠിച്ചിരുന്നുള്ളൂ. ഖുർആൻ പാരായണമായിരുന്നു അറബി അക്ഷരമാല പഠിക്കുന്നതിന്റെ പ്രധാന ഉദ്ദേശം. ഇവരുടെ സാഹിത്യ രചനകൾ മലയാളത്തിന്റെ രൂപവും വ്യാകരണവും ഉള്ളവ ആയിരുന്നെങ്കിലും മലയാള ലിപിക്കു പകരം അറബിമലയാളം അക്ഷരമാലയിൽ ആയിരുന്നു എഴുതിയത്. ഈ വിധത്തിൽ മലയാള മൊഴികൾ അറബി ലിപി ഉപയോഗിച്ച് എഴുതുന്ന രീതിയാണ് അറബി-മലയാളം. അറബിയിലെ അക്ഷരങ്ങൾ കൂടാതെ മലയാളത്തിലെ ബാക്കി എല്ലാ അക്ഷരങ്ങൾക്കും പ്രത്യേക ലിപികൾ ഉണ്ട്. കൂടുതൽ വായനയ്ക്കായി മലയാളം വിക്കിപീഡിയയിലെ അറബി മലയാളം എന്ന ലേഖനം കാണുക.
മതപ്രചരണത്തിനായി വന്ന മിഷണറിമാർക്ക് മുസ്ലീം സമുദായാംങ്ങളുടെ ഇടയിൽ ബൈബിൾ ലഭ്യമാക്കാൻ അറബി മലയാളത്തിൽ ബൈബിൾ ഇറക്കണം എന്ന നിലയായി. ആ വിധത്തിൽ 1905-ൽ മദ്രാസ് ബൈബിൾ ഓക്സിലറി സൊസൈറ്റിയിൽ നിന്ന് ഇറങ്ങിയ ലൂക്കായുടെ ഇഞ്ചീൽ (ലൂക്കോസിന്റെ സുവിശേഷം) ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
എനിക്ക് അറബി മലയാളം അറിയാത്തതിനാൽ ഇതിലുള്ള എഴുത്ത് ഒന്നും ഡീകോഡ് ചെയ്യുക നടക്കില്ല. അത് അറിയുന്നവർ ചെയ്യുമല്ലോ.
“മദ്രാസ് രായപ്പേട്ട ഹെസാൻ മുലൂക് ഗാർഡൻ എന്ന സ്ഥലത്ത് മിർസ കാസിം ബേഗ് സാഹേബ് അവർകളുടെ വക ഹിദായത്ത് പ്രെസ്സ് എന്ന അച്ചുകൂട്ടത്തിൽ അച്ചടിച്ചു പ്രസിദ്ധം ചെയ്തതാകുന്നു.” എന്നാണ് ടൈറ്റിൽ പേജിലുള്ള വിവരണം എന്ന് അറബി മലയാളം വായിക്കാൻ അറിയുന്ന റസിമാൻ പറഞ്ഞു തന്നു. കൂടുതൽ കാര്യങ്ങൾ നിങ്ങൾ തന്നെ പരിശോധിക്കുമല്ലോ.
ഏതാണ്ട് 270 താളുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്.
നിലവിൽ നമുക്ക് ലഭ്യമായിരിക്കുന്ന ഏറ്റവും പഴയ അറബി മലയാളകൃതിയുടെ സ്കാൻ ഇതാണ്. എന്നാൽ അറബി മലയാളത്തിലുള്ള ക്ലാസിക്ക് കൃതികൾ ബൈബിളുമായി ബന്ധപ്പെട്ടതല്ലല്ലോ. അറബി മലയാളത്തിലുള്ള പുസ്തകങ്ങളുടെ സ്കാനുകൾ (1961നു മുൻപ് പ്രിന്റ് ചെയ്തവ മാത്രം) ലഭ്യമാക്കാൻ അറബി മലയാളത്തിലുള്ള കൃതികൾ കൈവശം ഉള്ളവർ ഉത്സാഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: ലൂക്കായുടെ ഇഞ്ചീൽ
- പ്രസിദ്ധീകരണ വർഷം: 1905
- താളുകളുടെ എണ്ണം: 270
- അച്ചടി: മദ്രാസ് രായപ്പേട്ട ഹെസാൻ മുലൂക് ഗാർഡൻ എന്ന സ്ഥലത്ത് മിർസ കാസിം ബേഗ് സാഹേബ് അവർകളുടെ വക ഹിദായത്ത് പ്രെസ്സ് എന്ന അച്ചുകൂട്ടത്തിൽ അച്ചടിച്ചു പ്രസിദ്ധം ചെയ്തതാകുന്നു
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
One comment on “1905 – ലൂക്കായുടെ ഇഞ്ചീൽ – അറബി മലയാളത്തിൽ ഉള്ള കൃതി”
ഗ്രന്ഥം PDF ഉണ്ടോ…?
Comments are closed.