ശബ്ദതാരാവലി ഒന്നാം പതിപ്പിൻ്റെ വിശദാംശങ്ങൾ

2015ൽ ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പ് കണ്ടെടുത്ത് സ്കാൻ ചെയ്ത് റിലീസ് ചെയ്തപ്പോൾ അതിൻ്റെ അറിയപ്പെടുന്ന പ്രസിദ്ധീകരണചരിത്രം രേഖപ്പെടുത്താൻ ശ്രമിച്ചിരുന്നു. ആ സ്കാനുകൾ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റുകൾ താഴെ:

ആദ്യം മാസിക രൂപത്തിലും (22 ലക്കങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു), പിന്നീട് ആദ്യപതിപ്പ് പുസ്തകരൂപത്തിലും (2 വാല്യങ്ങൾ) ആയുള്ള ശബ്ദതാരാവലിയുടെ പ്രസിദ്ധീകരണചരിത്രം സാമാന്യമായി ചിലയിടത്ത് രേഖപ്പെടുത്തി കാണുന്നു എങ്കിലും പ്രസിദ്ധീകരണ വർഷത്തിൻ്റെ കാര്യത്തിൽ ഒരിടത്തും വ്യക്തതയില്ല. രണ്ടാം പതിപ്പിൻ്റെ പ്രസിദ്ധീകരണ വർഷം 1923 എന്നായിരുന്നു 2015ൽ അതിൻ്റെ സ്കാൻ ലഭ്യമാകുന്നത് വരെ മിക്കയിടത്തും രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സ്കാൻ ലഭ്യമായാതോടെ അതിൻ്റെ പ്രസിദ്ധീകരണവർഷം 1927/1928 ആയി. ഈ വിധത്തിൽ മൂലഗ്രന്ഥത്തിൻ്റെ തെളിവുകൾ കിട്ടിയാൽ മാത്രമേ പ്രസിദ്ധീകരണ വർഷത്തിൻ്റെ കാര്യത്തിൽ ആധികാരികത ഉറപ്പിക്കാൻ ആവൂ.

ഈ പോസ്റ്റ് ഇപ്പോൾ എഴുതാനുള്ള കാരണം ശബ്ദതാരാവലിയുടെ  ഒന്നാം പതിപ്പിൻ്റെ തെളിവുകൾ ലഭിച്ചു എന്നത് അറിയിക്കാനാണ്.

എന്നോടൊപ്പം ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ടോണി ആൻ്റണി മാഷ് കുറച്ചു മാസങ്ങൾക്ക് മുൻപ് ശബ്ദതാരാവലിയുടെ ഒരു പതിപ്പ് കിട്ടിയിട്ടുണ്ട്, ഒന്നാം ലക്കം ആണെന്ന് എഴുതിയിട്ടുണ്ട് അത് നോക്കണൊ എന്ന് ചൊദീക്കയുണ്ടായി. മാസികരൂപത്തിലുള്ള പതിപ്പിൻ്റെ ഒരു ലക്കം കിട്ടി എന്നാണ് ഞാനന്ന് കരുതിയത്. എന്തായാലും കഴിഞ്ഞ വട്ടം നാട്ടിൽ പോയപ്പോൽ ടോണി മാഷെ നേരിട്ടു കാണുകയും ഇതടക്കം ഒരു കൂട്ടം പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനായി അദ്ദേഹം എനിക്കു കൈമാറുകയും ചെയ്തിരുന്നു.

ഇപ്പോൾ സായാഹ്ന ശബ്ദതാരാവലിയുടെ ഓൺലൈൻ രൂപം പുറത്തിറക്കിയതോടെ അതിനെ പറ്റിയുള്ള വാർത്ത ആണല്ലോ എങ്ങും. അതിനാൽ ടോണി മാഷ് കൈമാറിയ ശബ്ദതാരാവലി ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമം ആരംഭിക്കാം എന്നു കരുതി. എടുത്തു പരിശോധിച്ചപ്പോൾ ഇത് ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പിൻ്റെ ഒന്നാം വാല്യം ആണെന്ന് മനസ്സിലായി.

 

ശബ്ദതാരാവലി ഒന്നാം പതിപ്പ് ഒന്നാം വാല്യത്തിന്റെ ടൈറ്റിൽ പേജ്
ശബ്ദതാരാവലി ഒന്നാം പതിപ്പ് ഒന്നാം വാല്യത്തിന്റെ ടൈറ്റിൽ പേജ്

 

ഈ  രേഖയിൽ നിന്ന് മനസ്സിലാക്കിയെ വിവരങ്ങൾ താഴെ:

  • കൊല്ലവർഷം 1095ൽ (ക്രിസ്തുവർഷം 1919-1920ൽ) ആണ് ഈ പതിപ്പ് ഇറങ്ങിയത്.
  • ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ പേര് പ്രസാധകൻ എന്നായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം കീറിയത് ഒട്ടിച്ചത് മൂലം ആ ഭാഗം നേരിട്ടുള്ള നോട്ടത്തിൽ വ്യക്തമാകുന്നില്ല. സൂം ചെയ്ത് ഫോട്ടോ എടുത്തപ്പോൾ അത് വായിച്ചെടുക്കാൻ ആവുന്നുണ്ട്.
 ഒന്നാം പതിപ്പ് ഒന്നാം വാല്യത്തിന്റെ പ്രസാധകനായി ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നു
ഒന്നാം പതിപ്പ് ഒന്നാം വാല്യത്തിന്റെ പ്രസാധകനായി ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നു
  • രണ്ടാം പതിപ്പിലെ പോലെ പ്രകാശൻ ജെ. കേപ്പാ തന്നെയാണ്. അച്ചടി തിരുവനന്തപുരത്തെ സരസ്വതീവിലാസം പ്രസ്സിൽ ആണ്.
  • ഒന്നാം പതിപ്പ് 500 കോപ്പിയാണ് അച്ചടിച്ചിരിക്കുന്നത്. (രണ്ടാം പതിപ്പ് 1000 കോപ്പിയായിരുന്നു)
  • ഈ ഒന്നാം പതിപ്പിന്റെ ഒന്നാം വാല്യത്തിൽ ക മുതൽ ഖ വരെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. (രണ്ടാം പതിപ്പിപ്പിന്റെ ഒന്നാം വാല്യത്തിൽ അത് അ മുതൽ ദ വരെയാണ്)
  • രണ്ടാം പതിപ്പുമായി താരതമ്യം ചെയ്യുംപ്പോൾ ഒന്നാം പതിപ്പ്ന്റെ വലിപ്പം കുറവാണ്. ഒന്നാം പതിപ്പ് വിപുലപ്പെടുത്തിയാണ് രണ്ടാം പതിപ്പ് നിർമ്മിച്ചതെന്ന് അതിന്റെ ആമുഖത്തിൽ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള പറയുന്നുണ്ടല്ലോ.

എന്നാൽ ഡിജിറ്റൈസ് ചെയ്യാനായി കൈയിൽ കിട്ടിയ പുസ്തകത്തിൻ്റെ നിലവാരം മോശമാണ്. ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടാൻ വേണ്ടി വരുന്ന ഭഗീരഥ പ്രയത്നത്തിനു തരാൻ കഴിയുന്ന നിലവാരമുള്ള ഒരു കോപ്പിയല്ല ലഭിച്ചത്. മാത്രമല്ല പുസ്തകത്തിൻ്റെ തുടക്കവും ഒടുക്കവും ഒക്കെയായി കുറച്ചധികം പേജുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം തുടങ്ങുന്ന ആദ്യ കുറച്ചു പേജുകൾ പാതിവെച്ച് കീറി പോയിട്ടും ഉണ്ട്. ഇത്രയധികം പ്രശ്നങ്ങൾ ഉള്ളതിനാ ഇത് ഡിജിറ്റൈസ് ചെയ്യുന്നത് വേണ്ടെന്ന് വെച്ചു. എന്തായാലും 500 കോപ്പി വിറ്റ പതിപ്പാണല്ലോ. നല്ലൊരു കോപ്പി വേറെ എവിടെയെങ്കിലും അവശേഷിച്ചിട്ടുണ്ടാകും. അത് കണ്ടെത്തി എപ്പോഴെയെങ്കിലും ഡിജിറ്റൈസ് ചെയ്യാൻ ആവും എന്ന് കരുതുന്നു.

 

 ഒന്നാം പതിപ്പ് ഒന്നാം വാല്യത്തിന്റെ ഡിജിറ്റൈസ് ചെയ്യാനായി കൈയിൽ കിട്ടിയ പുസ്തകത്തിന്റെ സ്ഥിതി
ഒന്നാം പതിപ്പ് ഒന്നാം വാല്യത്തിന്റെ ഡിജിറ്റൈസ് ചെയ്യാനായി കൈയിൽ കിട്ടിയ പുസ്തകത്തിന്റെ സ്ഥിതി

 

ശബ്ദതാരാവലിയുടെ പ്രസിദ്ധീകരണ ചരിത്രം ആധികാരികമായി രേഖപ്പെടുത്തേണ്ടതുണ്ട് എന്നതിനാലാണ് ഈ പോസ്റ്റ് പ്രധാനമായും എഴുതിയത്.

Comments

comments