പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ – 2015 – ഒരു കണക്കെടുപ്പ്

ഈ ബ്ലോഗിലൂടെ 2015 ഡിസംബർ  31വരെ പങ്കു വെച്ച,  കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതു സഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷന്റെ ഒരു കണക്കെടുപ്പ് ആണിത്. (ഇത് വരെ ഇങ്ങനെ ഒരു കണക്കെടുപ്പ് നടത്താത്തതിനാൽ ഇതു വരെ ചെയ്തതെല്ലാം ഈ കണക്കെടുപ്പിൽ ഉണ്ട്. ഇനി എല്ലാ വർഷവും ഈ വിധത്തിൽ ഒരു കണക്കെടുപ്പ് നടത്തണം എന്നു കരുതുന്നു):

നടത്തിയ പ്രവർത്തനങ്ങളുടെ ചുരുക്കം:

  • വിവിധ യൂണിവേഴ്സിറ്റി സൈറ്റുകളിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും ഗൂഗിൾ ബുക്സിൽ നിന്നും ഒക്കെ തപ്പിയെടുത്ത മലയാള പൊതുസഞ്ചയ പുസ്തകങ്ങൾ- 30 ൽ പരം പുസ്തകങ്ങൾ
  • ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്ന് സ്കാൻ ചെയ്ത് എടുപ്പിച്ച മലയാള പൊതുസഞ്ചയ പുസ്തകങ്ങൾ –2 (ഒര ആയിരം പഴഞ്ചൊൽ – പഴഞ്ചൊൽ മാല  )
  • നേരിട്ടു കണ്ടെടുത്ത്, സ്കാൻ ചെയ്ത്, പ്രോസസ് ചെയ്ത്, ഡിജിറ്റൽ കോപ്പി പങ്കു വെച്ച മലയാള പൊതുസഞ്ചയ പുസ്തകങ്ങൾ – 30 നടുത്ത്
  • പ്രോസസ് ചെയ്തതിൽ ഏറ്റവും വലുപ്പമുള്ള പുസ്തകം – ശബ്ദതാരാവലി രണ്ടാം പതിപ്പ് – 2 വാല്യങ്ങളിലായി 2250നടുത്ത് താളുകൾ – ഒന്നാം വാല്യം , രണ്ടാം വാല്യം
  • പ്രോസസ് ചെയ്ത മൊത്തം താളുകളുടെ എണ്ണം – 5,000 ത്തിൽ പരം
  • ഈ പരിപാടികളുടെ ഇടയ്ക്ക് സംഭവിച്ചു പോയ ഗവെഷണപ്രബന്ധം – 1 – ചന്ദ്രക്കല-ഉത്ഭവവും-പ്രയോഗവും

 

ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം
ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം

ഈ പദ്ധതിയിലൂടെ മലയാളവും കേരളവും ആയി ബന്ധപ്പെട്ട നിരവധി പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൽ സ്കാൻ എല്ലാവർക്കും (പ്രത്യേകിച്ചും പൊതുജനത്തിന്) ഉപയോഗിക്കാൻ പറ്റിയ രീതിയിൽ ലഭ്യമായി. ഇതിനകം നമുക്ക് പൊതു ഇടത്തേക്കു കൊണ്ടു വരാൻ കഴിഞ്ഞ പൊതുസഞ്ചയ രേഖകളിൽ ചിലതിന്റെ പ്രത്യേകതകൾ താഴെ പറയുന്നു.

തുടങ്ങി മലയാളം അച്ചടിയുടെ ചരിത്രത്തിലും അനുബന്ധമായി പല മേഖകലളിലും പ്രാധാന്യമുള്ള പൊതുസഞ്ചയ രേഖകൾ നമുക്ക് പൊതു ഇടത്തേക്കു കൊണ്ടു വരാൻ പറ്റി.

നിരവധി കടമ്പകൾ കടന്നാണ് മലയാള പൊതുസഞ്ചയ രേഖകൾ ഏവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ പൊതു ഇടത്തേക്ക് കൊണ്ടുവരുന്നത്. ഒരു പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ പതിപ്പ് പൊതു ഇടത്തേക്ക് കോണ്ടു വരുന്നതിനു ഇടയ്ക്ക് നേരീടേണ്ടി വരുന്ന വിവിധ കടമ്പകൾ (പെട്ടെന്ന് ഓർമ്മയിൽ വരുന്നത്) ഒന്ന് എടുത്തെഴുതട്ടെ.

  • പൊതുസഞ്ചയ രേഖകൾ കണ്ടെടുക്കുക
  • സ്കാൻ ചെയ്യാൻ (ഫോട്ടോ എടുക്കാൻ)  അനുമതി നേടിയെടുക്കുക
  • സ്കാൻ ചെയ്യാൻ സഹായിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തുക
  • സ്കാൻ ചെയ്യുക (ഫോട്ടോ എടുക്കുക)
  • സ്കാൻ ചെയ്തതിലിലെ (ഫോട്ടോ ഏടൂത്തതിലെ)  തെറ്റുകുറ്റങ്ങൾ തീർക്കുക
  • സ്കാൻ ചെയ്ത പേജുകൾ പേജ് നമ്പർ അനുസരിച്ച് പുനർ നാമകരണം ചെയ്ത് സൂക്ഷ്മമായി സ്കാൻ ടെയിലർ പ്രോസസിനു തയ്യാറാക്കുക
  • സ്കാൻ ടെയിലറിൽ പുസ്തകം മൊത്തമായി പ്രൊസസ് ചെയ്ത് ഓരോ പേജും സൂക്ഷ്മമായി നിരീക്ഷിച്ച് വിവിധ ക്രമീകരണങ്ങൾ ചെയ്ത് ഫൈനൽ ഇമേജ് തയ്യാറാക്കുക.
  • പുസ്തകം ഒരു പൊതു ഇടത്തേക്ക് അപ്‌ലോഡ് ചെയ്യുക
  • പുസ്തകത്തിന്റെ മെറ്റാ ഡാറ്റയും മറ്റും പഠിച്ച് പുസ്തകത്തെ പറ്റി ഒരു ചെറു കുറിപ്പെഴുതി പുസ്തകം പൊതുവായി പങ്കുവെക്കുക

… തുടങ്ങിയ നിരവധി കടമ്പകൾ കടന്നാണ് ഒരു മലയാള പൊതുസഞ്ചയ രേഖ യാതൊരു പരിമിതിയും ഇല്ലാതെ എല്ലാവർക്കും പൊതുവായി  ഉപയോഗിക്കത്തക്കവിധം നമുക്കു മുൻപിൽ എത്തുന്നത്. ടെക്നിക്കലായി മറികടക്കേണ്ട വേറെയും സംഗതികൾ ഉണ്ട്. അത് ഇവിടെ എടുത്തെഴുതുന്നില്ല.

ഈ പരിപാടികൾ എല്ലാം കൂടി ഒരിക്കലും ഒരു വ്യക്തിക്ക് മാത്രമായി ചെയ്യാൻ പറ്റില്ല. ഈ പരിപാടികളിൽ പല വിധത്തിൽ വിവിധ റോളുകൾ ഏറ്റെടുത്ത് സഹായിച്ചവർ താഴെ പറയുന്നവർ ആണ്

ഇവരോടൊപ്പം  പ്രൊ. സ്കറിയ സക്കറിയ, പ്രൊ. ബാബു ചെറിയാൻ തുടങ്ങിയവർ പല വിധത്തിലുള്ള സഹായം നൽകിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ, പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യപ്പെടേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി  അത്തരം രേഖകൾ കൈമാറുന്ന ഏവർക്കും നന്ദി.

ഈ വിധത്തിൽ കൂടുതൽ പേർ സഹായിക്കാൻ മുൻപോട്ടു വന്നാൽ, കാലപ്പഴക്കം മൂലം നശിച്ചു കൊണ്ടിരിക്കുന്ന കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ നമുക്ക് ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കും എപ്പോഴും ഉപയോഗിക്കത്തക്ക വിധത്തിൽ സൂക്ഷിച്ചു വെക്കാവുന്നതേ ഉള്ളൂ. ഡിജിറ്റൈസ് ചെയ്തതിനു ശെഷം രേഖ ഒരു കേടും കൂടാതെ ഉടമസ്ഥർക്കു കിട്ടുകയും ചെയ്യും. ഈ വിധത്തിൽ കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ ദയവായി shijualexonline@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയിൽ അയക്കുമല്ലോ.

Comments

comments