1880 – ഇരുവത്നാലു വൃത്തവും വിജ്ഞാനമഞ്ജരീയും

ആമുഖം

ഇരുവത്നാലു വൃത്തവും വിജ്ഞാനമഞ്ജരീയും എന്ന പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ഇതു ഒരു പാഠപുസ്തകമാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഇരുവത്നാലു വൃത്തവും വിജ്ഞാനമഞ്ജരീയും
  • താളുകളുടെ എണ്ണം: ഏകദേശം 52
  • പ്രസിദ്ധീകരണ വർഷം: 1880
  • പ്രസ്സ്: മിനർവ്വ പ്രസ്സ്, കോഴിക്കോട്
1880 - ഇരുവത്നാലു വൃത്തവും വിജ്ഞാനമഞ്ജരീയും
1880 – ഇരുവത്നാലു വൃത്തവും വിജ്ഞാനമഞ്ജരീയും

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പുസ്തകത്തിന്റെ ഉള്ളടക്കം രണ്ടായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ 3 താളുകൾ രാമായണം ഇരുവത്നാലു വൃത്തമാണ്. 24 എന്ന പേര് സൂചിപ്പിക്കുന്നത് പൊലെ ആദ്യത്തെ 3 താളുകളിലായി 24 വൃത്തങ്ങൾ കാണാം.

അതിനെ തുടർന്ന് വൈജ്ഞാനിക വിഷയത്തിലുള്ള വിവിധ ലേഖനങ്ങൾ കാണാം. ഒന്നു ഓടിച്ചു നോക്കിയപ്പോൾ കണ്ണിൽ പെട്ട ചില പ്രധാന വിഷയങ്ങൾ താഴെ പറയുന്നു

  • ആവിയന്ത്രത്തെ പറ്റി
  • വീടുനിർമ്മാണത്തെ പറ്റി
  • കമ്പിത്തപാലിനെ പറ്റി
  • നാണയത്തെ പറ്റി
  • കൂലിയെ ശമ്പളത്തെ പറ്റി

ഇങ്ങനെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ഇതിനു പുറമേ ഒരു ചെറിയ നാടകവും കാണാം.

പുസ്തകത്തിന്റെ കവർ പേജ് അടക്കം എല്ലാ പേജുകളും ലഭ്യമാണ്. എന്നാൽ ഇതിന്റെ കവർ പേജ് പൂർണ്ണമായി ഇംഗ്ലീഷിൽ ലിപിമാറ്റം നടത്തിയിരിക്കുകയാണ്. മലയാളത്തിലുള്ള ഒരു ശീർഷകത്താൾ പുസ്തകത്തിനു അകത്തും കാണുന്നില്ല.

കവർ പേജിലെ വിവരണത്തിൽ നിന്നു ഇതു മട്രിക്കുലേഷൻ പരീക്ഷയ്ക്കുള്ള പാഠപുസ്തകമാണെന്ന് വ്യക്തമാണ്.

കോഴിക്കോട് മിനർവ്വ പ്രസ്സിൽ നിന്നുള്ള പുസ്തകം ആണിത്. മിനർവ്വ പ്രസ്സ് സ്വദേശി പ്രസാധകർ ആയതിനാൽ മറ്റു സ്വദേശി പ്രസാധകരുടെ പുസ്തകങ്ങളിൽ കണ്ട പ്രശ്നങ്ങൾ ഇതിലും കാണാം

  • അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന അച്ചിൽ പ്രൊഫഷനൽ ടച്ച് ഇല്ലായ്മ
  • ലേ ഔട്ടിന്റെ വിന്യാസത്തിലെ പ്രൊഫഷനൽ ടച്ച് ഇല്ലായ്മ
  • അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന പേപ്പറിന്റെ ഗുണനിലവാര പ്രശ്നം

അങ്ങനെ പലതും. ഒരു പക്ഷെ ജർമ്മനിയിൽ എത്തപ്പെട്ടതു കൊണ്ടു മാത്രമായിരിക്കും ഇന്ന് ഈ പുസ്തകം കാലത്തെ അതിജീവിച്ച് നമ്മുടെ കൈയ്യിൽ ഈ രൂപത്തിൽ തിരിച്ചെത്തിയത്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്ന് നമുക്ക് ലഭ്യമാകുന്ന ഏഴാമത്തെ പുസ്തകമാണ്. ഇനിയും ധാരാളം (നൂറിൽ പരം) പുസ്തകങ്ങൾ/കൈയെഴുത്തുപ്രതികൾ/താളിയോല ശെഖരം എന്നിവ പുറത്തു വരാൻ കിടക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

Comments

comments