1853 – ഭൂമിശാസ്ത്രം – റവ: ജോസഫ് പീറ്റ്

ആമുഖം

മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ഭൂമിശാസ്ത്ര പുസ്തകം എന്നു കരുതപ്പെടുന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിനു മുൻപ് ക്രമീകൃതമായ വിധത്തിൽ ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന മറ്റു പുസ്തകങ്ങൾ ഇത് വരെ കണ്ടെടുക്കപ്പെട്ടിട്ടില്ല.

സി.എം.എസ്. മിഷനറി, സാമൂഹിക പരിഷ്കർത്താവ്, പരിഭാഷകൻ, അദ്ധ്യാപകൻ, വൈയാകരണൻ തുടങ്ങി വിവിധ മെഖലകളിൽ വലിയ സംഭാവനകൾ ചെയ്തിട്ടുള്ള ജോസഫ് പീറ്റ് ആണ് ഇതിന്റെ രചയിതാവ്.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന 101-മത്തെ സ്കാനാണ് ഈ പുസ്തകം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഭൂമിശാസ്ത്രം
  • താളുകളുടെ എണ്ണം: ഏകദേശം 225
  • പ്രസിദ്ധീകരണ വർഷം:1853
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയംDumpy and Sinclair Litho, ചെന്നെ
1853 – ഭൂമിശാസ്ത്രം - റവ: ജോസഫ് പീറ്റ്
1853 – ഭൂമിശാസ്ത്രം – റവ: ജോസഫ് പീറ്റ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഭൂമിശാസ്ത്രവിഷയത്തിലുള്ള മലയാളത്തിലുള്ള ആദ്യത്തെ പുസ്തകം എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത. സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ തുടങ്ങിയവയേയും, ഭുഖണ്ഡങ്ങളിൽ തുടങ്ങി അക്കാലത്തെ പ്രമുഖമായ എല്ലാ രാജ്യങ്ങളേയും പട്ടണങ്ങളേയും ഈ പുസ്തകത്തിൽ പരിചയപ്പെടുന്നുണ്ട്. ചോദ്യോത്തര രൂപത്തിലാണ് ഇതിന്റെ ഉള്ളടക്കം വികസിപ്പിച്ചിരിക്കുന്നത്.

മുകളിൽ പറഞ്ഞ ഉള്ളടക്കത്തിന്നു പുറമേ ഭൂപടങ്ങൾ ആണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ വേറൊരു പ്രത്യേകത. മലയാളത്തിൽ ആദ്യമായി ഭൂപടങ്ങൾ അതിന്റെ എല്ലാ പ്രത്യെകതകളൊടും കൂടെ ഉപയോഗിച്ച ആദ്യത്തെ പുസ്തകവും ഇതാണ്. (ഇതിനു മുൻപ് 1848ൽ ഫ്രെഡറിക്ക് മുള്ളറും ഗുണ്ടർട്ടും കൂടെ രേഖാ ചിത്രം പോലെ പശ്ചിമോദയം മാസികയിൽ തലശ്ശെരിയിലെ കല്ലച്ച് ഉപയോഗിച്ച്  ഭൂപടം നിർമ്മിക്കുന്നു എങ്കിലും അത് പൂർണ്ണ അർത്ഥത്തിൽ അതിന്റെ എല്ലാ പ്രത്യേകതകളോടും കൂടെ ഭൂപടം അല്ല).

ബാസൽ മിഷൻ 1865ൽ മംഗലാപുരത്ത് ആധുനിക ലെറ്റർ പ്രസ്സ് സ്ഥാപിക്കുന്നതു വരെ മലയാളമച്ചടിയിൽ എഴുത്തിനൊപ്പം ചിത്രങ്ങൾ അച്ചടിക്കുന്നത് (പൊതുവെ ചിത്രങ്ങൾ അച്ചടിക്കുന്നത് തന്നെ) വലിയ കടമ്പ ആയിരുന്നു. അതു വരെ മലയാളപുസ്തകങ്ങളിൽ ചിത്രങ്ങൾ വളരെ കുറവായിരുന്നു. അപൂർവ്വമായി കാണുന്ന ചിത്രങ്ങൾ അച്ചടിച്ചത് ലിത്തോഗ്രഫി പ്രസ്സുകളിൽ ആയിരുന്നു. ചിത്രങ്ങൾ മാത്രം ലിത്തോഗ്രഫി പ്രസ്സുകളീൽ അച്ചടിച്ചു കൊണ്ട് വന്ന് ലെറ്റർ പ്രസ്സിൽ അച്ചടിച്ച പുസ്ത്കത്തിന്റെ ഉള്ളടക്കത്തോടു കൂട്ടിചേത്ത് ബൈൻഡ് ചെയ്ത് ഇറക്കുക എന്നതായിരുന്നു അന്നത്തെ എളുപ്പ പരിഹാരം. ഈ പരിഹാരം ആദ്യമായി ഉപയോഗിച്ച ഒരാൾ റവ: ജോസഫ് പീറ്റ് ആണ്.

ഈ പരിഹാരം ആദ്യമായി പരീക്ഷിച്ച ഒരാൾ സി.എം.എസ് മിഷനറി ആയിരുന്ന റവ: ജോസഫ് പീറ്റ് ആയിരുന്നു. ഈ ഭൂമിശാസ്ത്ര പുസ്തകത്തിൽ ഉള്ളടക്കം കോട്ടയം സി.എൻ.എസ് പ്രസ്സിലും, ഭൂപടങ്ങൾ ചെന്നെയിലെ Dumpy and Sinclair Litho എന്ന ലിത്തോഗ്രഫി പ്രസ്സിലും ആണ് അച്ചടിച്ചിരിക്കുന്നത്.  ഈ ഭൂപടത്തിന്നു അകത്തുള്ള മലയാളമെഴുത്ത് എഴുതിയത് കുപ്പുസ്വാമിരാജാവ് എന്ന ഒരാൾ ആണെന്ന് ഭൂപടത്തിന്റെ കീഴെയുള്ള എഴുത്തിൽ നിന്നു മനസ്സിലാക്കാം.

ജൊസഫ് പീറ്റിന്റെ 1853ലെ ഭുമിശാസ്ത്രപുസ്തകമാണ് ഇതുവരെ ലഭ്യമായ തെളിവു വെച്ച് മലയാളത്തിലെ ആദ്യത്തെ ഭൂമിശാസ്ത്ര പുസ്തകം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

Comments

comments