ഗ്രന്ഥപ്പുര കൂട്ടായ്മ പുതിയ ഒരു ഉപപദ്ധതിക്ക് കൂടെ തുടക്കമിടുകയാണ് മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ നായരുടെ എല്ലാ കൃതികളും ഡിജിറ്റൈസ് ചെയ്ത് പൊതിവിടത്തിലേക്ക് കൊണ്ടു വരുന്ന പദ്ധതിക്ക് ഇന്ന് ആരംഭം കുറിക്കുകയാണ്.
പി. കേശവൻ നായരെ പറ്റിയുള്ള ചെറിയ വൈജ്ഞാനിക വിവരത്തിനു ഈ വിക്കിപീഡിയ ലേഖനം കാണുക. രാഷ്ടീയ, സാമൂഹ്യ, ട്രേഡ് യൂണിയൻ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഇപ്പോൾ കൊല്ലത്ത് വിശ്രമജീവിതം നയിക്കുന്നു. ഫിസിക്സ്, മെറ്റാ ഫിസിക്സ് വിഷയത്തിലുള്ള അദ്ദേഹത്തിൻ്റെ ചില പുസ്തകങ്ങൾ ചെറുപ്പത്തിൽ വായിച്ചിട്ടുള്ളത് ഞാൻ ഓർക്കുന്നു.
രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനു ആവശ്യമായ വിധത്തിൽ . കേശവൻ നായർ അദ്ദേഹത്തിൻ്റെ കൃതികളുടെ പകർപ്പവകാശം സ്വതന്ത്രലൈസൻസിൽ ആക്കിക്കൊണ്ടുള്ള സമ്മതപത്രം ഗ്രന്ഥപ്പുര കൂട്ടായ്മയ്ക്ക് കൈമാറിയിട്ടുണ്ട്. അതിൻ്റെ ഒരു ഭാഗം താഴെ കാണാം.
കടപ്പാട്
കൃതികൾ സ്വതന്ത്ര ലൈസൻസിൽ ആക്കിയ പി. കേശവൻ നായരോടുള്ള പ്രത്യേക കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ.
പി. കേശവൻ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള ഈ പദ്ധതിക്ക് ചുക്കാൻ പിടിച്ചത് അദ്ധ്യാപകനും ഗ്രന്ഥപ്പുരയുടെ വിവിധ പ്രവർത്തനങ്ങളിൽ എന്നെ വർഷങ്ങളായി സഹായിക്കുകയും ചെയ്യുന്ന കണ്ണൻ ഷണ്മുഖമാണ്. അദ്ദേഹം തന്നെ ഇതിനു വേണ്ട എല്ലാ ബാക്ക് ഗ്രൗണ്ട് പണികൾ ചെയ്തു. മാത്രമല്ല പുസ്തകങ്ങൾ എനിക്ക് ബാംഗ്ലൂരിൽ എത്തിച്ചു തരാൻ മുൻകൈ എടുക്കുകയും ചെയ്തു. ഇതിനായി എടുത്ത എല്ലാ പ്രയത്നങ്ങൾക്കും കണ്ണൻ മാഷോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
ഏകദേശം ഒരു ദശകമായി ഞാൻ നടത്തുന്ന കേരളവും മലയാളവും ആയി ബന്ധപ്പെട്ടെ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ എന്ന എന്റെ ഒഴിവു സമയ സന്നദ്ധപ്രവർത്തനത്തിലൂടെ, മലയാളത്തിലെ നിരവധി പൗരാണിക രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വന്നു കഴിഞ്ഞു. ഇതിൽ 1772ൽ മലയാളലിപിയിൽ അച്ചടിച്ച ആദ്യ പുസ്തമായ സംക്ഷെപവെദാർത്ഥം തുടങ്ങി ആദ്യകാല മലയാളഅച്ചടി പുസ്തകമായ റമ്പാൻ ബൈബിൾ, ചെറു പൈതങ്ങൾ, പവിത്രചരിത്രം, നിരവധി നിഘണ്ടുക്കൾ, വ്യാകരണപുസ്തകങ്ങൾ തുടങ്ങിയവ ഒക്കെ ഉൾപ്പെടുന്നു. അതിനു പുറമെ എടുത്തു പറയാനുള്ള ഒരു നേട്ടം ട്യൂബിങ്ങനിൻ സർവ്വകലാശാലാ ലൈബ്രറിയിലെ ഉള്ള ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം ഗുണ്ടർട്ട് ലെഗസി എന്ന പേരിൽ ഉള്ള ഒരു സവിശേഷ പദ്ധതിയിലൂടെ പുറത്ത് കൊണ്ടുവരാൻ ഉള്ള ശ്രമത്തിലെ പ്രധാന പങ്കാളി ആയതാണ്. കഴിഞ്ഞ ഒരു ദശകമായി നിരവധി കേരള/മലയാള രേഖകൾ ഈ സന്നദ്ധപ്രവർത്തനത്തിലൂടെ പൊതുഇടത്തിലേക്ക് കൊണ്ടു വന്നു കഴിഞ്ഞു.
പൊതുസമൂഹത്തിൽ നിന്നു ധാരാളം സാധാരണക്കാർ പല വിധത്തിൽ എന്റെ ഈ സന്നദ്ധപ്രവർത്തനത്തെ പിന്തുണച്ചിട്ടുണ്ട്. ഇതുവരെ ഡിജിറ്റൈസ് ചെയ്ത് ഭൂരിപക്ഷം രേഖകളും ഡിജിറ്റൈസ് ചെയ്യാനായി നിരവധി ആളുകൾ എന്നെ ഏല്പിച്ചതു തന്നെ വലിയ സഹകരണമാണ്. ഇതിനു പുറമെ എന്റെ ചില അടുത്ത സുഹൃത്തുക്കൾ ഡിജിറ്റൈസേഷൻ ഉപകരണങ്ങൾ വാങ്ങാനായി സഹകരിച്ചതും എടുത്ത് പറയേണ്ടത് ആണ്.
ഇത്രനാൾ ഞാൻ ചെയ്തതിന്റെ ഒരു പ്രത്യേക, ഇതു വരെ പൊതുസഞ്ചയത്തിലുള്ള (പബ്ലിക്ക് ഡൊമൈൻ) രേഖകൾ മാത്രമേ ഞാൻ കൈകാര്യം ചെയ്തുള്ളൂ എന്നതാണ്. അതിനു ചെറിയ മാറ്റം വന്നത് കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ രചനകൾ അദ്ദേഹത്തിന്റെ മക്കൾ ഫ്രീ ലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്യാനായി എന്നെ ഏല്പിച്ചതാണ്. അതിന്റെ റിലീസ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു.
എന്നാൽ പൊതുസഞ്ചയത്തിൽ അല്ലെങ്കിലും പുതിയ ഒരു സവിശേഷ സംഗതി കൂടെ ഈ ഒഴിവു സമയ സന്നദ്ധപ്രവർത്ത പദ്ധതിയിൽ ചേർക്കുകയാണ്. അത് നമ്മുടെ പഴയ പാഠപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ ആണ്.
ഇന്ത്യയിലും ലോകത്തെ വിവിധ ലൈബ്രറികളും ഉള്ള മലയാള ശേഖരം എനിക്ക് നേരിട്ടോ കൂട്ടുകാർ വഴിയോ പരിശോധിക്കാൻ ഇട വന്നിട്ടുണ്ട്. മിക്ക ഇടത്തും നമ്മുടെ പാഠപുസ്തകങ്ങൾ അത്തരം ശെഖരങ്ങളിൽ ഇല്ല. ബാസൽ മിഷനുമായി ബന്ധപ്പെട്ട പാഠപുസ്തകങ്ങൾ ട്യൂബിങ്ങനിലും ബാസലിലും ആയി ശേഖരിച്ചു വെച്ചിരിക്കുന്നതാണ് ഇതിനു ചെറിയ ഒരു അപവാദം. അതുവിട്ടാൽ നമ്മുടെ പാഠപുസ്തകങ്ങൾ ശേഖരിച്ചു വെക്കാൻ നമ്മൾ പൊതുവെ ശ്രദ്ധിച്ചിട്ടില്ല. നമ്മുടെ വീടുകളിലെ സ്വകാര്യ ലൈബ്രറികളിലും, ഗ്രാമീണ ലൈബ്രറികളിലും, മറ്റു ലൈബ്രറികളിലും ഒക്കെ എത്ര പാഠപുസ്തകങ്ങൾ ശേഖരിച്ച് വെച്ചിട്ടുണ്ട് എന്നതിനെ പറ്റി ഒരു ആത്മപരിശോധന നടത്തിയാൽ ഞാൻ ഈ പറയുന്നതിന്റെ പ്രാധാന്യം നിങ്ങൾക്കു മനസ്സിലാകും.
ആരും ശ്രദ്ധിക്കാത്ത സംഗതികൾ ശ്രദ്ധിച്ച്, ശേഖരിച്ച്, ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുക എന്നത് എന്റെ പ്രത്യേക താല്പര്യം ആയതിനാൽ നമ്മുടെ പാഠപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ എന്ന സവിശേഷ പദ്ധതിക്ക് ഞാൻ തുടക്കം ഇടുകയാണ്. പക്ഷെ ഇതിനു എനിക്കു നിങ്ങളുടെ സഹകരണം വേണം. കാരണം എന്റെ കൈയിൽ അതിനും മാത്രം പഴയ പാഠപുസ്തകശേഖരം ഇല്ല. എന്നാൽ നിങ്ങളിൽ പലരുടെ കൈയിലും നിങ്ങൾ പഠിച്ചതോ നിങ്ങൾ തന്നെ വിവിധ ഇടങ്ങളിൽ നിന്നു ശേഖരിച്ചതോ ആയ പാഠപുസ്തകങ്ങൾ ഉണ്ടാവും.അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കണം. ഡിജിറ്റൈസേഷൻ കഴിഞ്ഞാൽ പ്രസ്തുതപാഠപുസ്തകങ്ങൾ നിങ്ങൾക്കു തന്നെ തിരികെ തരും (അതിനു ഇതിനകം ഡിജിറ്റൈസേഷനായി പുസ്തകം ലഭ്യമാക്കിയ നിരവധി പേർ സാക്ഷിയാണ്).
പാഠപുസ്തകങ്ങൾ പൊതുസ്വത്ത് ആയതിനാൽ, ലൈസൻസിന്റെ സംഗതിയിൽ ഞാൻ പുലർത്തിയിരുന്ന കാർക്കശ്യം പാഠപുസ്തകങ്ങളുടെ കാര്യത്തിൽ അല്പം കുറയ്ക്കാൻ തീരുമാനിച്ചു. 1994നു മുൻപുള്ള (DPEP തുടങ്ങുന്നതിനു മുൻപുള്ളവ) പഴയ പാഠപുസ്തകങ്ങൾ എന്തും ഡിജിറ്റൈസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. പാഠപുസ്തകങ്ങൾ പൊതുസ്വത്ത് ആയതിനാൽ അത് പൊതുഉപയോഗത്തിനായി ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടാണ്. പഴയ പാഠപുസ്തകങ്ങൾ ഇനിയും അച്ചടിച്ച് സർക്കാരിനു വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സംഗതി അല്ല. എന്നാൽ ഇത്തരം പാഠപുസ്തകങ്ങൾ അതത് കാലഘട്ടത്തെ നമ്മുടെ ചരിത്രം രേഖപ്പെടുത്തിയവയും ഭാവി ഗവേഷണങ്ങൾക്ക് വലിയ മുതൽക്കൂട്ടും ആണ്.
പാഠപുസ്തകങ്ങൾ ഡിജിറ്റൈസേഷനായി ലഭ്യമാക്കുമ്പോൾ നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ദയവായി ശ്രദ്ധിക്കണം:
എല്ലാ താളുകളും (കവർ പേജ്, ടൈറ്റിൽ പേജ്, ബാക്ക് കവർ പേജുകൾ അടക്കം എല്ലാം) ഉള്ള പാഠപുസ്തകങ്ങൾ മാത്രമേ ഡിജിറ്റൈസ് ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. ചില പ്രത്യേക അവസരങ്ങളിൽ ഫ്രണ്ട് കവർ ഇല്ലാത്ത (എന്നാൽ ടൈറ്റിൽ പേജ് എങ്കിലും വേണം) പുസ്തകങ്ങളും പരിഗണിക്കും.
1994 വരെയുള്ള പാഠപുസ്തകങ്ങൾ മതി.
സർക്കാർ പാഠപുസ്തകങ്ങളിൽ ആണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മറ്റുള്ളവ പരിഗണിക്കണമോ എന്നത് അതത് പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിച്ച് തീരുമാനിക്കും.
എല്ലാ വിഷയങ്ങളിലും ഉള്ള പാഠപുസ്തകങ്ങൾ പരിഗണിക്കും. (അല്ലാതെ മലയാളപാഠവലി മാത്രമല്ല)
ഏത് ഭാഷയിൽ ഉള്ള പാഠപുസ്തകങ്ങളും പരിഗണിക്കും. പ്രധാനമായും മലയാളം/ഇംഗ്ലീഷ് മീഡിയം ആയിരിക്കാം എങ്കിലും കേരള അതിർത്തിയോട് ചേർന്ന തമിഴ്നാട്, കർണ്ണാടക പ്രദേശങ്ങൾക്കായി കേരള സർക്കാർ തമിഴ്, കന്നഡ ഭാഷയിലുള്ള പാഠപുസ്തകങ്ങളും ഇറക്കിയിട്ടൂണ്ട്. അതും ഈ പദ്ധതിയുടെ ഭാഗമായിരിക്കും.
ഈ ഡിജിറ്റൈസേഷൻ പരിപാടി എന്റെ ഒഴിവു സമയത്ത് നടത്തുന്ന സംഗതിയാണ്. വലിയ പ്രയത്നം വേണ്ടി വരുന്ന ഈ പരിപാടിക്ക് പുറമെ ഈ സംഗതികളുടെ ലോജിസ്റ്റിക്ക് പരിപാടിക്കായി എന്റെ സമയം, പണം എന്നിവ വിനിയോഗിക്കാൻ സാദ്ധ്യമല്ല. അതിനാൽ പുസ്തകങ്ങൾ എനിക്ക് എത്തിക്കാനും ഡിജിറ്റൈസേഷൻ കഴിഞ്ഞ് തിരിച്ചു കൊണ്ടു പോകാനും ഉള്ള ചിലവുകൾ കൈകാര്യം ചെയ്യാൻ പുസ്തകം എത്തിക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കണം. അത് എന്റെ മേൽ ചാരരുത്. ഞാൻ നടത്തുന്നത് ഒരു സന്നദ്ധപ്രവർത്തനം ആണ്. ആയിരക്കണക്കിനു പുസ്തകങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാവുന്ന ചിലവ് താങ്ങാൻ എനിക്ക് ആവില്ല.
എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
സഹകരിക്കാൻ പറ്റുന്നവർ എനിക്കു shijualexonlineATgmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.
(ചിത്രത്തിൽ കാണുന്നത് രെപ്രസെന്റെഷൻ ഇമേജസ് മാത്രം)
ഇതിനകം ഡിജിറ്റൈസ് ചെയ്ത പാഠപുസ്തകങ്ങൾ എല്ലാം കൂടെ ഇവിടെ കാണാം.
You must be logged in to post a comment.