ആമുഖം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക മാസികയായ മലങ്കര സഭ എന്ന മാസികയുടെ എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭ്യമായ 1948മുതലുള്ള നിരവധി ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: മലങ്കര സഭ മാസിക
- താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും ഏതാണ്ട് 30 താളുകൾ വീതം
- അച്ചടി: കോട്ടയത്തെ മനോരമ പ്രസ്സ്, പൗര പ്രഭ പ്രസ്സ് തുടങ്ങിയ വിവിധ പ്രസ്സുകളിൽ ആണ് അച്ചടി
പുസ്തക ഉള്ളടക്കം, കടപ്പാട്
മുൻപ് നമ്മൾ മലങ്കര ഇടവക പത്രിക, മലങ്കര സഭാ താരക തുടങ്ങിയവയിലൂടെ 1892-1911കാലഘട്ടത്തിൽ ഇറങ്ങിയ നൂറിൽ പരം ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്ത് ഈ ബ്ലോഗിലൂടെ പുറത്ത് വിട്ടത് കണ്ടതാണ്. ഏതാണ്ട് 4000ത്തിൽ പരം താളുകൾ ആണ് 2 വർഷം കൊണ്ട് അതിനു കൈകാര്യം ചെയ്തത്. ആ മാസികകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രായേണ പുതിയതാണ് 1940കളിലും 1950കളിലുമായി പുറത്തിറങ്ങിയ മലങ്കര സഭാമാസികയുടെ ലക്കങ്ങൾ.
വലിയ അളവിൽ ഡിജിറ്റൈസ് ചെയ്യാനുള്ള അവസരം എനിക്ക് ഒത്തു വന്നിട്ടുള്ളതിനാ മലയാളത്തിലെ പൊതുസഞ്ചയത്തിലുള്ള മാസികകൾ ഡിജിറ്റൈസേഷനായി വേണം എന്ന എന്റെ അഭ്യർത്ഥന കണ്ട് ക്രൈസ്തവ സഭാ സംബന്ധമായ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ് ഈ മാസിക ശേഖരം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നത്. പൊതുസഞ്ചയ രേഖകൾ നശിച്ചു പോകുന്നതിനു മുൻപ് ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വരണം എന്നും അത് എല്ലാവർക്കും പൊതുവായി പരിശോധിക്കാൻ കഴിയണം എന്നും കരുതുന്ന ഒരു പറ്റം പൊതുസഞ്ചയരേഖാ സ്നേഹികൾ മലങ്കര ഓർത്തഡോക്സ് സഭയിൽ ഉണ്ട് എന്നത് കൊണ്ട് മാത്രമാണ് ഈ രേഖകൾ ഇപ്പോൾ പൊതു ഇടത്തിലേക്ക് വന്നത്. അതിനു ആവശ്യമായ പ്രയത്നം എടുക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി. വിഷയത്തിന്റെ പ്രാധാന്യം അറിയുന്ന എല്ലാവരും സഹകരിച്ചാൽ മാത്രമേ കേരളത്തേയും മലയാളത്തേയും സംബന്ധിച്ച പൊതുസഞ്ചയരേഖകളുടെ വൻ ഡിജിറ്റൽ ശേഖരം കെട്ടിപടുക്കാൻ നമുക്കാവൂ. അതിനു നാലോ അഞ്ചോ വ്യക്തികൾ ശ്രമിച്ചാൽ പോരാ, അതു പൊതുജനമുന്നേറ്റമായി തന്നെ വരേണ്ടതുണ്ട്.
ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്ന മലങ്കര സഭാമാസികയെ പറ്റി ജോയ്സ് തോട്ടയ്ക്കാട് എഴുതി തന്ന കുറിപ്പ് താഴെ കൊടുക്കുന്നു.
മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മുഖപത്രമാണ് മലങ്കര സഭാമാസിക. സഭയുടെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന എ. എം. വർക്കിയുടെ പ്രത്യേക ഉത്സാഹം മൂലം 1946 ഓഗസ്റ്റ് 8-ന് പ. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുഗ്രഹാശിസ്സുകളോടെ ദേവലോകത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. എം.സി. കുറിയാക്കോസ് റമ്പാൻ ആയിരുന്നു പ്രഥമ ചീഫ് എഡിറ്റർ. 1968 ജനുവരി മുതൽ ഫെബ്രുവരി വരെ ദ്വൈവാരികയായി “മലങ്കര സഭ” പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോൾ വീണ്ടും മാസികയായിത്തന്നെ പ്രസിദ്ധീകരിക്കുന്നു. മലങ്കര സഭാചരിത്രം, ദൈവശാസ്ത്രം, ആനുകാലിക ചിന്തകൾ എന്നിവ കൂടാതെ മലങ്കരസഭാപരമായ അനേകം കാര്യങ്ങൾ മലങ്കരസഭാ മാസികയിലൂടെ പ്രസിദ്ധീകരിക്കുന്നു
1948മുതൽ 1970 വരെയുള്ള നിരവധി ലക്കങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. മലങ്കര ഇടവക പത്രികയ്ക്കും മലങ്കര സഭാതാരകയ്ക്കും ചെയ്തപോലെ, മലങ്കരസഭാമാസികയുടെ ഓരോ വർഷത്തേയും ലക്കങ്ങൾ വേർ തിരിച്ചു പുറത്ത് വിടാൻ സമയപരിമിതി എന്നെ അനുവദിക്കുന്നില്ല. അതിനാലാണ് കിട്ടിയ ലക്കങ്ങൾ എല്ലാം കൂടെ ഒറ്റ പൊസ്റ്റിൽ ഒതുക്കി പുറത്ത് വിടുന്നത്.
കേരള സുറിയാനി സഭകളുമായി ബന്ധപ്പെട്ട് ധാരാളം ലെഖനങ്ങൾ ഈ ലക്കങ്ങളിൽ കാണാം. സമയമുള്ളപ്പോൾ അതിൽ ചിലതെങ്കിലും എടുത്ത് ഫേസ് ബുക്ക് പൊസ്റ്റ് ആക്കണം എന്ന് ഞാൻ കരുതുന്നു.
ഏതാണ്ട് 2500ൽ പരം താളുകൾ ആണ് മലങ്കരസഭാമാസികയുടെ ഡിജിറ്റൈസേഷനിൽ കൈകാര്യം ചെയ്യേണ്ടി വന്നത് . ഡിജിറ്റൈസേഷൻ ഇപ്പോൾ താരതമ്യേന എളുപ്പം ആയതിനാൽ എന്റെ അദ്ധ്വാന ഭാരം വളരെ കുറഞ്ഞു എന്നതിനാലാണ് ഇത്ര കുറഞ്ഞ കാലയളവിൽ ഇത്രയധികം താളുകൾ കൈകാര്യം ചെയ്യാൻ പറ്റിയത്.
ഈ മാസികയുടെ വിവിധലക്കങ്ങളിൽ കൈകാര്യം ചെയ്യുന്ന ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ ലക്കങ്ങളുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
മലങ്കരസഭാമാസികയുടെ 1948മുതലുള്ള നിരവധി ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണികളിൽ നിന്നു ലഭിക്കും. ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആർക്കൈവ്.ഓർഗിലെ അതാത് മാസികയുടെ പേജിന്റെ വലതു വശത്തു കാണുന്ന PDF എന്ന കണ്ണിയിൽ നിന്നു കിട്ടും.
ലക്കങ്ങളുടെ എണ്ണം 50 കടന്നതോടു കൂടെ മലങ്കര സഭാ മാസികയ്ക്ക് ഒരു പ്രത്യേക കളക്ഷൻ ഉണ്ടാക്കാൻ ആർക്കൈവ് അധികൃതർ അനുവദിച്ചു. മലങ്കര സഭാ മാസികയുടെ ലക്കങ്ങൾ എല്ലാം കൂടെ ഒറ്റ കളക്ഷൻ ആയി കിട്ടാൻ ഈ കണ്ണി ഉപയോഗിക്കുക https://archive.org/details/malankara-sabha-magazine
3 comments on “മലങ്കര സഭ – മാസിക -1940കൾ മുതലുള്ളത്”
Good work ?
ഞാൻ ഉള്ളടക്കം ഒന്നും നോക്കിയിട്ടില്ല.
എങ്കിലും, പ്രഥമദൃഷ്ട്യാ നല്ല ഒരു ജോലി, പിന്നിൽ പ്രവർത്തിച്ചവർക്ക്നന്ദി എന്ന അഭിപ്രായം പങ്കുവയ്ക്കുന്നു.
അടുത്തത് എന്നാണ് അപ്‌ലോഡ് ചെയ്യുന്നത്
Comments are closed.