ആമുഖം
ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉള്ള ഏറ്റവും വലിയ അച്ചടി പുസ്തകമായ പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. നമുക്ക് കിട്ടിയിരിക്കുന്ന ഏറ്റവും പഴക്കമുള്ള സമ്പൂർണ്ണ ബൈബിൾ പരിഭാഷയും ഈ സ്കാനാണ്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 250-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ട്യൂബിങ്ങനിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 250 എന്ന കടമ്പ കടന്നിരിക്കുന്ന അവസരത്തിൽ ഈ പദ്ധതിയുടെ നട്ടെല്ലായി പ്രവർത്തിച്ച ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി അദ്ധ്യാപകരായ ഹൈക്കെ ഒബർലിൻ (മൊസർ), ഗബ്രിയേല സെല്ലർ, എലീന എന്നിവരോട് ഈ പദ്ധതിയുടെ പങ്കാളി എന്ന അനുഭവം വെച്ച് എന്റെ കടപ്പാട് രേഖപ്പെടുത്തട്ടെ. അവരുടെ വമ്പിച്ച പിന്തുണ ഇല്ലായിരുന്നു എങ്കിൽ ഈ സ്കാനുകൾ ഒന്നും തന്നെ ഈ രൂപത്തിൽ നമുക്ക് കിട്ടിമായിരുന്നില്ല. അതിനാൽ കുറഞ്ഞ പക്ഷം കേരളപഠനത്തിൽ ശ്രദ്ധിക്കുന്ന ഗവേഷകർ എങ്കിലും അവരോട് കടപ്പെട്ടിരിക്കുന്നു. പദ്ധതിയിൽ അവരൊടു ചേർന്നു പ്രവർത്തിച്ച ആൾ എന്ന നിലയിൽ ഇത് ഇടയ്ക്കിടക്ക് പറയുന്നതിൽ എനിക്കു അഭിമാനമേ ഉള്ളൂ.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം
- പ്രസിദ്ധീകരണ വർഷം: 1904
- താളുകളുടെ എണ്ണം: ഏകദേശം 1973
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ബൈബിളിന്റെ മലയാളപരിഭാഷകളുടെ ഏകദേശം പത്തോളം ഡിജിറ്റൽ സ്കാനുകൾ നമുക്കു ഇതിനകം കിട്ടി കഴിഞ്ഞതാണ്. പക്ഷെ ഇതിൽ ഒന്നു പോലും സമ്പൂർണ്ണ ബൈബിൾ അല്ല. ഒന്നുകിൽ പുതിയനിയമം മാത്രം അല്ലെങ്കിൽ പഴയനിയമം മാത്രം എന്നിങ്ങനെ ആയിരുന്നു ഇതുവരെ നമുക്ക് കിട്ടിയ മലയാളം ബൈബിൾ പരിഭാഷകൾ. ഫോണ്ടിന്റെ സൈസ്, പേപ്പറിന്റെ കനം ഇതു രണ്ടുമാണ് അന്നത്തെ കാലത്ത് ബൈബിൾ ഒറ്റ വാല്യമായി പുറത്തിറക്കുന്നതിനുള്ള പ്രധാനതടസ്സം. ആ തടസ്സങ്ങൾ നിലനിൽക്കെ തന്നെ പ്രസിദ്ധീകരിച്ച സമ്പൂർണ്ണ മലയാളം ബൈബിൾ പരിഭാഷ ആണിത്.
ഡബിൾ കോളത്തിലാണ് ഈ ബൈബിൾ ടൈപ്പ് സെറ്റ് ചെയ്തിരിക്കുന്നത്. ഓരോ വാക്യവും വെവ്വേറെ കൊടുത്തിരിക്കുന്നു. പാരഗ്രാഫ് വിഭജനം സൂചിപ്പിക്കാൻ പാരഗ്രാഫ് ചിഹ്നം ഉപയോഗിച്ചിരിക്കുന്നു. 1950ത്തിൽ പരം താളുകൾ ഉള്ള വലിയ പുസ്തകം ആണിത്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. 1950പരം താളുകൾ ഉള്ളതിനാൽ തന്നെ ഇതിന്റെ സൈസ് 2.5 GB ക്കു മുകളിൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നവർ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാതെ ഡൗൺലോഡ് ആക്സിലറേറ്റർ പോലുള്ള ടൂൾ വഴി ഡൗൺലോഡ് ചെയ്യുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (2.5 GB/2500 MB )
You must be logged in to post a comment.