ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി താമസിയാതെ തുടങ്ങും എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. ആ ശേഖരത്തിലുള്ള “ഒരആയിരം പഴഞ്ചൊൽ” “പഴഞ്ചൊൽ മാല” എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ ഹൈക്കെ മോസർ പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിന്റെ ഭാഗമായി നമുക്ക് കൈമാറി (മാതൃഭൂമി വാർത്ത). ആ പുസ്തകങ്ങളിലെ “ഒരആയിരം പഴഞ്ചൊൽ” എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.
- ഈ പുസ്തകം ലിത്തോഗ്രഫിക് രീതിയിൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ ആണ് അച്ചടിച്ചിരിക്കുന്നത്
- അച്ചടിച്ച വർഷം 1850
- ഗുണ്ടർട്ട് ഏതാണ്ട് 15 വർഷത്തൊളം കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച കാലയളവിൽ ശെഖരിച്ച 1000 പഴഞ്ചൊല്ലുകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം
- ഇതിനു മുൻപ് 1846-ൽ “അറുനൂറു മലയാളം പഴഞ്ചൊൽ” എന്നൊരു പുസ്തകം തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സ്കറിയ സക്കറിയയുടെ ലിസ്റ്റിൽ കാണുന്നു. ഈ പുസ്തകം പക്ഷെ ട്യൂബിങ്ങൻ ശേഖരത്തിൽ ഇല്ല. “അറുനൂറു മലയാളം പഴഞ്ചൊൽ” ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് സ്കറിയ സക്കറിയ രേഖപ്പെടുത്തിയിരിക്കുന്നത്. അറുനൂറു മലയാളം പഴഞ്ചൊൽ എന്ന 1846-ലെ പുസ്തകം കൂടുതൽ പഴഞ്ചൊല്ലുകൾ ചേർത്ത് വിപുലീകരിച്ച് പ്രസിദ്ധീകരിച്ചതാവാം “ഒരആയിരം പഴഞ്ചൊൽ”
- 1850നു മുൻപുള്ള കുറച്ചധികം പുസ്തകങ്ങളുടെ സ്കാനുകൾ നമ്മൾ ഇതിനകം പരിചയപ്പെട്ടതിനാൽ ലിപിപരമായി പ്രത്യേകിച്ചൊന്നും എടുത്തു കാണിക്കാൻ ഇല്ല. അത്ര വ്യാപകമല്ലെങ്കിലും മീത്തൽ ഈ പുസ്തകത്തിൽ ധാരാളം ഉണ്ട്. ഈ എന്ന അക്ഷരത്തിന്റെ രണ്ട് രൂപവും ഉണ്ട്. പക്ഷെ “ഈ” എന്ന രൂപം തന്നെ ആണ് കൂടുതലും. ലിത്തോഗ്രഫിക് പ്രിന്റിങ്ങ് ആയതിനാൽ അന്നത്തെ കൈയ്യെഴുത്തിലെ പോലെ വാക്കുകൾക്ക് ഇടയിൽ സ്പേസോ ചിഹ്നങ്ങളോ ഒന്നും അങ്ങനെ ഉപയൊഗിച്ചിട്ടില്ല.
നമുക്കു ഇപ്പോൾ കിട്ടിയിരിക്കുന്ന സ്കാൻ റോ സ്കാനാണ്. ഇത് പ്രൊസസ് ചെയ്തെടുക്കാൻ സമയമെടുക്കും. പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും. https://archive.org/details/1850_Orayiram_Pazhamchol_Hermann_Gundert
സ്കൂൾ കുട്ടികളുടെ സഹായഹസ്തം
ഈ പുസ്തകം ലഭിച്ച ഉടൻ തന്നെ അത് ഡിജിറ്റൈസ് ചെയ്യാൻ തയ്യാറായി കൊല്ലം, കോട്ടയം, കണ്ണൂർ ജില്ലകളിലെ ചില കുട്ടികളും അദ്ധ്യാപകരും മുൻപോട്ട് വന്നു. അവർ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അത് ഡിജിറ്റൈസ് ചെയ്തു. അത് മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് ചേർത്തു കഴിഞ്ഞു. അത് ഇവിടെ കാണാം. http://bit.ly/140XWLc
ഒരആയിരം പഴഞ്ചൊൽ ഡിജിറ്റൈസ് ചെയ്യാൻ സഹായിച്ച സ്കൂളുകൾ, കുട്ടികൾ, അദ്ധ്യാപകർ എന്നിവരുടെ പൂർണ്ണ വിവരം ഇവിടെ കാണാം. http://bit.ly/1azJ3ky
സ്കൂൾ കൂട്ടികളെ ഈ സവിശേഷ പദ്ധതിയിൽ അംഗമാക്കാൻ ഉത്സാഹിച്ച കണ്ണൻ മാഷിനും മറ്റ് അദ്ധ്യാപകർക്കും നന്ദി. കുട്ടികളുടെ പ്രയത്നത്താൽ സ്കാൻ കിട്ടിയതിനൊപ്പം തന്നെ യൂണിക്ക്കോഡ് മലയാളത്തിൽ അത് വിക്കിഗ്രന്ഥശാലയുടെ ഭാഗമാക്കാനും കഴിഞ്ഞു.
സായാഹ്ന ഫൗണ്ടെഷൻ
സ്കൂൾ കുട്ടികൾ ഇങ്ങനെ ഒരആയിരം പഴഞ്ചൊൽ ഡിജിറ്റൈസ് ചെയ്യുന്നു എന്ന് അറിയച്ചപ്പോൾ ഈ പുസ്തകം ടൈപ്പ് സെറ്റ് ചെയ്യാൻ തയാറായി സായാഹ്ന ഫൗണ്ടെഷനിലെ രാധാകൃഷ്ണൻ സാറും സംഘവും മുൻപോട്ട് വന്നു. വളരെ പെട്ടെന്ന് തന്നെ കുട്ടികൾ ഡിജിറ്റൈസ് ചെയ്ത ഉള്ളടക്കം ഉപയോഗിച്ച് PDF, ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ നിർമ്മിച്ചു. അതിന്റെ കണ്ണികൾ താഴെ കൊടുക്കുന്നു.
- PDF ഇ-പുസ്തകം – http://books.sayahna.org/ml/pdf/orayiram.pdf
- ePUB ഇ-പുസ്തകം – http://books.sayahna.org/ml/epub/orayiram.epub
സവിശേഷ മാതൃക
ഗുണ്ടർട്ട് ശെഖരം വരുന്നു എന്നത് ഉറപ്പായപ്പോൾ ചിന്തിച്ചിട്ടു പോലും ഇല്ലാത്ത ഒരു സവിശേഷമാതൃക ആണ് ഒരആയിരം പഴഞ്ചൊലിന്റെ വിവിധ ഡിജിറ്റൽ പതിപ്പുകൾ നിങ്ങളുമായി പങ്ക് വെക്കുമ്പോൾ നടക്കുന്നത്. ജർമ്മനയിൽ നിന്ന് മലയാളപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ കിട്ടുന്നു, ആ സ്കാൻ കേരളത്തിലെ സ്കൂൾ കുട്ടികൾ ഏറ്റെടുത്ത് യൂണിക്കോഡ് മലയാളത്തിലാക്കി അത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്നു, ഉടൻ തന്നെ സായാഹ്ന ഫൗണ്ടേഷൻ മുൻപോട്ട് വന്ന് അത് വിവിധ രൂപത്തിലുള്ള ഇ-പുസ്തകം ആയി മാറ്റുന്നു. വിവിധ രാജ്യങ്ങളിൽ, വിവിധ പ്രായപരിധിയിൽ, വ്യത്യസ്ത മെഖലയിൽ പ്രവർത്തിക്കുന്നവർ ഒത്തു വന്നപ്പോൾ ഇതാ “ഒരു ഒരആയിരം പഴഞ്ചൊൽ” പൂർണ്ണമായി ഡിജിറ്റൽ മലയാളത്തിന്റെ അനശ്വരതയിലെക്ക് എത്തപ്പെട്ടു. എല്ലാവർക്കും നന്ദി.
Comments are closed.