പൂന്താനം നമ്പൂതിരി രചിച്ചതെന്ന് കരുതപ്പെടുന്ന ഭാഷാകർണാമൃതം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കടത്തനാട്ട് ഉദയവർമ്മതംപുരാൻ ആരംഭിച്ച കവനോദയം മാസികയുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് തോന്നുന്നു. കവനോദയം മാസിക മലബാർ മേഖലയിൽ നാട്ടുകാർ ആരംഭിച്ച ആദ്യത്തെ മാസികകളിൽ ഒന്നാണ് (അതിനു മുൻപൂള്ളത് ബാസൽ മിഷൻ മിഷനറി സമൂഹം ആരംഭിച്ച വിവിധ മാസികകളാണ്). ഈ പുസ്തകത്തിൽ കവനോദയം ൩ (3) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കവനോദയം പ്രവർത്തകരുടെ ഒരു പ്രസ്താവനയും പുസ്തകത്തിന്റെ തുടക്കത്തിൽ കാണാം.
ഇത് നാദാപുരം ജനരഞ്ജിനി അച്ചുകൂടത്തിലാണ് അച്ചടിച്ചിരിക്കുന്നത്. കേരളത്തിൽ നാട്ടുകാർ സ്ഥാപിച്ച ആദ്യകാല അച്ചുകൂടങ്ങളിൽ ഒന്നാണ് ജനരഞ്ജിനി അച്ചുകൂടം. കേരള അച്ചുകൂട ചരിത്രം രേഖപ്പെടുത്തിയ കെ.എം. ഗോവി ഈ അച്ചുകൂടത്തെ 19-ആം നുറ്റാണ്ടിലെ അച്ചുകൂട പട്ടികയിൽ രേഖപ്പെടുത്തിയിട്ടൂണ്ടെങ്കിലും ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഏതാണ്ട് 1890കളിൽ ഈ അച്ചുകൂടം ആരംഭിച്ചു എന്ന് കരുതാം.
ഈ പുസ്തകത്തിൽ അച്ചടി വർഷം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അച്ചടി വിന്യാസം, ഉപയോഗിച്ചിരിക്കുന്ന അച്ച് തുടങ്ങിയ തെളിവുകൾ വെച്ച് ഇത് 1890കളിൽ തന്നെ ഇറങ്ങിയ പുസ്തകം ആണെന്ന് ഉറപ്പിക്കാം.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി
- പ്രസിദ്ധീകരണ വർഷം: രേഖപ്പെടുത്തിയിട്ടില്ല
- താളുകളുടെ എണ്ണം: 48
- അച്ചടി: ജനരഞ്ജിനി അച്ചുകൂടം, നാദാപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി
One comment on “ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി”
ഈ കൃതി ” ശ്രീകൃഷ്ണകര്‍ണാമൃതം ” എന്നപേരിൽ സായാഹ്ന ഫൌണ്ടേഷൻ 2013ൽ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. പ്രസ്തുത കൃതി താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്
ശ്രീകൃഷ്ണകര്‍ണാമൃതം
http://books.sayahna.org/ml/pdf/karnamrutham.pdf
Prajeev Nair
Cherukunnu, Kannur